ADVERTISEMENT

അടുക്കളയിലായാലും റസ്റ്ററന്റിലായാലും ഭക്ഷ്യസുരക്ഷ പ്രധാനമാണ്.  ഭക്ഷ്യവിഷബാധ എപ്പോൾ എവിടെ വേണമെങ്കിലും സംഭവിക്കാം. സുരക്ഷിത ഭക്ഷ്യഇടങ്ങൾ എന്നു കരുതുന്നവ തിരഞ്ഞെടുത്താലും ചിലപ്പോൾ അപകടം പതിയിരിപ്പുണ്ടാകാം. ഏറ്റവും വിശ്വസനീയമെന്നു നാം കരുതുന്ന നമ്മുടെ വീടുകളിലെ അടുക്കളകളിലും ആഹാരം വിഷമയമാകുന്ന സാഹചര്യങ്ങൾ ഉണ്ടാകാം. പുറത്തുനിന്നു കഴിക്കാനൊരുങ്ങുമ്പോൾ സ്വീകരിക്കുന്ന അതേ ജാഗ്രത ഇവിടെയും ആവശ്യമാണ്. അതായത് ആഹാരം പാകപ്പെടുത്തി വിളമ്പുന്നതുവരെയുള്ള യാത്രയിൽ എവിടെ വച്ചും ആഹാരം വിഷമയമാകാം എന്ന നേരറിവു കൂടിയുണ്ടാകണമെന്നർഥം. കൃത്യമല്ലാത്ത റഫ്രിജറേഷനും ആഹാരം സംഭരിക്കുന്ന രീതി, വ്യക്തി ശുചിത്വത്തിലെ പോരായ്മകൾ, പരസ്പരമുള്ള അണുബാധ (ക്രോസ്കണ്ടാമിനേഷൻ),  മലിനീകരിക്കപ്പെട്ട ആഹാര ഉറവിടങ്ങൾ, അപൂർണമായ പാചകം,  താപനിലയിൽ വരുന്ന തെറ്റുകൾ എന്നിങ്ങനെ ഭക്ഷ്യവിഷബാധയ്ക്കു വഴിയൊരുക്കുന്ന കുറേ അപായ ഘടകങ്ങളുണ്ട്. അതുകൊണ്ടുതന്നെ ഭക്ഷ്യവിഷബാധയ്ക്കെതിരെ പ്രായോഗിക മുന്നൊരുക്കങ്ങളും സമീപനങ്ങളുമാണ് ആദ്യം വേണ്ടത്.

Representative Image. Photo Credit : Piyapong Thongcharoen / iStockPhoto.com
Representative Image. Photo Credit : Piyapong Thongcharoen / iStockPhoto.com

എന്താണ് ഭക്ഷ്യവിഷബാധ ? 
മലിനീകരിക്കപ്പെട്ട ആഹാരത്തിൽ നിന്നുണ്ടാകുന്ന രോഗമാണിത്. ഭക്ഷ്യജന്യ രോഗം എന്നും ഇതിനെ വിളിക്കുന്നു. അണുബാധയ്ക്കു കാരണമാകുന്ന ബാക്ടീരിയ, വൈറസ്, പരാദങ്ങൾ എന്നിവയോ അവയുടെ ടോക്സിനുകളോ ആണ് ഇതിലേക്കു നയിക്കുന്നത്. ഇത്തരത്തിലുള്ള ആഹാരം കഴിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ മനംപുരട്ടൽ, ഛർദി, വയറിളക്കം, അടിവയറുവേദന, പനി എന്നിങ്ങനെ ലക്ഷണങ്ങൾ പ്രകടമാകുന്നു. മിക്കപ്പോഴും ഭക്ഷ്യവിഷബാധ ലഘുവായാണു പ്രകടമാകാറുള്ളത്. ചികിത്സ കൂടാതെ സുഖപ്പെടുകയും ചെയ്യും. എന്നാൽ ചിലരിൽ ലക്ഷണങ്ങൾ തീവ്രതയുള്ളതാകും. അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സിക്കേണ്ടി വരും.

891307222
Representative Image. Photo Credit : Jeffbergen / iStockPhoto.com

വൃത്തിയുള്ള കൈകൾ : ശുദ്ധിയുള്ള അടുക്കള
കൈകൾ എത്രത്തോളം നന്നായി വൃത്തിയാക്കുന്നുവോ പാതിയോളം ആഹാരജന്യരോഗങ്ങളെ ഒഴിവാക്കാനാകുമെന്നാണ്. 20 സെക്കൻഡു നേരമെടുത്ത് കൈകൾ കഴുകാം. ഇളംചൂടുള്ള സോപ്പുവെള്ളം തന്നെ ഉപയോഗിക്കുക. കൈകളുടെ ഉൾവശവും പുറംഭാഗവും കൈത്തണ്ടയും നഖങ്ങളുടെ അടിഭാഗവും വൃത്തിയാക്കണം. തുടർന്ന് ശുദ്ധജലത്തിൽ കൈകൾ നന്നായി കഴുകുക. അതിനുശേഷം വൃത്തിയുള്ള തുണിയിൽ കൈകൾ തുടച്ചുണക്കുക. ഇനി പാചകം തുടങ്ങാം. വേവിക്കാത്ത മാംസം, മുട്ട, പഴങ്ങൾ, പച്ചക്കറികൾ ഇവ കൈകാര്യം ചെയ്തതിനുശേഷം കൈകൾ നന്നായി കഴുകണം. ആഹാരം പാകപ്പെടുത്തിയതിനുശേഷവും ടോയ്‌ലറ്റ് ഉപയോഗത്തിനുശേഷവും കുഞ്ഞുങ്ങളുടെയും മുതിർന്നവരുടെയും ഡയപ്പർ മാറ്റിയതിനുശേഷവും കൈകൾ കഴുകുക എന്നതു പ്രധാനമാണ്. ചുമയ്ക്കും തുമ്മലിനും ശേഷവും വേസ്റ്റ് മാറ്റിയതിനും അഴുക്കു പാത്രങ്ങൾ കഴുകിയതിനുശേഷവും കൈകൾ വൃത്തിയാക്കണം. സിഗരറ്റിൽ സ്പർശിക്കുക, ഫോൺ ഉപയോഗിക്കുക, അരുമകളെ ഓമനിക്കുക, മുറിവിൽ സ്പർശിക്കുക ഇവയ്ക്കുശേഷം കൈകൾ നന്നായി വൃത്തിയാക്കാതെ പാചകത്തിനൊരുങ്ങരുത്.

പ്രതലങ്ങൾ സംശുദ്ധമാകണം
അടുക്കളയിലെ പ്രതലങ്ങൾ, കൗണ്ടർ ടോപ്പുകൾ, കട്ടിങ് ബോഡുകൾ, മിക്സി, ജൂസർ, അവ്ൻ ഉൾപ്പെടെ അടുക്കളയിലെ ഉപകരണങ്ങളെല്ലാം സാമാന്യം ചൂടുള്ള സോപ്പുവെള്ളം കൊണ്ടു വൃത്തിയാക്കണം. അടുക്കളയിൽ പാറ്റ, പല്ലി, ചിലന്തി എന്നിവയെയും നിയന്ത്രിക്കണം. പ്രതലങ്ങൾ വൃത്തിയുള്ളതാകുമ്പോൾ ഇത്തരം ജീവികളുടെ ശല്യവും കുറയും. തലേ ദിവസത്തെ വേസ്റ്റ് അടുക്കളയിൽ സംഭരിക്കുന്ന ശീലവും ഒഴിവാക്കുക.

പാത്രങ്ങൾ തുടയ്ക്കാനുപയോഗിക്കുന്ന തുണികളും ടവലുകളും വാഷിങ് മെഷീനിലോ, അല്ലാതെയോ ചൂടുവെള്ളത്തിൽ കഴുകിയെടുക്കണം. ഇത്തരം തുണികൾ കുറച്ചധികം കരുതി വയ്ക്കാം. ദിവസേന പുതിയ തുണികൾ ഉപയോഗിക്കണം. പാത്രങ്ങൾ തുടയ്ക്കാനുപയോഗിക്കുന്ന തുണികൾ ഒരു കാരണവശാലും മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കരുത്. കൈകൾ തുടച്ചുണക്കാനും പാത്രങ്ങൾ തുടയ്ക്കാനും കൗണ്ടർ ടോപ് തുടയ്ക്കാനും വെവ്വേറെ ടവലുകൾ സൂക്ഷിക്കുക. പാത്രങ്ങൾ വൃത്തിയാക്കാനുപയോഗിക്കുന്ന സ്പോഞ്ചുകൾ നിശ്ചിത ഇടവേളകളിൽ കളയണം. അത് അണുക്കളുടെ ഒരു ആസ്ഥാനം തന്നെയാണ്. ഇടയ്ക്ക് അവ ക്ലോറിൻ ബ്ലീച്ച് സൊലൂഷനും സോപ്പും ഉപയോഗിച്ചു കഴുകി വെയിലിൽ ഉണക്കിയെടുക്കാം. പച്ചക്കറികളും മറ്റും വാങ്ങുന്നതിന് വീണ്ടും ഉപയോഗിക്കുന്ന തരം ബാഗുകളുണ്ടാകും. അവ ഉപയോഗശേഷം വൃത്തിയായി കഴുകി സൂക്ഷിക്കണം. അടുത്ത പർച്ചേസിനു മുഷിഞ്ഞ ബാഗുമായി പോകരുത്. അല്ലെങ്കിൽ വീണ്ടും ഉപയോഗിക്കാവുന്നതരം ബാഗുകൾ ഉപയോഗിക്കാം. പച്ചക്കറികളിലേയും പഴങ്ങളിലേയും മലിനീകരണം തടയണമെങ്കിൽ പാചകത്തിനു മുൻപേ ഒരുക്കങ്ങൾ ആരംഭിക്കണം. പച്ചക്കറികളും പഴങ്ങളും കഴുകുന്നതു പ്രധാനമാണ്. ഉപ്പ്, വിനാഗിരി, മഞ്ഞൾ, വാളൻപുളി എന്നിവ ചേർത്ത വെള്ളത്തിൽ പച്ചക്കറികളും പഴങ്ങളും കുറഞ്ഞതു പത്തുമിനിറ്റോളം കുതിർത്തു വയ്ക്കാം. പിന്നീട് ശുദ്ധമായ ഒഴുക്കു വെള്ളത്തിൽ പല തവണ കഴുകിയെടുക്കാം. പച്ചക്കറികൾ വൃത്തിയായി കഴുകിയശേഷമാണു മുറിക്കേണ്ടത്. മുറിച്ചതിനുശേഷം കഴുകുന്നതിലൂടെ പോഷണ നഷ്ടം സംഭവിക്കാം. വലിയ അളവിൽ പാചകം ചെയ്യുന്നവർ ഗ്ലൗസ് ധരിക്കണം. റസ്റ്ററന്റുകളിലും മറ്റും പാചകക്കാരുടെ രോഗങ്ങളും ആരോഗ്യപ്രശ്നങ്ങളും ശ്രദ്ധിക്കണം. അങ്ങനെയുള്ള സാഹചര്യത്തിൽ അവരെ മാറ്റി നിർത്താം. പാചകം ചെയ്യുന്ന സ്ഥലത്തെ വെളിച്ചവും വായുസഞ്ചാരവും ഏറെ പ്രധാനമാണ്. പാത്രങ്ങളുടെ വൃത്തി പാചകത്തിലും കഴിക്കുന്നതിലും പ്രധാനമാണ്. മാംസത്തിനും മത്സ്യത്തിനും പാലിനും ചോറു വയ്ക്കുന്നതിനും പ്രത്യേകം പാത്രങ്ങൾ കരുതണം.

665885208
Representative Image. Photo Credit : Gyro / iStockPhoto.com

ഫ്രിജ് അണുക്കളുടെ ഇരിപ്പിടമാക്കരുത്
ബാക്ടീരിയ വേഗത്തിൽ പെരുകുന്ന ഊഷ്മനില അറിയാമോ ? 40 ഡിഗ്രി ഫാരൻ ഹീറ്റിനും 140 ഡിഗ്രി ഫാരൻ ഹീറ്റിനും ഇടയിലാണത്. ഇതൊരു ഡേഞ്ചറസ് സോൺ ആണ്. അതുകൊണ്ടാണ് റെഫ്രിജറേറ്റർ 40 ഡിഗ്രി ഫാരൻ ഹീറ്റിനു താഴെയായി സെറ്റു ചെയ്യണം എന്നു പറയുന്നത്. ഫ്രീസർ 0 ഡിഗ്രി ഫാരൻ ഹീറ്റിനു താഴെയായി സെറ്റു ചെയ്യുക. നന്നായി പാചകം ചെയ്ത ആഹാരമാണെങ്കിലും രണ്ടു മണിക്കൂറിലേറെ അന്തരീക്ഷ താപനിലയിൽ വയ്ക്കരുത്. റഫ്രിജറേറ്ററിന്റെ താപനില 40 ഡിഗ്രി ഫാരൻ ഹീറ്റിൽ താഴെയാണെന്ന് ഉറപ്പിക്കാൻ ഒരു റഫ്രിജറേറ്റർ തെർമോ മീറ്ററും ഉപയോഗിക്കാം. റഫ്രിജറേറ്റർ തെർമോമീറ്റർ വിപണിയിൽ ലഭ്യമാണ്. ഇത് ഫ്രിജിന്റെ ഡോറിലാണ് സൂക്ഷിക്കേണ്ടത്.

എങ്ങനെ സൂക്ഷിക്കാം ?
മുട്ടയും പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി വൃത്തിയാക്കി വേണം ഫ്രിജിൽ വയ്ക്കാൻ. പച്ചക്കറികളും പഴങ്ങളും മലിനീകരണം അകറ്റാനുള്ള ലായനിയിൽ മുക്കിവയ്ക്കുകയുമാകാം. ഇവ തണുത്ത ഒഴുക്കുവെള്ളത്തിൽ കഴുകിയെടുക്കാം. അല്ലെങ്കിൽ അതിലെ മാലിന്യങ്ങൾ ഫ്രിജിലെത്തും. നാം പാകപ്പെടുത്തിയ ആഹാരം ഫ്രിജിൽ വയ്ക്കുമ്പോൾ മൂടി വയ്ക്കുന്നതിലൂടെ അണുബാധ തടയാം.

മത്സ്യം ഫ്രീസറിൽ വയ്ക്കുമ്പോൾ അതു കഴുകി വൃത്തിയാക്കി ഓരോ നേരത്തെയും പാചകത്തിനാവശ്യമായ രീതിയിൽ ചെറു കണ്ടെയ്നറുകളിൽ വയ്ക്കുക. വറുക്കുന്നതിനുള്ളത്, കറി വയ്ക്കാനുള്ളത്. ഗ്രിൽ ചെയ്യാനുള്ളത് അങ്ങനെ വെവ്വേറെ വയ്ക്കാം. ഒന്നിച്ച് ഒരു കണ്ടെയ്നറിൽ വച്ചാൽ ഓരോ തവണയും ഇതു മുഴുവനായും പുറത്തെടുത്തു തണുപ്പു മാറ്റേണ്ടി വരും. അത് മത്സ്യം ചീത്തയാക്കും. മാംസവും ഇങ്ങനെ സൂക്ഷിക്കാം. പാകപ്പെടുത്തിയ സാധനങ്ങൾ ഫ്രിജിൽ വച്ചിട്ട് അത് ഒന്നിലേറെ തവണ ചൂടാക്കി ഉപയോഗിക്കുന്നത് ആരോഗ്യകരമല്ല. ഉടൻ ഉപയോഗിക്കാനുള്ളത് ഫ്രിജിലും പിന്നീട് ഉപയോഗിക്കാനുള്ളവ ഫ്രീസറിലുമായി വയ്ക്കാം.

ഒരു തവണ ഫ്രിജിൽ നിന്ന് എടുക്കുന്നവ അപ്പോൾ തന്നെ ഉപയോഗിച്ചു തീർക്കണം. അതു വീണ്ടും ഫ്രിജിൽ വച്ച് വീണ്ടും ചൂടാക്കി പിറ്റേന്നും ഉപയോഗിക്കുന്നതു നല്ല രീതിയല്ല. കടകളിൽ നിന്നു വാങ്ങുന്ന പച്ചക്കറികൾ നന്നായി കഴുകി വേർതിരിച്ചു സിപ് കവറുകളിലാക്കി ഫ്രിജിൽ വയ്ക്കുക. മത്സ്യവും മാംസവും ഒരാഴ്ചയിലേറെ ഫ്രീസറിൽ വച്ച് ഉപയോഗിക്കുകയുമരുത്.

പാചകം ആവശ്യമായ താപനിലയിൽ
ആഹാരം ആവശ്യമായ താപനിലയിൽ പാകപ്പെടുത്തുമ്പോൾ ഉപദ്രവകാരികളായ ബാക്ടീരിയകൾ നശിപ്പിക്കപ്പെടുന്നു. പാചകത്തിന്റെ പൂർണത അറിയണമെങ്കിൽ ഒരു ഫൂഡ് തെർമോമീറ്റർ അനിവാര്യമാണ്. ഭക്ഷ്യവസ്തുക്കൾ കൃത്യമായ രീതിയിൽ പാകപ്പെട്ടിട്ടുണ്ടോ എന്ന് എല്ലായ്പ്പോഴും കൃത്യമായി പറയാനാകില്ല. ഈ സാഹചര്യത്തിൽ കൃത്യമായ ആന്തരിക താപനില വരെ ആഹാരം പാകം ചെയ്യപ്പെട്ടോയെന്നും അപകടകാരികളായ ബാക്ടീരിയകൾ നീക്കം ചെയ്യപ്പെട്ടോ എന്നറിയാനും ഇതു സഹായിക്കുന്നു. വിവിധതരം ഫൂഡ് തെർമോമീറ്ററുകൾ വിപണിയിലുണ്ട്. തെർമോമീറ്റർ ഉപയോഗിച്ചശേഷം ചൂടുള്ള സോപ്പുവെള്ളത്തിൽ കഴുകി സൂക്ഷിക്കണം.

1333117917
Representative Image. Photo Credit : Manjurul / iStockPhoto.com

എല്ലിൽ നിന്നും കൊഴുപ്പു ഭാഗത്തു നിന്നുമകലെയായി മാംസത്തിന്റെ കട്ടിയുള്ള ഭാഗത്ത് തെർമോമീറ്റർ വയ്ക്കുക. ചിക്കന്റെ കാര്യത്തിൽ അതു മുഴുവനായി പാകപ്പെടുത്തിയാൽ തുടയുടെ ഉൾഭാഗത്ത് നെഞ്ചിൻകൂടിനടുത്തായി വയ്ക്കാം. മുറിച്ച ചിക്കൻ കഷണങ്ങളിൽ കട്ടിയുള്ള ഭാഗത്തു വയ്ക്കാം. മുട്ടയുടെയും കട്ടിയുള്ള ഭാഗത്തു വയ്ക്കാം. മാംസം, മത്സ്യം, മുട്ട, സീഫൂഡ്സ് ഇവ നന്നായി പാകപ്പെടുത്തുക. കൃത്യമായ പാചകത്തിന്റെ തോതായി 70 ഡിഗ്രിയാണു തെർമോമീറ്ററിൽ രേഖപ്പെടുത്തുന്നത്. ബാക്കി വരുന്ന ആഹാരം മൂന്നു നാലു ദിവസത്തിലേറെ ഫ്രിജിൽ സൂക്ഷിക്കരുത്. അതിനുശേഷം ഉപയോഗിക്കരുത്. അത് ഭക്ഷ്യവിഷബാധയിലേക്കു നയിക്കുന്നു.

ചേരാത്തവർ ചേർന്നാൽ വിഷമയം
അപകടകാരികളായ പദാർഥങ്ങളോ, രോഗകാരികളായ ബാക്ടീരിയകളോ കൈകൾ, ആഹാരവുമായി സമ്പർക്കം വരുന്ന പ്രതലങ്ങൾ, സ്പോഞ്ചുകൾ, ക്ലോത് ടവ്വലുകൾ, പാത്രങ്ങൾ (അവ പാകപ്പെടുത്താത്ത ഭക്ഷണവുമായും തുടർന്ന് ഉടൻ കഴിക്കാവുന്ന തരം ഭക്ഷണവുമായും സമ്പർക്കത്തിൽ വന്നവ) ഇവയിലൂടെ ആഹാരത്തിലേക്കു കൈമാറ്റം ചെയ്യപ്പെടുന്നതാണ് പരസ്പരമുള്ള അണുബാധ അഥവാ ക്രോസ് കണ്ടാമിനേഷൻ എന്നറിയപ്പെടുന്നത്. പാകപ്പെടുത്താത്ത ആഹാരവുമായുണ്ടാകുന്ന സ്പർശമോ, അതിൽ നിന്ന് പാകപ്പെടുത്തിയ ആഹാരത്തിലേക്ക് തുള്ളികൾ ഇറ്റു വീഴുന്നതോ പോലും ക്രോസ് കണ്ടാമിനേഷനിലേക്കു നയിക്കാം. വേവിക്കാത്ത ആഹാരവും ഉടൻ കഴിക്കാവുന്ന ആഹാരവും(ഇതിൽ പച്ചക്കറികളും നേരിട്ടു കഴിക്കാവുന്ന പഴങ്ങളും) എല്ലാം ഉൾപ്പെടുന്നു. ആഹാരപദാർഥങ്ങൾ വെവ്വേറെ സൂക്ഷിക്കുക എന്നതാണ് ബാക്ടീരിയയുടെ വ്യാപനം തടയുന്നതിനുള്ള മാർഗം. ഇതിനായി ചെയ്യേണ്ട കുറച്ചു കാര്യങ്ങളുണ്ട്.

1. സിംഗിൾ ഡോർ ഫ്രിജ് ആണെങ്കിൽ വേവിക്കാത്ത മാംസം, കോഴിയിറച്ചി, സീ ഫൂഡ് ഇവ ഫ്രീസറിൽ വയ്ക്കുക. ഇവ പ്ലാസ്റ്റിക് കവറുകളിൽ വയ്ക്കാതെ കണ്ടെയ്നറുകളിൽ വയ്ക്കാം. കണ്ടെയ്നറുകളിൽ വച്ചാൽ വൈദ്യുതി ഇല്ലാതെ വന്നാലും അതിൽ നിന്നും ദ്രാവകമൊന്നും താഴെ വച്ചിരിക്കുന്ന ആഹാര പദാർഥങ്ങളിലേക്ക് ഇറ്റു വീഴുകയില്ല. ഫ്രിജിന് രണ്ടു ഡോറുകൾ ഉണ്ടെങ്കിൽ ഇക്കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ല.

2. പാകപ്പെടുത്തിയ ആഹാരം ഫ്രിജിൽ വയ്ക്കുമ്പോൾ തീയതി രേഖപ്പെടുത്തുന്നതിലൂടെ മൂന്നു ദിവസത്തിലേറെ ഫ്രിജിൽ വയ്ക്കരുത് എന്ന കാര്യം ഉറപ്പാക്കാം. വേവിച്ച ആഹാരവും വേവിക്കാത്ത ആഹാരവും ഫ്രിജിൽ അടുത്തടുത്തു വയ്ക്കരുത്.

3. പച്ചക്കറികളും പഴങ്ങളും കഴുകിയെടുക്കാൻ സ്ക്രബ് ബ്രഷ് ഉപയോഗിക്കാം. രണ്ടു സ്ക്രബ് ബ്രഷുകൾ കരുതാം. ഇതും ക്രോസ് കണ്ടാമിനേഷൻ സാധ്യത തടയുന്നു.

4. ഉപയോഗിച്ച പാത്രങ്ങളും ഉപയോഗിക്കാത്ത പാത്രങ്ങളും ഒന്നിച്ചു കഴുകാതെ വേറിട്ടു കഴുകിയെടുക്കാം.

5. ഭക്ഷ്യവസ്തുക്കളുടെ കവറുകൾ മുറിക്കുന്നതിന് ക്ലീൻ ബ്ലേഡുകളോ കത്രികകളോ ഉപയോഗിക്കാം.

6. പാചകം ചെയ്യുന്ന ആളിന്റെ കൈകളിൽ മുറിവോ, വ്രണമോ ഉണ്ടെങ്കിൽ ഡിസ്പോസിബിൾ ഗ്ലൗസ് ഉപയോഗിക്കുക.

1219944808
Representative Image. Photo Credit : Lyndon Stratford / iStockPhoto.com

കട്ടിങ് ബോഡ് ഉപയോഗം കരുതലോടെ
മിക്ക വീടുകളിലും ഒരു കട്ടിങ് ബോഡ് മാത്രമേ ഉണ്ടാകൂ. മാംസവും മത്സ്യവും പച്ചക്കറികളുമെല്ലാം അതിലാകും മുറിക്കുന്നത്. എന്നാൽ ഈ രീതി അനാരോഗ്യകരമാണ്. സുരക്ഷിത പാചകത്തിനു നാലു തരം കട്ടിങ് ബോഡ് ഉപയോഗിക്കാം. ഒന്ന്, പാകപ്പെടുത്താത്ത മാംസത്തിന്, അടുത്തത് മത്സ്യത്തിന്. മറ്റൊന്ന് പച്ചക്കറികൾക്ക്. നാലാമതൊന്ന് പഴങ്ങൾക്ക്.

മാംസവും മത്സ്യവും മുറിക്കുന്ന അതേ കട്ടിങ് ബോഡിൽ പച്ചക്കറികളും പഴങ്ങളും മുറിക്കാൻ പാടില്ല. ഇനി കട്ടിങ് ബോഡ് ഉപയോഗം എളുപ്പമാക്കുന്നതിനും കളർ കോഡുകൾ കൊണ്ടുവരാം. പച്ചക്കറികൾക്കു പച്ച നിറമുള്ള കട്ടിങ് ബോഡ്, മാംസത്തിനു ചുവപ്പു നിറമോ ഓറഞ്ചു നിറമോ. മത്സ്യത്തിനു വെളുപ്പു നിറമുള്ള കട്ടിങ് ബോഡ്. ഇനി പഴങ്ങൾക്ക് വൂഡൻ കട്ടിങ് ബോഡ് അങ്ങനെ.

ഉപയോഗം കഴിഞ്ഞാലുടൻ കട്ടിങ് ബോഡ് ഉപ്പു ലായനിയോ വിനാഗിരിയോ ഉപയോഗിച്ചു കഴുകാം. അവാസനം ചൂടുള്ള സോപ്പുലായനിയിലും വൃത്തിയായി കഴുകണം. ഡിഷ് വാഷറിലും കഴുകാവുന്നതാണ്. മാംസവും മത്സ്യവും മുറിച്ചതിനുശേഷം ബോഡുകൾ ബ്ലീച്ച് സൊലൂഷനിൽ കഴുകാം. ബോഡ് വെയിലിൽ ഉണക്കി സൂക്ഷിക്കാം. പൊട്ടലുകളും വിള്ളലുകളും കത്തിയുടെ പാടുകളുമൊക്കെ വീണ് പഴയതായ ബോഡുകൾ ഉപേക്ഷിക്കുക. അത്തരം വിടവുകൾ അണുക്കളുടെ ആവാസ കേന്ദ്രങ്ങളാണ്. കത്തി, കട്ടിങ് ബോഡ്, പാത്രങ്ങൾ ഇവ വേവ്വേറെയായി സൂക്ഷിക്കാം.

1398514758
Representative Image. Photo Credit : Liudmila Chernetska / iStockPhoto.com

മയണീസും സാലഡും കരുതലോടെ
ഫ്രാൻസിൽ നിന്നാണ് മയണീസിന്റെ വരവ്. മയോണൈസ് എന്ന ഡിപ്പ് ഇഷ്ടമില്ലാത്തവരില്ല. പ്രത്യേകിച്ച് കുട്ടികൾ. വറുത്ത വിഭവങ്ങൾക്കൊപ്പവും ബാർബിക്യൂവിനൊപ്പവും ഇതു മിക്കവർക്കും പ്രിയങ്കരമാണ്. മുട്ടവെള്ളയിൽ വെജിറ്റബിൾ ഓയിൽ ചേർത്താണ് ഇതു തയാറാക്കുന്നത്. ഉപ്പ്/ പഞ്ചസാര കൂടി ചേർക്കാറുണ്ട്. ഇതു ചീത്തയാകാതിരിക്കുന്നതിന് അൽപം വിനാഗിരിയോ നാരങ്ങാനീരോ കൂടി ചേർക്കുന്നു. ഇത് വേവിക്കാത്ത ഒരു വിഭവമാണ്. മുട്ട വേവിക്കുന്നില്ല. മുട്ട പാകപ്പെടുത്താതെ കഴിക്കുന്നത് സാൽമൊണെല്ലാ ബാക്ടീരിയാ അണുബാധയിലേക്കു നയിക്കാം. ഹോട്ടലുകളിലും മറ്റും മയണീസ് ഒരു ദിവസത്തേക്കായാണു തയാറാക്കുന്നത്. രാവിലെ തയാറാക്കുന്ന മയണീസ് ഫ്രിജിൽ വയ്ക്കാതെ വൈകുന്നേരം വരെ വിളമ്പാറുണ്ട്. അതിൽ ബാക്ടീരിയ രൂപപ്പെട്ട് ആരോഗ്യ പ്രശ്നങ്ങളിലേക്കു നയിക്കും. എന്നാൽ ടിന്നുകളിൽ വാങ്ങുന്ന മയണീസിൽ ആസിഡ് മീഡിയം കൂടുതലുള്ളതിനാൽ പെട്ടെന്നു ചീത്തയാകില്ല. എങ്കിലും ഉപയോഗിക്കാവുന്ന തീയതിയും തയാറാക്കിയ ദിവസവും ശ്രദ്ധിക്കണം. ബോട്ടിൽ തുറന്നിട്ടുണ്ടെങ്കിൽ അതിൽ ബാക്ടീരിയ വളരാനുള്ള സാധ്യതയുണ്ട്. മയണീസ് വീട്ടിൽ തയാറാക്കിയതായാലും ഉടൻ ഫ്രിജിൽ സൂക്ഷിക്കണം.

സാലഡ് ഹെൽത്തിയാണെന്നും പറയുമ്പോഴും ചില കാര്യങ്ങൾ വീണ്ടും ഓർമിപ്പിക്കേണ്ടി വരും. സാലഡിൽ ഉപയോഗിക്കുന്ന ചേരുവകളെ അടിസ്ഥാനമാക്കിയാണ് അതിന്റെ ഷെൽഫ് ലൈഫ്. ചിലത് തയാറാക്കിയ ഉടൻ കഴിക്കേണ്ടതാണ്. മറ്റു ചിലതാകട്ടെ ഫ്രിജിൽ സൂക്ഷിക്കാനുമാകും. ഫ്രഷ് വെജിറ്റബിൾസും പെട്ടെന്ന് ചീത്തയാകാത്ത ഡ്രസിങും ഉപയോഗിക്കുകയാണു പ്രധാനം. ഉയർന്ന തോതിലുള്ള ജലാംശത്തിന്റെ സാന്നിധ്യം കൊണ്ടു ലെറ്റ്യൂസ് ഇലകൾ പെട്ടെന്നു തന്നെ ബാക്ടീരിയയുടെ വിഹാര കേന്ദ്രമായി മാറും. ലെറ്റ്യൂസും സ്പിനച്ചും ഉൾപ്പെടെ പച്ചക്കറികൾ നന്നായി കഴുകുക. വളരെ മുൻപെ മുറിച്ചു വച്ചിരിക്കുന്ന പച്ചക്കറികളും ചേരുവകളും ഉപയോഗിക്കരുത്. പായ്ക്കു ചെയ്തു വച്ച സാലഡുകൾ ഒഴിവാക്കുക. സാലഡിനുള്ള പച്ചക്കറികളും മറ്റും കഴുകി വൃത്തിയാക്കി ഫ്രിജിൽ സൂക്ഷിക്കാം. സാലഡ് തയാറാക്കുന്ന ആളുടെ കൈകളുടെ വൃത്തിയും പ്രധാനമാണ്.

പെട്ടെന്നു ചീത്തയാകും ആഹാരങ്ങൾ ?
എന്താണ് പെറിഷബിൾ ഫൂഡ്സ് അഥവാ പെട്ടെന്നു ചീത്തയാകുന്ന ആഹാരം ? ഫ്രിജിൽ 40 ഡിഗ്രി ഫാരൻ ഹീറ്റിൽ താഴെയോ അല്ലെങ്കിൽ ഫ്രീസറിൽ 0 ഡിഗ്രി ഫാരൻ ഹീറ്റിൽ താഴെയോ തണുപ്പിച്ചു വച്ചില്ലെങ്കിൽ ചീത്തയാകുന്ന ഭക്ഷ്യവസ്തുക്കളാണിവ. റഫ്രിജറേഷൻ ബാക്ടീരിയൽ വളർച്ചയെ കുറയ്ക്കുന്നു. മാംസം, ചിക്കൻ, മത്സ്യം, പാലും പാലുൽപ്പന്നങ്ങളും. പാകപ്പെടുത്തി കഴിച്ചതിനുശേഷം ബാക്കി വരുന്ന ആഹാരം ഇവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. രണ്ടു തരം ബാക്ടീരയകളാണ് ആഹാരത്തിൽ പ്രവർത്തിക്കുന്നത്. ഒന്ന്, പതോജനിക് ബാക്ടീരിയ, ഇവ ഭക്ഷ്യവിഷബാധയ്ക്കു കാരണമാകുന്നു. അടുത്തത് സ്പോയിലേജ് ബാക്ടീരിയയാണ്. ഇത് ആഹാരം ചീത്തയാക്കും. അന്തരീക്ഷ താപനിലയിൽ സുരക്ഷിതമായി സൂക്ഷിക്കാവുന്ന ഭക്ഷ്യ വസ്തുക്കളെയാണ് ഷെൽഫ് സ്റ്റേബിൾ അഥവാ നോൺ പെരിഷബിൾ എന്നു പറയുന്നത്. ഇതിൽ കാൻഡ്– ബോട്ടിൽഡ് ഫൂഡ്സ്, അരി, ധാന്യപ്പൊടികൾ, പഞ്ചസാര, സുഗന്ധവ്യഞ്ജനങ്ങൾ, എണ്ണകൾ എന്നിവ ഉൾപ്പെടുന്നു.

യൂസ് ബൈ ഡേറ്റ് എന്നത് പുറത്തു നിന്നു വാങ്ങുന്ന ഭക്ഷ്യവസ്തുക്കളുടെ കാര്യത്തിൽ ഏറെ പ്രധാനമാണ്. പായ്ക്കറ്റിലുൾപ്പെടുത്തിയ ഭക്ഷ്യവസ്തു ഏറ്റവും ഗുണമേന്മയോടെ ഉപയോഗിക്കാവുന്ന കാലമാണിത്. ലേബലിൽ വെജ്, നോൺവെജ്, വീഗൻ എന്നീ വിവരങ്ങളും രേഖപ്പെടുത്തണം. ഭക്ഷ്യവിഷബാധയെ ഒഴിവാക്കാനുള്ള പ്രായോഗിക സമീപനങ്ങൾ എല്ലാവർക്കും ചെയ്യാവുന്നത്ര ലളിതമാണ്. ഭക്ഷ്യസുരക്ഷയുടെ ആദ്യ ചുവടുകൾ അടുക്കളകളിൽ നിന്നാകട്ടെ. ശുചിത്വമുള്ള അടുക്കളകളിൽ ശുദ്ധിയുള്ള കരങ്ങൾ കൊണ്ട് പാകപ്പെടുത്തുമ്പോൾ അത് സംശുദ്ധമായ ആഹാരമാകുന്നു.

വിവരങ്ങൾ : ഡോ. മുംതാസ് ഖാലിദ് ഇസ്മയിൽ, കൺസൽറ്റന്റ് ക്ലിനിക്കൽ ന്യൂട്രിഷനിസ്റ്റ്, റെയിൻബോ പോളി ക്ലിനിക്, പടമുഗൾ, കൊച്ചി

വീട്ടിലെ ഭക്ഷ്യസുരക്ഷ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ – വിഡിയോ

English Summary:

Food Contamination and Foodborne Illness Prevention Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT