ADVERTISEMENT

ലൈംഗിക ബന്ധത്തിനു ശേഷം ഗുഹ്യഭാഗം വൃത്തിയാക്കേണ്ടതാണ്. ലൈംഗിക ബന്ധത്തിനു ശേഷം ഉടനെ മൂത്രം ഒഴിച്ചു കളയുന്നതു മൂത്രനാളിയിലേക്കു പ്രവേശിച്ചിരിക്കാവുന്ന അണുക്കളെ പുറന്തള്ളാൻ സഹായിക്കും. ധാരാളം ശുക്ലവും മറ്റനുബന്ധ സ്രവങ്ങളും യോനിയിൽ അടിഞ്ഞു കിടക്കാൻ സാധ്യതയുള്ളതുകൊണ്ടു യോനിഭാഗത്തും ശുദ്ധജലം കൊണ്ടും വൃത്തിയാക്കുന്നതിന്റെ ആവശ്യകത പറയേണ്ടതില്ലല്ലോ. 

 

വന്ധ്യതാ ചികിത്സയിലിരിക്കുന്നവർ സംഭോഗത്തിനു ശേഷം ഒന്നോ രണ്ടോ മണിക്കൂർ അനങ്ങാതെ മലർന്നു കിടക്കുന്നതു നല്ലതാണ്. പുരുഷബീജം സങ്കലനത്തിനു പ്രാപ്തമാകുന്ന വിധത്തിൽ സമയലബ്ധിക്കു വേണ്ടിയാണത്. 

 

വേണ്ട പൗഡറും പെർഫ്യൂമും

മുഖത്തിടുന്ന ടാൽകം പൗഡർ ഒരിക്കലും ഗുഹ്യഭാഗത്ത് ഉപയോഗിക്കരുത്. ഇവ യോനിയിലൂടെ അകത്തു പ്രവേശിച്ച് എൻഡോമെട്രിയൽ കാൻസറും ട്യൂബിലൂടെ അണ്ഡാശയത്തിൽ പോയി അടിഞ്ഞ് അണ്ഡാശയ കാൻസറും ഉണ്ടാക്കുന്നതായി കണ്ടിട്ടുണ്ട്. 

 

ഒരിക്കലും ഒരു സുഗന്ധദ്രവ്യവും ആ ഭാഗത്ത് ഉപയോഗിക്കരുത്. എന്തെന്നാൽ യോനിക്ക് അതിന്റേതായ ഒരു ഗന്ധമുണ്ട്. അതാണു നാം സൂക്ഷിക്കേണ്ടത്. ഒരിക്കലും യോനിയുടെ ഗന്ധം പുറത്തേക്കു വരില്ല. എന്നാല്‍ രോഗബാധിതമായ യോനിയിൽ നിന്നു ദുർഗന്ധമാണു വമിക്കുക. ചിലപ്പോൾ ചൊറിച്ചിൽ ഉണ്ടാകാം. വെള്ളപോക്കും അധികമായി ഉണ്ടാകാം. 

 

മാസമുറയ്ക്കു തൊട്ടു മുൻപ് അണ്ഡോൽപാദന സമയത്തും വർധിച്ച യോനി സ്രവമുണ്ടാകുന്നത് സാധാണമാണ്. അത് നിറമില്ലാതെ കൊഴുപ്പു രൂപത്തിൽ ആയിരിക്കും. പക്ഷേ, മഞ്ഞനിറമോ പച്ച നിറമോ ചോരകലർന്ന സ്രവം ആണെങ്കിൽ അതീവ ശ്രദ്ധ ആവശ്യമാണ്. 

 

രക്തക്കറ കണ്ടാൽ

സംഭോഗശേഷം രക്തക്കറ കാണുന്നതു ഗൗരവത്തോടെ എടുക്കണം. അതുപോലെ മാസമുറ നിന്ന സ്ത്രീകളിലും യോനിയിലെ അണുബാധ വളരെയധികമാകുന്നു. ഈസ്ട്രജൻ എന്ന ഹോർമോണിന്റെ അഭാവത്തിൽ യോനി വറ്റി വരണ്ടതാകുന്നു. അതും അണുബാധയ്ക്കു വഴി തെളിക്കുന്നു. മാസമുറ നിന്നതിനു ശേഷം രക്തക്കറ കാണുകയാണെങ്കിൽ ഗർഭപാത്രത്തിന്റെയോ ഗർഭപാത്രഗളത്തിന്റെയോ അർബുദ ബാധയെ സൂചിപ്പിക്കുന്നു. 

 

ചില ഗർഭപാത്ര ഗള കാൻസറിന്റെ ആദ്യ ലക്ഷണം വെള്ളം പോലെ നിറമില്ലാത്ത അല്ലെങ്കിൽ അൽപം രക്തക്കറ ചേർന്ന സ്രവം ആയിരിക്കും. വിധവകളുടെയും വിവാഹിതരല്ലാത്തതുമായ സ്ത്രീകളിൽ ഗർഭപാത്ര ഗള കാൻസർ നിർണയിക്കാൻ കാലതാമസം നേരിടുന്നു. ഇവരിൽ സംഭോഗാനന്തരമുള്ള രക്തം പോക്ക് കണ്ടുപിടിക്കാൻ സാധ്യമല്ലല്ലോ. 

 

ചികിത്സയ്ക്കായി സ്ത്രീരോഗവിദഗ്ധയെ സമീപിക്കുമ്പോൾ നാം മനസ്സിലാക്കിയ ലക്ഷണങ്ങൾ, അസ്വസ്ഥതകൾ പൂർണമായും വിവരിക്കണം. ഒരു യോനീപരിശോധന എന്തായാലും ആവശ്യമാണ്. 

 

ഒരു സ്ത്രീരോഗ വിദഗ്ധയ്ക്ക് നഗ്നനേത്രങ്ങൾ കൊണ്ട് ഒരുപാടു കാര്യങ്ങൾ കാണാനും മനസ്സിലാക്കാനും ശരിയായ ചികിത്സ നിശ്ചയിക്കാനും സാധിക്കും. കണ്ടു മനസ്സിലാക്കാവുന്ന ഗർഭപാത്ര ഗള കാൻസറും പുണ്ണും (Erosion) തൊട്ടാൽ രക്തസ്രാവമുണ്ടാകുന്ന ഗർഭപാത്ര ഗളത്തിന്റെ അവസ്ഥയും പരിശോധനയിലൂടെ നോക്കിത്തന്നെ മനസ്സിലാക്കണം. ഇതൊന്നും സ്കാനിങ്ങിൽ കാണുകയില്ല. 

 

യോനിക്കുള്ളിൽ കൈകടത്തി പരിശോധിക്കുമ്പോൾ ഒരുപാടു കാര്യങ്ങൾ വ്യക്തമാകും. ഗർഭപാത്രത്തിന്റെ കട്ടി, തൊടുമ്പോൾ വേദനയുണ്ടോ, അടുത്തുള്ള മൂത്രസഞ്ചി മലാശയം തുടങ്ങിയവയുമായി ഒട്ടിച്ചേരലുണ്ടോ എന്നെല്ലാം മനസ്സിലാകും. 

 

30 വയസു കഴിഞ്ഞവർ ഗർഭപാത്ര ഗള കാൻസർ വളരെ മുൻകൂട്ടി നിർണയിക്കുന്നതിനുള്ള പരിശോധനകള്‍ ചെയ്യണം. അത് ചെയ്യുന്നതു കൊണ്ട് കാൻസറായി മാറുന്നതിനും മുന്‍പു തന്നെയുള്ള അവസ്ഥയിൽ രോഗം കണ്ടുപിടിക്കാനും ചികിത്സിക്കാനും സാധിക്കും. 

 

തുടക്കത്തിലുള്ള അവസ്ഥയിൽ കാൻസർ കണ്ടുപിടിച്ചാൽ ഗർഭപാത്ര ഗള കാൻസർ പൂർണമായും ചികിത്സിച്ചു മാറ്റാം. 

 

മാസമുറയിലെ കരുതൽ

മാസമുറ വരുമ്പോൾ വൃത്തിയുടെ കാര്യത്തിൽ അതീവശ്രദ്ധ ആവശ്യമാണ്. ഓരോ പ്രാവശ്യവും മൂത്രമൊഴിക്കുമ്പോഴും ശുദ്ധജലം കൊണ്ടു കഴുകണം. ഗുഹ്യഭാഗത്തുള്ള രോമങ്ങൾ കത്രിക കൊണ്ടോ മറ്റോ ട്രിം ചെയ്തുവയ്ക്കുന്നതാണ് ഉത്തമം. ഷേവ് ചെയ്യുമ്പോൾ തൊലിയിൽ പോറലുണ്ടായി അണുബാധയുണ്ടാകാം. പാഡിനു പകരം തുണി ഉപയോഗിക്കുന്നവർ വൃത്തിയായി കഴുകി പുഴുങ്ങി അലക്കി വെയിലത്തിട്ടുണക്കി ഇസ്തിരിയിട്ടുപയോഗിക്കണം. 

 

ഇറുകിയ അടിവസ്ത്രങ്ങൾ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ആവശ്യമായ വായു സഞ്ചാരമില്ലെങ്കിൽ വിയർപ്പു കൊണ്ടും മറ്റും ഫംഗസ് എന്നിവ ബാധിക്കും. ലൈംഗികാവയവങ്ങളിലെ രോഗാവസ്ഥയെ സ്വയം ചികിത്സകൊണ്ടു മാറ്റാമെന്നു കരുതരുത്. അതു രംഗം വഷളാക്കും. തക്കതായ സന്ദർഭങ്ങളിൽ ഒരു വിദഗ്ധ സഹായം തേടുകതന്നെയാണ് ആരോഗ്യകരമായ വഴി.

Content Summary: Ladies sexual health and relate diseases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com