ADVERTISEMENT

എ, ബി, സി, ഡി.. ഇംഗ്ലിഷ് അക്ഷരമാലയാണെന്നു കരുതല്ലേ. വൈറ്റമിനുകളുടെ കാര്യമാണ്. ഇതിൽ നാലാമത്തേതായ വൈറ്റമിൻ ഡി ആണ് ഇപ്പോൾ യുഎസിലെ ഡോക്ടർമാരുടെ പ്രധാനസംസാര വിഷയം. അമേരിക്കയിൽ നിരവധി പേർ ഇപ്പോൾ വൈറ്റമിൻ ഡിയുടെ അഭാവം കാരണം പലവിധ ആരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ടത്രേ. സൂര്യ പ്രകാശമാണ് ഇതിന്റെ മുഖ്യ ഉറവിടം. പറമ്പിലും മറ്റും ആവശ്യത്തിലേറെ വെയിൽകൊണ്ട് നടന്നിരുന്ന കാലത്ത് മലയാളികൾക്ക് വൈറ്റമിൻ ഡിയുടെ അഭാവം ഉണ്ടായിരുന്നില്ല. എന്നാൽ വൈറ്റ് കോളർ ജോലികളിലേക്കു തിരിഞ്ഞതോടെ മലയാളികൾക്കും ഇതിന്റെ അപര്യാപ്തത അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ടെന്നാണ് ഇവിടത്തെ ഡോക്ടർമാർ പറയുന്നത്. 

ശരീരത്തിൽ അമിതമായി കൊഴുപ്പടിയുന്നതിനുവരെ ഇത് കാരണമാകുമത്രേ. വയറിനു ചുറ്റും അമിതമായി കൊഴുപ്പ് ശേഖരിക്കപ്പെടുന്നതാണ് പലരുടെയും കുടവയറിന്റെ കാരണം. അവിടെയും വൈറ്റമിൻ ഡിയുടെ കുറവാണ് വില്ലനാകുന്നതെന്ന് അമേരിക്കയിലെ ഡോക്ടർമാർ പറയുന്നു. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിൽ ഈ പ്രശ്നം കൂടുതൽ സങ്കീർണമാണ്. പല സ്ത്രീകളുടെയും മുടികൊഴിച്ചിലിന്റെ പ്രധാന കാരണം വൈറ്റമിൻ ഡിയുടെ അഭാവമാണ്. 

വൈറ്റമിൻ ഡിക്ക് ഹൃദയാഘാതം മുതൽ കാൻസർ വരെയുള്ള രോഗങ്ങളെ പ്രതിരോധിക്കാനുള്ള കരുത്തുണ്ടത്രേ. ശരീരത്തിലെ അസ്ഥികൾക്കു ബലം നൽകുന്നതിലും ഇതിനു പങ്കുണ്ട്. യുഎസിലെ ആകെ ജനസംഖ്യയിൽ‍ 40 ശതമാനം പേർ വൈറ്റമിൻ ഡിയുടെ അപര്യാപ്തത അനുഭവിക്കുന്നുണ്ടത്രേ. ചികിൽസിക്കപ്പെടാതെ പോകുന്ന പകർച്ചവ്യാധിയെന്നാണ് അമേരിക്കയിലെ ഡോക്ടർമാർ ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്. 

നമ്മുടെ നാട്ടിലുള്ളവരും വൈറ്റമിൻ ഡിയുടെ അഭാവം തിരിച്ചറിയുന്നില്ല. മറ്റു പല ഗുരുതര രോഗങ്ങൾക്കും നൽകുന്ന പ്രാധാന്യം നാമിതിനു നൽകാറുമില്ല. വൈറ്റമിന്‍ ഡി ശരീരത്തിനു ലഭിക്കാൻ ഡോക്ടർമാർ നിർദേശിക്കുന്നത് സൺ ബാത്ത് ആണ്. പണ്ടു നമ്മുടെ കാരണവന്മാർ ചെയ്തിരുന്നതുപോലെ അൽപനേരം എല്ലാദിവസവും വെയിൽ കായണം. പ്രഭാതത്തിൽ ഇളവെയിൽ കൊണ്ടു നടന്നാൽ ഒറ്റയടിക്ക് ശരീരത്തിനു രണ്ടു ഗുണം ലഭിക്കുമെന്നു ചുരുക്കം. 

English summary: Vitamin D deficiency, Hair loss, Belly Fat preventing tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com