ആരോഗ്യം വേണോ; എങ്കിൽ സന്തോഷത്തോടെ ആലിംഗനം ചെയ്തോളൂ

hugging health benefits
SHARE

ഹഗ് ഡേ (ആലിംഗന ദിനം) ഫെബ്രുവരി 12നു  ലോകം മുഴുവന്‍ ആഘോഷമാക്കിയിരുന്നു. കമിതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊക്കെ സ്നേഹത്തോടെ കെട്ടിപ്പിടിക്കാനുള്ള ദിനമെന്ന നിലയ്ക്കായിരുന്നു ഹഗ് ഡേ ആഘോഷിച്ചത്. ഇതിനെ കളിയാക്കിയും മറ്റും നിരവധി പേര്‍ വിമര്‍ശനവുമായി മുന്നോട്ടു വന്നിരുന്നു. എന്നാല്‍ ഹഗ് ഡേയെ കളിയാക്കാന്‍ വരട്ടെ, ആലിംഗനത്തിന്റെ നല്ല വശങ്ങളെക്കുറിച്ച് അറിയാതെ എല്ലാത്തിനെയും വിമര്‍ശിക്കുന്നത് നല്ലതല്ല. സങ്കടമോ സന്തോഷമോ നിരാശയോ എന്തുമാകട്ടെ ഒരാളെ ചേര്‍ത്തു പിടിക്കുമ്പോള്‍ ലഭിക്കുന്ന ആശ്വാസം  പറഞ്ഞറിയിക്കാന്‍ സാധിക്കില്ല.  20  സെക്കന്റ്‌ നേരം ഒരാളെ കെട്ടിപിടിക്കുമ്പോള്‍ ശരീരത്തിനും മനസ്സിനും ഒരു തെറാപ്യൂട്ടിക് എഫ്ക്റ്റ് ലഭിക്കുന്നുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. ഒരാളുടെ മാനസികനിലയെ സ്വാധീനിക്കാന്‍ ആലിംഗനം കൊണ്ട് സാധിക്കുമാത്രേ. അത്തരം ചില ഫലങ്ങളെക്കുറിച്ച് അറിയാം.

ഒറ്റപ്പെടല്‍ കുറയ്ക്കും-  ഇന്ന് നമ്മള്‍ ജീവിക്കുന്നത് സോഷ്യല്‍ മീഡിയയുടെ അമിത ഇടപെടലുള്ള ഒരു സമൂഹത്തിലാണ്. അതുകൊണ്ടുതന്നെ ആളുകള്‍ തമ്മില്‍ നേരിട്ടുള്ള സമ്പര്‍ക്കം തീരെ കുറഞ്ഞ അവസ്ഥയാണ്. ഈ അവസരത്തില്‍ ആലിംഗനത്തിന്റെ ഫലങ്ങള്‍ വളരെ വലുതാണ്‌. ഓക്സിടോസിൻ എന്ന ലവ് ഹോര്‍മോണ്‍ ആണ് ആലിംഗനം നടത്തുമ്പോള്‍ ശരീരം പുറപ്പെടുവിക്കുന്നത്. 

വേദന കുറയ്ക്കുന്നു - സ്നേഹമുള്ള ഒരാളെ ഒന്നു കെട്ടിപിടിച്ചു നോക്കൂ. അത് വേദന പോലും കുറയ്ക്കും.  ഹഗ്ഗിങ് ഒരു പ്രകൃതിദത്തമായ വേദനസംഹാരി കൂടിയാണ്.

പറയാതെ പറയുന്നു - പലപ്പോഴും വികാരങ്ങളെ പ്രകടിപ്പിക്കാന്‍ വാക്കുകള്‍ വേണ്ടിവരില്ല. പകരം ഒരു ആലിംഗനം മാത്രം മതിയാകും ഉള്ളിലുള്ളത് പറയാതെ പറയാന്‍.

നിരാശ, ടെന്‍ഷന്‍  - നേരത്തെ പറഞ്ഞ പോലെ ഓക്സിടോസിൻ എന്ന ഹോര്‍മോണ്‍ ആണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഇത് ഡിപ്രഷന്‍ കുറയ്ക്കാനും സഹായിക്കും. ഒപ്പം ടെന്‍ഷനും കുറയ്ക്കും. 

ഹൃദയാരോഗ്യം - ആലിംഗനവും ഹൃദയാരോഗ്യവും തമ്മില്‍ എന്താണ് ബന്ധം എന്നു ചിന്തിക്കാന്‍ വരട്ടെ. സ്‌ട്രെസ് ഹോര്‍മോണ്‍ ആയ കോർട്ടിസോൾ ആണ് രക്തസമ്മര്‍ദം കൂട്ടുന്നത്‌. സ്ഥിരമായി ആലിംഗനം ചെയ്‌താല്‍  കോർട്ടിസോൾ ലെവല്‍ ശരീരത്തില്‍ കുറഞ്ഞു വരും. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA