മാറുന്ന ജീവിതശൈലിയുടെയും ഭക്ഷണക്രമത്തിന്‍റെയും ഫലമായി ദഹനപ്രശ്നങ്ങള്‍ നേരിടുന്ന വ്യക്തികളുടെ സംഖ്യ അനുദിനം ഉയരുകയാണ്. മലബന്ധം, ഗ്യാസ്, വയര്‍വേദന, ദഹനക്കേട് തുടങ്ങിയ പല പ്രശ്നങ്ങളും മോശം ദഹനസംവിധാനത്തിന്‍റെ ഫലമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. മൊത്തത്തിലുള്ള ഒരാളുടെ ആരോഗ്യത്തെയും ഇത്തരം പ്രശ്നങ്ങള്‍ ബാധിക്കാറുണ്ട്. എന്നാല്‍ ചിലതരം പഴങ്ങളുടെ ഉപയോഗം വയറിന്‍റെയും കുടലിന്‍റെയും ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും മാലിന്യങ്ങള്‍ ശരീരത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ സഹായിക്കുകയും ചെയ്യും. അവ ഏതെല്ലാമാണെന്ന് പരശോധിക്കാം.
1. ആപ്പിള്‍

ദഹനസംവിധാനത്തെ മെച്ചപ്പെടുത്തുന്ന പോഷണങ്ങളും ഫൈബറും അടങ്ങിയതാണ് ആപ്പിള്‍. ഇതിലെ പെക്ടിന്‍ പ്രീബയോട്ടിക് ആയിട്ടും പ്രവര്‍ത്തിക്കുന്നു. വയറിലെ ഉപകാരപ്രദമായ ബാക്ടീരിയ പെക്ടിനെ വിഘടിപ്പിക്കുന്നത് ഗ്യാസ്ട്രോ ഇന്‍റസ്റ്റൈനല്‍ വ്യവസ്ഥയുടെ ആകമാന ആരോഗ്യം മെച്ചപ്പെടുത്തും. ദീര്‍ഘനേരം വിശക്കാതിരിക്കാനും ദഹനസംവിധാനത്തെ ആരോഗ്യത്തോടെ കാക്കാനും ആപ്പിള്‍ സഹായിക്കും.
2. പപ്പായ

പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പെയ്ന്‍ എന്ന എന്‍സൈം ദഹനത്തെ സുഗമമാക്കുന്നതാണ്. പ്രധാന ഭക്ഷണത്തിന് മുന്‍പ് പപ്പായ കഴിക്കുന്നത് ദഹനപ്രക്രിയക്ക് തുടക്കമിടുകയും ഭക്ഷണത്തിന്‍റെ കാര്യക്ഷമമായ വിഘടനം ഉറപ്പാക്കുകയും ചെയ്യും. വയറില്‍ നിന്ന് വിഷവസ്തുക്കളും മാലിന്യങ്ങളും നീക്കം ചെയ്യാനും പപ്പായയുടെ നിത്യവുമുള്ള ഉപയോഗം സഹായിക്കും.
3. ഓറഞ്ചുകള്‍

ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ ദഹന സംവിധാനത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും വയറിന്‍റെയും കുടലുകളുടെയും പ്രശ്നങ്ങള്‍ അകറ്റി നിര്‍ത്തുകയും ചെയ്യും. ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം, മലബന്ധം തുടങ്ങിയ പ്രശ്നങ്ങള്‍ക്കും ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ ശമനം നല്‍കും. പ്രമേഹം, അമിതവണ്ണം, ഹൃദ്രോഗം എന്നിവ നേരിടുന്നവര്‍ക്കും ധൈര്യമായി കഴിക്കാവുന്ന പഴമാണ് ഓറഞ്ച്.
4. പേരയ്ക്ക

മറ്റ് പഴങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഡയറ്ററി ഫൈബറിനാല്‍ സമ്പുഷ്ടമാണ് പേരയ്ക്ക. ദിവസം ഒരു പേരയ്ക്ക കഴിക്കുന്നത് ശുപാര്‍ശ ചെയ്യപ്പെടുന്ന പ്രതിദിന ഫൈബറിന്‍റെ 12 ശതമാനം ശരീരത്തിന് നല്‍കും. കുടലുകളിലൂടെയുള്ള ഭക്ഷണത്തിന്‍റെ നീക്കം സുഗമമാക്കുന്ന പേരയ്ക്ക മലബന്ധത്തിന്‍റെ സാധ്യതയും കുറയ്ക്കും. അതിസാരം പോലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പേരയ്ക്കുടെ ആന്‍റിമൈക്രോബിയല്‍ ഗുണങ്ങള്‍ സഹായിക്കും.
5. സ്ട്രോബെറി

ദഹനസംവിധാനത്തിലൂടെയുള്ള ഭക്ഷണത്തിന്‍റെ നീക്കത്തെ ഉത്തേജിപ്പിക്കുന്ന ഫൈബറുകള്‍ നിറയെ അടങ്ങിയതാണ് സ്ട്രോബെറി. ഇത് കൂടാതെ സ്ട്രോബെറിയിൽ വൈറ്റമിന്‍ സിയും വൈറ്റമിന്‍ ബി9ഉം ധാരാളമായി ഉണ്ട്. ദഹനരസങ്ങളുടെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിനാല്‍ സ്ട്രോബെറിയിലെ വൈറ്റമിന്‍ ബി9 മലബന്ധത്തില്‍ നിന്ന് ആശ്വാസം നല്‍കുന്നു.
Content Summary: 5 Fruits For Better Intestinal Health And To Removing Impurities From Stomach