sections
MORE

മോനിഷയും മോഹൻലാലും ആനന്ദനടനം ആടിയ ഇടം; കലാമണ്ഡലത്തിലെ ഒരു ദിവസം എങ്ങനെ, വിഡിയോ

kerala kalamandalam
SHARE

കലാമണ്ഡലമെന്നു കേൾക്കുമ്പോഴേ  മനസ്സിൽ തെളിയുന്നത് നൃത്തമെന്നാണ്. തൂണിലും തുരുമ്പിലും കാറ്റിലും വരെ നൃത്തം നിറയുന്ന ഇടം. മണ്ഡപങ്ങളും കൂത്തമ്പലവും തണൽമരങ്ങളും കടന്നെത്തുന്ന ചിലങ്കകളുടെ കിലുക്കം.

സമുദ്രം പോലെയുള്ള വലിയ കണ്ണുകളിൽ പ്രണയം നിറച്ച, അടിമുടി നൃത്തമായിരുന്ന സുമ എന്ന പാർവതിയും അവളോടുള്ള സ്നേഹത്തിന്റെ തടവറയിൽ ജീവിതം ഹോമിച്ച നന്ദഗോപനെന്ന മോഹൻലാലും ആനന്ദനടനം ആടിയത് ഇവിടെയാണ്. പ്രേമോദാരനായ് അണയൂ നാഥാ... എന്ന് മോനിഷ പ്രണയാർദ്രയായത് ഇവിടുത്തെ മണ്ഡപത്തിൽ നൃത്തം ചവിട്ടുമ്പോഴാണ്. കമലദളം എന്ന സിനിമയുടെ ഫ്രെയിമുകളിലൂടെ മലയാളിക്ക് ഏറെ പരിചിതമാണ് ചെറുതുരുത്തിയിൽ നിളയുടെ തീരത്തുള്ള കലാമണ്ഡലം.

ഗുരുകുല സമ്പ്രദായത്തിലാണ് കലാണ്ഡലത്തിലെ നൃത്തപഠനം. കലാകാരികളുടെ ദിവസം തുടങ്ങുന്നത് വെളുപ്പിനെ നാലു മണിക്കാണ്. കലയുടെ ദൈവസാന്നിധ്യത്തെ വണങ്ങി, കണ്ണു നീട്ടിയെഴുതി മുടി നീട്ടി പിന്നിയിട്ട് നൃത്തവേഷമണിഞ്ഞ് അഞ്ചു മണിക്ക് നൃത്ത കളരിയിലെത്തുന്നവർ... അഞ്ചു മുതൽ ആറു മണി വരെ സംഗീതസാധകമാണ്. നർത്തകിക്ക് സംഗീതജ്ഞാനം അത്യാവശ്യമാണല്ലോ. കർണാടക സംഗീത പാഠങ്ങളിലൂടെ ഒരു മണിക്കൂർ.

ഏഴു മുതൽ എട്ടു മണി വരെ മെയ്യ്സാധകം. താളത്തിനനുസരിച്ച് വിവിധ ശരീരചലനങ്ങളിലൂടെ, ചുവടുകളിലൂടെ ശരീരത്തെ നൃത്തത്തിനായി പാകപ്പെടുത്തുന്നു. പേശികളെ പരമാവധി വലിച്ചുമുറുക്കി അയച്ചുവിടുന്ന സ്ട്രെച്ചിങ്ങുകൾ ധാരാളമുണ്ട്. കണ്ണിനും കഴുത്തിനും പ്രത്യേക സാധകമുണ്ട്. സാവധാനത്തിലും ചടുലമായും വശങ്ങളിലേക്കും മുകളിലേക്കും കണ്ണുകൾ ഇളക്കുന്നു. കഴുത്ത് വശങ്ങളിലേക്കും മുൻപിലേക്കും വെട്ടിച്ചാണ് കഴുത്ത് സാധകം. ചുവടുവയ്പുകളും സ്ട്രെച്ചിങ്ങുകളും ചാടിമറിഞ്ഞുള്ള ചലനങ്ങളും കഴിയുമ്പോഴേക്കും വിയർത്തുകുളിക്കും. കാലറി ഒരുപാട് എരിഞ്ഞുതീരും.

തുടർന്ന് ഭേദാസ് പരിശീലിക്കുന്നു.

കണ്ണിന് സമം (നേരേ നോക്കുന്നത്), സാജി ( മുന്നിലുള്ള വസ്തുക്കളെ നോക്കി സാവധാനം വശത്തേക്ക് കണ്ണ് ചലിപ്പിക്കുന്നു), നിമീലിതം ( കണ്ണ് പാതി അടയ്ക്കുക). ശിരസ്സിനാണെങ്കിൽ സമം, ഉദ്വാഹിതം ...

എട്ടു മണിക്ക് പ്രാതൽ കഴിഞ്ഞാണ് നൃത്ത കളരി തുടങ്ങുന്നത്. മോഹിനിയാട്ടമാണ് പ്രധാനമായും പഠിപ്പിക്കുന്നത്. ഭരതനാട്യവും കുച്ചിപ്പുടിയും ഉപവിഷയങ്ങളാണ്. മോഹിനിയാട്ടം ലാസ്യപ്രധാനമാണ്. സാവധാനത്തിലുള്ള ചലനങ്ങളാണ് ഉള്ളത്. കുച്ചിപ്പുടിയിൽ ബാലൻസിങ്ങിന് പ്രാധാന്യമുണ്ട്. പെട്ടെന്നുള്ള ചുവടുവയ്പുകളും വട്ടത്തിലുള്ള ചലനങ്ങളുമൊക്കെ ധാരാളം. ഭരതനാട്യത്തിൽ മുദ്രകൾക്കും അഭിനയത്തിനും കൂടുതൽ പ്രാധാന്യമുണ്ട്. പന്ത്രണ്ടര വരെ നൃത്തക്ലാസ്സ് ഉണ്ടാകും. ഉച്ചകഴിഞ്ഞ് ഭാഷയും സാഹിതൃവും നൃത്തവിഷയങ്ങളും അടങ്ങുന്ന തിയറി ക്ലാസ്സുകൾ.

നൃത്ത പഠനത്തിനായി വിദേശികളും കലാമണ്ഡലത്തിൽ എത്താറുണ്ട്. ഇവർക്ക് കലാമണ്ഡലത്തിന് പുറത്തു താമസിച്ച് ദിവസം രണ്ടു–മൂന്നു മണിക്കൂർ നൃത്തം പരിശീലിക്കാം. 3–6 മാസം കോഴ്സുകളാണ് ഇവർക്കുള്ളത്. മെയ്യ‌്സാധകം പോലുള്ള കാര്യങ്ങളും ഇല്ല.

കുട്ടികൾക്ക് ഏഴ് വയസ്സൊക്കെ ആവുമ്പോഴേ നൃത്തം പരിശീലിപ്പിച്ചു തുടങ്ങാം.  കുട്ടികളെ നിർബന്ധിച്ച് മൂന്നു നാലു വയസ്സിൽ നൃത്തം പഠിപ്പിക്കേണ്ട  കാര്യമില്ല. ഏഴ് വയസ്സാകണം, കയ്യും കാലും ഉറയ്ക്കാൻ.

English Summary: Kerala Kalamandalam, Cheruthuruthy

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA