പ്രമേഹ രോഗികൾക്ക് ധൈര്യമായി കഴിക്കാം ഈ അഞ്ച് നട്സ് വിഭവങ്ങൾ

Mail This Article
എന്തു കഴിക്കാം എന്നതിനേക്കാൾ എന്ത് കഴിക്കാതിരിക്കാം എന്നതാണ് പ്രമേഹ രോഗികൾ നിത്യ ജീവിതത്തിൽ നേരിടുന്ന ഏറ്റവും വലിയ ചോദ്യം. മറ്റുള്ളവർ ആസ്വദിച്ച് കഴിക്കുന്ന പല ഭക്ഷണങ്ങളും പ്രമേഹ രോഗിക്ക് വേണ്ടെന്ന് വയ്ക്കേണ്ടി വന്നേക്കാം. എന്നാൽ പ്രമേഹമുള്ളവർക്കും ധൈര്യമായി ദിവസവും കഴിക്കാവുന്ന ഒന്നാണ് നട്സ് എന്ന് കല്യാൺ ഫോർട്ടിസ് ആശുപത്രിയിലെ ക്ലിനിക്കൽ ഡയറ്റീഷൻ സുമയ്യ. എ. പറയുന്നു.
നട്സ് കഴിക്കുന്നത് വയർ നിറഞ്ഞ തോന്നൽ ഉണ്ടാക്കുമെന്നതിനാൽ പ്രമേഹ രോഗികൾ മറ്റ് ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് തടയാനാകും. ഇത് രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിൽ നിർത്താൻ സഹായിക്കും. ഇനി പറയുന്ന അഞ്ച് നട്സ് വിഭവങ്ങൾ പ്രമേഹ രോഗികൾക്ക് ധൈര്യമായി കഴിക്കാവുന്നതാണെന്ന് സീ ന്യൂസിന് നൽകിയ അഭിമുഖത്തിൽ സുമയ്യ ചൂണ്ടിക്കാണിക്കുന്നു.

1. ആൽമണ്ട്

വൈറ്റമിൻ ഇ, ഫൈബർ, മഗ്‌നീഷ്യം, വൈറ്റമിൻ 12 ഉൾപ്പെടെയുള്ള നിരവധി പോഷണങ്ങൾ അടങ്ങിയ ആൽമണ്ട് സ്നാക്സ് ആയി ഭക്ഷണ ക്രമത്തിൽ ഉൾപെടുത്താവുന്നതാണ്. ഇതിന്റെ തൊലിയിൽ അടങ്ങിയിരിക്കുന്ന പോളിഫെനോളുകളും ഗുണപ്രദമാണ്.

2. പിസ്ത
വൈറ്റമിൻ ബി6, പൊട്ടാസ്യം, ആരോഗ്യകരമായ കൊഴുപ്പ്, ആന്റി ഓക്സിഡന്റുകൾ എന്നിവയെല്ലാം അടങ്ങിയ പിസ്ത കാലറി കുറഞ്ഞ ഒരു വിഭവമാണ്. ഭാരം കുറയ്ക്കാനും ഇത് സഹായിക്കുന്നു. പിസ്തയുടെ ഗ്ലൈസീമിക് സൂചികയും കുറവാണ്.

3. വാൾനട്ട്

ഒമേഗ 3 ഫാറ്റി ആസിഡ്, പ്രോട്ടീൻ, പോളി അൺസാച്ചുറേറ്റഡ് കൊഴുപ്പ് എന്നിവയെല്ലാം അടങ്ങിയ വാൾനട്ടും ഗ്ലൂക്കോസ് നിയന്ത്രണത്തിൽ സഹായിക്കുന്നു. വിശപ്പിനെ അടക്കാനും വാൾനട്ട് ഉത്തമമാണ്.
4. കശുവണ്ടി
ചീത്ത കൊളസ്ട്രോളായ എൽ ഡി എൽ കുറയ്ക്കാനും നല്ല കൊളസ്ട്രോളായ എച്ച് ഡി എൽ കൂട്ടാനും കശുവണ്ടി സഹായിക്കും. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും ഇത് നല്ലതാണ്.
5.കടല
പ്രോട്ടീൻ, കൊഴുപ്പ്, ഫൈബർ എന്നിവയെല്ലാം അടങ്ങിയ കടലയുടെ ഗ്ലൈസീമിക് സൂചികയും കുറവാണ്. രക്തത്തിലെ പഞ്ചസാരയുടെ തോത് ഉയരാതിരിക്കാനും ഇത് സഹായിക്കും.
പ്രമേഹത്തിന് ചികിത്സ തേടുന്നവർ നിലവിലെ ഭക്ഷണ ക്രമത്തിൽ മാറ്റങ്ങൾ വരുത്തും മുൻപ് ഡോക്ടറുടെ ഉപദേശം തേടണമെന്നും സുമയ്യ ഓർമപ്പെടുത്തുന്നു.
Content Summary: 5 types of nuts that are good for people with diabetes