പുകവലിയെക്കാള്‍ മാരകമാണ് ഇത്തരത്തിലുള്ള ആഹാരങ്ങൾ

smoking
SHARE

പുകവലി ആരോഗ്യത്തിനു നന്നല്ല എന്ന് നമുക്കറിയാം. എന്നാല്‍ അതിനെക്കാള്‍ മാരകമാണ് ജങ്ക് ഫുഡ്‌ എന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ? എങ്കില്‍ അറിഞ്ഞോളൂ. പുകവലിക്കുന്നതിയെക്കാള്‍ കൂടുതല്‍ അപകടകരമാണ് ജങ്ക് ഫുഡ്‌ എന്ന് പഠനം. അടുത്തിടെ സിയാറ്റില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത്‌ മെട്രിക്സ് ആന്‍ഡ്‌ ഇവാലുവേഷന്‍ നടത്തിയ പഠനത്തില്‍ പറയുന്നത് ഗുണമേന്മയില്ലാത്ത ആഹാരം കഴിക്കുന്നത്‌ പുകവലിയെക്കാള്‍ ആരോഗ്യത്തെ ഹാനീകരമായി ബാധിക്കും എന്നാണ്. ഒരിക്കലും ഒരു ആരോഗ്യപരമായ ആഹാരരീതിയല്ല ജങ്ക് ഫുഡ്‌. സ്ഥിരമായി ജങ്ക് ഫുഡ് കഴിക്കുന്നത്‌ ആരോഗ്യത്തെ കാര്‍ന്നു തിന്നുന്നതിനു തുല്യമാണത്രേ.

പോഷകാഹാരങ്ങളുടെ കുറവ് ഒരുവര്‍ഷം ലോകത്താകമാനം  11 മില്യന്‍ ആളുകളുടെ മരണത്തിനു കാരണമാകുന്നുണ്ട്. ഇത് പട്ടിണി കിടക്കുന്നവരുടെ കണക്കല്ല എന്ന് ഓര്‍ക്കുക. ഒഴിവാക്കാന്‍ സാധിക്കുമായിരുന്നിട്ടും പോഷകപ്രദമായ ആഹാരം കഴിക്കാതെ ഇരുന്നതു മൂലമുള്ള മരണങ്ങളും ഇതിലുണ്ട്. പുകവലി മൂലമുള്ള മരണനിരക്ക് ഇതിലും കുറവാണെന്നാണ് ഈ പഠനം പറയുന്നത്.  8 മില്യന്‍ ആളുകള്‍ പുകവലി മൂലം മരിക്കുമ്പോഴാണ്  ജങ്ക് ഫുഡ്‌ കഴിച്ചുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ മൂലം ഇത്രയും ആളുകള്‍ മരിക്കുന്നത്. ഇത്തരം മരണനിരക്കില്‍  22% ആളുകളും ചെറുപ്പക്കാരാണ്.

പച്ചക്കറികള്‍, പഴങ്ങള്‍ തുടങ്ങിയ പോഷകങ്ങള്‍ നിറഞ്ഞ ആഹാരത്തിനു പകരമാണ് പലരും ജങ്ക് ഫുഡിനെ ആശ്രയിക്കുന്നത്. ഇത് ശരീരത്തിന് വേണ്ട പോഷകം ലഭിക്കാതിരിക്കാന്‍ കാരണമാകുന്നു. പ്രമേഹം, ഹൃദ്രോഗം, സ്ട്രോക്ക് എന്നിങ്ങനെയുള്ള രോഗങ്ങളാണ് പൊതുവേ ജങ്ക് ഫുഡ്‌ സമ്മാനിക്കുക. അതുപോലെ തന്നെ ഈ പഠനം പറയുന്ന മറ്റൊരു വസ്തുത ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലെ ജനങ്ങളാണ് ഏറ്റവും കൂടുതല്‍ അനാരോഗ്യകരമായ ആഹാരം കഴിക്കുന്നത്‌ എന്നാണ്. എന്നാല്‍ വികസ്വരരാജ്യങ്ങളിലെ ജനങ്ങളാകട്ടെ കൂടുതല്‍ ധാന്യങ്ങളും പച്ചകറികളും കഴിക്കുന്നുണ്ട് എന്നും ഈ പഠനം പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA