ADVERTISEMENT

എനര്‍ജി ഡ്രിങ്കുകളുടെയും ഡയറ്ററി സപ്ലിമെന്റുകളുടെയും കുത്തൊഴുക്കാണ് വിപണിയില്‍. ഭാരം കുറയ്ക്കാന്‍, ഭാരം കൂട്ടാന്‍, സൗന്ദര്യം വര്‍ധിക്കാന്‍, മസില്‍ വരാന്‍ തുടങ്ങി എല്ലാത്തിനും ഡ്രിങ്കുകളുണ്ട്. എന്നാല്‍ ഇവ എത്രത്തോളം ഗുണകരമാണ്? ആഹാരത്തില്‍നിന്നു ലഭിക്കാത്ത ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നു എന്നാണല്ലോ ഇവയുടെ വാഗ്ദാനം. എന്നാല്‍ ഇതില്‍ എത്രയെണ്ണം വാഗ്ദാനങ്ങൾ പാലിക്കുന്നുണ്ട്? പാക്കറ്റില്‍ പറഞ്ഞ ഗുണങ്ങള്‍ നല്‍കുന്നുണ്ട് ?

എനര്‍ജി ഡ്രിങ്കുകള്‍, സപ്ലിമെന്റുകള്‍ എന്നിവയുടെ  ദൂഷ്യങ്ങളെപ്പറ്റി ഇതുവരെ വലിയ പഠനങ്ങള്‍ നടന്നിട്ടില്ല എന്നുതന്നെ പറയാം.  എന്നാല്‍ ഹാർവഡ് ടി എച്ച് ചാന്‍ സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഒരു സംഘം ഗവേഷകര്‍ ഒരു പഠനം നടത്തിയിരുന്നു. അതിൽ അവര്‍ പറയുന്നത് ഡയറ്ററി സപ്ലിമെന്റുകള്‍ പലതും പിന്നീട് ആരോഗ്യപരമായ റിസ്ക്‌ കൂട്ടുന്നുണ്ട് എന്നാണ്. കൊച്ചു കുട്ടികള്‍ മുതല്‍ 25 വയസ്സു വരെ പ്രായമുള്ളവരെ വര്‍ഷങ്ങള്‍ നിരീക്ഷിച്ച ശേഷമാണ് ഈ കണ്ടെത്തല്‍. ഇവര്‍ ഇത്തരം സപ്ലിമെന്റുകള്‍ ഉപയോഗിച്ചവരായിരുന്നു. ഇവരില്‍ 40 % ആളുകള്‍ക്കും പലതരം പാർശ്വഫലങ്ങൾ ഉണ്ടായിട്ടുണ്ട്. ചിലര്‍ക്കു മരണം പോലും സംഭവിച്ചു. 

ലൈംഗികഉത്തേജനത്തിനും വയര്‍ വൃത്തിയാക്കാനും നല്‍കുന്ന സപ്ലിമെന്റുകളാണ് ഇതില്‍ ഏറ്റവും അപകടകരം. ഇത്തരം പല പ്രോഡക്ടുകളിലും നിരോധിച്ച വസ്തുക്കള്‍, മരുന്നുകള്‍, കീടനാശിനികള്‍, മെറ്റലുകള്‍ എന്നിവയുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ഭാരം കൂട്ടാന്‍, മസില്‍ കൂട്ടാന്‍ എന്നൊക്കെ പറഞ്ഞു വിപണിയില്‍ ഇറങ്ങുന്ന പലതിലും സ്ട്രോക്ക്, ഹൃദ്രോഗം, കരള്‍ രോഗങ്ങള്‍, കാന്‍സര്‍ എന്നിവയ്ക്ക് കാരണമാകുന്ന വസ്തുക്കള്‍ ഉണ്ട്. 

ചില യുവാക്കള്‍ സപ്ലിമെന്റുകള്‍ മദ്യവുമായി ചേർത്തും കഴിക്കാറുണ്ട്. ഇത് ജലാംശം നഷ്ടമാകാനും മദ്യം വിഷമാകാനും കാരണമാകുമെന്നു ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു. ചില എനര്‍ജി ഡ്രിങ്കുകള്‍ മാനസികസമ്മര്‍ദം, രക്തസമ്മര്‍ദം, പൊണ്ണത്തടി, ദന്തക്ഷയം, കിഡ്നി പ്രശ്നം എന്നിവയും ഉണ്ടാക്കുന്നുണ്ട്. ഉയര്‍ന്ന അളവിലെ ഷുഗര്‍, കഫീന്‍ എന്നിവയാണ് ഇതിലുള്ളത്. സ്ഥിരമായി എനര്‍ജി ഡ്രിങ്കുകള്‍ കുടിക്കുന്ന ടീനേജ് കുട്ടികളിൽ പോലും ഹൃദയസംബന്ധമായ രോഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കഫീന്‍ അമിതമായി അടങ്ങിയതാണ് കാരണം. തുടര്‍ച്ചയായി ഉണ്ടാകുന്ന തലവേദന, സ്‌ട്രെസ്, ഉത്കണ്ഠ, ഭയം എന്നിവയും ഇതിന്റെ ദൂഷ്യവശമാണ്. 

ചില ഡ്രിങ്കുകളില്‍ വൈറ്റമിന്‍ B3 അടങ്ങിയിട്ടുണ്ട്. ഇത് സ്ഥിരമായി ഉള്ളില്‍ എത്തുമ്പോള്‍ ശരീരത്തില്‍ ഈ വൈറ്റമിന്‍ അമിതമാകുന്നു.  ഇത് B3ടോക്സിസിറ്റി ഉണ്ടാക്കും. ലോകാരോഗ്യസംഘടന ഇതിനോടകം ഇത്തരം പാനീയങ്ങളുടെ ദൂഷ്യവശത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com