ADVERTISEMENT

ഒന്നു കുളിച്ചാല്‍ കിട്ടുന്ന ഉന്മേഷത്തെക്കുറിച്ച് നമുക്കറിയാം. വൃത്തിയുടെയും വ്യക്തിശുചിത്വത്തിന്റെയും കൂടി ഭാഗമാണ് കുളി. ദിവസവും മൂന്നും നാലും നേരം വരെ കുളിക്കുന്ന ആളുകളുണ്ട്. എന്നാല്‍ അമിതമായാല്‍ എല്ലാം പ്രശ്നമാണ് എന്നാണല്ലോ. അതുതന്നെയാണ് കുളിയുടെ കാര്യത്തിലും. 

കുളിക്കാന്‍ എടുക്കുന്ന സമയം, ഉപയോഗിക്കുന്ന വസ്തുക്കൾ എന്നിവയെല്ലാം പലപ്പോഴും നമ്മുടെ ആരോഗ്യത്തെ ബാധിക്കും എന്നാണ് ഗവേഷകര്‍ പറയുന്നത്. 

സ്ഥിരമായ കുളി - എപ്പോഴും കുളിക്കുന്നത് ശരീരത്തിലെ  സ്വാഭാവികമായ എണ്ണമയം നഷ്ടമാക്കും എന്നാണ് വിദഗ്ധര്‍ പറയുന്നത്. പ്രത്യേകിച്ച് കെമിക്കലുകള്‍ ഉപയോഗിച്ചുള്ള സോപ്പിന്റെ  സ്ഥിര ഉപയോഗം ചര്‍മത്തിനു ദോഷം ചെയ്യും. ചര്‍മത്തിലെ നല്ല ബാക്ടീരിയ നഷ്ടമാകാനും ചീത്ത ബാക്ടീരിയ ചെറിയ മുറിവുകളിലൂടെ ഉള്ളിലെത്താനും കാരണമായേക്കാം. 

നല്ലതെന്ന് സ്വയം അനുഭവിച്ചറിഞ്ഞ സോപ്പ് മാത്രം ഉപയോഗിക്കുക. സ്ഥിരമായി പലവട്ടം കുളിക്കുന്നവര്‍ സോപ്പിന്റെ ഉപയോഗം കുറയ്ക്കുക. 

ബാത്തിങ് ടവല്‍ - നനഞ്ഞ ടവല്‍ ബാക്ടീരിയകളുടെ കേന്ദ്രമാണ്. ഓരോ വട്ടവും ഉപയോഗിച്ച ശേഷം ടവല്‍ നന്നായി വെയിലത്ത് ഉണക്കണം. നല്ല അണുനാശിനി അടങ്ങിയ ലോഷന്‍ കൊണ്ട് ടവല്‍ കഴുകി ഉപയോഗിക്കുക. നന്നായി ഉണക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഇടയ്ക്കിടെ ടവല്‍ മാറ്റി ഉപയോഗിക്കുക.

തേച്ചു കുളി - സോപ്പ് ഉപയോഗിച്ച് കുളിച്ചിട്ട് അഴുക്ക് പോകുന്നില്ല എന്നു തോന്നുമ്പോള്‍ തേച്ചു കുളിക്കാന്‍ സാധിക്കുന്ന വസ്തുക്കൾ ഉപയോഗിക്കാറുണ്ട്. ഇഞ്ച മുതല്‍ എല്ലാം ഇന്ന് വിപണിയിലുണ്ട്. എന്നാല്‍ ബാക്ടീരിയകള്‍ക്ക് പ്രിയപ്പെട്ട സ്ഥലം ആണിത് എന്നോര്‍ക്കുക. ഓരോ വട്ടവും ഉപയോഗിച്ച ശേഷം ഇത് നന്നായി ഉണക്കണം. അല്ലെങ്കില്‍  10-15 മിനിറ്റ് സൂര്യപ്രകാശത്തിനു കീഴില്‍ വയ്ക്കണം. ഓരോ രണ്ടു മാസവും ഇവ മാറ്റി ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

ഷവര്‍ - നമ്മുടെ ശ്രദ്ധ ഒട്ടും പോകാത്ത ഒരിടമാണ് ഷവര്‍ ഹെഡ്. അഴുക്ക് ധാരാളം അടിഞ്ഞിരിക്കുന്ന ഇവിടം അടിക്കടി തുറന്നു അഴുക്ക് നീക്കം ചെയ്യാന്‍ ശ്രദ്ധിക്കുക. ഹാര്‍ഡ് വാട്ടര്‍ വരുന്ന സ്ഥലങ്ങളില്‍ ഇതിന്റെ തോത് വര്‍ധിക്കും. ഇവിടം അടിക്കടി ക്ലീന്‍ ചെയ്യുക.  ഹീറ്റര്‍ ഉണ്ടെങ്കില്‍ 30 സെക്കൻഡ് അത് ഓണ്‍ ആക്കി വെള്ളം ഒഴിച്ച ശേഷം മാത്രം ഓരോ വട്ടവും ഷവര്‍ ഉപയോഗിക്കുക.

ചൂടുവെള്ളത്തിലെ കുളി - ചൂടു വെള്ളത്തില്‍ ദീര്‍ഘനേരം കുളിക്കരുത്. ഇത് ചര്‍മത്തിനു ദോഷം ചെയ്യും. ചര്‍മം വരണ്ടു പോകാന്‍ മറ്റു കാരണങ്ങള്‍ വേണ്ട എന്നുതന്നെ പറയാം. ചൂടു വെള്ളത്തിലാണ്  തലമുടി കഴുകുന്നതെങ്കില്‍ അഞ്ചു മിനിറ്റില്‍ കൂടുതല്‍ മുടിയിലേക്ക് വെള്ളം ഒഴിക്കാതെ ശ്രദ്ധിക്കുക. 

English summary: Bathing mistakes that harm yor health

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com