ADVERTISEMENT

പക്ഷാഘാതം അഥവാ സ്ട്രോക്ക് (Stroke) ഉയർത്തുന്ന ഭീഷണി ചെറുതല്ല. നിയന്ത്രണാതീതമായ പ്രമേഹവും ഉയർന്ന ബിപിയുമാണ് പക്ഷാഘാതത്തിലേക്കു നയിക്കുന്നത് എന്നു പറയാമെങ്കിലും അനാരോഗ്യകരമായ ആഹാരശീലങ്ങൾ തന്നെയാണ് രോഗാവസ്ഥയ്ക്ക് അടിത്തറയിടുന്നത്. അതുകൊണ്ടുതന്നെ സ്ട്രോക്ക് വന്നതിനുശേഷം ആഹാരത്തിൽ ശ്രദ്ധിക്കുന്നതിനേക്കാൾ ഒരു പടികൂടി പ്രധാനമാണ് സ്ട്രോക്കിന്റെ സാധ്യത ആഹാരക്രമീകരണത്തിലൂടെ കുറയ്ക്കുന്നത്.

ഇവരാണ് വില്ലൻമാർ
ഉപ്പിന്റെ അമിത ഉപയോഗം ശരീരത്തിൽ ജലാംശം കൂട്ടുന്നു. തൽഫലമായി രക്താതിസമ്മർദവും സ്ട്രോക്കും ഉണ്ടാകുന്നു. അധികമായ പ‍ഞ്ചസാര ഉപയോഗത്തിലൂടെ രക്തക്കുഴലുകളിൽ അമിതമായി കൊഴുപ്പടിയുന്നു. തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുന്നു. അമിത മദ്യപാനം രക്തസമ്മർദം വർധിപ്പിക്കും. ശരീരത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനുള്ള കഴിവു നഷ്ടപ്പെടുന്നതിനൊപ്പം ശരീരഭാരവും കൂടും. ഇവയെല്ലാം സ്ട്രോക്ക് സാധ്യത വർധിപ്പിക്കുന്നു. പായ്ക്കറ്റ് ഭക്ഷണങ്ങളിലെ ചീത്ത കൊഴുപ്പ് ശരീരഭാരം വർധിപ്പിച്ച് രക്തത്തിലെ കൊളസ്ട്രോൾ അളവു കൂട്ടുന്നു. സോസേജുകൾ, മട്ടൻ, ബീഫ് തുടങ്ങിയവ ദിവസേന ആഹാരത്തിൽ ഉൾപ്പെടുത്തുന്നതും അപകടകരമാണ്. ഇവയിൽ ധാരാളം പൂരിത കൊഴുപ്പുകളും സോഡിയവും അടങ്ങിയിട്ടുണ്ട്.

മാറട്ടെ ആഹാരശൈലി
സ്ട്രോക്കിനുശേഷം ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളെല്ലാം തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഫലപ്രദമായി വീണ്ടെടുക്കുന്നതിൽ സഹായിക്കുന്നവയാണ്. അതായത് ബ്രെയ്ൻ ഡിറൈവ്ഡ് ന്യൂറോ ട്രോഫിക് ഫാക്റ്റർ എന്ന പ്രോട്ടീനിനെ ത്വരിതപ്പെടുത്തുന്നവയാണ്. ഇവ പുതിയ മസ്തിഷ്ക കോശങ്ങളുടെ (ന്യൂറോൺ) വളർച്ചയെ പിന്തുണച്ച്, മസ്തിഷ്കത്തിനുള്ളിൽ ന്യൂറോണുകളുടെ ബന്ധം മെച്ചപ്പെടുത്തുന്നു. ആരോഗ്യകരമായ ആഹാരശൈലി രക്തസമ്മർദം, ശരീരഭാരം എന്നിവ നിയന്ത്രിച്ച് വീണ്ടും സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. അതിന് ഒരു ഡയറ്റീഷൻ നിങ്ങളെ സഹായിക്കും. ആരോഗ്യപരമായ ഭക്ഷണരീതിയോടൊപ്പം ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നുകളും കഴിക്കണം.

woman-eating-food-senior-citizen-deepak-sethi-istock-com
Representative Image. Photo Credit : Deepak Sethi / iStockphoto.com

∙മൈ പ്ലേറ്റ് രീതി നിർദ്ദേശിക്കുന്നതുപോലെ ഓരോ ദിവസവും വൈവിധ്യമാർന്ന ആഹാരം ഉൾപ്പെടുത്തുക. അതായത് പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീൻ, പാലും പാലുൽപ്പന്നങ്ങളും. പകുതി ആഹാരം ധാന്യത്തിൽ നിന്നാണെന്ന് ഉറപ്പുവരുത്തുക.

∙ വിവിധ നിറങ്ങളിലുള്ള ഭക്ഷണം തിരഞ്ഞെടുക്കുക. പഴവർഗങ്ങളുടേയും പച്ചക്കറികളുടേയും കാര്യത്തിൽ റെയിൻബോ സമീപനം സ്വീകരിക്കാം. കടുംചുവപ്പ്, ഓറഞ്ച്, കടുംപച്ച, മഞ്ഞ, പർപ്പിൾ തുടങ്ങിയ നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും ധാരാളം പോഷണം നൽകുന്നു.

∙ഓരോ ദിവസവും അഞ്ചോ അതിൽ കൂടുതലോ കപ്പ് പഴങ്ങളും പച്ചക്കറികളും തിരഞ്ഞെടുക്കുക. ഉണങ്ങിയ പഴങ്ങളും കഴിക്കാം. പയറുവർഗങ്ങളും പതിവായി കഴിക്കുക.

∙ദിവസവും കൊഴുപ്പു കുറഞ്ഞതോ ഇല്ലാത്തതോ ആയ പാലുൽപ്പന്നങ്ങൾ ഉപയോഗിക്കുക. കൊഴുപ്പു കുറഞ്ഞ മാംസം, കോഴിയിറച്ചി എന്നിവ കഴിക്കാം. അണ്ടിപ്പരിപ്പുകളും മത്സ്യ സ്രോതസുകളും കൂടുതലായി ഉപയോഗിക്കുക.

woman-super-market-food-label-triloks-istock-photo-com
Representative Image. Photo Credit : Triloks / iStockphoto.com

ഓരോ ഫൂഡ് ലേബലിലും താഴെ പറയുന്ന വിവരങ്ങൾ ശ്രദ്ധിക്കുക.

∙കാലറി 
∙കൊഴുപ്പിന്റെ അളവ് (Total Fat) 
∙പൂരിത കൊഴുപ്പുകൾ (Saturated Fat)
∙ചീത്ത കൊഴുപ്പ് (Trans Fat)
∙കൊളസ്ട്രോൾ 
∙സോഡിയം 
∙നാരുകൾ (Dietary Fiber) എന്നിവ.

∙പൂരിത കൊഴുപ്പും, ചീത്തക്കൊഴുപ്പും അടങ്ങിയ ആഹാരം നിയന്ത്രിക്കുക. ഭക്ഷണത്തിന്റെ ഉപ്പിന്റെ (സോഡിയത്തിന്റെ) അളവു കുറയ്ക്കുക.

∙ഭക്ഷണത്തിൽ നാരുകൾ ഉൾപ്പെടുത്തുന്നത് കൊളസ്ട്രോളും ഹൃദ്രോഗവും കുറയ്ക്കുന്നു.

∙ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക. ഇതിന് നാരുകൾ അടങ്ങിയതും കൊഴുപ്പു കുറഞ്ഞതും ആവശ്യമായ അളവിലുമുള്ള ഭക്ഷണക്രമം. കൃത്യമായ വ്യായാമം എന്നിവ ആവശ്യമാണ്.

ഇവ മടിക്കാതെ കഴിക്കാം
സ്ട്രോക്കിന്റെ സാധ്യതകൾ കുറയ്ക്കുന്ന ചില സൂപ്പർ ആഹാരങ്ങളുണ്ട്. അവയെ അറിയാം.

∙സാൽമൺ എന്ന കോര മീൻ (EPA) ഒമേഗ –3 ഫാറ്റി ആസിഡുകൾ അധികം അടങ്ങിയ സാൽമൺ തലച്ചോറിന്റെ പ്രവർത്തനങ്ങളെ സഹായിക്കുന്നു. സ്ട്രോക്ക് വന്നവർക്കും ഇത് ഉപയോഗപ്രദമാണ്.

∙ഫ്ലാക്സ് സീഡ് – ചെറുചണവിത്തിലെ ആൽഫാ – ലിനോലിനിക്ക് ആസിഡ് തലച്ചോറിന്റെ പ്രവർത്തനങ്ങളെ സഹായിക്കുന്നു.

∙അണ്ടിപ്പരിപ്പുകളും വിത്തുകളും അണ്ടിപ്പരിപ്പുകളിലും വിത്തുകളിലുമുള്ള വൈറ്റമിൻ ഇ തലച്ചോറിന്റെ പ്രവർത്തനങ്ങളെ വീണ്ടെടുക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.

∙അവക്കാഡോ– തലച്ചോറിൽ സന്ദേശങ്ങളെ ക്രോഡീകരിച്ച് ആവശ്യമായ വേഗതയിലുള്ള പ്രവർത്തനങ്ങളാക്കുന്നതിൽ ഒലിയിക് ആസിഡിന് വലിയ പങ്കുണ്ട്. അവക്കാഡോ പഴം ഒലിയിക് ആസിഡിന്റെ പ്രധാന ഉറവിടം ആണ്.

∙ഒലിവ് എണ്ണ – അപോ ലിപ്പോ പ്രോട്ടീന്റെ (apo lipo protein)അളവിനെ ഒലിവ് എണ്ണ വർധിപ്പിക്കുന്നു. ഹൃദ്രോഗത്തെ തടയുന്നതിന് ഈ പ്രോട്ടീൻ സഹായിക്കുന്നു.

∙കീൻവ – മുഴുധാന്യങ്ങൾ സ്ട്രോക്കിന്റെ അപകട സാധ്യത കുറയ്ക്കുമെന്നു പഠനങ്ങൾ പറയുന്നു. മുഴുധാന്യമായ കീൻവയിൽ നാരുകളും അമിനോ ആസിഡുകളും ധാരാളമുണ്ട്. ഇവ പൂർണതയുള്ള പ്രോട്ടീൻ നിർമിക്കുന്നതിനു സഹായകമാണ്.

∙ ഗ്രീക്ക്‌യോഗർട്ട് – കാത്സ്യം, മാംസ്യം എന്നിവയുടെ പ്രധാന സ്രോതസ്സാണ് ഗ്രീക്ക് യോഗർട്ട്. ഇതിലെ പ്രോബയോട്ടിക്സ് ദഹനത്തെ സഹായിക്കുന്നു. അതുവഴി ഭാവിയിലുണ്ടാകാവുന്ന സ്ട്രോക്കിന്റെ അപകട ഘടകങ്ങൾ ഒഴിവാക്കുന്നു. സ്ട്രോക്ക് വന്നവരിൽ ചവയ്ക്കുന്നതിനും വിഴുങ്ങുന്നതിനും ബുദ്ധിമുട്ടുള്ളവർക്ക് ആശ്രയിക്കാവുന്ന ഭക്ഷണമാണിത്.

∙പയറു വർഗങ്ങൾ – ഇവ പ്രധാനമായും പൊട്ടാസ്യം, മാംസ്യം, ഇരുമ്പ് എന്നിവയുടെ ഉറവിടമാണ്.

∙പഴവർഗങ്ങൾ

പഴവർഗങ്ങളിൽ ഫ്ലേവനോയിഡുകളും ആന്റി ഓക്സിഡന്റുകളും ജൈവ സംയുക്തങ്ങളും ധാരാളമുണ്ട്. പക്ഷാഘാതത്തിനുശേഷം കോശങ്ങളുടെ കേടുപാടുകൾ പരിഹരിക്കുന്നതിന് ഫ്ലേവനോയ്ഡ് പ്രധാന പങ്കു വഹിക്കുന്നു. കൊളസ്ട്രോളും രക്താതിസമ്മർദവും കുറയ്ക്കുന്നതിനും ഇവ സഹായിക്കുന്നു. ഫ്ലേവനോയിഡുകളും ആന്റി ഓക്സിഡന്റുകളും അടങ്ങിയ പഴവർഗങ്ങളെ പരിചയപ്പെടാം. 1. ബ്ലൂബെറി (ഫ്ലേവനോയ്ഡുകൾ) 2. മാതളനാരങ്ങ (ആന്റിഓക്സിഡന്റ്). 3. സിട്രസ് ഫലങ്ങൾ (വൈറ്റമിൻ സി – ആന്റി ഓക്സിഡന്റ്) തക്കാളി (ലൈക്കോപ്പീൻ എന്ന ജൈവസംയുക്തം).  കരുതലോടെ ആഹാരം തിരഞ്ഞെടുത്താൽ സ്ട്രോക്കിനെ അതിജീവിക്കാനെളുപ്പമാണ്.

(ലേഖിക കൊച്ചി ആസ്റ്റർ മെഡ്സിറ്റി ചീഫ് ക്ലിനിക്കൽ ന്യൂട്രിഷനിസ്റ്റാണ്. അഭിപ്രായം വ്യക്തിപരം)

English Summary:

Foods that may help prevent stroke

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com