ADVERTISEMENT

ശരീരത്തിന് ആകെ ഒരുന്മേഷമില്ല, എന്തോ എവിടെയോ ഒരു തകരാറു പോലെ.. എന്നാൽ ഗുരുതരമായ രോഗങ്ങളൊന്നുമില്ല... ഇങ്ങനെ തോന്നാറുണ്ടോ നിങ്ങൾക്ക് എപ്പോഴെങ്കിലും? എങ്കിൽ വെറും 16 ആഴ്ച കൊണ്ട് ഒരു മാജിക് ഉണ്ട്. കേൾക്കാൻ റെഡിയാണെങ്കിൽ പറയാം. വീഗൻ ഡയറ്റ് എന്നുകേട്ടിട്ടില്ലേ? അതായത് മൽസ്യം, മാംസം, മുട്ട, പാൽ, പാലുൽപന്നങ്ങൾ തുടങ്ങിയവ പൂർണമായും ഒഴിവാക്കിക്കൊണ്ടുള്ള ഡയറ്റ് 16 ആഴ്ച ഒന്നു പരീക്ഷിച്ചു നോക്കാമോ? ശരീരത്തിന് അദ്ഭുതകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ വീഗൻ ഡയറ്റ് കൊണ്ട് സാധിക്കുമത്രേ. 

∙ ദഹനവ്യവസ്ഥ സുഗമമാക്കുന്ന ഗട്ട് ബാക്ടീരിയകളുടെ പ്രവർത്തനം ത്വരിതപ്പെടുത്താൻ വീഗൻ ഡയറ്റിന് കഴിയുമെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ഇതുമൂലം അസിഡിറ്റി, ഗ്യാസ് ട്രബിൾ, ദഹന പ്രശ്നം എന്നിവ പരിഹരിക്കാൻ സാധിക്കുന്നു.

∙ നിങ്ങളുടെ ശരീരത്തിലെ, അമിതമായി അടിഞ്ഞുകൂടിയ കൊഴുപ്പ് ഇല്ലാതാക്കുന്നതിനും രക്തത്തിലെ ഷുഗർ നില ക്രമീകരിക്കുന്നതിനും വീഗൻ ഡയറ്റ് സഹായിക്കും. ഇതുമൂലം അമിതവണ്ണം വളരെയധികം കുറയ്ക്കാൻ സാധിക്കും.

∙ മൽസ്യവും മാംസവും പൂർണമായും ഒഴിവാക്കണമെന്ന് ഗവേഷകർ അവകാശപ്പെടുന്നില്ല. നാലു മാസങ്ങൾക്കു ശേഷം നിങ്ങൾക്ക് നിയന്ത്രിത അളവിൽ ഇവയൊക്കെ വീണ്ടും കഴിച്ചു തുടങ്ങാം.

∙ വീഗൻ ഡയറ്റ് എന്നാൽ മൽസ്യവും മാംസവും ഉപേക്ഷിക്കുക എന്നതു മാത്രമല്ല, കൂടുതൽ സസ്യാഹാരം ഡയറ്റിൽ ഉൾപ്പെടുത്തുക കൂടി വേണം. പച്ചക്കറികൾ, പഴങ്ങൾ, ഇലക്കറികൾ, പൂക്കൾ തുടങ്ങിയവ ആഹാരത്തിൽ ധാരാളമായി ഉൾപ്പെടുത്തി വേണം വീഗൻ ഡയറ്റ് പാലിക്കാൻ.

∙ വീഗൻ ഡയറ്റ് കാലത്ത് കഴിയുന്നത്ര ജങ്ക് ഫുഡ്, പായ്ക്കഡ് ഫുഡ്, പ്രോസസ്ഡ് ഫുഡ്, സ്നാക്ക്സ് എന്നിവ ഒഴിവാക്കണം. ഇല്ലെങ്കിൽ ഫലം വിപരീതമായിരിക്കും എന്നു പ്രത്യേകം മുന്നറിയിപ്പു നൽകുന്നുണ്ട് ഗവേഷകർ.

∙ സ്പെയിനിലെ യൂറോപ്യൻ അസോസിയേഷൻ ഫോർ ദ് സ്റ്റഡി ഓഫ് ഡയബറ്റിസ് ആണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. മധ്യവയസ്സിനു താഴെയുള്ള, പൊണ്ണത്തടിയും ഷുഗർ പോലെയുള്ള രോഗങ്ങൾ ബാധിച്ചവരുമായ ആളുകളെയാണ് ഈ ഡയറ്റ് പരീക്ഷിച്ച് പഠനം നടത്തിയത്. 16 ആഴ്ചകൾക്കു ശേഷം ഇവരെ വീണ്ടും പഠന വിധേയമാക്കിയപ്പോൾ ശരീരഭാരം ഉൾപ്പെടെയുള്ളവയിൽ വളരെ പോസിറ്റീവ് ആയ മാറ്റങ്ങൾ കണ്ടെത്തിയത്രേ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com