ADVERTISEMENT

ഹോങ്കോങ്, ലോകത്തെ തിരക്കേറിയ നഗരങ്ങളിൽ ഒന്നാണ്. എന്നാൽ ഈ തിരക്കിനിടയിലും ഇവിടെയുള്ളവർ സന്തോഷത്തെ മറക്കുന്നില്ല. വ്യായാമവും നല്ല ആഹാരരീതികളും വിശ്രമത്തിനും വിനോദത്തിനുമുള്ള സൗകര്യവും ഉറപ്പാക്കി ആഹ്ലാദകരമായാണു ജീവിതം. 

ഫ്ലാറ്റുകളും കെട്ടിടങ്ങളും മിക്കവാറും കടലിനടുത്താണ്. നല്ല കാൽനടപ്പാതകൾ, പൂന്തോട്ടങ്ങൾ, കളിസ്ഥലങ്ങൾ, പാർക്കുകൾ തുടങ്ങിയവ എല്ലായിടത്തും കാണാം. കടൽത്തീരത്തു പ്രത്യേകമായി തയാറാക്കിയിട്ടുള്ള നടപ്പാതകളിൽ കൂടി ചെറുപ്പക്കാരും പ്രായമായവരും നടക്കുന്നതു സുന്ദരമായ കാഴ്ചയാണ്. വയസ്സായെന്നു പറഞ്ഞു ഫ്ലാറ്റുകളിൽ ഒതുങ്ങികൂടി കഴിയാൻ ഇവിടുത്തുകാരെ കിട്ടില്ല .പ്രായമായവരിൽ 90% പേരും തനിയെ നടക്കാൻ പ്രാപ്തരാണ്. അല്ലാത്തവർ വീൽ ചെയറിലോ അല്ലെങ്കിൽ ഹെൽപറുടെ സഹായത്താലോ നിർബന്ധമായും പുറത്ത് ഇറങ്ങി ചെലവഴിക്കും.

ട്രെയിനിലും ബസിലും പകുതിചാർജ്, ഹോട്ടലുകളിൽ പ്രത്യേക നിരക്കിളവോടെ ഹാപ്പി അവർ എന്നിങ്ങനെ മുതിർന്ന പൗരന്മാർക്കു പരിഗണനകളേറെ. ഹാപ്പി അവറിൽ ഗ്രൂപ്പുകളായി ധാരാളം ആളുകൾ റസ്റ്ററന്റുകളിൽ മണിക്കൂറുകളോളം സൊറ പറഞ്ഞിരുന്നു ഭക്ഷണം കഴിക്കും. എല്ലാ സൗകര്യങ്ങളുമുള്ള സർക്കാർ ആശുപത്രികളിൽ ചികിൽസ സൗജന്യം. 65 വയസ്സ് കഴിഞ്ഞവർക്കു മറ്റ് വരുമാനം ഇല്ലെങ്കിൽ സർക്കാർ' ഫ്രൂട്ട് മണി'യെന്ന പേരിൽ നൽകുന്ന തുക മതിയാവും ഭംഗിയായി ജീവിക്കാൻ. മുതിർന്നവരുടെ ജീവിതം അങ്ങനെ സുരക്ഷിതം, സന്തോഷകരം. 

രാവിലെയും വൈകിട്ടും മുതിർന്ന പൗരന്മാർ ഒത്തുകൂടി ചിരിച്ചുകളിച്ചിരിക്കുന്നതു തന്നെ ആഹ്ലാദക്കാഴ്ചയാണ് .'തായ് ചി' എന്ന ആയോധന, വ്യായാമമുറ പ്രായഭേദമെന്യേ എല്ലാവരും ചെയുന്നു. കുടുംബ ബന്ധങ്ങൾക്കു വലിയ വിലകൽപിക്കുന്നവരാണിവർ. കുഞ്ഞുങ്ങളെ വളർത്തുന്നതിൽ അപ്പൂപ്പനും അമ്മൂമ്മയും പ്രധാന പങ്ക് വഹിക്കുന്നു. 

കുരുമുളകും ഇഞ്ചിയുമെല്ലാം ചേർത്ത്, എണ്ണ തീരെ കുറച്ചുള്ള വിഭവങ്ങളാണ് ഇവിടെ. ആഹാരം ആസ്വദിച്ചു കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണിവിടെ. സ്‌ത്രീയും പുരുഷനും ഒരേപോലെ എല്ലാ ജോലിയും ചെയ്യുന്നു. ഡബിൾ ഡക്കർ ബസും ടാക്സിയുമെല്ലാം ഓടിക്കുന്ന സ്ത്രീകളെ എവിടെയും കാണാം. ആരോടും പരിഭവം കാട്ടാതെ തങ്ങളുടെ ജോലി ചെയ്തു കഴിയുന്ന ജനതയാണു ഹോങ്കോങ്ങിൽ. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com