വൃക്കകളുടെ ആരോഗ്യത്തിന് കഴിക്കാം ഈ ഭക്ഷണവിഭവങ്ങള്‍

Mail This Article
ശരീരത്തിന് ആവശ്യമില്ലാത്ത വസ്തുക്കളെ രക്തത്തില്‍ നിന്ന് അരിച്ചു നീക്കുന്ന അവയവങ്ങളാണ് വൃക്കകള്‍. വിഷവസ്തുക്കളും അമിതമായ ദ്രാവകങ്ങളുമെല്ലാം വൃക്കകള്‍ ഇത്തരത്തില്‍ നീക്കം ചെയ്യുന്നു. ശരീരത്തിലെ പൊട്ടാസ്യം, സോഡിയം എന്നിവയുടെ തോതിനെ ബാലന്‍സ് ചെയ്ത് നിര്‍ത്താനും വൃക്കകള്‍ സഹായിക്കുന്നു. രക്തസമ്മര്‍ദം മുതല്‍ എല്ലുകളുടെ കരുത്തുവരെ പല കാര്യങ്ങളെയും നിയന്ത്രിക്കുന്ന ഹോര്‍മോണുകളും വൃക്കകള്‍ ഉൽപാദിപ്പിക്കുന്നു.
ഇത്തരത്തില്‍ പലവിധ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്ന വൃക്കകള്‍ പണി മുടക്കിയാല്‍ ശരീരത്തില്‍ വിഷവസ്തുക്കള്‍ അടിഞ്ഞു കൂടാന്‍ ഇടയാകും. ഈ സാഹചര്യം ഒഴിവാക്കി വൃക്കകളെ ആരോഗ്യത്തോടെ സംരക്ഷിക്കാന്‍ ഇനി പറയുന്ന ഭക്ഷണ വിഭവങ്ങള്‍ സഹായകമാണ്.

1. ഫാറ്റി ഫിഷ്

ചൂര, സാല്‍മണ്‍, ട്രൗട്ട് പോലുള്ള ഫാറ്റി ഫിഷുകള്‍ പ്രോട്ടീനും ഒപ്പം ഒമേഗ-3 ഫാറ്റി ആസിഡുകളും അടങ്ങിയതാണ്. ഇവ രക്തത്തിലെ ട്രൈഗ്ലിസറൈഡ് തോത് കുറയ്ക്കുകയും രക്തസമ്മര്‍ദം ലഘൂകരിക്കുകയും ചെയ്യും. വൃക്കരോഗികള്‍ കഴിക്കുന്ന മീനിലെ ഫോസ്ഫറസ്, പൊട്ടാസ്യം തോതിനെ കുറിച്ച് ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

2. കാബേജ്
പൊട്ടാസ്യവും സോഡിയവും കുറഞ്ഞ കാബേജില്‍ ഫൈബര്‍, വൈറ്റമിന്‍ സി, കെ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. സാലഡിലും സാന്‍ഡ് വിച്ചിലുമെല്ലാം രുചിയും ഗുണവും വര്‍ധിപ്പിക്കാന്‍ കാബേജ് ചേര്‍ക്കാവുന്നതാണ്.

3. കാപ്സിക്കം

വിവിധ നിറങ്ങളില്‍ ലഭ്യമായ കാപ്സിക്കം വൈറ്റമിന്‍ ബി6, ബി9, സി, കെ, ഫൈബര്‍ എന്നിവയാല്‍ സമ്പന്നമാണ്. ആന്‍റി ഓക്സിഡന്‍റുകളും ഇവയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. പൊട്ടാസ്യം തോത് കുറഞ്ഞതിനാല്‍ ഇവ വൃക്കകള്‍ക്ക് ഗുണപ്രദമാണ്.

4. ക്രാന്‍ബെറി
മൂത്രനാളിയിലെ അണുബാധകള്‍ ചിലപ്പോഴൊക്കെ വൃക്കകളിലെത്തി പ്രശ്നം സൃഷ്ടിക്കാറുണ്ട്. ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ക്രാന്‍ബെറി ഈ സാഹചര്യം ഒഴിവാക്കുന്നു. ഹൃദയത്തിന്‍റെയും ദഹനവ്യവസ്ഥയുടെയും ആരോഗ്യത്തിനും ക്രാന്‍ബെറി നല്ലതാണ്.

5. ബ്ലൂബെറി

ആന്‍റി ഓക്സിഡന്‍റുകള്‍, വൈറ്റമിന്‍ സി, ഫൈബര്‍ എന്നിവയെല്ലാം അടങ്ങിയ ബ്ലൂബെറിയും വൃക്കളെ സംരക്ഷിക്കുന്നു. അണുബാധയും നീര്‍ക്കെട്ടും കുറയ്ക്കാനും എല്ലുകളുടെ ആരോഗ്യത്തിനും ബ്ലൂബെറി നല്ലതാണ്.

6. പച്ചിലകള്‍
ചീര, കെയ്ല്‍ പോലുള്ള പച്ചിലകള്‍ പലതരം വൈറ്റമിനുകളും ധാതുക്കളും ശരീരത്തിന് നല്‍കുന്നു. പ്രതിരോധശേഷി മെച്ചപ്പെടുത്താനും ഇവ സഹായിക്കും. എന്നാല്‍ നല്ല തോതില്‍ പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാല്‍ വൃക്കരോഗികള്‍ ഡോക്ടറുടെ ഉപദേശപ്രകാരം മാത്രമേ ഇവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താവുള്ളൂ.

7. ഒലീവ് എണ്ണ

ആന്‍റിഓക്സിഡന്‍റുകള്‍, ആരോഗ്യകരമായ കൊഴുപ്പ് എന്നിവയെല്ലാം അടങ്ങിയ ഒലീവ് എണ്ണ കൊളസ്ട്രോള്‍ തോത് കുറയ്ക്കാനും ഹൃദ്രോഗത്തിന്‍റെയും മറവിരോഗത്തിന്‍റെയും ചില തരം അര്‍ബുദങ്ങളുടെയും സാധ്യത ഇല്ലാതാക്കാനും സഹായിക്കുന്നു.

8. വെളുത്തുള്ളി
വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന അല്ലിസിന്‍ വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്നു. ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങളുള്ള വെളുത്തുള്ളി ശരീരത്തിലെ നീര്‍ക്കെട്ടും കുറയ്ക്കും.
9. ഉള്ളി
വൈറ്റമിന്‍ ബി6, സി, മാംഗനീസ്, കോപ്പര്‍ എന്നിവയെല്ലാം അടങ്ങിയ ഉള്ളി ഭക്ഷണത്തിലെ രുചിയും ഗുണവും ഒരേ സമയം വര്‍ധിപ്പിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന ക്വെര്‍സെറ്റിന്‍ ശരീരത്തെ അര്‍ബുദകോശങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു. മറ്റൊരു സംയുക്തമായ ഓര്‍ഗാനിക് സള്‍ഫര്‍ ഉയര്‍ന്ന രക്തസമ്മര്‍ദത്തിന്‍റെയും പക്ഷാഘാതത്തിന്‍റെയും ഹൃദയാഘാതത്തിന്‍റെയും അപകടസാധ്യത കുറയ്ക്കും.
10. കോളിഫ്ളവര്‍
വൈറ്റമിന്‍ സി, ബി6, ബി9, കെ, ഫൈബര്‍ എന്നിവയെല്ലാം അടങ്ങിയ കോളിഫ്ളവര്‍ ശരീരത്തിലെ വിഷവസ്തുക്കളെ നീര്‍വീര്യമാക്കാനും സഹായിക്കുന്നു. പൊട്ടാസ്യവും ഫോസ്ഫറസും അടങ്ങിയിരിക്കുന്നതിനാല്‍ വൃക്കരോഗികള്‍ മിതമായ തോതില്‍ ഇവ കഴിക്കേണ്ടതാണ്.
11. മുട്ടയുടെ വെള്ള
വൃക്കരോഗികള്‍ക്ക് പലപ്പോഴും ശുപാര്‍ശ ചെയ്യപ്പെടുന്ന ഒന്നാണ് മുട്ടയുടെ വെള്ള. ഡയാലിസിസിന് വിധേയരാകുന്നവര്‍ക്ക് ശരീരത്തിലെ പ്രോട്ടീന്‍ തോത് ഉയര്‍ത്താന്‍ മുട്ടയുടെ വെള്ള കഴിക്കാം.
12. ആപ്പിള്‍
അര്‍ബുദത്തോട് പോരാടുന്ന ക്വെര്‍സെറ്റിനും ഫൈബറും അടങ്ങിയ ആപ്പിള്‍ കൊളസ്ട്രോളും രക്തത്തിലെ പഞ്ചസാരയും നിയന്ത്രിച്ച് നിര്‍ത്താനും സഹായിക്കുന്നു. ആന്‍റി ഓക്സിഡന്‍റുകളും ആപ്പിളില്‍ ധാരാളം അടങ്ങിയിരിക്കുന്നു.
Content Summary: Foods to Help Keep Your Kidneys Healthy