ചക്രക്കസേരയിൽ ഊട്ടി കണ്ട 'കൊമ്പൻസ്'

ooty
‘കൊമ്പന്മാർ’ ചക്രക്കസേരയിൽ ഊട്ടിയിലേക്ക്
SHARE

ഊട്ടിയൊന്നു കണ്ടുകളയാം എന്ന വാശിക്കു മുന്നിൽ ഒന്നും തടസ്സമായില്ല ഈ കൊമ്പന്മാർക്ക്. ചക്രക്കസേര മുച്ചക്ര സ്കൂട്ടറിൽ കെട്ടിവച്ച് 25 പേരും റാലിപോലെ ഒരു  പോക്കങ്ങുപോയി. രണ്ടുദിവസം ചക്രക്കസേരയിൽ ഊട്ടിയിൽ കറങ്ങി തിരിച്ചെത്തി. അപ്പോഴേക്കും യാത്രയുടെ ട്രിക്ക് പിടികിട്ടി, കുളു മണാലി ട്രിപ്പും പ്ലാൻ ചെയ്തു. ഈ കൊമ്പന്മാർ ആരാണെന്നോ– മലപ്പുറം പെരിന്തൽമണ്ണയിലും സമീപ പ്രദേശങ്ങളിലുമുള്ള, ചക്രക്കസേര ഉപയോഗിച്ചു മാത്രം സഞ്ചാരം സാധ്യമാകുന്ന ആളുകളുടെ കൂട്ടായ്മയാണ് ‘കൊമ്പൻസ്’.ഒരു ദിവസം വൈകുന്നേരത്തെ വെടിവട്ടത്തിനിടിയിലാണ് ഊട്ടിയിലേക്കു സ്കൂട്ടർ യാത്ര എന്ന ആശയം പൊട്ടിവീണത്. ഒരാഴ്ചകൊണ്ട് 25 പേർ യാത്രയ്ക്ക് റെഡിയായി. ഊട്ടിയിലെത്തിയ ശേഷം എങ്ങനെ കറങ്ങും എന്നതായിരുന്നു പിന്നീടുള്ള പ്രശ്നം. സ്കൂട്ടറിൽ ചക്രക്കസേര കെട്ടിവച്ച് യാത്ര ചെയ്യാമെന്ന പോംവഴി ആലോചനയിൽ തെളിഞ്ഞു.

 പെരിന്തൽമണ്ണയിലായിരുന്നു യാത്രയുടെ തുടക്കം. നാടുകാണിച്ചുരത്തിന്റെ അടിവാരത്തു നിന്നു പ്രഭാതഭക്ഷണവും കഴിച്ച്, കാഴ്ചയും കണ്ട് ഒരു യാത്ര. ഊട്ടിയിലെത്തിയ ശേഷം ചക്രക്കസേരയിൽ കറക്കം. കൊമ്പന്മാരുടെ സാഹസികതയും ആവേശവും കണ്ടപ്പോൾ ബൊട്ടാണിക്കൽ ഗാർഡനിലടക്കം സൗജന്യമായി പ്രവേശനം അനുവദിച്ചു. പുഷ്പനഗരിയിലെ പുൽത്തകിടിയിൽ ചക്രക്കസേര കയറ്റാൻ ആദ്യം സമ്മതിച്ചില്ല. പക്ഷേ കൊമ്പൻമാരുടെ കൊതിക്കു മുന്നിൽ പുൽത്തകിടിയും കീഴടങ്ങി.  

മ്യൂസിക് ഓൺ വീൽസ്, ഡ്രാമ ഓൺ വീൽസ് തുടങ്ങി പല നൂതന പരിപാടികൾകൊണ്ടും സമൂഹത്തിൽ തിളങ്ങി നിൽക്കുന്നു ഈ കൂട്ടായ്മ. കുളു–മണാലി യാത്രയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു ഇവർ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA