മൂന്നുമാസം മുൻപേ സ്വയംപ്രഖ്യാപിത ലോക്ഡൗണിലൂടെ വീട്ടിലൊതുങ്ങി സലിംകുമാർ; കാരണം

actor-salim-kumar-kochi-talk-show
SHARE

രാജ്യം ലോക്ഡൗണിലേക്കു നീങ്ങുന്നതിനു മൂന്നുമാസം മുൻപേ സ്വയംപ്രഖ്യാപിത ലോക്ഡൗണിലൂടെ വീട്ടിലൊതുങ്ങിയതാണു നടൻ സലിംകുമാർ. കാലിൽ മുറിവുണ്ടായതായിരുന്നു പ്രശ്നം. ഉണങ്ങിക്കിട്ടാൻ പൂർണ വിശ്രമം വേണ്ടി വന്നതോടെ സിനിമാ തിരക്കുകളെല്ലാം മാറ്റിവച്ചു സമ്പൂർണ വീട്ടുകാരനായി. അതൊരു ‘ട്രയൽ’ ആയെന്നു സലിംകുമാർ. 

വായനയും സിനിമ കാണലുമാണിപ്പോൾ ഹരങ്ങൾ. അതിനായി പുതുകാല വഴികളും ശീലിച്ചു. നെറ്റ്ഫ്ലിക്സിലൂടെയാണ് സിനിമ കാണൽ. പക്ഷേ, സ്വന്തം സിനിമകൾ കാണാറില്ല. വീട്ടിൽ ചെറിയൊരു ലൈബ്രറിയുണ്ടെങ്കിലും പുസ്തകങ്ങൾ ഓഡിയോ രൂപത്തിലാണിപ്പോൾ കേട്ടാസ്വാദിക്കുന്നത്. താൻ ജനിച്ച വർഷം എഴുതപ്പെട്ട ഒ.വി. വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ ശബ്ദ രൂപത്തിൽ വീണ്ടും ആസ്വദിച്ചതിന്റെ ഹരത്തിലാണിപ്പോൾ. ഏഴ് മണിക്കൂർ നീണ്ട ഒരു അക്ഷരവിനോദയാത്ര പോലെയായിരുന്നു അതെന്ന് സലികുമാർ. ലോക്ഡൗൺ കാലത്ത് പ്രമുഖരുമായി സംസാരിക്കാൻ അവസരം ഒരുക്കി മനോരമ സംഘടിപ്പിക്കുന്ന ടോക്‌ഷോയിൽ വടക്കൻ പറവൂരിലെ വീടായ ലാഫിങ് വില്ലയിലിരുന്നു പങ്കെടുത്ത സലിംകുമാർ പങ്കുവച്ചതും ഈ പ്രതിസന്ധി കാലത്തെ എങ്ങനെ രസകരമായി നേരിടാം എന്നാണ്.

കൊളസ്ട്രോൾ കൂടി

ആദ്യ വിളി സലിംകുമാറിന്റെ സഹപാഠിയായിരുന്ന ചെറായി സ്വദേശി രവിയുടെ അമ്മ സൗമിനി കണ്ണന്റേതായിരുന്നു. വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടെ സലിം ചിരിയോടെ പുതു വിശേഷം പറഞ്ഞു. ‘ഇന്നലെ കൊളസ്ട്രോൾ പരിശോധിച്ചു. 200 കടന്നു. വീട്ടിലിരുന്ന് ചുമ്മാ കഴിക്കുകല്ലേ’.  മൂവാറ്റുപുഴയിൽ നിന്നു വിളിച്ച ആന്റണി പോയിക്കരയ്ക്ക് പിണറായി സർക്കാരിന്റെ രോഗപ്രതിരോധ-ദുരിതാശ്വാസ പ്രവർത്തനങ്ങളെക്കുറിച്ച് എത്ര പറഞ്ഞിട്ടും മതിയായില്ല. ലോക്ഡൗൺ മാറ്റിയാലും പൊതുഗതാഗതം അനുവദിക്കരുതെന്ന അഭിപ്രായം പങ്കുവച്ചപ്പോൾ സലിം കുമാർ പറഞ്ഞു. ‘എന്താണു ചെയ്യേണ്ടതെന്നു സർക്കാരിനറിയാം. അവർ പറയുന്നത് കൃത്യമായി അനുസരിക്കുക എന്നതാണ് നമ്മുടെ കടമ’

നടാം, ചെടി

എഴുപുന്നയിലെ അജിത ബാബുവിനോട് കൃഷിയെക്കുറിച്ചായി വിശേഷം. നാല് സെന്റ് സ്ഥലത്ത് വീടു കഴിഞ്ഞാൽ കുറച്ചു മുറ്റമേയുള്ളൂവെന്നു പറഞ്ഞ അജിതയോട് സലിംകുമാർ പറഞ്ഞു. ‘ഉള്ള സ്ഥലത്ത് പച്ചക്കറിയുടെ ഒരു തടയെങ്കിലും നടണം. ഇല്ലെങ്കിൽ ഇതുപോലൊരു പ്രതിസന്ധിക്കാലത്തു നമ്മൾ പലരുടേയും മുന്നിൽ തോറ്റുപോകും. കർണാടക നമ്മുടെ വഴിയടച്ചതു കണ്ടില്ലേ. അതൊക്കെ നേരിടണമെങ്കിൽ നമ്മൾ സ്വയംപര്യപ്തരാവണം’. അപ്പൻ മാത്രം കൃഷിപ്പണി ചെയ്തിരുന്നിടത്ത് ഇപ്പോൾ വീട്ടിലെല്ലാവർക്കും പണിയാണെന്നു പറഞ്ഞു പുത്തൻകുരിശുകാരൻ ആനന്ദ് ജിയോയോടും അദ്ദേഹം കൃഷിയുടെ ഹരത്തെക്കുറിച്ചാണു പറഞ്ഞത്. ‘അപ്പനെ കൃഷിയിൽ സഹായിക്കാൻ മടിക്കേണ്ട. അപ്പോഴാണ് ആ മഹത്വം മനസിലാവുക. ഞാൻ കുറേ ജയിലുകൾ സന്ദർശിച്ചിട്ടുണ്ട്. അവിടെ ജയിൽപ്പുള്ളികളായി പല ജോലി ചെയ്തിരുന്നവർ ഉണ്ടെങ്കിലും ഒരു കൃഷിക്കാരനെയും കണ്ടിട്ടില്ല. കർഷകനു നല്ലതു ചെയ്യാനേ കഴിയൂ. ഞാൻ ഏറ്റവും ബഹുമാനിക്കുന്നതു കർഷകരെയാണ്. ഞാനും ഒരു കർഷകനാണ്’.

ഭാര്യക്കാണു പണി

പെരുമ്പാവൂരിൽ നിന്നുള്ള എം.എ.മിനിക്കൊരു സംശയം; ‘സലിം കുമാറിന്റെ ഭാര്യയ്ക്കു ജോലിയുണ്ടോ?’ ‘ഭാര്യയ്ക്കു ജോലിയേയുള്ളൂ. വീട്ടിലെ കാര്യങ്ങളെല്ലാം നോക്കുന്നത് അവളാണ്. നിന്നു തിരിയാൻ സമയമില്ല’. പെരുമ്പാവൂർ വല്ലത്തെ ഫാഖിമ സിദ്ദീഖ് എന്ന 10-ാം ക്ലാസുകാരി പഠന വിശേഷങ്ങൾ പങ്കുവച്ചു. ഇനി ശേഷിക്കുന്ന 3 പരീക്ഷകൾക്കു കൂടി മികച്ച മാർക്ക് വാങ്ങാൻ ഈ ലോക്ഡൗൺ കാലം ഒരു അവസരമാക്കണമെന്നും അങ്ങനെ വേണം എല്ലാ ദുർഘട അവസ്ഥകളെയും നേരിടേണ്ടതെന്നും സലിംകുമാർ ചൂണ്ടിക്കാട്ടി. വീട്ടിലിരുപ്പ് ജയിലിൽ കിടപ്പുപോലെയായി എന്ന നിരാശ പങ്കുവച്ച പൊന്നാരിമംഗലം സ്വദേശി സജി സി.ജോർജിനെ അദ്ദേഹം തിരുത്തി. 

‘എനിക്കങ്ങനെ തോന്നുന്നില്ല. ഇതും ആസ്വദിക്കാം. ലോകം മുഴുവൻ ഇതു തന്നെയല്ലേ അവസ്ഥ. നിരാശ വേണ്ട’. കുമ്പളത്തെ റിട്ട.സർക്കാരുദ്യോഗസ്ഥനായ എം.എ.ഹബീബിനോടു സലിം പറഞ്ഞു. ‘ഇത്രയേറെ അസാധാരണ പ്രതിസന്ധികളെ നേരിട്ട നമ്മുടെ തലമുറ ഒരു തരത്തിൽ ഭാഗ്യവാൻമാരാണ്. ജീവിതത്തിൽ നല്ല കാര്യങ്ങൾ മാത്രം കണ്ടാൽ പോരല്ലോ’. സിനിമ വിശേഷങ്ങളായിരുന്നു ചേർത്തല സ്വദേശി അനിൽ കുമാറിന് അറിയേണ്ടത്. ‘സിനിമയൊന്നും ഉടനുണ്ടാവില്ല. പ്രതിസന്ധിയൊക്കെ മാറി എല്ലാവരുടെയും കയ്യിൽ പണം വന്നാലെ സിനിമക്കാർക്കു വീണ്ടും ജോലിയും വരുമാനവും ഉണ്ടാവൂ’ 

 ഉയർത്തെഴുന്നേൽപ്പുണ്ടാവും

പഴമക്കാൻ പ്രകൃതിയെ ആരാധിച്ചതിന്റെ പൊരുളിനെക്കുറിച്ചായി മൂവാറ്റുപുഴ തൃക്കളത്തൂരിലെ സുഭാഷ് നാരായണനുമായുള്ള സംസാരം. എത്ര തിരക്കായാലും കഴിയാവുന്നിടത്തോളം വീട്ടിൽ എത്തി ഭക്ഷണം കഴിക്കുന്നതു ശീലമാക്കിയ തനിക്ക് ഈ ലോക്ഡൗൺ കാലത്തെ വീട്ടിലിരിപ്പിലും പുതുമയൊന്നുമില്ലെന്ന് കാക്കനാട് ഐടി മേഖലയിൽ ജോലി ചെയ്യുന്ന ദേവി കൃഷ്ണയോടു സലിം വ്യക്തമാക്കി. ദുഃഖവെള്ളിയിൽ കയ്പ് രുചിക്കുന്ന ഭക്ഷണത്തിനായി പാവയ്ക്ക അരിയുന്നതിനിടെ വിളിച്ച ഫോർട്ട് കൊച്ചി വെളിയിലെ പി.എ.നെൽസണോനും ഭാര്യയോടും സലിം പറഞ്ഞു. ‘കുറേക്കാലമായി ആളുകൾക്കെല്ലാം ദുഃഖവെള്ളിയാണ്. പക്ഷേ, പ്രത്യാശ കൈവിടേണ്ട. മൂന്നാം നാൾ ഉയർത്തെഴുന്നേൽപ്പ് ഉണ്ടാവും. തീർച്ച’.

English Summary: Actor Salim kumar about his Lock down activities

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA