ADVERTISEMENT

എല്ലാ വർഷവും നവംബർ ഒന്ന് വീഗൻ ദിനം ആയി ആചരിക്കുന്നു. സസ്യാധിഷ്ഠിത ഭക്ഷണ രീതി പിന്തുടരുന്നതു കൊണ്ടുള്ള ധാർമികവും പാരിസ്ഥിതികവും ആരോഗ്യപരവുമായ ഗുണങ്ങളെ ഓർമപ്പെടുത്തുക കൂടിയാണ് ദിനാചരണത്തിന്റെ ലക്ഷ്യം. മൃഗങ്ങൾക്ക് ദോഷം വരുത്താതെ, അനുകമ്പയുള്ള ജീവിത രീതി പിന്തുടരാൻ വ്യക്തികളെ ഇത് പ്രോത്സാഹിപ്പിക്കുന്നു. ലോകമെങ്ങുമുള്ള വീഗനുകൾക്ക് തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കാനും രുചികരമായ നിരവധി സസ്യഭക്ഷണങ്ങൾ പരിചയപ്പെടുത്താനും ഈ ദിനം അവസരമൊരുക്കുന്നു.‘ഒരു നല്ല കാരണത്തിനായി ആഘോഷിക്കുന്നു’ എന്നതാണ് ഈ വീഗൻ ദിനത്തിന്റെ തീം. വീഗനിസം പ്രോത്സാഹിപ്പിക്കുക എന്നതാണ് വീഗൻ ദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത്. വീഗൻ ഭക്ഷണ രീതി പിന്തുടരുന്നത് കൊണ്ട് നിരവധി ആരോഗ്യ ഗുണങ്ങളും ഉണ്ട്.

∙ ഹൃദയരോഗ്യം
വീഗൻ ജീവിത രീതി പിന്തുടരുന്നതു മൂലം കൊളെസ്ട്രോളും രക്തസമ്മർദവും അതുവഴി ഹൃദ്രോഗ സാധ്യതയും കുറയുന്നു. മൃഗോൽപന്നങ്ങളിൽ കാണുന്ന പൂരിത കൊഴുപ്പുകൾ ശരീരത്തിലെത്താത്തതിനാൽ ഹൃദയരോഗ്യം മെച്ചപ്പെടുന്നു.

∙ ശരീരഭാരം നിയന്ത്രിക്കുന്നു
സസ്യാധിഷ്ഠിത ഡയറ്റിൽ ഫൈബർ ധാരാളം ഉള്ളതിനാൽ വയറു നിറഞ്ഞതായി തോന്നുകയും കഴിക്കുന്ന ഭക്ഷണത്തിന്റെ അളവു കുറയുകയും ചെയ്യും. അങ്ങനെ ശരീരഭാരം നിയന്ത്രിക്കാം. പോഷകങ്ങൾ അടങ്ങിയ ഭക്ഷണം പൊണ്ണത്തടി വരാനുള്ള സാധ്യത കുറയ്ക്കുകയും മെറ്റബോളിക് ഹെൽത്ത്‌ മെച്ചപ്പെടുത്തുകയും ചെയ്യും.

∙ പ്രമേഹം നിയന്ത്രിക്കുന്നു
വീഗൻ ഡയറ്റ് പ്രമേഹസാധ്യത കുറയ്ക്കും. സസ്യഭക്ഷണം കഴിക്കുന്നത് ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും. ഈ ഭക്ഷണ രീതിയിൽ ധാരാളം ഉള്ള കോംപ്ലക്സ് കാർബൊ ഹൈഡ്രേറ്റുകളും നാരുകളും ഗ്ലൈസേമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങളുമാണ് ഇതിനു സഹായിക്കുന്നത്.

∙ കാൻസർ സാധ്യത കുറയ്ക്കുന്നു
വീഗൻ ജീവിത രീതി പിന്തുടരുന്നവരിൽ ചില ഇനം കാൻസറുകൾ വരാനുള്ള സാധ്യത കുറവാണ്. പഴങ്ങളിലും പച്ചക്കറികളിലും പയർ വർഗങ്ങളിലും അടങ്ങിയ ആന്റി ഓക്സിഡന്റുകളും ഫൈറ്റോകെമിക്കലുകളും ആണ് ചിലയിനം കാൻസറുകളിൽനിന്നു സംരക്ഷണം നൽകുന്നത്. സംസ്കരിച്ച ഭക്ഷണങ്ങളും റെഡ് മീറ്റും ഒഴിവാക്കുന്നതു കൊണ്ടു തന്നെ മലാശയ അർബുദം വരാനുള്ള സാധ്യതയും കുറവാണ്.

∙  ദഹനം മെച്ചപ്പെടുത്തുന്നു
സസ്യ ഭക്ഷണത്തിൽ ധാരാളം നാരുകൾ അടങ്ങിയതിനാൽ ദഹനാരോഗ്യം മെച്ചപ്പെടുത്തും. ഉദരത്തിലെ നല്ല സൂക്ഷ്മാണുക്കളുടെ എണ്ണം കൂട്ടാനും വീഗൻ ഡയറ്റ് സഹായിക്കും . ഇത് ദഹനം എളുപ്പമാക്കി മലബന്ധം അകറ്റുന്നു.

എന്ത്, എപ്പോൾ, എങ്ങനെ കഴിക്കണം? - വിഡിയോ

English Summary:

Health benefits of a vegan diet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com