കോവിഡ് കാലത്ത് ഉപകാരമായ അച്ഛന്റെ 'വൃത്തിഭ്രാന്ത്' ; മകളുടെ കുറിപ്പ്

indu
SHARE

‌കോവിഡ് നമുക്ക് പകർന്നു തന്നത് പുതിയൊരു അധ്യായമാണ്. കൈകൾ വ‍‍‍‍ൃത്തിയായി കഴുകേണ്ടതിന്റെയും സാമൂഹിക അകലം പാലിക്കേണ്ടതിന്റെയും തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ശ്രദ്ധിക്കേണ്ടതിന്റെയും മാസ്ക് ഉപയോഗത്തിന്റെയുമൊക്കെ പുതിയ പാഠങ്ങൾ. എന്നാൽ ഈ കരുതലുകളില്‍ പലതിനെയും ജീവിതത്തിലുടനീളം പകര്‍ത്തിയ ഒരച്ഛനെപ്പറ്റി മകളുടെ കുറിപ്പാണ് ഇപ്പോൾ വൈറൽ. ഫെയ്സ്ബുക്കില്‍ ഇന്ദു എന്ന യുവതിയാണ് കുറിപ്പ് പങ്കുവച്ചത്. ആദ്യം വൃത്തിഭ്രാന്തെന്ന് മുദ്രകുത്തി ചിരിച്ചുതള്ളിയ പലതിനും ഈ കാലത്ത് എത്ര പ്രാധാന്യമുണ്ടെന്ന് പറയുകയാണ് കുറിപ്പിലൂടെ.

കുറിപ്പ് വായിക്കാം: OCD നല്ലതിന് - പാർട്ട് 1

എന്താണീ OCD എന്നു ചിന്തിയ്ക്കുന്നവർക്കു വേണ്ടി - Obsessive Compulsive Disorder അഥവാ OCD എന്നു വെച്ചാൽ അമിതമായുള്ള വൃത്തിഭ്രാന്ത് എന്നു മാത്രം തൽക്കാലം ലളിതമായി പറയാം(മൂപ്പർ ഇതിൽ മാത്രം ഒതുങ്ങുന്നതല്ല).

എന്റെ വീട്ടിലും ഒരു OCDക്കാരനുണ്ട് - അച്ഛൻ!

അതിനാൽത്തന്നെ ഈ കൊറോണക്കാലത്ത് നമ്മളോട് ചെയ്യാൻ പറയുന്ന പല കാര്യങ്ങളും അമ്മയും ഞാനും അനിയത്തിയും വർഷങ്ങളായി വീട്ടിൽ കണ്ടുവരുന്നവ തന്നെയാണ്. അതിൽ ചില OCD കാഴ്ചകൾ താഴെ.

1. പണം തൊട്ടാൽ ഉടൻ കൈകൾ കഴുകുക എന്നത് വീട്ടിലെ അലിഖിത നിയമമായിരുന്നു. പലരാലും കൈമാറ്റപ്പെടുന്നതിനാൽ ഏറ്റവും വലിയ അണുവാഹകരാണ് പണം എന്ന വിശ്വാസമാണ് കാരണം. കൈകാര്യം ചെയ്യാൻ അധികം ഇല്ലാതിരുന്നതിനാൽ ഈ നിയമം പാലിയ്ക്കൽ ഞങ്ങൾക്ക് എളുപ്പമായിരുന്നു.

2.  രണ്ടുനേരം നിർബന്ധമായും കുളിയ്ക്കുന്ന അച്ഛന്, ഞങ്ങളും അങ്ങനെയൊക്കെ ചെയ്യണമെന്നാഗ്രഹമുണ്ടായിരുന്നു. കിടക്കുന്നതിനു മുൻപ് കാൽ കഴുകിയെന്നു പറയുന്നത് ശരിയാണോ എന്നറിയാൻ ഞങ്ങൾ കിടന്നതിനു ശേഷം കാലിന്റെ അടി പരിശോധിച്ചിരുന്നു. ഇതു മണത്തറിഞ്ഞ ഞങ്ങൾ കാലുകൾ പുതപ്പിനുള്ളിലൊളിപ്പിയ്ക്കാൻ പിന്നീട് പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

3. തണ്ണിമത്തൻ വാങ്ങിയാൽ ആദ്യം അതിന്റെ പുറംഭാഗം മുഴുവൻ സോപ്പിട്ടു കഴുകിയതിനു ശേഷം മാത്രമേ മുറിച്ച് ഉപയോഗിക്കൂ.

വാഴപ്പഴം കഴുകിത്തുടച്ച്, കഴിയ്ക്കുന്നതിനനുസരിച്ച് മാത്രം ഉരിയ്ക്കുക. അല്ലാതെ മുഴുവനായി തൊലിച്ച് കയ്യിൽ പിടിച്ച് കഴിയ്ക്കരുത്.

4. ചൂടുവെള്ളം, ഉപ്പ്, മഞ്ഞൾപ്പൊടി, വിനാഗിരി, സോപ്പുലായനി തുടങ്ങിയ വൈവിധ്യമാർന്ന ഒരു ആയുധ ശേഖരം അച്ഛന്റെ പക്കലുണ്ട്. കൊണ്ടുവരുന്ന പഴം/പച്ചക്കറിയുടെ ശരീരപ്രകൃതിയനുസരിച്ച് ഇതിൽ ഒന്നോ രണ്ടോ എടുത്ത് പ്രയോഗിയ്ക്കും. ശേഷം മാത്രം ഉപയോഗം.

5. കടുക്, ജീരകം, ഉലുവ തുടങ്ങിയവയുടെയും അവസ്ഥ ഇതു തന്നെ. എല്ലാവൻമാരെയും കഴുകി, അരിച്ച് ഉണക്കിയെടുത്ത് കുപ്പിയിലാക്കും.

6. പേരക്കുട്ടി വീട്ടിലുള്ളപ്പോൾ മരുന്നെന്തെങ്കിലും കൊടുക്കാനുണ്ടെങ്കിൽ ആ പണി മുത്തശ്ശൻ ഏറ്റെടുക്കും. കൈകളും സ്പൂണുമൊന്നും അണുവിമുക്തമാക്കുന്ന കാര്യത്തിൽ ഞങ്ങളെ അത്രയ്ക്കങ്ങട് വിശ്വാസം ല്ല്യ. കുട്ടിയുടെ ടെക്നിക്കൽ മദർ ആയ എന്നെപ്പോലും.

7. ലെയ്സ്, ബിംഗോ പോലുള്ള സാധനങ്ങൾ കുട്ടിയ്ക്ക് കൊടുക്കരുതെന്ന് എനിയ്ക്ക് കർശന താക്കീത് തരുമെങ്കിലും പേരയ്ക്കയോടുള്ള വാത്സല്യത്തിന് വഴിപ്പെട്ട് ഇടയ്ക്ക് ഇവയേതെങ്കിലും വാങ്ങിക്കൊണ്ടുവരും. ആദ്യമൊക്കെ ഇതുകണ്ട് തുള്ളിച്ചാടി പോയിരുന്ന അവൾ പതിയെ പഠിച്ചത് കാത്തിരിപ്പിന്റെ ബാലപാഠങ്ങളായിരുന്നു.

പാക്കറ്റിന്റെ പുറംഭാഗം ആദ്യം സോപ്പിട്ടു കഴുകിത്തുടയ്ക്കും. പിന്നീട് അമ്മ കഴുകി വച്ചിരിയ്ക്കുന്ന ഒരു പാത്രമെടുത്ത് വീണ്ടും കഴുകിത്തുടയ്ക്കും. ശേഷം കവർ തുറന്ന് ഉള്ളിലുള്ള സാധനം പാത്രത്തിലേയ്ക്ക് പകരും. ഇതിനിടയിൽ അവളുടെ കൈയും കഴുകിപ്പിയ്ക്കും.

മീൻതലയ്ക്കു വേണ്ടി അക്ഷമയോടെ കാത്തിരിയ്ക്കുന്ന ഒരു പൂച്ചക്കുട്ടിയുടെ ഭാവമായിരിക്കും ഈ പരിപാടികളിലുടനീളം അവളുടെ മുഖത്ത്.

ലോക്ഡൗണായി വീട്ടിലിരിപ്പായതിനാൽ അടിച്ചുവാരൽ, കുട്ടി ഇരിക്കാനും പിടിക്കാനും സാധ്യതയുള്ള എല്ലാ സ്ഥലങ്ങളും ഡെറ്റോളിട്ടു തുടയ്ക്കൽ, എല്ലാ ദിവസവും അവളുടെ ബെഡ്ഷീറ്റ് മാറ്റൽ തുടങ്ങിയ പണികളും മുത്തശ്ശി ഏറ്റെടുത്തിട്ടുണ്ട്.

കുറച്ചു മാസങ്ങൾ മുൻപു വരെ OCD ഉള്ളവരെ അല്പം പരിഹാസത്തോടും സഹതാപത്തോടും കൂടിയാണ് സ്വന്തം വീട്ടുകാർ പോലും നോക്കിക്കണ്ടിരുന്നത്. എന്നാൽ കാലം മാറി, കഥ മാറി. ഇതിപ്പോൾ അവരുടെ സമയമാണ്. അവരെപ്പോലെയാവാനാണ് എല്ലാവരും ശ്രമിക്കുന്നത്.

ഇതിനിടയിൽ സംഭവിക്കാറുള്ള ചില ചില്ലറ അബദ്ധങ്ങൾ പറഞ്ഞില്ലെങ്കിൽ ഇതെങ്ങനെ പൂർണമാവും. 

വിഷുവിന് വാങ്ങിയ സാധനങ്ങൾ കഴുകുന്ന കൂട്ടത്തിൽ, കിട്ടിയ പപ്പട പാക്കറ്റിനെയും വെറുതെ വിട്ടില്ല. വെള്ളം കിനിഞ്ഞിറങ്ങി നനഞ്ഞു പോയ പപ്പടം വെയിലത്തിട്ട് ഉണക്കിയെടുത്താണ് കാച്ചിയത്.

എനിക്കും പറ്റി ട്ടോ ഇതു പോലൊരബദ്ധം.

ഏകാദശി നോറ്റ കാക്കയെ കോപ്പിയടിച്ച കാക്കയെ മനസ്സിൽ ധ്യാനിച്ച് അച്ഛനെപ്പോലെ ഒരു വൃത്തിക്കാരിയാവാൻ തീരുമാനിച്ചുറച്ച് സൂപ്പർ മാർക്കറ്റിൽ നിന്നും കൊണ്ടുവന്ന സാധനങ്ങൾ എല്ലാം കഴുകാനിട്ടു. കൂട്ടത്തിലുണ്ടായിരുന്ന പഞ്ചസാര പാക്കറ്റിനെയും നിർദാക്ഷിണ്യം കുളിപ്പിച്ചെടുത്തു. വെള്ളമിറങ്ങി കട്ട പിടിച്ചു പോയ ആ പഞ്ചസാര എന്നു തീരുമോ ആവോ!

NB: OCD എന്നത് അമിത വൃത്തിയിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന് അറിയാമായിരുന്നെങ്കിലും, മുകളിലെഴുതിയിട്ടുള്ള കാര്യങ്ങൾക്ക് Obsessive Compulsive Personality എന്നാണ്  അനുയോജ്യമായ വാക്ക് എന്നത് പുതിയ അറിവാണ്. Thank you Jithin T Joseph.

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA