ADVERTISEMENT

കുട്ടികളെ നല്ല രീതിയിൽ വളർത്തിയെടുക്കുന്നതെങ്ങനെ എന്നതാണ് മിക്ക രക്ഷിതാക്കളും ഏറ്റവുമധികം തലപുകഞ്ഞ് ആലോചിക്കുന്ന വിഷയം. സ്വാതന്ത്ര്യം കൂടുതൽ നൽകിയാൽ അവർ വഷളാകുമോ എന്നതാണ് ഭയം. അതുകൊണ്ട് പുറമേ സൗഹൃദം കാണിക്കുമെങ്കിലും പല രക്ഷിതാക്കളും കർക്കശ നിലപാട് സ്വീകരിക്കുന്നതായാണ് സർവേകളിൽനിന്ന് വ്യക്തമാകുന്നത്. മനശ്ശാസ്ത്രജ്ഞർ ഇതിനെ അതോറിറ്റേറ്റീവ് പേരന്റിങ് എന്നാണ് വിളിക്കുന്നത്.

കുട്ടികളെ കടുത്ത ചിട്ടകളിലൂടെയും നിയമങ്ങളിലൂടെയും വളർത്തുന്ന രീതിയാണ് അതോറിറ്റേറ്റീവ് പേരന്റിങ്. ഇതിന് ഗുണവും ദോഷവുമുണ്ടെന്ന് മനശ്ശാസ്ത്രജ്ഞർ മുന്നറിയിപ്പു തരുന്നു. ഇത്തരം രക്ഷിതാക്കൾ ചില സന്ദർഭങ്ങളിൽ കുട്ടികൾക്ക് ഇളവ് നൽകാറുണ്ടെങ്കിലും മറ്റു സമയങ്ങളിൽ കാർക്കശ്യം കാണിക്കുന്നു. കുട്ടികളുടെ ഭാഗത്തുനിന്നുള്ള പോസിറ്റീവ് പ്രതികരണങ്ങൾ കൊണ്ടുമാത്രമാണ് ഇളവുകൾ അനുവദിക്കുന്നത്. ഉദാഹരണത്തിന് പരീക്ഷയ്ക്ക് നല്ല മാർക്ക് വാങ്ങിയാൽ ഔട്ടിങ്ങിനു കൊണ്ടുപോകാം. ഹോംവർക്ക് കൃത്യമായി ചെയ്താൽ സിനിമ കാണിക്കാം...എന്നിങ്ങനെ വ്യവസ്ഥകളോടെ മാത്രമേ ഇവർ ഇളവ് നൽകുകയുള്ളൂ. 

കൂടുതൽ സ്നേഹം പ്രകടിപ്പിച്ചാൽ കുട്ടികൾ വഷളായിപ്പോകുമോ എന്നാണ് ഇവരുടെ ഭയം. കുട്ടികളുമായി സെയ്ഫ് ആയ ദൂരം നിലനിർത്താൻ ഇവർ ശ്രമിക്കും. ഇതുമൂലം കുട്ടികളുടെ ബഹുമാനം പിടിച്ചുപറ്റാനാകുമെന്നാണ് ഇവർ കരുതുന്നത്. എന്നാൽ മനശ്ശാസ്ത്രജ്ഞർ പറയുന്നത് കുട്ടികളിൽനിന്ന് അകലം പാലിക്കുന്നതുകൊണ്ട് ബഹുമാനം നേടാമെന്നതു തെറ്റിദ്ധാരണയാണെന്നാണ്. 

അതോറിറ്റേറ്റീവ് പേരന്റിങ് കുട്ടികളിൽ പൊതുവെ അച്ചടക്കശീലം വളർത്തിയെടുക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ശിക്ഷകളോടുള്ള ഭയം കാരണം കുട്ടിക്കാലം തൊട്ടേ ജീവിതത്തിന് അടുക്കും ചിട്ടയും ഇവർ ശീലിക്കുന്നു. ഇന്നത്തെ കാലത്ത് അതോറിറ്റേറ്റീവ് പേരന്റിങ് അൽപം പരിഷ്കരിച്ച് നടപ്പിലാക്കിനോക്കാനാണ് മനശ്ശാസ്ത്രജ്ഞർ നൽകുന്ന ഉപദേശം. പൂർണ സ്വാതന്ത്ര്യം നൽകി വളർത്തിയില്ലെങ്കിലും കുട്ടികൾക്ക് അവരുടേതായ സ്പെയ്സ് നൽകുന്നത് നല്ലതായിരിക്കും. അടിച്ചമർത്തി പിടിച്ചുവാങ്ങേണ്ടതല്ല ബഹുമാനം എന്നും ഡോക്ടർമാർ ഓർമിപ്പിക്കുന്നു.

English summary : Authoritative parenting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com