ADVERTISEMENT

ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങളാണ് എസ്ടിഡി അഥവാ സെക്‌ഷ്വലി ട്രാന്‍സ്മിറ്റഡ് ഡിസീസസ് എന്നറിയപ്പെടുന്നത്. നമ്മുടെ സമൂഹത്തില്‍ ലൈംഗിക രോഗങ്ങള്‍ സാധാരണമാണെങ്കിലും ഇതിനെ കുറിച്ച് തുറന്ന് സംസാരിക്കാന്‍ ബഹുഭൂരിപക്ഷവും തയാറാകില്ല. 2020ല്‍ ഇന്ത്യന്‍ ജനസംഖ്യയിലെ മുതിര്‍ന്നവരില്‍ 30 ദശലക്ഷത്തോളം പേര്‍ക്ക് ലൈംഗികരോഗങ്ങള്‍ കണ്ടെത്തിയതായാണ് കണക്ക്. 

ലൈംഗിക രോഗങ്ങളെ ചുറ്റിപറ്റി നിരവധി തെറ്റിദ്ധാരണകളും നമുക്കിടയിലുണ്ട്. ഒരു രോഗമെന്ന നിലയില്‍ അവയെ കണ്ട്, ചികിത്സിച്ച് മാറ്റാനുള്ള പിന്തുണ നല്‍കുന്നതിന് പകരം എസ്ടിഡി രോഗബാധിതരെ അപമാനിക്കാനും പഴി പറയാനുമാണ് പലര്‍ക്കും താത്പര്യം. ഈയവസ്ഥ മാറണമെങ്കില്‍ ലൈംഗിക രോഗങ്ങളെ കുറിച്ച് സമൂഹം തുറന്ന് ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നുവെന്ന് ഈ മേഖലയിലെ ആരോഗ്യവിദഗ്ധര്‍ പറയുന്നു. ലൈംഗിക രോഗങ്ങളെ കുറിച്ച് അധികമാര്‍ക്കും അറിയാത്ത കൗതുകകരമായ ചില കാര്യങ്ങള്‍ പരിശോധിക്കാം. 

1. വരാന്‍ സാധ്യത കൂടുതല്‍ സ്ത്രീകള്‍ക്ക്

ജീവശാസ്ത്രപരമായി ലൈംഗിക രോഗങ്ങള്‍ വരാന്‍  പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്കാണ് സാധ്യത കൂടുതല്‍. സ്ത്രീകളുടെ യോനി പ്രദേശം കൂടുതല്‍ വിസ്തൃതമായതിനാല്‍  ലൈംഗിക സ്രവങ്ങളുമായി നേരിട്ട് സമ്പര്‍ക്കമുണ്ടാകാന്‍ സാധ്യത അധികമാണ്. പെല്‍വിക് ഇന്‍ഫ്‌ളമേറ്ററി ഡിസീസ് തുടങ്ങിയ രോഗങ്ങളിലേക്ക് നയിക്കാമെന്നതിനാല്‍ സ്ത്രീകള്‍ ലൈംഗിക രോഗങ്ങള്‍ തുടക്കത്തിലേ ചികിത്സിച്ച് മാറ്റേണ്ടത് അത്യാവശ്യമാണ്. സ്ത്രീകള്‍ക്കായുള്ള ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിച്ചോ, പങ്കാളിയോട് ഉറ ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടോ സ്ത്രീകള്‍ക്ക് ലൈംഗിക രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കാം.

2. ലൈംഗിക രോഗങ്ങള്‍ 35ലധികം

എച്ച്‌ഐവി, ഹ്യൂമന്‍ പാപ്പിലോമാവൈറസ്(എച്ച്പിവി)ഹെര്‍പെസ്, സിഫിലിസ്,  ഗോണേറിയ, ക്ലമീഡിയ തുടങ്ങിയ എസ്ടിഡികളാണ് പലരും കേട്ടിട്ടുണ്ടാകുക. എന്നാല്‍ ഇവയ്‌ക്കെല്ലാം പുറമേ 35ലധികം വിധത്തിലുള്ള ലൈംഗിക രോഗങ്ങളുണ്ട്. ഇവയില്‍ ചിലത് ബാധിക്കപ്പെടാന്‍ ലൈംഗിക ബന്ധം തന്നെ വേണമെന്നില്ല. രക്തമാറ്റം പോലുള്ളവ വഴി പകരുന്നവയും ഉണ്ട്.

3. എസ്ടിഡികള്‍ വന്ധ്യതയ്ക്ക് കാരണമാകാം

ലൈംഗിക രോഗങ്ങള്‍ ചികിത്സിക്കാതെ മൂടി വച്ചാല്‍ അവ പിന്നീട് വന്ധ്യതയ്ക്ക് വരെ കാരണമാകാം. ഇവിടെയും സ്ത്രീകളിലാണ് സാധ്യത കൂടുതല്‍. ഗൊണേറിയയും ക്ലമീഡിയയും ചികിത്സിക്കാതിരുന്നാല്‍ അണ്ഡവാഹിനിക്കുഴലിലേക്ക് അണുബാധ പടര്‍ന്ന് വന്ധ്യതയുണ്ടാകാം. പുരുഷന്മാരിലും ലൈംഗികരോഗങ്ങള്‍ വന്ധ്യതയ്ക്ക് കാരണമാകാറുണ്ട്. നിരന്തരം പരിശോധനകള്‍ നടത്തേണ്ടതും നാണിച്ചിരിക്കാതെ ചികിത്സിക്കേണ്ടതും ഇതിനാല്‍ അത്യാവശ്യമാണ്. 

4. ചില എസ്ടിഡികള്‍ക്ക് രോഗലക്ഷണങ്ങളുണ്ടാകില്ല

കോവിഡ് പോലെ രോഗലക്ഷണങ്ങളില്ലാതെ ശരീരത്തെ ബാധിക്കാന്‍ ചില ലൈംഗിക രോഗങ്ങള്‍ക്ക് സാധിക്കും. ഹെര്‍പെസും ക്ലമീഡിയയും ചിലരില്‍ ഇത്തരത്തില്‍ പ്രകടമായ രോഗലക്ഷണങ്ങള്‍ പുറമേ കാണിക്കാതെ വരാം. 

5. ഏത് തരം ലൈംഗിക ബന്ധത്തിലൂടെയും പകരാം

ലൈംഗിക ബന്ധത്തില്‍ നിന്ന് വിട്ടുനിന്നു കഴിഞ്ഞാല്‍ പിന്നെ എസ്ടിഡി വരാതിരിക്കാനുള്ള രണ്ടാമത്തെ മികച്ച മാര്‍ഗം ഗര്‍ഭനിരോധന ഉറകളുടെ ഉപയോഗമാണ്. എന്നാല്‍ അവയ്ക്ക് ലൈംഗിക രോഗങ്ങളില്‍ നിന്ന് 100 ശതമാനം സംരക്ഷണം നല്‍കാനായെന്ന് വരില്ല. യോനി വഴിയുള്ളതാണെങ്കിലും മറ്റ് തരത്തിലുള്ള ലൈംഗിക ബന്ധമാണെങ്കിലും ഉറ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. 

6. ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങള്‍ക്കും നവജാത ശിശുക്കള്‍ക്കും വരാം

വയറ്റില്‍ കിടക്കുന്ന കുഞ്ഞുങ്ങളിലേക്കും എച്ച്‌ഐവി, ഹെപ്പറ്റൈറ്റിസ് ബി പോലുള്ള ലൈംഗിക രോഗങ്ങള്‍ പകരാമെന്നതിനാല്‍ ഗര്‍ഭിണികള്‍ എസ്ടിഡി പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. പ്രസവ സമയത്ത് സങ്കീര്‍ണതകളുണ്ടാകാനും മാസം തികയാതുള്ള പ്രസവം, ചാപിള്ള പ്രസവം, കുഞ്ഞിന് ഭാരക്കുറവ് തുടങ്ങിയവയുണ്ടാക്കാനും എസ്ടിഡികള്‍ കാരണമാകാം. ഗര്‍ഭധാരണ സമയത്ത് ലൈംഗിക രോഗം കണ്ടെത്താനായാല്‍ ഡോക്ടര്‍മാര്‍ക്ക് അണുബാധ ചികിത്സിക്കാനായേക്കും. അമ്മ എച്ച്‌ഐവി പോസിറ്റീവായാല്‍ സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുണ്ട്.

English Summary : Facts about sexually transmitted diseases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com