ADVERTISEMENT

ശരീരത്തിലൂടെ മനസ്സിലേക്കു സഞ്ചരിക്കാമോ? ഉവ്വെന്നാണ് ഉത്തരം. പങ്കാളിയുടെ ശരീരത്തിലെ സുഖകേന്ദ്രങ്ങൾ അറിഞ്ഞാൽ ഈ സഞ്ചാരം സുഗമമാകും. ശരീരത്തിന്റെ ആനന്ദത്തിലൂടെ നേടുന്നത് മനസ്സിന്റെ തൃപ്തിയാണ്. ശരീരത്തിലൂടെ ആഗ്രഹത്തിന് അനുസരിച്ച് മനസ്സ് സഞ്ചരിക്കുമ്പോൾ ലൈംഗികാവയവങ്ങളിൽ ഉത്തേജനം ഉണ്ടാകുന്നു. രതിപൂർവ ലീലകളിൽ ഇതു രണ്ടും സുന്ദരമായി സംഗമിക്കുന്നു. നമ്മുടെ ശരീരം നാഡികളുടെ ഒരു നെറ്റ്‍വർക്ക് ആണ്. ശരീരത്തിലെ വേണ്ട രീതിയിലുള്ള സ്പർശനങ്ങൾ മുഖേന അനുഭൂതികളുണ്ടാക്കാൻ കഴിയും. രതിയിലെ യഥാർത്ഥ ആനന്ദമാർഗം തിരിച്ചറിയാനുള്ള നല്ല വഴി നമ്മുടെ ശരീരത്തിലെ ഇത്തരം സ്ഥാനങ്ങളെക്കുറിച്ച് മനസ്സിലാക്കുകയാണ്. ശരീരശാസ്ത്രപരമായി രതിയനുഭൂതി സൃഷ്ടിക്കാൻ ശേഷിയുള്ള ശരീരത്തിലെ ചില സ്ഥാനങ്ങളുണ്ട്. പ്രധാനപ്പെട്ട പത്ത് ആനന്ദ സ്ഥാനങ്ങളേയും അവ എങ്ങനെ ഉണർത്തണമെന്നും  വിശദമായി അറിയാം.

പിൻകഴുത്ത്
രതിയിലെ പൂർവലീലകൾക്ക് തുടക്കമിടാൻ പറ്റിയ സ്ഥലങ്ങളിലൊന്നാണ് പിൻകഴുത്തെന്ന് പറയാം. സ്ത്രീയായാലും പുരുഷനായാലും പിൻകഴുത്തിന് രതിയിൽ ഏറെ പ്രാധാന്യമുണ്ട്. പിൻ‍കഴുത്തിൽ ഏൽക്കുന്ന മൃദുവായ ഒരു വിരൽ സ്പർശം പോലും ആസ്വാദ്യകരമാണ്. ചുംബനങ്ങളും യഥേഷ്ടമാകാം. ഇടയ്ക്കിടെ വീഴുന്ന ചുടുനിശ്വാസങ്ങളും കൂടി ചേരുമ്പോൾ രംഗം കൊഴുക്കും ! ഇത്തിരി ക്ഷമ കാണിക്കണം. ഓർക്കുക, ക്ഷമയുടെ ഫലം മധുരമാണ്!

ചെവികൾ
കിടപ്പറയിൽ കേൾവി എന്നത് ചെവികളുടെ രണ്ടാമത്തെ ജോലിയാണെന്ന് ഒരർത്ഥത്തിൽ പറയാം. ഒന്നാമത്തെ ജോലി താലോലിക്കപ്പെടുക എന്നതാണ്. പിൻകഴുത്തിൽ നിന്ന് നേരെ വരാൻ പറ്റിയ സ്ഥലമാണ് ചെവി. സ്പർശനമായാലും ചുംബനമായാലും അത് മൃദുവായിരിക്കണമെന്നു നിർബന്ധം. അല്ലെങ്കിലത് അരോചകമാകും. നിശ്വാസം പിൻകഴുത്തിലേക്കാൾ ഏൽക്കുന്നത് ചെവികളിലായിരിക്കും ! ഒപ്പം മധുരമുള്ള വാക്കുകളും കൂടി കേൾക്കാൻ ഭാഗ്യം കിട്ടുന്ന ചെവികളുടെ ജന്മം സഫലമായി എന്നുതന്നെ പറയാം !

സ്തനങ്ങൾ
സ്ത്രീക്ക് മാത്രമല്ല പുരുഷനും സ്തനങ്ങൾ ഉത്തേജനകേന്ദ്രങ്ങളാണ്. മനുഷ്യശരീരത്തിലെ അങ്ങേയറ്റം സംവേദന ക്ഷമതയുള്ള ഭാഗങ്ങളിലൊന്നാണ് ഭാഗമാണ് മുലക്കണ്ണുകളും ചുറ്റുമുള്ള ഭാഗവും. പക്ഷേ, അതെങ്ങനെ കൈകാര്യം ചെയ്യണമെന്നറിയുന്നവർ കുറവായിരിക്കും. ഇവിടെ വലിയുന്ന തരം കലകളാണുള്ളത്. ഉത്തേജിപ്പിക്കപ്പെടുമ്പോൾ വലിഞ്ഞുമുറുകി നിൽക്കുന്നത് ശ്രദ്ധിച്ചാലറിയാം. ഈ മുറുകിയ കമ്പികൾ വേണ്ട രീതിയിൽ മീട്ടിയാൽ ആനന്ദപൂർണമായ സംഗീതം ശരീരം കൊണ്ട് അനുഭവിച്ചിറിയാം ! നിശ്വാസങ്ങളും നാവും ചുണ്ടും പല്ലും എല്ലാം ഈ വീണമീട്ടലിൽ പങ്കെടുക്കട്ടെ. പങ്കാളിക്ക് പ്രവൃത്തി വേദനാജനകമാകരുത് എന്നു മാത്രം.

തുടകൾ
തുടകൾ സ്ത്രീയുടേതായാലും പുരുഷന്റേതായാലും മൃദുലമാണ്. സംവേദന ക്ഷമതയുള്ളതുമാണ്. തുടയിൽ പതിയെ വിരലോടിക്കുന്നതുപോലും അനുഭൂതിദായകമാണ്. വേണ്ടരീതിയിൽ തുടകളെ സമീപിച്ചാൽ ശുഭയാത്ര ഉറപ്പ് !

599347277
Representative Image. Photo Credit : DenisProduction.com / Shutterstock.com

ചുണ്ടുകൾ
പങ്കാളിയെ ഉത്തേജിപ്പിക്കുന്നതിൽ ചുണ്ടുകളുടെ പ്രാധാന്യം പറയേണ്ടതില്ലല്ലോ. ഉത്തേജിപ്പിക്കപ്പെടുമ്പോൾ ചെറുതായി വീർത്തുവരുന്ന സ്വഭാവമാണ് ചുണ്ടുകൾക്ക്. ചുണ്ടുകൾ ചേർത്തുള്ള ചുംബനം പഞ്ചേന്ദ്രിയങ്ങൾക്കും അനുഭവിക്കാൻ കഴിയും. ഈയൊരു സൗകര്യം മറ്റൊരു ശരീരഭാഗത്തിനുമില്ല. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളാണ് ചുംബനം കൂടുതലായി ആസ്വദിക്കുക. മൃദുവായതിൽ തുടങ്ങി അൽപ്പം മുന്നോട്ടു പോകുന്ന ചുംബനങ്ങൾ നല്ലതാണ്. പക്ഷേ, ഒരു കാര്യം: വായ്നാറ്റമുണ്ടെങ്കിൽ ചുണ്ടോടുചുണ്ട് ചുംബനങ്ങൾ തിരിച്ച് പണി തരുമെന്നും ഓർക്കുക.

കൈത്തണ്ട
കൈകളിലുള്ള പ്രത്യേകിച്ചും കൈത്തണ്ടയിലുള്ള, ഓരോ തലോടലുകളും സ്നേഹത്തിന്റെ വാഗ്ദാനങ്ങളാണത്രേ. കൈകളിൽ തലോടാൻ കിടപ്പറയുടെ സ്വകാര്യത തന്നെ വേണമെന്ന് നിർബന്ധമില്ല. പാർക്കിലും ബീച്ചിലുമൊക്കെ കൈകളോട് സ്നേഹം പ്രകടിപ്പിക്കാനാകും ! ഈ ഭാഗത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തിയിട്ടുള്ളവർ വിരളമായിരിക്കും. പ്രത്യേകിച്ച് കൈത്തണ്ടയുടെ അകംഭാഗത്ത്. പതുക്കെയുള്ള തലോടലും ചുംബനങ്ങളുമെല്ലാം നന്നായി ഏൽക്കുന്ന ഒരു ഭാഗമാണിത്.

മുട്ടുകൾക്കു പിന്നിൽ
കൈത്തണ്ടപോലെ തന്നെ പലപ്പോഴും അവഗണിക്കപ്പെടുന്ന ഒരു മേഖലയാണ് കാൽമുട്ടുകളുടെ പിൻവശം. അതിസംവേദന ശേഷിയുള്ള ഒരുപാട് നാഡികൾ മോക്ഷം കാത്തുകിടക്കുകയാണ്  കാൽമുട്ടിനു പിന്നിൽ. മൃദുവായി അമർത്തുന്നതും തലോടുന്നതുമെല്ലാം വലിയ ഫലങ്ങളുണ്ടാക്കും !

ഭഗശിശ്നിക
ഏകദേശം 8000 നാഡികളുടെ സംഗമഭൂമിയാണ് സ്ത്രീകളിലെ ഭഗശിശ്നികയെന്ന ക്ലിറ്റോറിസ്. അതിനാൽ തന്നെ ഉയർന്ന ലൈംഗികാനുഭൂതി നൽകാനും ഈ ഭാഗം ഉത്തേജിപ്പിക്കുന്നതിലൂടെ കഴിയും. പുറത്തേക്ക് കാണുന്നത് അതിന്റെ മുകൾഭാഗം മാത്രമാണ്. സ്പർശനങ്ങൾ അവിടെ മാത്രമായി പരിമിതപ്പെടുത്താതിരിക്കുക. ഓരോരുത്തർക്കും ഓരോ തരത്തിലുള്ള സ്പർശനങ്ങളായിരിക്കും ഇഷ്ടപ്പെടുക. അതിനാൽ പങ്കാളിയുടെ ഇഷ്ടം മനസ്സിലാക്കി ചെയ്യുന്നതാണ് ഉത്തമം. പങ്കാളിയോട് തന്നെ കാണിച്ചു തരാൻ പറയുക. കാണിച്ചു തരുന്ന സമയത്ത് കൈകൾ അവരുടെ കൈകൾക്ക് മുകളിൽ വച്ച് അതെങ്ങനെയെന്ന് വ്യക്തമായി മനസ്സിലാക്കി അതുപോലെ ചെയ്തു നോക്കൂ. ഫലം  അദ്ഭുതാവഹമായിരിക്കും. വേദനാ ജനകമെങ്കിൽ ലൂബ്രിക്കന്റുകളും ഉപയോഗിക്കാവുന്നതാണ്.

പാദങ്ങൾ
പാദങ്ങളെ ഒട്ടും അവഗണിക്കരുത്. ആപാദചൂഡം അനുഭൂതി വിരിയിക്കാൻ പങ്കാളിക്ക് വേണ്ടരീതിയിൽ പാദസേവ ചെയ്താൽ മതി ! മുകളിൽ പരാമർശിച്ച ശരീരഭാഗങ്ങളെ അപേക്ഷിച്ച് കട്ടിയേറിയ ഭാഗമാണ് പാദങ്ങൾ. പക്ഷേ, പാദങ്ങളിൽ വേണ്ടത് അതിമൃദുവായ സ്പർശനങ്ങളും തലോടലുകളുമാണ്. തലോടലും ചുംബനങ്ങളും മൃദുവായി കടിക്കുന്നതുമൊക്കെ ആസ്വാദ്യകരമായിരിക്കും.

നിതംബം
മനുഷ്യശരീരത്തിലെ പ്രധാനപ്പെട്ട ഉത്തേജനകേന്ദ്രങ്ങളുടെ കാര്യത്തിൽ സ്തനങ്ങളെ അപേക്ഷിച്ച് ഒട്ടും പിന്നിലല്ല നിതംബത്തിന്റെ സ്ഥാനം. കാഴ്ചയിൽ തന്നെ ഉത്തേജനം ഉണർത്താൻ കെൽപ്പുള്ള ശരീരഭാഗമാണ് സ്ത്രീകളുടെ നിതംബം. അൽപ്പം ശക്തി പ്രയോഗിക്കുന്നതിന് അനുവാദമുള്ളതും അത് ആസ്വാദ്യമാകുന്നതും നിതംബങ്ങളിൽ മാത്രമാണ്. അമർത്തി തിരുമ്മുന്നതും കൈകൾ കൊണ്ട് ആവർത്തിച്ച് ഞെരിക്കുന്നതുമൊക്കെ പങ്കാളിയെ ആനന്ദമൂർച്ഛയിലെത്തിക്കും. നൂറുകണക്കിന് ഉത്തേജന കേന്ദ്രങ്ങളിൽ പ്രധാനപ്പെട്ട പത്തെണ്ണമാണ് ഇവിടെ പറഞ്ഞത്. ശേഷിക്കുന്നവ പങ്കാളിയോട് തുറന്നുള്ള സംസാരത്തിലൂടെ കണ്ടെത്താം. ഒപ്പം നിങ്ങളുടെ ഇഷ്ടം എന്താണെന്ന് പങ്കാളിയെ ബോധ്യപ്പെടുത്താനും മറക്കരുത്.

English Summary:

10 Erogenous zones and how to stimulate them

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com