വാരിവലിച്ച് തിന്നാൽ മാത്രം മതിയോ? ഭക്ഷണകാര്യത്തിലും വേണ്ടേ പ്ലാനിങ്?

Mail This Article
ഫിനാൻഷ്യൽ പ്ലാനിങ്ങിനെക്കുറിച്ചു നമ്മളെല്ലാം കാര്യമായി ചിന്തിക്കാറുണ്ട്. പക്ഷേ, വീട്ടിലെ ആഹാരകാര്യത്തിൽ നമുക്കു പ്ലാനിങ് ഉണ്ടോ? ഇല്ലെങ്കിൽ അങ്ങനെയൊരു നല്ല ശീലം തുടങ്ങാം. വൃത്തിയുള്ള, രുചിയുള്ള, ആരോഗ്യകരമായ ഭക്ഷണം കുറഞ്ഞ ചെലവിൽ വിളമ്പാനുള്ള വഴികൾ തിരഞ്ഞെടുക്കാൻ അൽപം സമയം മതി.
വർണശബളവും ആകർഷകവും കൊതിയുണർത്തുന്നതും രുചികരവും മിതമായ ചെലവിലുള്ളതുമാകണം. ഭക്ഷണം അല്ലേ? ഇവ അടിസ്ഥാനമാക്കി വേണം ഭക്ഷണം, ആസൂത്രണം ചെയ്യേണ്ടത്. ദിവസവും ഒരേ ഭക്ഷണം ആകാതെ നോക്കണം. ഓരോ സമയത്തും സുലഭമായ ചേരുവകൾകൊണ്ടുള്ള ഭക്ഷണമായിരിക്കണം. അത് കുടുംബാംഗങ്ങൾക്ക് ഇഷ്ടമുള്ളതാവുകയും വേണം.
ഓരോ വ്യക്തിയുടെയും കുടുംബത്തിന്റെ മുഴുവനും പോഷകാവശ്യങ്ങൾ നിറവേറ്റുന്നതാവണം ഭക്ഷണം എന്നതിലാണ്. പ്രഥമശ്രദ്ധ കൊടുക്കേണ്ടത്. ഓരോ ചേരുവയിലും പലതരം പോഷകങ്ങളുണ്ടാവും. എന്നാൽ എല്ലാ പോഷകങ്ങളുമുള്ള ചേരുവ കുറവാണ്. അതിനാൽ പലതരം ചേരുവകൾ ഉൾപ്പെടുത്തി വേണം ഓരോ ദിവസത്തേക്കുമുള്ള ഭക്ഷണം തീരുമാനിക്കാൻ. ഈ സൗകര്യത്തിനു വേണ്ടി ഭക്ഷണത്തെ മൂന്നു കൂട്ടമായി തിരിക്കാം.
1. ഊർജം പകരുന്നവ – ഉദാ: ധാന്യങ്ങൾ, പഞ്ചസാര, ഉരുളക്കിഴങ്ങ്, എണ്ണ, അണ്ടിപ്പരിപ്പുകൾ.
2. കോശങ്ങൾ വളരാൻ സഹായിക്കുന്നവ – ഉദാ: പാൽ, പാലുൽപന്നങ്ങൾ, ഇറച്ചി, മീൻ, മുട്ട, പരിപ്പുകൾ.
3. ശരീരത്തെ സംരക്ഷിക്കുന്നവ – ഉദാ: പഴങ്ങളും പച്ചക്കറികളും. ഈ മൂന്നു ഗണത്തിലും പെട്ട വിഭവങ്ങൾ ഉൾപ്പെടുത്തി ആസൂത്രണം ചെയ്താൽ സന്തുലിത ഭക്ഷണം ഉറപ്പ്.
പരമ്പരാഗതരീതിയിൽ പ്രാതൽ, മുത്താഴം, അത്താഴം എന്നിങ്ങനെ 3 നേരം ഭക്ഷണം കഴിക്കണോ, അതോ 6 നേരമായി കുറഞ്ഞ അളവിൽ കഴിക്കണോ? കുറഞ്ഞ അളവിൽ ഇടവിട്ടു കഴിക്കുന്നതു കൊഴുപ്പുരുകാൻ നല്ലതാണെന്നു പറയുന്നു. രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കുക. കൂടുതൽ കലോറി െചലവിടുക, കുറച്ച് കാലറി അകത്താക്കുക. എല്ലാ നേരത്തെയും ഭക്ഷണത്തിൽ പ്രോട്ടീൻ ഉണ്ടെന്ന് ഉറപ്പു വരുത്തുക. ഇറച്ചി, മീൻ, മുട്ട, പയർ, പരിപ്പ്, പനീർ, നട്സ് ഇവയിലെല്ലാം ധാരാളം പ്രോട്ടീൻ ഉണ്ട്.
ചെറിയ അളവിലോ ഇടവിട്ടോ എങ്ങനെ കഴിച്ചാലും കഴിക്കുന്നത് ഗുണകരമായ ഭക്ഷണം ആണെന്ന് ഉറപ്പാക്കുക. വിശക്കുമ്പോൾ മാത്രം കഴിക്കുക. ഓരോ ഭക്ഷണത്തിനിടയിലും 3 മണിക്കൂറെങ്കിലും ഇടവേള വേണം. എന്നാൽ വിശന്നിരുന്ന് വലിച്ചുവാരി തിന്നാൻ ഇടയാകരുത്.
സാംപിൾ മെനു
വെളുപ്പിന് : ചായ/കാപ്പി
പ്രാതൽ : രണ്ട് ഇഡ്ഡലി. ചട്നി അല്ലെങ്കിൽ സാമ്പാറിനൊപ്പം/ ബ്രെഡ് അല്ലങ്കിൽ ധാന്യങ്ങൾ പാലിനും മുട്ടയ്ക്കുമൊപ്പം.
11 മണിക്ക് : ഫ്രൂട്ട്സ്, ഏതാനും നട്സ്, തേങ്ങാവെള്ളം/ സംഭാരം
ഉച്ചയ്ക്ക് : ചോറ്, പരിപ്പ്/ ഇറച്ചി / മീൻകറി, പച്ചക്കറി വിഭവം, സാലഡും തൈരും.
4 മണിക്ക് : ചായ, നാരങ്ങാനീരും പച്ചമുളകും ചേർത്ത മിക്സഡ് സ്പ്രൗട്ട്സ്.
അത്താഴം : െവജിറ്റബിൾ/ ടുമാറ്റോ സൂപ്പ്. ചപ്പാത്തി /ചോറ്, ഇറച്ചി/ പച്ചക്കറി കൊണ്ടുള്ള ഒഴിച്ചു കറി, പച്ചക്കറി വിഭവം (ചീര, കോളിഫ്ലവർ), സാലഡും തൈരും.
ഇതു വെറും സാംപിൾ ആണ്. ലഭ്യമായ േചരുവകൾ അനുസരിച്ച് ഇഷ്ടമുള്ള വിഭവങ്ങൾ തയാറാക്കാം.
സംസ്കരിച്ച ഭക്ഷണവും (മൈദ പോലുള്ളവ) അധികം എണ്ണയും ഒഴിവാക്കുക. വറുത്തു പൊരിച്ച ഭക്ഷണം കഴിച്ചോളൂ, കഴിച്ചത്രയും കാലറി ചെലവാക്കിക്കളയാം എന്നുറപ്പുണ്ടെങ്കിൽ. മധുരക്കൊതിയുണ്ടെങ്കിൽ വീട്ടിൽതന്നെ തയാറാക്കിയ ഫ്രൂട്ട് സാലഡ് കഴിക്കാം.
Content Summary : Simple tips to make your diet healthier