ADVERTISEMENT

അകാലനര പോലെതന്നെ പലരെയും അലട്ടുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ. ഭക്ഷണശീലങ്ങളും സമ്മർദവും എല്ലാം മുടി കൊഴിയാൻ കാരണമാകും. ഇതെക്കുറിച്ച് കൂടുതൽ അറിയാം. 

∙ ഭക്ഷണത്തിൽ ശ്രദ്ധിക്കാം

ആരോഗ്യകരമായ ഭക്ഷണശീലം മുടിക്ക് കട്ടിയും ആരോഗ്യവുമേകും. മത്സ്യം, ഇറച്ചി, സോയ ഇവയിലെ ലീൻ പ്രോട്ടീൻ മുടി വളർച്ചയ്ക്ക് സഹായിക്കും. മുടിക്ക് മൃദുലതയും ആരോഗ്യവും ഏകാൻ ആവശ്യമായ എണ്ണമയം, അണ്ടിപ്പരിപ്പുകൾ പയർവർഗങ്ങൾ തുടങ്ങി ജീവകം ഇ യും ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയ ഭക്ഷണങ്ങൾക്കാകും. എന്തിനേറെ സുഗന്ധവ്യഞ്ജനങ്ങൾ പോലും തലമുടിയെ ആരോഗ്യമുള്ളതാക്കും. ഭക്ഷണത്തിൽ കറുവപ്പട്ട ഉൾപ്പെടുത്തുന്നത് മുടിക്ക് ആവശ്യമായ ഓക്സിജനും പോഷകങ്ങളും ലഭിക്കാൻ സഹായിക്കും.

∙ ജലാംശം നില നിർത്താം

ഏതാണ്ട് 25 ശതമാനത്തോളം രോമകൂപങ്ങളും ജലത്താൽ നിർമിതമാണ്. നിർജലീകരണം സംഭവിച്ചാൽ, പുതിയ ഫോളിക്കിളുകൾ ദുർബലമാകും. അതുകൊണ്ട് ധാരാളം വെള്ളം കുടിക്കാം. 

∙ വൈറ്റമിനുകൾ

സ്ട്രെസ്, ജീനുകൾ, രോഗങ്ങൾ ഇവ കഴിഞ്ഞാൽ പുരുഷന്മാരിൽ മുടികൊഴിച്ചിലിനു കാരണമാകുന്നത് വൈറ്റമിനുകളുടെ അഭാവമാണ്. കഷണ്ടി തടയാൻ വൈറ്റമിനുകൾ ആവശ്യമാണ്. വൈറ്റമിൻ എ, ബി, സി, ഡി, ഇ ഇവ തലമുടിയുടെ വളർച്ചയെ സഹായിക്കും. സ്ട്രെസ് കുറയ്ക്കാൻ വൈറ്റമിൻ ബി സഹായിക്കും. 

∙ സ്ട്രെസ് അകറ്റാം

മുടികൊഴിയുന്നത് ചിലരിൽ സ്ട്രെസ് കൂട്ടാം. ഇത് കൂടുതൽ മുടികൊഴിച്ചിലിന് കാരണമാകും. സ്ട്രെസ് മൂലം മുടി കൊഴിയുന്നത് ചില രോഗാവസ്ഥകൾക്കു കാരണമാകാം. തലയിൽ നിന്നു മുടിയെ പുറത്തേക്കു തള്ളുന്ന telogen effluvium, തലയോട്ടിയിലെ മുടി വലിക്കാൻ തോന്നിപ്പിക്കുന്ന trichotillomania, രോമകൂപങ്ങളെ രോഗപ്രതിരോധസംവിധാനം ആക്രമിക്കുന്ന alopecia areata എന്നീ അവസ്ഥകൾക്ക് കാരണമാകാം. സ്ട്രെസ് നിയന്ത്രിക്കാൻ ദിവസവും വ്യായാമം ശീലമാക്കാം. ദീർഘശ്വാസമെടുക്കാം. ടെൻഷൻ ഉണ്ടാക്കുന്ന കാര്യങ്ങൾ കണ്ടെത്തി അവയെ ഒഴിവാക്കാം. 

∙ പുകവലി, മദ്യപാനം ഒഴിവാക്കാം

പുകവലിയും മദ്യപാനവും അമിതമായാൽ തലമുടിയെയും ബാധിക്കും. പുകവലി രോമകൂപങ്ങളിലേക്കുള്ള രക്തപ്രവാഹത്തെ ബാധിക്കും. മദ്യം അമിതമായി കുടിക്കുന്നത് നിർജലീകരണത്തിനും പോഷകങ്ങളുടെ അഭാവത്തിനും കാരണമാകും. 

∙ വ്യായാമം ശീലമാക്കാം

ശരീരത്തിനു മാത്രമല്ല തലമുടിയുടെ ആരോഗ്യത്തിനും വ്യായാമം നല്ലതാണ്. വ്യായാമം സ്ട്രെസ് അകറ്റാനും രക്തചംക്രമണം വർധിപ്പിക്കാനും സഹായിക്കും. ഇത് തലമുടിയുടെ വളർച്ചയെ സഹായിക്കും. 

∙ ഹെയര്‍ സ്റ്റൈലിലും കാര്യമുണ്ട്

മുടി വളർത്താൻ ഇഷ്ടപ്പെടുന്ന ആളാണെങ്കിൽ തലമുടി ഇറുക്കി കെട്ടിവയ്ക്കുന്ന ശീലം ഒഴിവാക്കാം. തലമുടിക്ക് ടെൻഷൻ കൂടുമ്പോൾ രോമകൂപങ്ങളുടെ തകരാറിനും മുടി കൊഴിയാനും കാരണമാകും. 

∙ വൈദ്യനിർദേശം തേടാം

കഷണ്ടി വരുന്നത് തടയാനും മുടി കൊഴിച്ചിൽ മാറി മുടി വളരാനും സഹായിക്കുന്ന മരുന്നുകൾ ലഭ്യമാണ്. ഒരു ത്വക് രോഗവിദഗ്ധനെ കണ്ട് നിർദേശങ്ങൾ സ്വീകരിക്കാം. 

∙ സപ്ലിമെന്റുകൾ

മുടി കൊഴിച്ചിൽ തടയാൻ നിരവധി സപ്ലിമെന്റുകൾ വിപണിയിൽ ലഭിക്കും. ഏതാണ് സുരക്ഷിതവും ഫലപ്രദവും എന്ന് ഡോക്ടറുടെ അഭിപ്രായം അറിഞ്ഞ് അവ ഉപയോഗിക്കാം. 

English Summary: Ways to stop hair loss in men

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com