ലോക്ഡൗണിനിടയിൽ വെളിവായ ആ സത്യം; കാരശ്ശേരി പറയുന്നു

karasesery
എം.എൻ.കാരശ്ശേരി മലയാള മനോരമ വായനയിൽ
SHARE

ഞാൻ ഓട്ടക്കാരനാണ്-പ്രസംഗങ്ങൾ, പൗരാവകാശ സമരങ്ങൾ, ചാനൽ ചർച്ചകൾ, അങ്ങനെയങ്ങനെ...വിശ്രമമില്ല. വീട്ടിലടങ്ങുന്ന ജാതിയല്ല. അതിനിടയിലാണു കൊറോണക്കാലം വീണു കിട്ടിയത്. ഒരു ബദ്ധപ്പാടുമില്ല. എങ്ങും പോകാനില്ല; ആരും വരാനില്ല. വേണ്ടത്ര ഉറങ്ങാം. നേരു പറഞ്ഞാൽ ‘വീട്ടുതടങ്കലി’നെപ്പറ്റി ആദ്യമൊക്കെ സന്തോഷമായിരുന്നു. പിന്നെപ്പിന്നെയാണ് ഇത് ഉടനെയെങ്ങും തീരുന്ന ഇനമല്ല എന്നു വെളിവുണ്ടായത്.

കുഴപ്പമില്ല; ഞാൻ വിസ്തരിച്ചു ദിനപത്രങ്ങൾ വായിക്കുന്നു; യുട്യൂബിൽ ഇഷ്ടപ്പെട്ട കവിതകളും പഴയ സിനിമാപ്പാട്ടുകളും കേൾക്കുന്നു; സുഹൃത്തുക്കളോടും പരിചയക്കാരോടും ഫോണിൽ വിശാലമായി സംസാരിക്കുന്നു; ഫെയ്സ്ബുക്കിലും വാട്സാപ്പിലും സ്കൈപ്പിലും സൂമിലും പ്രസംഗിക്കുന്നു..... തിരക്കിനു കുറവില്ല !

ഇതിനിടയിലാണ് എനിക്ക് ഒരു സത്യം വെളിവായത് -അത്യാവശ്യം വായിച്ചിരിക്കേണ്ട പല പുസ്തകങ്ങളും വാങ്ങി വെച്ചിട്ടേയുള്ളൂ, വായിച്ചിട്ടില്ല. വലിയൊരു പുസ്തകം തിരഞ്ഞെടുത്തു വായിച്ചുതീർക്കാം എന്നു നിശ്ചയിച്ചു. അങ്ങനെ ഞാൻ തിരഞ്ഞെടുത്തതു വാല്മീകി രാമായണമാണ്. സംസ്‌കൃത മൂലത്തോടൊപ്പം എം ലീലാവതി ടീച്ചറുടെ ഗദ്യ പരിഭാഷയും വ്യാഖ്യാനവും ഉള്ള പതിപ്പ്. മൂന്നു വാല്യങ്ങളിൽ 3500 പേജ്.

കൊറോണക്കാലത്തെ എന്റെ പ്രധാനപ്പെട്ട പണി അതു വായിക്കുകയാണ്. ദിവസവും പുലർച്ചെ രണ്ടുമൂന്നു മണിക്കൂർ. ടീച്ചറുടെ ഗദ്യം നല്ലപോലെ തെളിഞ്ഞിട്ടുണ്ട്. വിവർത്തകയുടെ നിരീക്ഷണവും നിരൂപണവും പരിഭാഷയ്ക്കിടയിൽ തന്നെ കാണാം. അവർ വള്ളത്തോളിന്റെ പരിഭാഷയെയോ കുട്ടികൃഷ്ണ മാരാരുടെ വിമർശനത്തെയോ മറ്റുള്ളവർ സ്വീകരിച്ച പാഠത്തെയോ ചുരുക്കം വാക്കുകളിൽ വിമർശിക്കുന്നതു പല ഉൾകാഴ്ചകളും നൽകും. അത്യാവശ്യമെന്നു തോന്നുന്നതൊക്കെ ഞാൻ കുറിച്ചെടുക്കുന്നുണ്ട്.

ലീലാവതി ടീച്ചറോളം ജ്ഞാനതപസ്സ് അനുഷ്ഠിച്ച മറ്റൊരു വനിതയും കേരളീയ ചരിത്രത്തിൽ ഇല്ല എന്നാണ് എന്റെ ബോധ്യം. വേദം, ഉപനിഷത്ത്, പുരാണം, ഇതിഹാസം മുതലായവയിലെല്ലാം കടന്നുവരുന്ന സ്ത്രീകളെ പരിചയപ്പെടുത്തുന്ന ടീച്ചറുടെ 'ഭാരതസ്ത്രീ' എന്ന വിജ്ഞാനകോശം മാത്രം മതി ഇപ്പറഞ്ഞതിനു സാക്ഷി നിൽക്കാൻ. 

ലീലാവതിടീച്ചർ മാതൃഭാഷയ്ക്കു നൽകിയ മികച്ച സംഭാവനകളിലൊന്നാണു വാല്മീകി രാമായണം പരിഭാഷ. എന്റെ കൊറോണക്കാലം ധന്യമാക്കുന്ന ആ എഴുത്തുകാരിക്കു നമസ്കാരം !

English Summary: M. N Karassery's lock down days

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA