കസ്തൂരി മാനിന്‍റെ കഥ പോലെയാണ് നാം ഇന്ത്യക്കാരുടെ കാര്യം. കാട്ടിലെങ്ങും സുഗന്ധത്തിന്‍റെ ഉറവിടം അന്വേഷിച്ച് നടന്ന കസ്തൂരി മാന്‍ ഏറ്റവും ഒടുവിലാണ് ആ സുഗന്ധം തന്‍റെ ഉള്ളില്‍ നിന്നാണെന്ന് തിരിച്ചറിയുന്നത്. ഭക്ഷണകാര്യത്തില്‍ ഏറ്റവും മികച്ചത് അന്വേഷിച്ചുള്ള നാം ഇന്ത്യക്കാരുടെ അന്വേഷണവും ഏതാണ്ട് ഇതു പോലെയൊക്കെയാണ് പലപ്പോഴും അവസാനിക്കാറുള്ളത്. ആരോഗ്യത്തിനും ഫിറ്റ്നസിനും ആവശ്യമായ ഭക്ഷണം തേടി നാം ലോകമെങ്ങും അലയും. എന്നാല്‍ നൂറ്റാണ്ടുകളായി നമ്മുടെ മുന്‍തലമുറകള്‍ ഉപയോഗിച്ച് വന്ന ആഹാരപദാര്‍ഥങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അവയെല്ലാം ഒന്നുമല്ല എന്ന തിരിച്ചറിവ് വൈകിയുണ്ടാകും.
നിര്‍ബന്ധമായും ഭക്ഷണക്രമത്തിൽ എല്ലാവരും ഉള്‍പ്പെടുത്തേണ്ട ചില ഇന്ത്യൻ വിഭവങ്ങളെ പരിചയപ്പെടാം. വൈറ്റമിനുകളുടെയും ധാതുക്കളുടെയും മറ്റ് പോഷണങ്ങളുടെയും സമ്പന്ന സ്രോതസ്സായ ഈ വിഭവങ്ങൾ പ്രതിരോധശേഷി വര്‍ധിപ്പിച്ച് നമ്മുടെ ആരോഗ്യം നിലനിര്‍ത്തുന്നതാണ്.
1. നെല്ലിക്ക

വൈറ്റമിന്‍ സിയും ആന്‍റിഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ നെല്ലിക്ക ശരീരത്തില്‍ നിന്ന് വിഷപദാര്‍ഥങ്ങള്‍ നീക്കം ചെയ്യുകയും ചയാപചയം മെച്ചപ്പെടുത്തുകയും ചെയ്യും. ഫൈബറും ധാരാളം അടങ്ങിയ നെല്ലിക്ക പ്രായത്തെയും ചെറുത്ത് നില്‍ക്കാന്‍ സഹായിക്കുന്നു. ജ്യൂസായും അച്ചാറായും ചമ്മന്തിയായുമെല്ലാം നെല്ലിക്ക ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം.
2. ചക്ക

കാര്‍ബോഹൈഡ്രേറ്റ്, ധാതുക്കള്‍, വൈറ്റമിനുകള്‍, ഇലക്ട്രോലൈറ്റുകള്‍, ഫൈബര്‍ എന്നിവയെല്ലാം ധാരാളം അടങ്ങിയ ചക്ക ഊര്‍ജ്ജത്തിന്‍റെ നിറ സ്രോതസ്സാണ്. പ്രതിരോധസംവിധാനത്തെയും കാഴ്ചയെയും ഹൃദയാരോഗ്യത്തെയും ദഹനത്തെയും ചര്‍മകാന്തിയെയും ചക്ക മെച്ചപ്പെടുത്തും. പച്ചയ്ക്കോ പാകം ചെയ്തോ ചക്ക കഴിക്കാവുന്നതാണ്.
3. ചിറ്റമൃത്

പേരില്‍തന്നെ അമൃതുള്ള ഈ ആയുര്‍വേദ ചെടി പ്രതിരോധശക്തിയെയും ദഹനത്തെയും മെച്ചപ്പെടുത്തുകയും പ്രമേഹം, സമ്മര്‍ദം, ഉത്കണ്ഠ എന്നിവയെ നിയന്ത്രിക്കുകയും ചെയ്യും. ചുമ, ജലദോഷം, മറ്റ് ശ്വാസകോശ പ്രശ്നങ്ങള്‍ എന്നിവയ്ക്കുള്ള മരുന്നും ഇതില്‍ നിന്ന് തയാറാക്കുന്നു. ആര്‍ത്രൈറ്റിസ് പ്രശ്നങ്ങള്‍ക്കും കാഴ്ചക്കുറവിനും ഇത് ഉത്തമപരിഹാരമാണ്. പാനീയമാക്കിയോ ചായയില്‍ ചേര്‍ത്തോ ഒക്കെ ചിറ്റമൃത് കഴിക്കാവുന്നതാണ്.
4. മഞ്ഞള്‍

ഇന്ത്യന്‍ കറികളുടെ ഒഴിച്ച് കൂടാനാകാത്ത ചേരുവയായ മഞ്ഞളിന് നിരവധി ഔഷധഗുണങ്ങളുണ്ട്. ഇതില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം, നാഡീവ്യൂഹപരമായ പ്രശ്നങ്ങള്‍, കാഴ്ച പ്രശ്നം, ചര്‍മ പ്രശ്നം എന്നിവയെയെല്ലാം പരിഹരിക്കുന്നു.
5. അശ്വഗന്ധ

അശ്വഗന്ധ പ്രതിരോധ ശേഷി മെച്ചപ്പെടുത്തുകയും സമ്മര്‍ദം അകറ്റുകയും ചെയ്യും. ക്ഷീണം അകറ്റാനും തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും ഈ ഔഷധചെടി സഹായിക്കും. ച്യവനപ്രാശത്തിന്‍റെ ചേരുവയായോ പൊടിയാക്കി ഭക്ഷണത്തില്‍ കലര്‍ത്തിയോ അശ്വഗന്ധ സേവിക്കാം.
Content Summary: 5 Indian superfoods you must add to your diet