ADVERTISEMENT

അസ്ഥികളാണു നമ്മുടെ ശരീരത്തിന് ആകൃതിയും കെട്ടുറപ്പും ബലവും നൽകുന്നത്. സജീവമായ അസ്ഥികോശങ്ങൾ ഒരു കാലയളവു വരെ സ്വയം നവീകരിക്കപ്പെട്ടുകൊണ്ടിരിക്കും. എന്നാൽ പ്രായമാകുന്നതോടെ അസ്ഥികോശങ്ങൾ നവീകരിക്കപ്പെടുന്നതു കുറയും. അസ്ഥികൾ ദുർബലവും എളുപ്പം പൊട്ടാവുന്നത്ര കനം കുറഞ്ഞതും ആകും. ഈ അവസ്ഥയെയാണ് ഓസ്റ്റിയോപൊറോസിസ് അഥവാ അസ്ഥി ശോഷണം (Osteoporosis) എന്നു പറയുന്നത്. അസ്ഥികൾക്ക് കരുത്തും ബലവും ഏറ്റവുമധികം നേടാവുന്ന 18–25 വയസ്സിൽ കാത്സ്യം സമൃദ്ധമായ ഭക്ഷണം കഴിക്കാനും വ്യായാമം ചെയ്യാനും ശ്രദ്ധിച്ചാൽ അസ്ഥിശോഷണം തടയാം.

1165109879
Representative Image. Photo Credit :Sefa ozel / iStockPhoto

പ്രായമായവരിൽ ചെറിയ വീഴ്ചകൾ കൊണ്ടുതന്നെ ഇടുപ്പെല്ലിനു പൊട്ടലുണ്ടാക്കുന്നതിനു പ്രധാന കാരണം ഓസ്റ്റിയോ പൊറോസിസ് അഥവാ എല്ലു തേയ്മാനമാണ്. കുടുംബത്തിൽ ഓസ്റ്റിയോ പൊറോസിസ് ഉള്ളവരുണ്ടെങ്കിൽ ഡോക്ടറുമായി സംസാരിക്കുന്നത് അപകട സാധ്യത വിലയിരുത്താൻ സഹായിക്കും. ആവശ്യാനുസരണം കാത്സ്യവും വൈറ്റമിൻ സിയും എടുക്കുക. ഒപ്പം വ്യായാമം ചെയ്യുക. അതിലൂടെ കുട്ടികൾക്കും കൗമാരക്കാർക്കും ഘനമുള്ള എല്ലുകൾ രൂപപ്പെടും. എല്ലുകൾ ദുർബലമാകുമ്പോൾ ഒടിവുണ്ടാകാനുള്ള സാധ്യത വർധിക്കുന്നു. ശക്തമായ ചുമയോ തുമ്മലോ പോലും ഒടിവുണ്ടാക്കാം. ദീർഘകാലം സ്റ്റിറോയ്ഡ് ഉപയോഗിക്കുക. കാൻസർ മരുന്നുകൾ, ഫിനോബാർബിറ്റൽ പോലുള്ള അപസ്മാരത്തിനുപയോഗിക്കുന്ന മരുന്നുകൾ എന്നിവ ഓസ്റ്റിയോ പൊറോസിസിനു കാരണമാകാം.

രോഗ നിർണയത്തിനായി അസ്ഥി സാന്ദ്രതാ പരിശോധന (Bone mineral density) ചെയ്യണം. കാത്സ്യവും മറ്റു ധാതുക്കളും അസ്ഥിയിൽ എത്ര മാത്രമുണ്ടെന്ന് ഇതുവഴി അറിയാം. അസ്ഥികളുടെ ആരോഗ്യം വർധിപ്പിക്കാൻ കാത്സ്യം അടങ്ങിയ ഭക്ഷണങ്ങളായ പാൽ, തൈര്, പാലക്ക് പോലെ പച്ച ഇലക്കറികൾ എന്നിവ നല്ലത്. വൈറ്റമിൻ ഡിയും ഉറപ്പാക്കുക. അസ്ഥികളുടെ കരുത്തിനു ദിവസം കുറഞ്ഞത് 50 മിനിറ്റ് വ്യായാമം ചെയ്യുക. ഭാരമെടുത്തുള്ള വ്യായാമങ്ങൾ, നടത്തം, നൃത്തം എന്നിവ ഏറെ നല്ലത്. അടുത്ത പത്തു വർഷത്തിനുള്ളിൽ ഓസ്റ്റിയോ പൊറോസിസ് കാരണം ഒടിവുണ്ടാകാനുള്ള സാധ്യത അറിയാൻ സഹായിക്കുന്ന ഒന്നാണ് ഫ്രാക്ചർ റിസ്ക്ക് അസസ്മെന്റ് ടൂൾ (FRAS Tool). 65നും അതിനു മുകളിലുമുള്ള സ്ത്രീകളിലും 70നും അതിനു മുകളിലുമുള്ള പുരുഷന്മാരിലും വർഷം തോറും അസ്ഥി പിരിശോധന നടത്തണം. 

1189191399
Representative Image. Photo Credit :VSanandhakrishna / iStockPhoto.com

50 വയസ്സിനുശേഷം എല്ലുകൾക്ക് ഒടിവു സംഭവിച്ചിട്ടുണ്ടെങ്കിൽ പരിശോധന നടത്തണം. ഒരു വർഷത്തിനുള്ളിൽ ഒരിഞ്ചോ അതിലധികമോ ഉയരത്തിൽ കുറവു സംഭവിച്ചവർക്കും പരിശോധന വേണം. സ്ത്രീകളെയും പുരുഷന്മാരെയും ബാധിക്കുമെങ്കിലും ആർത്തവ വിരാമം വന്ന സ്ത്രീകളിൽ അസ്ഥിശോഷണവും തന്മൂലമുള്ള അപകടങ്ങളും കൂടുതലാണ്. 70 വയസ്സിനു താഴെയുള്ള മുതിർന്നവർക്ക് പ്രതിദിനം 600 IU വൈറ്റമിൻ D ലഭിക്കണം. പ്രധാനമായും സൂര്യപ്രകാശത്തിൽ നിന്നാണ് വൈറ്റമിൻ ഡി ലഭിക്കുന്നത്. മത്സ്യം, പാൽ, പാലുൽപ്പന്നങ്ങൾ, പഴച്ചാറുകൾ, ധാന്യങ്ങൾ എന്നിവയിൽ ചെറിയ തോതിൽ വൈറ്റമിൻ ഡി ഉണ്ട്. പക്ഷേ, പ്രായമായവർക്ക് സപ്ലിമെന്റ് വേണ്ടി വരും. ഇരുന്നു ജോലി ചെയ്യുന്നവരിൽ അസ്ഥിശോഷണത്തിനു സാധ്യത കൂടുതലാണ്. ഇവർ വ്യായാമം ചെയ്യാൻ മറക്കരുത്. പുകവലി, മദ്യപാനം എന്നിവ അസ്ഥികളുടെ ബലം കുറയ്ക്കും, ഒഴിവാക്കുക.
എന്ത്, എപ്പോൾ, എങ്ങനെ കഴിക്കണം? - വിഡിയോ


 

English Summary:

What are the best ways to keep your bones healthy?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com