ADVERTISEMENT

അയ്യോ, സൈക്കോളജിസ്റ്റിനെ കാണാൻ പോയാൽ മറ്റുള്ളവർ എന്തു പറയും? പലരുടെയും ചിന്തയാണിത്. മനസ്സിന് എന്തോ പ്രശ്നമുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും പേടിയും ഈഗോയും കാരണം അതിനു പരിഹാരം കാണാൻ തയാറാകാത്തവരോട് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. സൈലേഷ്യയ്ക്ക് ചിലതു പറയാനുണ്ട്. അപ്രതീക്ഷിത ലോക്ഡൗണിൽ ആളുകൾ ഏറ്റവും കൂടുതലായി അഭിമുഖീകരിക്കുന്ന ചില പ്രശ്നങ്ങളെപ്പറ്റി, ഓൺലൈൻ സൈക്കോതെറാപ്പിയെപ്പറ്റി, ഓൺലൈൻ കൺസൽറ്റേഷന്റെ മേന്മകളെയും പോരായ്മകളെയും പറ്റി ഡോ. സൈലേഷ്യ സംസാരിക്കുന്നു...

ലോക്ഡൗൺ ഡേയ്സ് സൈക്കോതെറാപ്പി ഇങ്ങനെ

ആദ്യ ഘട്ടത്തിൽ നമ്മളും ലോക്ഡൗണുമായി പൊരുത്തപ്പെടാൻ സമയമെടുത്തു. അതുകൊണ്ടുതന്നെ ഓൺലൈൻ സെഷൻസ് തുടങ്ങിയതുമില്ല. ലോക്ഡൗൺ പ്രഖ്യാപിച്ച് 21 ദിവസത്തിനുശേഷം, ആവശ്യ സർവീസുകളൊക്കെ പ്രവർത്തിച്ചു തുടങ്ങാമെന്ന് സർക്കാരിന്റെ അനുവാദം കിട്ടിയതിനുശേഷമാണ് ഓൺലൈൻ കൗൺസിലിങ് തെറാപ്പിയെക്കുറിച്ച് ആലോചിച്ചു തുടങ്ങിയത്.  മറ്റു സംസ്ഥാനങ്ങളിൽ നിന്നും ജില്ലകളിൽ നിന്നുമൊക്കെ വരുന്ന ക്ലയന്റ്സ് ഉണ്ടായിരുന്നു. അവരിൽ പലരുടെയും ട്രീറ്റ്മെന്റ്, അതിന്റെ ഫോളോഅപ് ഒക്കെ മുടങ്ങിയ സാഹചര്യത്തിലാണ് ഓൺലൈൻ കൗൺസിലിങ് ചെയ്യാമെന്ന് വിചാരിച്ചത്. ഇതിനു മുൻപ് പലരും അങ്ങനെയൊരു രീതി വേണമെന്നു പറഞ്ഞിരുന്നെങ്കിലും നേരിട്ടു ചെയ്യുന്നത്ര ഫലപ്രദമാകുമോ ഓൺലൈൻ സെഷൻ എന്ന ആശങ്കയുണ്ടായിരുന്നതിനാൽ അതിനു ശ്രമിച്ചില്ല. പക്ഷേ ഇപ്പോൾ ക്ലയന്റ്സിന്റെ ട്രീറ്റ്മെന്റും അതിന്റെ ഫോളോഅപ്പും മുടങ്ങാതിരിക്കാണ് ഓൺലൈൻ സെഷൻസ് തുടങ്ങിയത്.

മാനസിക പ്രശ്നങ്ങൾ: ലോക്ഡൗണിന് മുൻപും ശേഷവും

ലോക്ഡൗണിനു ശേഷം വിളിക്കുന്നവരിൽ കൂടുതൽപേരും പങ്കുവയ്ക്കുന്നത് അമിത ആകാംക്ഷയെക്കുറിച്ചും വിഷാദത്തെക്കുറിച്ചുമുള്ള ആശങ്കകളാണ്. ഇപ്പോഴത്തെ സാഹചര്യങ്ങൾകൊണ്ടുള്ള മാനസിക വിഷമങ്ങളും പ്രതീക്ഷയില്ലായ്മയും പ്രചോദനമില്ലായ്മയുമൊക്കയാണ് പലരെയും അലട്ടുന്നത്.

ഓൺലൈൻ സൈക്കോതെറാപ്പി- മേന്മകളും പോരായ്മകളും

ഓൺലൈൻ കൗൺസിലിങ്ങിന്റെ ഏറ്റവും പ്രധാനപ്പെട്ട മെച്ചം, വളരെ സൗകര്യപ്രദമായ ഒരു മാർഗമാണിത് എന്നതാണ്. മനസ്സിന് എന്തെങ്കിലും വിഷമമുള്ള സമയത്ത് നമ്മളൊട്ടും മോട്ടിവേറ്റഡ് അഥവാ പ്രേരണയുള്ളവർ ആയിരിക്കില്ല.  ഒന്നും ചെയ്യാൻ കഴിയാത്ത  ഇക്കാലം കടുത്ത മടുപ്പിന്റേതായിരിക്കും. ഇതിനെ പലപ്പോഴും മടിയായി ചുറ്റുമുള്ളവർ തെറ്റിദ്ധരിക്കാറുണ്ട്. മനസ്സിന് ഒരു പ്രേരണ ഉണ്ടാവുക എന്നതാണ് കാര്യം. അതുണ്ടെങ്കിൽ മാത്രമേ ഒരു ഡോക്ടറെ കാണാൻ തയാറെടുക്കാനും അതിനായി ഇറങ്ങിപ്പുറപ്പെടാനുമൊക്കെ കഴിയൂ. അതിനു കഴിയാത്തതുകൊണ്ടു മാത്രം പലർക്കും ട്രീറ്റ്മെന്റ് ലഭിക്കാതെ പോവുകയോ വൈകുകയോ ചെയ്യുന്നുണ്ട്. അത്തരക്കാരെ സംബന്ധിച്ച് ഓൺലൈൻ സെഷൻസ് വളരെ സൗകര്യപ്രദമാണ്. ഏറ്റവും കംഫർട്ടബിളായ ഒരു സ്ഥലത്തിരുന്ന് ഈ സൗകര്യം അവർക്ക് പ്രയോജനപ്പെടുത്താൻ പറ്റും. നമ്മുടെ മടുപ്പിന്, അല്ലെങ്കിൽ പ്രേരണക്കുറവിനു തന്നെ പരിഹാരമാണ് ഇത്തരം ഓൺലൈൻ സെഷൻസ്.

ആരെങ്കിലും കാണുമോ എന്ന ആശങ്ക വേണ്ട

കാലമേറെ മാറിയെങ്കിലും മാനസിക പ്രശ്നങ്ങൾക്ക് ചികിൽസ തേടുമ്പോൾ മറ്റുള്ളവർ കാണുമോ എന്നൊക്കെയുള്ള ആശങ്ക ഇന്നും പലർക്കുമുണ്ടാകും. ഓൺലൈൻ സെഷനുകളിൽ അതു പൂർണമായും ഒഴിവാക്കാം. ഇതു നൽകുന്ന സ്വകാര്യത വളരെ വലുതാണ്. തെറാപ്പിസ്റ്റിന്റെയും ക്ലയന്റിന്റെയും മാത്രം സാന്നിധ്യമേ അവിടെയുണ്ടാകൂ. മറ്റുള്ളവർ അറിയുമെന്ന ആശങ്ക വേണ്ട. 

ആകാംക്ഷയുള്ളവർ, ആൾക്കൂട്ടത്തെ അഭിമുഖീകരിക്കാൻ പ്രശ്നമുള്ളവർ, പുറത്തിറങ്ങാൻ ഫോബിയ ഉള്ളവർ, അഗോറ ഫോബിയ എന്ന അവസ്ഥയുള്ളവർ, അമിത ആകാംക്ഷയുള്ള  ആൾക്കാർ തുടങ്ങിയവർക്ക് ചികിത്സ തുടങ്ങാനുള്ള ആദ്യ പടിയാണ് ഇത്തരം ഓൺലൈൻ സെഷൻസ്. ഈ സെഷൻസിലൂടെ, കംഫർട്ടബിളായി എന്നു തോന്നുന്ന സമയത്ത് അവർ പുറത്തിറങ്ങിത്തുടങ്ങും. അങ്ങനെ തന്നെ അവർക്ക് ട്രീറ്റ്മെന്റ് പൂർത്തിയാക്കുകയോ തെറാപ്പിയിലേക്കുള്ള ഒരു പ്രാഥമിക ഘട്ടമായി ഈ മെതേഡിനെ ഉപയോഗിക്കുകയോ ചെയ്യാം. 

ദൂരം തടസ്സമാവില്ല

ചികിൽസ തേടുന്നയാൾക്കും ചികിൽസകനുമിടയിലെ ദൂരം മാനസികാരോഗ്യ ചികിൽസയ്ക്ക് തടസ്സമല്ലാതായി. ജോലിയിൽനിന്ന് അവധിയെടുക്കാതെ, യാത്ര ചെയ്യാതെ നമുക്ക് സൗകര്യപ്രദമായ സമയത്ത് സേവനം ലഭിക്കും. ഹർത്താൽ, കാലാവസ്ഥാ പ്രശ്നങ്ങൾ, ലീവ് കിട്ടാതിരിക്കുക തുടങ്ങിയ അപ്രതീക്ഷിത കാരണങ്ങളാൽ ചികിൽസയ്ക്കു തടസ്സം നേരിടുന്നവർക്ക് ഓൺലൈൻ സെഷൻസിലൂടെ അത്തരം പ്രശ്നങ്ങളൊഴിവാകും.

കാത്തിരുന്നു മുഷിയണ്ടാ

കാത്തിരുന്നു മുഷിയണ്ട എന്ന വലിയൊരു പ്രയോജനം ഓൺലൈൻ സെഷൻസിൽ ക്ലയന്റ്സിനുണ്ട്. ഓൺലൈൻ സെഷൻസ് അറ്റൻഡ് ചെയ്ത പലരും അത് കൃത്യമായി തുടരുന്നുണ്ട്. കാത്തിരിക്കാതെ സമയം ലാഭിക്കാം എന്നത് അവർക്ക് ഏറെ ആശ്വാസം നൽകുന്നുണ്ട്. അടുത്ത സെഷൻ എപ്പോഴാണെന്ന് അന്വേഷിച്ച് സമയം ഫിക്സ് ചെയ്യുന്നു, അതു കൃത്യമായി മാർക്ക് ചെയ്ത് ഓർക്കുന്നു, കൃത്യസമയത്ത് വിളിച്ച് സെഷൻസ് ഉണ്ടാകുമെന്ന് ഉറപ്പു വരുത്തുന്നു. ഏറ്റവും പ്രധാന കാര്യം ലോകത്തെവിടെ നിന്നും ഇത്തരം സൈക്കോതെറാപ്പി സെഷൻസ് ഫലപ്രദമായി ഉപയോഗിക്കാമെന്നതാണ്.

യാത്രചെയ്യാൻ ബുദ്ധിമുട്ടുള്ളവർ, കിടപ്പുരോഗികൾ, ഗുരുതര രോഗത്തിന് ചികിൽസയിലിരിക്കുന്നവർ തുടങ്ങിയവർക്കും ഇത്തരം സെഷൻസ് വളരെ പ്രയോജനപ്രദമാണ്. കുട്ടികളുടെ കാര്യത്തിൽ, ഓൺലൈൻ സെഷനിൽ അവർ എത്രത്തോളം സഹകരിക്കുമെന്ന് എനിക്ക് ആശങ്കയുണ്ടായിരുന്നു. പക്ഷേ സ്വന്തം വീട്ടിൽ അമ്മയുടെ അടുത്തൊക്കെ ഇരുന്നാണ് ഇതിൽ പങ്കെടുക്കുന്നത് എന്നതുകൊണ്ട് അവർ നന്നായി സഹകരിക്കുന്നുണ്ട്. നേരിട്ടുള്ള സെഷൻസിൽ ഒന്നിണങ്ങി വരാൻതന്നെ ഒന്നു രണ്ടു സെഷനുകളെങ്കിലും വേണ്ടി വരുന്നിടത്താണ് ഈ മാറ്റം.

ഇതിനുമുണ്ട് പോരായ്മകൾ

ചിലർക്ക് ഐക്യു ടെസ്റ്റ് പോലെയുള്ള ചില പരിശോധനകൾ വേണ്ടി വരും. പല ടെസ്റ്റുകളും ഓൺലൈനിൽത്തന്നെ ചെയ്യാം. പക്ഷേ ചില ടെസ്റ്റുകൾ ശാസ്ത്രീയമായി, സമയക്രമം പാലിച്ചു ചെയ്യേണ്ടതാണ്. അവ ഓൺലൈൻ വഴി പറ്റില്ല. വളരെ ഗുരുതരമായ മാനസിക പ്രശ്നങ്ങളുള്ളവർക്കും ഇത് പ്രയോജനപ്രദമല്ല. അങ്ങനെയുള്ളവരെ ക്ലോസ് ആയി നിരീക്ഷിച്ച് ചിലപ്പോൾ കിടത്തി ചികിൽസയോ മരുന്നു ചികിൽസയോ ഒക്കെ ചെയ്യേണ്ടിവരും. അത്തരം സാഹചര്യത്തിൽ ഓൺലൈൻ ചികിൽസ അപര്യാപ്തമാണ്. അങ്ങനെയുള്ളവർ നേരിട്ടുള്ള ചികിൽസ സ്വീകരിക്കുന്നതാണ് നല്ലത്. 

പക്ഷേ 70 ശതമാനത്തോളം മാനസിക പ്രശ്നങ്ങൾക്കും ഓൺലൈൻ ചികിൽസ മതിയാകുമെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ആകാംക്ഷ പോലെയുള്ള പ്രശ്നങ്ങളുടെ തോതളക്കുന്ന ടെസ്റ്റൊക്കെ ഓൺലൈനിൽ ചെയ്യാം. പക്ഷേ റിപ്പോർട്ട് അല്ലെങ്കിൽ സർട്ടിഫിക്കറ്റ് കൊടുക്കേണ്ട സാഹചര്യത്തിൽ ആളെ നേരിട്ടു കാണാതെ ടെസ്റ്റ് ചെയ്യുന്നത് എത്തിക്സിന് ചേരുന്നതല്ല എന്നാണ് എന്റെ അഭിപ്രായം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com