സൈക്ലിങ് ലൈംഗിക ഉദ്ധാരണശേഷിയെ ബാധിക്കുമോ? അറിയണം ഈ കാര്യങ്ങള്‍

cycling
Representative Image. Photo Credit: Friends Stock/ Shutterstock.com
SHARE

യുവാക്കളും പ്രായമായവരുമെല്ലാം ഒരു പോലെ ഇഷ്ടപ്പെടുന്ന കായിക പ്രവര്‍ത്തനമാണ് സൈക്ലിങ്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും പേശികളുടെ കരുത്തും വഴക്കവും വര്‍ധിപ്പിക്കാനും എല്ലുകളെ ശക്തിപ്പെടുത്താനും ശരീരത്തിലെ കൊഴുപ്പ് കത്തിച്ച് കളയാനുമെല്ലാം സൈക്ലിങ് സഹായിക്കുന്നു. എന്നാല്‍ അമിതമായ സൈക്ലിങ് പുരുഷന്മാരിൽ ലൈംഗിക ഉദ്ധാരണശേഷിക്കുറവിലേക്കു നയിച്ചേക്കാമെന്നു പോളണ്ടിലെ വ്രോക്ലോ മെഡിക്കല്‍ സര്‍വകലാശാല നടത്തിയ പഠനം മുന്നറിയിപ്പു നല്‍കുന്നു. അതേസമയം, ഇതൊരു വ്യാപക പ്രശ്നമല്ലെന്നും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ സൈക്ലിങ് ധൈര്യമായി തുടരാമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. 

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തക്കവണ്ണം പുരുഷ ലിംഗത്തിന് ഉദ്ധാരണം സംഭവിക്കാതെ വരുന്നതിനെയാണ് ഉദ്ധാരണശേഷിക്കുറവ് എന്ന് പറയുന്നത്. സൈക്ലിങ് ചെയ്യുമ്പോൾ സീറ്റിലുള്ള ദീര്‍ഘനേരത്തെ ഇരിപ്പാണ് ഉദ്ധാരണശേഷിക്കുറവിനു കാരണമാകുന്നതെന്ന് ചില ഗവേഷണങ്ങള്‍ പറയുന്നു. സൈക്ലിങ് സമയത്ത് സൈക്കിളിന്‍റെ സീറ്റ് ലൈംഗിക അവയവങ്ങള്‍ക്കും മലദ്വാരത്തിനും ഇടയിലുള്ള പെരിനിയം എന്ന ഭാഗത്ത് നിര്‍ന്തരമായ സമ്മര്‍ദം ഏല്‍പിക്കുന്നു. ഈ സമ്മര്‍ദം ഞരമ്പുകള്‍ക്ക് ക്ഷതമേല്‍പ്പിക്കുകയും ഈ ഭാഗത്തെ രക്തമൊഴുക്കിനെ മെല്ലെയാക്കുകയും ചെയ്യും. ഇത് ലിംഗത്തിനു മരവിപ്പുണ്ടാക്കാനും ഉദ്ധാരണശേഷിക്കുറവ് പോലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കാനും സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. 

ഉദ്ധാരണശേഷിക്കുറവ് നിയന്ത്രിക്കാന്‍ പുരുഷന്മാരായ സൈക്കിളോട്ടക്കാര്‍ സൈക്കിൾ ഓടിക്കുന്ന സമയത്ത് ഇടയ്ക്കിടെ എഴുന്നേറ്റു നില്‍ക്കണമെന്ന് പോളണ്ടിലെ വ്രോക്ലോ മെഡിക്കല്‍ സര്‍വകലാശാല നടത്തിയ ഗവേഷണഫലം നിര്‍ദ്ദേശിക്കുന്നു. ഓരോ പത്ത് മിനിറ്റ് കൂടുമ്പോഴും  ഇത്തരത്തില്‍ എഴുന്നേറ്റ് നില്‍ക്കുന്നത് ലൈംഗിക അവയവങ്ങളിലെ സമ്മര്‍ദം കുറയ്ക്കുമെന്നും ഇവിടേക്കുള്ള വായുസഞ്ചാരം ഉറപ്പാക്കുമെന്നും ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

മോശമായ റൈഡിങ് ടെക്നിക്ക്, അനുയോജ്യമല്ലാത്ത സൈക്കിള്‍, സീറ്റ് എന്നിവയും ഇക്കാര്യത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാമെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഹാര്‍വഡ് സ്പെഷല്‍ ഹെല്‍ത്ത് റിപ്പോര്‍ട്ടും ഈ കണ്ടെത്തലുകളെ സാധൂകരിക്കുന്നു. ആഴ്ചയില്‍ മൂന്നു മണിക്കൂറിലധികം സൈക്കിളോടിക്കുന്ന പുരുഷന്മാര്‍ക്കാണ് അപകടസാധ്യത കൂടുതലെന്നും റിപ്പോര്‍ട്ട് പറയുന്നു. 

എന്നാൽ, ഇതു കേട്ട ഉടൻ സൈക്ലിങ് നിര്‍ത്തി വയ്ക്കേണ്ട ആവശ്യമില്ലെന്നും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ മതിയെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി. സൈക്കിള്‍ ഓടിക്കുമ്പോൾ ഇടയ്ക്കിടെ എഴുന്നേറ്റ് നില്‍ക്കുന്നതിന് പുറമേ സീറ്റിനു വീതിയുണ്ടെന്ന് ഉറപ്പാക്കുകയും വേണം. കട്ടിയുള്ള സീറ്റിന് പകരം അല്‍പം കൂടി മാര്‍ദവമുള്ള സീറ്റ് തിരഞ്ഞെടുക്കാം. സുഖകരമായ ഇരിപ്പിന് ജെല്‍ നിറച്ച സീറ്റ് കവറും ഉപയോഗപ്പെടുത്താം. വീതി കുറഞ്ഞ സൈക്കിള്‍ സീറ്റ് ലിംഗത്തിലേക്കുള്ള ഓക്സിജന്‍ വിതരണം 82.4 ശതമാനം കുറയ്ക്കുമെന്നും വി രൂപത്തിലുള്ള സീറ്റുകള്‍ 72.4 ശതമാനം കുറവ് ഇതില്‍ വരുത്തുമെന്നും യൂറോപ്യന്‍ യൂറോളജി നടത്തിയ ഒരു പഠനവും തെളിയിക്കുന്നു. 

സൈക്കിള്‍ ഹാന്‍ഡില്‍ ബാറിന്‍റെ ഉയരവും ഇതില്‍ നിര്‍ണായകമാണ്. ഹാന്‍ഡില്‍ബാര്‍ ഉയരം സീറ്റിന്‍റെ അതേ ഉയരത്തിലോ അതിലും കൂടുതലോ ആണെങ്കില്‍ ലൈംഗിക ഉദ്ധാരണശേഷിക്കുറവിന് സാധ്യത കൂടുതലാണെന്ന് ജേണല്‍ ഓഫ് യൂറോളജിയില്‍ പ്രസിദ്ധീകരിച്ച മറ്റൊരു പഠനവും വിലയിരുത്തുന്നു. ഹാന്‍ഡില്‍ ബാര്‍ ഉയരം സീറ്റിനേക്കാള്‍ താഴെയായിരിക്കുന്നതാണ് ഉത്തമമെന്നും ഈ റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.

സൈക്ലിങ്ങിന് പുറമേ പ്രമേഹം, ഹൃദ്രോഗം, പുകയില ഉപയോഗം, മദ്യപാനം, അമിതവണ്ണം, പ്രോസ്റ്റേറ്റ് ശസ്ത്രക്രിയ, കാന്‍സര്‍ ചികിത്സ, വിഷാദം, സമ്മര്‍ദം, ഉത്കണ്ഠ  എന്നിവയും ലൈംഗിക ഉദ്ധാരണശേഷിക്കുറവിലേക്ക് നയിക്കാവുന്ന ഘടകങ്ങളാണ്.

Content Summary: Erectile dysfunction: How cycling can put you at risk

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ കണ്ടു മോൻ ചോദിച്ചു. ആരാ ?

MORE VIDEOS