പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കാൻ ശീലമാക്കാം ഈ 5 ഗ്രീൻ ജ്യൂസുകൾ

Mail This Article
ശരീരത്തിന് ആവശ്യമായ പോഷകങ്ങളും വൈറ്റമിനുകളും ലഭിക്കേണ്ടത് ആരോഗ്യത്തിന് വളരെ പ്രധാനമാണ്. വൈറ്റമിനുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ നമ്മുടെ ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തേണ്ടതാണെന്ന് വിദഗ്ധര്‍ പറയുന്നു. ശരീരത്തിൽ ജലാംശം നിലനിർത്താനും ഉന്മേഷമേകാനും ജ്യൂസുകൾ ഏറെ ഗുണം ചെയ്യും. പ്രമേഹം അകറ്റാനും ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും സഹായിക്കുന്ന ഗ്രീൻ ജ്യൂസുകൾ ഉണ്ട് അവ ഏതെല്ലാമെന്നു നോക്കാം.
∙ സ്പിനാച്ച് ജ്യൂസ്
സ്പിനാച്ച് അഥവാ പച്ചച്ചീരയ്ക്ക് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. അയൺ ധാരാളം ഉള്ളതിനാൽ വിളർച്ച തടയുന്നു. ല്യൂട്ടിൻ അടങ്ങിയതിനാൽ ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ തടയുന്നു. ദഹനം സാവധാനത്തിലാക്കുന്നു. ഇത് ശരീരത്തിൽ ഷുഗർ വളരെ പെട്ടെന്ന് വിഘടിക്കുന്നതിനെ തടയുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.
∙ കറ്റാർവാഴ ജ്യൂസ്
ഔഷധഗുണങ്ങൾ ഏറെയുള്ള ഒന്നാണ് കറ്റാർവാഴ. വൈറ്റമിൻ സി, ഇ എന്നീ ആന്റിഓക്സിഡന്റുകളാൽ സമ്പന്നമായതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ചതാണ് ഇത്. ഓക്സീകരണസമ്മർദം കുറച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. ദഹനവ്യവസ്ഥയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. കറ്റാർവാഴ ജ്യൂസ് കുടിക്കുന്നത് സീറം കൊളസ്ട്രോൾ കുറയ്ക്കുന്നു.
∙ ചുരയ്ക്ക ജ്യൂസ്
പോഷകങ്ങളാൽ സമ്പന്നമാണ് ചുരയ്ക്ക. ഹൃദയാരോഗ്യത്തിനു മികച്ചത്. ജലാംശവും നാരുകളും ധാരാളം അടങ്ങിയ ചുരയ്ക്ക പ്രമേഹരോഗികൾക്കും നല്ലതാണ്. ഇതിന് ഗ്ലൈസെമിക് ഇന്‍ഡക്സ് കുറവാണ്. അതുകൊണ്ടു തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടാതെ പ്രമേഹം നിയന്ത്രിക്കുന്നു.
∙ മുരിങ്ങക്ക ജ്യൂസ്
ആരോഗ്യകരമായ ജീവിതശൈലിക്ക് മികച്ച ഒന്നാണിത്. പല പ്രധാനപോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. നിരവധി രോഗങ്ങളെ പ്രതിരോധിക്കുന്നു. മുരിങ്ങക്ക ജ്യൂസിലടങ്ങിയ ബയോ ആക്ടീവ് വസ്തുക്കൾ പ്രമേഹത്തെ പ്രതിരോധിക്കുന്നു. ആന്റിഓക്സിഡന്റുകളായ ഫ്ലവനോയ്ഡുകൾ, ഫിനോലിക് സംയുക്തങ്ങൾ, വൈറ്റമിൻസി ഇവ മുരിങ്ങക്ക ജ്യൂസിൽ അടങ്ങിയിട്ടുണ്ട്. ഇത് ഓക്സീകരണ സമ്മർദവും ഇൻഫ്ലമേഷനും തടയുന്നു. കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു.
∙ പാവയ്ക്ക ജ്യൂസ്
കയ്പ്പുണ്ട് എന്നതൊഴിച്ചാൽ ആരോഗ്യത്തിന് വളരെ മികച്ച ഒന്നാണ് പാവയ്ക്ക. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഉള്ള കഴിവും പാവയ്ക്ക ജ്യൂസിനുണ്ട്. പോളിപെപ്റ്റൈഡ് പി അഥവാ പി– ഇന്‍സുലിൻ എന്ന ഇൻസുലിൻ പോലുളള സംയുക്തം ഇതിലുണ്ട്. ഇത് പ്രമേഹത്തെ സ്വാഭാവികമായി കുറയ്ക്കുന്നു.
Content Summary: Diabetes control green juices