ADVERTISEMENT

വെള്ളം കുടിക്കാൻ മടിയുള്ളവരും ധാരാളം വെള്ളം കുടിക്കുന്നവരും നമുക്കു ചുറ്റുമുണ്ട്. ചിലരാകട്ടെ, രാവിലെ ഉണർന്ന് എഴുന്നേറ്റാലുടൻ വെറും വയറ്റിൽ വെള്ളം കുടിക്കും. വെറുംവയറ്റിലെ ഈ വെള്ളംകുടി നല്ലതാണോ? ഇതിനു നല്ല വശങ്ങളും ദോഷവശങ്ങളുമുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. 

ശരീരത്തിൽനിന്നു മാലിന്യങ്ങളെ ഒഴുക്കിക്കളയാനും തലവേദന തടയാനും ഉപാപചയ സംവിധാനത്തെ ഉണർത്താനും ദഹനം മെച്ചപ്പെടുത്താനും ഭാരം കുറയ്ക്കാനും വെറും വയറ്റിലെ വെള്ളംകുടി സഹായിക്കുമെന്ന വാദങ്ങളുണ്ട്. ജാപ്പനീസ് സുന്ദരികളുടെ ചുളിവുവീഴാത്ത ചർമത്തിന്റെയും ആരോഗ്യത്തിന്റെയും രഹസ്യം വാട്ടർ തെറപി എന്ന വെറും വയറ്റിലെ വെള്ളംകുടി ആണെന്നാണ് ചിലരുടെ കണ്ടെത്തൽ. നമ്മുടെ നാട്ടിൽ പ്രകൃതി ചികിത്സയുടെ ഭാഗമായി വെറും വയറ്റിൽ വെള്ളംകുടിക്കാൻ നിർദ്ദേശിക്കാറുണ്ട്. എന്നാൽ വൃക്കരോഗം ഉള്ളവർക്ക് ഇതു നിർദ്ദേശിക്കാറില്ല. തന്നെയുമല്ല, വെള്ളംകുടിച്ച് അരമണിക്കൂറെങ്കിലും കഴിഞ്ഞേ ഭക്ഷണം കഴിക്കാവൂ. ഇല്ലെങ്കിൽ ദഹനപ്രശ്നങ്ങൾക്ക് ഇടയാക്കാം.

എഴുന്നേറ്റ ഉടനെ ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുന്നത് ഉറക്കത്തെ തുടർന്നുള്ള നിർജ്ജലീകരണം പരിഹരിക്കുമെന്നതിലുപരി മറ്റ് ആരോഗ്യഗുണങ്ങൾ ഉണ്ടാക്കുമെന്ന് ആധുനിക വൈദ്യശാസ്ത്രം കരുതുന്നില്ല. രോഗികളല്ലാത്തവർ രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ്സ് തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നത് പൊതുആരോഗ്യത്തിനു നല്ലതാണെന്നാണ് ആയുർവേദം വിശ്വസിക്കുന്നത്. ഇത് മലബന്ധം തടയാനും വയറ് ശുദ്ധിയാകാനും സഹായിക്കും. എന്നാൽ വെള്ളം കുടിച്ചയുടൻ ഭക്ഷണം കഴിച്ചാൽ വെള്ളം ദഹനരസത്തിന്റെ വീര്യം കുറച്ച് ദഹനശക്തി കുറയ്ക്കും.

വെറുംവയറ്റിലെ വെള്ളംകുടി ദോഷമാണെന്നു വാദിക്കുന്നവരുമുണ്ട്. ഇത് ദഹനക്കേടിനും മലബന്ധത്തിനും കാരണമാകുന്നതായും അഭിപ്രായമുണ്ട്. ദഹനപ്രശ്നമുള്ളവരും പൈൽസ് രോഗികളും പ്രമേഹമുള്ളവരും വെള്ളംകുടി കുറയ്ക്കണമെന്ന് ചരകസംഹിതയിൽ പറയുന്നു. വെറുംവയറ്റിൽ വെള്ളം കുടിക്കുമ്പോൾ നമ്മുടെ ശരീരത്തിൽതന്നെയുള്ള ജഠരാഗ്നി കെട്ടുപോകും. ഈ അഗ്നി കുറഞ്ഞാൽ ആമം ശരീരത്തിൽ രൂപപ്പെടും. ഇത് പല രോഗങ്ങൾക്കും കാരണമാകും. ദാഹിക്കുമ്പോൾ തുള്ളി തുള്ളിയായി വെള്ളം കുടിക്കണമെന്നാണ് ചരകസംഹിതയിൽ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com