ADVERTISEMENT

സ്ത്രീകൾ വിവാഹേതര ബന്ധങ്ങളെയും വിവാഹപൂർവ ബന്ധങ്ങളെയും സാധാരണമായി കാണുന്നു എന്നത് വലിയൊരു മാറ്റമാണെന്ന് മനോരമ ആരോഗ്യം നടത്തിയ സർവേയിൽ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു . വിവാഹം വരെ കന്യകയായിരിക്കണമെന്നു നിർബന്ധമുള്ളവരുടെ എണ്ണം കുറയുന്നു. മനസ്സിന് ഇഷ്ടമുള്ള ആളെ ചുംബിക്കുന്നതോ ഉഭയസമ്മതത്തോടെ ലൈംഗികതയിൽ ഏർപ്പെടുന്നതോ, വിവാഹത്തിനു മുൻപായാല്‍ പോലും വലിയ തെറ്റോ പാപമോ ആയി കൗമാരക്കാരായ പെൺകുട്ടികൾ പോലും കാണുന്നില്ല. പണ്ടൊക്കെ ഇത്തരം പ്രശ്നങ്ങളുമായി തെറാപ്പിസ്റ്റിനു മുൻപില്‍ കൊണ്ടുവന്നാൽ എന്തോ തെറ്റു ചെയ്തതു പോലെ ചൂളി നിൽക്കുന്ന അവസ്ഥയുണ്ടായിരുന്നു. ഇന്ന് തന്റെ ഇഷ്ടപ്രകാരം ചെയ്ത കാര്യത്തെ ന്യായീകരിക്കാനാണ് പലരും ശ്രമിക്കുക. 

 

വിവാഹേതര ബന്ധങ്ങളുടെ കാര്യത്തിലും സ്ത്രീകളുടെ പ്രതികരണത്തിൽ വ്യത്യാസം വന്നു. ‘ഇതുകൊണ്ട് ലോകം അവസാനിക്കാൻ പോകുന്നില്ല’ എന്ന മനോനിലയിലേക്ക് എത്തിയിട്ടുണ്ട് നല്ലൊരു ശതമാനം സ്ത്രീകളും എന്നു റിപ്പോർട്ടുകൾ പറയുന്നു. അതു സ്വന്തം കാര്യത്തിലായാലും ഭർത്താവിനുള്ള ബന്ധത്തിന്റെ കാര്യത്തിലായാലും എല്ലാം മറന്ന് ഒരുമിച്ചു പോകാനായാൽ പോവുക, അല്ലെങ്കിൽ വേർപിരിയുക എന്നത് സംയമനത്തോടെ സ്വീകരിക്കുന്നുണ്ട് പലരും. ഭർത്താവിന്റെ വഴിവിട്ട ബന്ധങ്ങളോടുള്ള പ്രതികാരമെന്ന നിലയ്ക്ക് മറ്റു ബന്ധങ്ങളിലേക്ക് എടുത്തചാടുന്നവരും ഇല്ലാതില്ല. 

 

ഒരേ സമയം രണ്ടു ബന്ധങ്ങൾ

ഇതൊന്നുമില്ലാതെ വിവാഹമോചനം നേടി വേർപെട്ടു ജീവിക്കുന്നതിനു പകരം കുടുംബമായി ഒരുമിച്ചു താമസിക്കുകയും പരസ്പരസമ്മതത്തോടെ രണ്ട് പേർക്കും വെവ്വേറെ ബന്ധങ്ങൾ സൂക്ഷിക്കുകയും ചെയ്യുക എന്നൊരു ട്രെൻഡിന് സ്ത്രീകളും സമ്മതിക്കുന്നുണ്ട് എന്നു പറയുന്നു തിരുവനന്തപുരത്തുളള കൗൺസലിങ് സൈക്കോളജിസ്റ്റ് അന്നു ബിജി. അതാകുമ്പോൾ വിവാഹമോചനം വഴി സമൂഹത്തിൽ ഉള്ള സ്റ്റാറ്റസ് കുറവ് വരില്ല, കുട്ടികള്‍ക്ക് അച്ഛനും അമ്മയും ഉണ്ടാവുകയും ചെയ്യും എന്ന ചിന്ത.

 

‘‘വിവാഹേതരബന്ധത്തിന്റെ പ്രശ്നവുമായി ഒരു സ്ത്രീ കാണാൻ വന്നിരുന്നു. ഭർത്താവുമായുള്ള ബന്ധത്തിൽ അവർ തൃപ്തയല്ല, അതു തുടരാൻ താൽപര്യവുമില്ല. പക്ഷേ, കുട്ടികളുണ്ട്. അവർക്ക് അച്ഛനും അമ്മയും േവണമെന്നുള്ളതുകൊണ്ട് ഒരുമിച്ചു താമസിക്കുന്നു എന്നു മാത്രം. 

 

‘‘എന്റെ ശരീരത്തിലോ മനസ്സിലോ ഭർത്താവിന് ഒരു അവകാശവുമില്ല. എനിക്കിഷ്ടമുള്ളതുപോലെ ജീവിക്കും. ഒരു കാര്യത്തിലും ഇടപെടരുത്. അങ്ങനെയാണെങ്കിൽ ഒരുമിച്ചുപോകാം’’. അവർ തുറന്നു പറഞ്ഞു. 

 

വിവാഹമോചനത്തിന് പോകാത്തത് എന്താണെന്ന് വച്ചാൽ അതൊരു നീണ്ട നടപടിക്രമമാണ്. വർഷങ്ങളെടുക്കും ഡിവോഴ്സ് കിട്ടാൻ. ഒരിക്കല്‍ ഒരു സ്ത്രീ പറഞ്ഞു. എന്റെ ഭർത്താവിന് മറ്റൊരു ബന്ധമുണ്ട്, കണ്ടുപിടിച്ചിട്ടും കുലുക്കമില്ല. കരഞ്ഞുവിളിച്ചിട്ടും ആത്മഹത്യ ചെയ്യുമെന്നു പറഞ്ഞിട്ടും കാര്യമില്ല. മകനാണെങ്കിൽ അപ്പനും അമ്മയും വേണം. അപ്പോൾ പിന്നെ പോവുകയല്ലേ നിവൃത്തിയുള്ളു? കോടതിയിൽ പോയാലും ഭർത്താവ് ചെലവിനു തരുന്നുണ്ടോ എന്നല്ലേ ചോദിക്കുക. അപ്പോൾ നിയമപരമായി ബന്ധം അവസാനിപ്പിക്കാതെ മനസ്സും ശരീരവും കൊണ്ട് വേർപെട്ടു താമസിക്കുക. രണ്ടാൾക്കും അവരവരുടെ സ്വാതന്ത്ര്യത്തിൽ ജീവിക്കാം എന്ന മട്ട്. 

 

വിവാഹേതര ബന്ധങ്ങൾ സ്ത്രീകളുടെയിടയിൽ വലിയ തോതിൽ വർധിച്ചിട്ടുണ്ടെന്നു തിരുവനന്തപുരത്ത് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആയ ഡോ. എ. ബഷീർകുട്ടിയും അഭിപ്രായപ്പെടുന്നു. പക്ഷേ, ലൈംഗിക സന്തോഷത്തിനോ വ്യത്യസ്തതയ്ക്കോ അല്ല മിക്ക സ്ത്രീകളും മറ്റു ബന്ധങ്ങളിലേക്ക് പോകുന്നത് എന്നതു ശ്രദ്ധേയമാണ്. മനസ്സു തുറന്നു സംസാരിക്കാൻ ഒരാൾ വേണം എന്ന തലത്തിലാണ് ബന്ധം തുടങ്ങുക. ആഴത്തിലുള്ള അടുപ്പമായി കുറച്ചു കഴിയുമ്പോൾ അതു ലൈംഗികതയുടെ തലത്തിലേക്ക് എത്തുകയാണ്. 

(വിവരങ്ങൾക്കു കടപ്പാട്: ആരോഗ്യം മാഗസിൻ)

Content Summary: Family life and sexual health

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com