ADVERTISEMENT

ലൈംഗികതയെ സംബന്ധിച്ച് സംശയങ്ങളും തെറ്റിദ്ധാരണകളുമുണ്ടെങ്കിലും തുറന്നു ചോദിക്കാനും പരിഹരിക്കാനുമുള്ള മടി ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഫലമോ തെറ്റായ സന്ദേശങ്ങളും വിവരങ്ങളും അപഗ്രഥിച്ച് അതിന്റെ പുറകേ പായും. സാധാരണയുള്ള ചില സംശയങ്ങൾക്കുള്ള ഉത്തരം ഇതാ.

 

സ്ത്രീയുടെയും പുരുഷന്റെയും ലൈംഗികാവയവങ്ങളുടെ വലുപ്പം

സാധാരണഗതിയിൽ അയഞ്ഞ അവസ്ഥയിൽ പുരുഷലിംഗത്തിന് 7.25 സെ മീ മുതൽ 11.5 സെമീ വരെ നീളവും ഉത്തേജിതാവസ്ഥയിൽ 3.5 സെ മീ മുതൽ നീളവർധനവും ഉണ്ടാകും. യോനീനാളത്തിന്റെ നീളം ഏതാണ്ട് 10 സെമീ ആണ്. എന്നാൽ ഉദ്ധരിച്ച രൂപത്തിൽ ലിംഗത്തിന് അഞ്ചു സെമീ നീളം (രണ്ട് ഇഞ്ച്) ഉണ്ടായാൽ പോലും സംതൃപ്തമായ ലൈംഗികജീവിതം സാധ്യമാകും. ഇങ്ങനെ പറയുന്നതിന് ശാസ്ത്രീയമായ ഒരു വിശദീകരണം ഉണ്ട്.

 

ശരീരഘടന അനുസരിച്ച് പുരുഷലിംഗം ഏറ്റവും വലുപ്പത്തിലെത്തുന്നത് സ്ഖലനത്തിനു തൊട്ടുമുമ്പാണ്. യോനീഭാഗത്തെ ആദ്യ രണ്ട് ഇഞ്ച് മാത്രമേ സ്പർശനശേഷിയുള്ളൂ. ഈ ഭാഗത്തെ സ്പർശനശേഷിക്ക് പുരുഷാവയവത്തിന് രണ്ട് ഇഞ്ച് നീളം മാത്രം മതിയെന്നർഥം. എന്നാൽ, ലിംഗത്തിന് എത്ര വലുപ്പമുണ്ടെങ്കിലും അതുൾക്കൊള്ളാൻ യോനിക്കാകും. ലിംഗത്തിന് ഏതെങ്കിലും ഭാഗത്തേക്ക് വളവു വരുന്നത് സ്വാഭാവികമാണ്. സാധാരണ രീതിയിലുള്ള വളവൊന്നും ലൈംഗികശേഷിയെ ബാധിക്കില്ല.

 

സ്വയംഭോഗം തെറ്റായ കാര്യമോ?

സ്വയംഭോഗം സ്ത്രീയിലായാലും പുരുഷനിലായാലും സ്വഭാവികമായ ഒന്നായാണ് വൈദ്യസമൂഹം കരുതുന്നത്. ഇതിൽ പാപത്തിന്റെ പ്രശ്നമൊന്നുമില്ല. എന്നാൽ ഒരു ദിവസം തന്നെ പലതവണ സ്വയംഭോഗത്തിൽ ഏർപ്പെടുമ്പോൾ സ്വയം ശ്രദ്ധിക്കുക. സ്വയംഭോഗത്തിനുവേണ്ടിയുള്ള സ്വയംഭോഗം ഇന്ന് പലരിലും കാണപ്പെടുന്നുണ്ട്.

 

പലപ്പോഴും എന്തെങ്കിലും രോഗസ്വഭാവം ഊ വഴിക്ക് തിരിച്ചുവിടുന്നതാകാം. ഒരുതരം വ്യക്തിത്വവൈകല്യമോ ഒബ്സസിവ് കംപൽസിവ് ഡിസോർഡർ എന്നു വിളിക്കുന്ന രോഗമൊക്കെയാകാം ഇതിനു പിന്നിൽ. അമിതസ്വയംഭോഗം, കുറ്റബോധം, ശരീരക്ഷീണം, ശ്രദ്ധക്കുറവ് തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നയിക്കാം. പുരുഷന്മാർ ഒരു ദിവസം പലതവണ ചെയ്യുമ്പോൾ വൃഷണങ്ങൾക്ക് അമിതജോലി മൂലം വേദന ഉണ്ടാകാം.

 

സ്ത്രീകളിലാകട്ടെ, സ്വയംഭോഗത്തിനുപയോഗിക്കുന്ന വസ്തുക്കൾ അങ്ങേയറ്റം സുരക്ഷിതമായിരിക്കണം.

 

ആർത്തവകാല ലൈംഗികത

ആർത്തവവേളയിലെ ലൈംഗികബന്ധം പാപാമായാണ് ഭാരതീയർ കരുതി വന്നത്. എന്നാൽ, ശാസ്ത്രീയമായി നോക്കിയാൽ ഈ സമയത്ത് ലൈംഗികബന്ധമാകാമെന്നാണ് വിദഗ്ധർ ഇപ്പോൾ കരുതുന്നത്.

 

ലൈംഗികശുചിത്വം പാലിക്കണമെന്നത് ഈ കാര്യത്തിലെ പ്രധാന തത്വമാണ്. പുരുഷനും സ്ത്രീയ്ക്കും അണുബാധയുണ്ടാകാൻ ഈ സമയത്ത് കൂടുതൽ സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ, ഉറകൾ ഉപയോഗിച്ചുള്ള ബന്ധമാണ് സുരക്ഷിതം. സ്ത്രീയുടെ പൂർണ സമ്മതത്തോടെ ഉറകൾ ഉപയോഗിച്ച് ബന്ധപ്പെട്ടാൽ അപകടമൊന്നുമില്ല.

 

ലൈംഗികബന്ധം എങ്ങനെ വേണം?

തിരക്കുപിടിച്ച പുതിയ കാലത്ത് ലൈംഗികബന്ധങ്ങളിലും കുടുംബജീവിതത്തിലും താളപ്പിഴകൾ ഉണ്ടാകാൻ പ്രധാനകാരണം ലൈംഗികതയെ സ്വാഭാവികമായ, ക്രമാനുഗതമായ ഒരു പ്രക്രിയയായി കരുതാത്തതാണ്. ഈ വികാസക്രമമാണ് മൃഗങ്ങളുടേതിൽ നിന്ന് മനുഷ്യന്റെ രതിയെ ഭിന്നമാക്കുന്നത്.

 

ആദ്യം ആഗ്രഹം തോന്നണം. ഈ ആഗ്രഹത്തിനു മാനസികനിലയും സാഹചര്യങ്ങൾക്കുമൊക്കെ പ്രാധാന്യം ഉണ്ട്. സ്നേഹവും ഊഷ്മളതയും ഇവിടെ പ്രധാനപങ്കുവഹിക്കുന്നു.

 

രണ്ടാമത് ഉദ്ധാരണമാണ്. ശാരീരികാരോഗ്യം ഇതിൽ പ്രധാനമാണ്. മൂന്നാമത്തേത് രതിമൂർച്ഛയാണ്. ഈ ഘട്ടത്തിൽ പൂർവലീലകൾ മുതൽ ഇണചേരലിന്റെ കിടപ്പുവട്ടങ്ങൾക്കുവരെ നിർണായകമായ പ്രാധാന്യമുണ്ട്. നാലാംഘട്ടം തൃപ്തിയുടെയും ശാന്തതയുടെയുമാണ്.

 

ശ്വാസോച്ഛ്വാസ നിരക്കും ബി പിയുമൊക്കെ വർധിച്ച് ട്രെഡ്മില്ലിൽ നല്ല സ്പീഡിൽ ഓടുന്നതിനു തുല്യമായ ഗുണമാണ് ഈ ഘട്ടത്തിൽ കിട്ടേണ്ടത്. ഈ നാലു ഘട്ടങ്ങൾ ലഭിച്ചാലേ രതിക്ക് വേണ്ടത്ര ഗുണമുണ്ടാകൂ.

 

ശീഘ്രസ്ഖലനം രോഗമാണോ?

ശീഘ്രസ്ഖലനം മിക്കപ്പോഴും അമിതമായ ലൈംഗികകൗതുകത്തിന്റെയും ആകാംക്ഷകളുടെയും സൃഷ്ടിയാണ്. വിവാഹം കഴിഞ്ഞ ആദ്യനാളുകളിലാണിത് കൂടുതൽ കാണുന്നത്. പിന്നീടത് സ്വാഭാവികമായി തന്നെ മാറിക്കൊള്ളും. ഇങ്ങനെ മാറിയില്ലെങ്കിൽ, ആദ്യം മാനസികമായ നിയന്ത്രണത്തിനാണു ശ്രമിക്കേണ്ടത്. അതോടൊപ്പം പെട്ടെന്നുള്ള സ്ഖലനം ഒഴിവാക്കാൻ ചില ടെക്നിക്കുകളുമുണ്ട്.

 

സ്ഖലനത്തിന് മുമ്പ് ശുക്ലം പുറത്തേക്കു വരാതെ ചലനങ്ങൾ നിയന്ത്രിച്ച് ഒതുക്കുന്ന വിദ്യകളാണ് ഇവയിൽ കൂടുതലും. ഇക്കാര്യത്തിൽ, പങ്കാളിയുടെ സഹായവും തേടാം. ഇതെല്ലാം കഴിഞ്ഞിട്ടും പ്രശ്നം തുടർന്നാൽ മറ്റുകാരണങ്ങൾ എന്തൊക്കെയെന്ന് കണ്ടുപിടിക്കണം. ബി പി മുതൽ പലവിധ പ്രശ്നങ്ങൾ ഇതിനു പിന്നിലുണ്ടാകാം. ഒരു സെക്സോളജിസ്റ്റിന്റെ നേരിട്ടുള്ള ചികിത്സതേടുന്നതാണ് നല്ലത്.

 

സ്ഖലനം വൈകിപ്പിക്കാനുള്ള ധാരാളം മരുന്നുകൾ ഇപ്പോൾ ലഭ്യമാണ്. ഇവയ്ക്കൊക്കെ പാർശ്വഫലങ്ങളും ഉണ്ട്. ഡോക്ടറുടെ നിർദേശങ്ങൾക്കനുസരിച്ച് കഴിക്കുന്നതാണ് ഉത്തമം.

Content Summary: Sexual life common doubts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com