ADVERTISEMENT

ഒരു അഭിഭാഷകൻ എന്നതിലുപരി ഞാൻ ഒരു മന:ശാസ്ത്രജ്ഞനല്ല. മാനസിക രോഗ വിദഗ്‌ധനുമല്ല. ഈ കുറിപ്പെഴുതണമെന്നു തോന്നാൻ കാരണം, കോവിഡ്19 മഹാമാരിക്കിടയിൽ അസുഖത്തെക്കുറിച്ച് ഓർത്തും പരീക്ഷയെ പേടിച്ചും ഓൺലൈൻ പഠിക്കാൻ പറ്റാതെ വന്നപ്പോഴും കുടുംബവഴക്കിനെത്തുടർന്നും ഇടയ്ക്കിടെ വരുന്ന ആത്മഹത്യയെ കുറിച്ചുള്ള വാർത്തകൾ തന്നെയാണ്.

പലപ്പോഴും ഇങ്ങനെയുള്ള വാർത്തകളും സംഭവങ്ങളും കാണുമ്പോൾ അറിയാതെ തന്നെ മനസ്സ് വിങ്ങും. വിറങ്ങലിക്കും.

എന്നാലും എനിക്കു തോന്നിയത് ഓരോ ആത്മഹത്യയ്ക്കു പിന്നിലും ഒരു പ്രേരണയുണ്ടെന്നാണ്. ഒന്നുകിൽ സ്വയം പ്രേരണ അല്ലെങ്കിൽ "പരപ്രേരണ". "പരപ്രേരണ"എന്നു പറയുമ്പോൾ ആളെ നേരിട്ടു ബാധിക്കാത്ത എന്നാണ് ഉദ്ദേശിച്ചത്. (അന്യനാട്ടിൽ സിനിമ നടൻമാർ മരിക്കുമ്പോൾ).

എല്ലാ ആത്മഹത്യകളും മനസ്സിന്റെ കരുത്തില്ലായ്മ കൊണ്ടു തന്നെയാവണം. ഒരാൾ കുറ്റവാളി അല്ലെങ്കിൽകൂടി പൊലീസ് ഒന്ന് വിളിപ്പിച്ചാൽ പോലും ഒന്നും ആലോചിക്കാതെ ആത്മഹത്യ ചെയ്യുന്നവരുണ്ട്. മാതാപിതാക്കൾ ഒന്ന് പിണങ്ങിയാൽ, സീരിയൽ കാണാൻ സമ്മതിച്ചില്ലെങ്കിൽ, ജോലി നഷ്ടപ്പെട്ടാൽ ഇനി തുടർന്നെങ്ങിനെ ജീവിക്കും എന്നാലോചിച്ചു നിരാശയിൽ ജീവനൊടുക്കുന്നവരുമുണ്ട്. ഒരു നിമിഷത്തിൽ തോന്നിയ തെറ്റു കൊണ്ടു മാനഹാനി ഓർത്തു ആത്മഹത്യ ചെയ്യുന്നവരുണ്ട്.. താരതമ്യേന മനസിനു ദൗർബല്യമുള്ളവരായിരിക്കും ഇവർ. വിഷാദരോഗം, നിരാശ, കുറ്റവാസന, ഇവ എന്തിനോടെങ്കിലുമുള്ള ഒരു അമിത ആസക്തി, അബ്നോർമാലിറ്റി തുടങ്ങിയവയെല്ലാം തലച്ചോറിലെ ഒരു തകരാറായോ അല്ലെങ്കിൽ എന്തെങ്കിലും രാസപ്രവർത്തനത്തിന്റെ കുറവായോ കൂടുതലായോ അല്ലേ കരുതേണ്ടത്? അത് പരിഹരിക്കാൻ ഇന്നത്തെ മോഡേൺ മെഡിസിൻ കൊണ്ട് സാധിക്കുന്നുമുണ്ട്. പിന്നെന്തിന്!

കുട്ടികളെ പ്രൈമറി തലം മുതൽ തന്നെ 2 മാസത്തിലൊരിക്കൽ കൗൺസിലിങ്ങിന് വിധേയമാക്കുക. മാതാപിതാക്കൾ കുട്ടികളോട് സുഹൃത്തുക്കളോടെന്ന പോലെ അടുത്തിടപെടുക. നല്ല കരുതൽ കൊടുക്കുക. കോടാനുകോടി ജനങ്ങളിൽ വ്യത്യസ്തമായ ബ്ലഡ്‌ ഗ്രൂപ്പ്‌ എന്ന പോലെ. (ചില ഗ്രൂപ്പുകൾ തമ്മിൽ ചേരില്ല) വിത്യസ്ത അഭിരുചികളായിരിക്കും കുട്ടികൾക്ക്. മാതാപിതാക്കൾ മക്കൾക്കിണങ്ങുന്ന ഇഷ്ടമുള്ള വിഷയങ്ങൾ വേണം തിരഞ്ഞെടുത്തുകൊടുക്കാൻ. ചിലർക്ക് ചിത്രകലയോട്, ചിലർക്ക് സംഗീതത്തോട് ആയിരിക്കും അഭിരുചി. 

കൂട്ടുകാരും വീട്ടുകാരും പ്രിയപ്പെട്ടവരുടെ അഭീഷ്ടങ്ങളും അനിഷ്ടങ്ങളും തിരിച്ചറിയാൻ കഴിവുള്ളവരായിരിക്കണം. അപ്പോൾ ഒരാളുടെ പ്രവൃത്തിയിൽ എന്തെങ്കിലും അസ്വാഭാവികത തോന്നുന്നുവെങ്കിൽ, മുഖം വാടിയിരിക്കുന്നുവെങ്കിൽ അവരുടെ ഇടപെടൽ കൊണ്ടു ഇവരെ പിന്തിരിപ്പിക്കാൻ കഴിഞ്ഞേക്കും.

ഒരു സൈക്കോളജിസ്റ്റിനേയോ സൈക്കാട്രിസ്റ്റിനേയോ ഇന്നത്തെ കാലത്തു കാണുന്നതിൽ ദുരഭിമാനം വച്ചു പുലർത്തേണ്ടതില്ല. പാരമ്പര്യമായി കിട്ടുന്ന വൈകല്യങ്ങളോ, ഗർഭാവസ്ഥയിൽ സംഭവിക്കുന്ന അപകടങ്ങളോ മരുന്നിന്റെയോ ലഹരിയുടെയോ അമിത ഉപയോഗമോ ആയിരിക്കണം വൈകല്യങ്ങൾക്കു കാരണം. ഇതിനു ഒരാളെയും പഴിക്കരുത് എന്നാണ് എന്റെ പക്ഷം. ഒരു കണക്കിന് പകുതിയിലധികം പേരും ഇന്ന് ജോലിഭാരം, സാമ്പത്തികബാധ്യത, പഠനഭാരം തുടങ്ങിയവ കൊണ്ട് മാനസികപിരിമുറുക്കം അനുഭവിക്കുന്നവരാണ്. അസൂയ, ദേഷ്യം, തുടങ്ങിയവയിൽ തൊട്ടു മോഷണം,....,... എന്നു വേണ്ട കൊടും ക്രൈം വരെ മാനസികവിഭ്രാന്തിയുടെ വിവിധ തലങ്ങളല്ലേ? ഭൂരിഭാഗം കുറ്റകൃത്യത്തിനും കാരണം അവിടവിടെതന്നെ സൃഷ്ടിക്കപ്പെടുന്ന പ്രത്യേക സാഹചര്യങ്ങൾ തന്നെയാണ് എന്നു അടിവരയിട്ടു പറയാൻ സാധിക്കും. പ്രധാന വില്ലൻ ആ പ്രത്യേക സാഹചര്യമാണെന്നാണ് എന്റെ അനുമാനം. നിഷ്കളങ്കമായ ശരീരം മനസ്സിന്റെ നിർദ്ദേശങ്ങളെ അനുസരിക്കുന്നു എന്നു മാത്രം. അതുകൊണ്ടുതന്നെ അടക്കാനാവാത്ത സങ്കടം തോന്നുന്നുവെങ്കിൽ അത് പ്രിയപ്പെട്ടവരോട് അല്ലെങ്കിൽ ഒരു സുഹൃത്തിനോടെങ്കിലും പ്രകടിപ്പിക്കാൻ മടിക്കേണ്ടതില്ല.

ഒരു ജീവന്റെ വില അറിയണമെങ്കിൽ ഒരു കാൻസർ വാർഡ് സന്ദർശിക്കുക. ജീവൻ നിലനിർത്താൻ വേണ്ടി പിടയുന്ന പിഞ്ചു കുഞ്ഞുങ്ങളെ മുതൽ കാണാം. ഇല്ലെങ്കിൽ കൈയോ കാലോ ഇല്ലാതെ ജനിച്ച ഒരു പിടി ജന്മങ്ങളുണ്ട്. അല്ലേൽ മാറ്റിവയ്ക്കാൻ കിഡ്നി, ഹൃദയം, കണ്ണ്, കരൾ കാത്തു കഴിയുന്നവരുണ്ടാകാം. ആവശ്യത്തിലധികം പണം ഉണ്ടായിട്ടും ശസ്ത്രക്രിയക്ക് യോജിച്ച വൃക്ക കിട്ടാത്തവരുണ്ടാകാം. അതുമല്ലെങ്കിൽ നിങ്ങളുടെ മരണശേഷം വിലപിക്കുന്ന ബന്ധുക്കളെ, ഉറ്റ ചങ്ങാതിമാരെ മനസ്സിൽ ഒന്ന് ഓർത്തു നോക്കിയാൽ മതി. നിങ്ങൾ ആർക്കെങ്കിലും പ്രിയപ്പെട്ടവരായിരുന്നെന്നു മനസ്സിലാക്കാൻ കഴിയും.

പറഞ്ഞിട്ട് കാര്യമില്ല. ഈ തിരക്ക് പിടിച്ച ജീവിതത്തിൽ സ്വന്തം മാതാപിതാക്കളെ, കുട്ടികളെ ഒന്ന് തിരിഞ്ഞു നോക്കാൻ നേരമില്ലാതായിരിക്കുന്നു. ഞാൻ ഓർക്കുന്നു, എന്റെ കുട്ടിക്കാലത്തു എന്നെ താഴെ വച്ചിട്ടില്ല. കൂട്ടുകുടുംബം, അയൽവക്കത്തുള്ള ബന്ധുക്കൾ, അയൽവാസികൾ എല്ലാവരും മത്സരിച്ചാണ് എന്നെ എടുക്കുക. അന്നത്തെ കാലത്ത് ഓരോ കുടുംബങ്ങളിൽ നിന്നും ഒരാൾ ജോലിക്ക് പോയാൽ മതിയായിരുന്നു. എന്നാൽ ഇന്ന് സ്ഥിതി അങ്ങനെയല്ല. ഒരു കുടുംബത്തിലെ എല്ലാവരും ജോലിക്ക് പോയാലും സംതൃപ്തമായി ജീവിക്കാനാവുന്നില്ല! പിന്നെ ജോലി കഴിഞ്ഞു വീട്ടിൽ വന്നാൽ ബാക്കിയുള്ള മുഴുവൻ സമയവും സീരിയലോ മൊബൈലോ. കോവിഡ് 19 പ്രോട്ടോകോളും നിയന്ത്രണങ്ങളും കാരണം ദൂരെയുള്ള എന്റെ മാതാപിതാക്കളെ ഞാൻ കണ്ടിട്ട് തന്നെ 6 മാസക്കാലമായി.

ഇന്നത്തെക്കാലത്തു ഭൂരിഭാഗം പേരും സംതൃപ്തരല്ല. ഇനിയും പ്രതിസന്ധികൾ കൂടിക്കൂടി വരും. ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാതെ, മരിച്ചു വീഴുമ്പോൾ കൊത്തി ഭക്ഷിക്കുവാൻ ഭീകര സത്വമായി കഴുകൻ അടുത്ത് നിൽക്കുവരുടെ മുന്നിൽ നാം ഓരോരുത്തരും എത്ര ഭാഗ്യവാന്മാരാണ്. അതുകൊണ്ട് അയൽവക്കത്തു എന്തു നടക്കുന്നു എന്നു നോക്കാതെ എളിയ ജീവിതം മതി എന്നു പറഞ്ഞു ഏതു സാഹചര്യത്തിലും ജീവിതം മുന്നേറ്റുക.

നിങ്ങൾ ഈ അപകടം നിറഞ്ഞ ലോകത്ത് നിന്നു രോഗങ്ങൾ മൂലമോ, അപകടം മൂലമോ എത്രയോ മുൻപ് യാത്രയാകേണ്ടവരായിരുന്നു. നിങ്ങളെ ഇതു വരെ അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും കാത്തു സംരക്ഷിച്ച, പരിപാലിച്ച ഒരു ശക്തിക്ക് നിങ്ങളുടെ ജീവിതത്തിൽ ഒരു താല്പര്യമുണ്ട്. അതിലുപരി സർവശക്തനായ ദൈവത്തിന് നിങ്ങളെ ക്കൊണ്ടൊരു പദ്ധതിയുണ്ട്. അതുകൊണ്ടാണ് അത് നിങ്ങളുടെ നാശത്തിനല്ല, നല്ലതിനാണ്. നിങ്ങൾക്കൊരു നിയോഗമുണ്ട്. അത് നിങ്ങളെ കൊണ്ട് മറ്റ് ആർക്കൊക്കെയോ ഉപകാരമാകാനാണ്. പുണ്യമാക്കാനാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com