വിഷാദരോഗം പത്തിവിടര്‍ത്തുമ്പോള്‍

depression
SHARE

കോവിഡ് മഹാമാരിയുടെ ഇക്കാലത്ത് വളരെയധികം വേദന ഉളവാക്കിയ ഒരു സംഭവമാണ് ബോളിവുഡ് താരമായ സുശാന്ത് സിങ് രാജ്പുത്തിന്‍റെ വേര്‍പാട്. അദ്ദേഹത്തിനോട് അടുപ്പം ഉള്ളവരുടെ വാക്കുകൾ സൂചിപ്പിക്കുന്നത് വിഷാദരോഗത്തിന്‍റെ ലക്ഷണങ്ങള്‍ അദ്ദേഹം അനുഭവിച്ചിരിക്കാം എന്നതാണ്. സമൂഹത്തിലെ ഉന്നതശ്രേണിയില്‍ നില്‍ക്കുന്നവരെ ബാധിക്കുമ്പോള്‍ മാത്രമാണ് പലപ്പോഴും വിഷാദരോഗം ചര്‍ച്ചയാകാറുള്ളത്. എന്നാല്‍ എല്ലാ വിഭാഗം ജനങ്ങളിലും, പ്രത്യേകിച്ച് സ്ത്രീകളിലും ഗ്രാമപ്രദേശങ്ങളിലുള്ളവരിലും വിഷാദരോഗികളുടെ എണ്ണം കൂടുതലാണ് എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

എന്താണ് വിഷാദരോഗം

മനുഷ്യന്‍റെ വികാരങ്ങളെ, വിചാരങ്ങളെ, ദിനചര്യകളെ താളം തെറ്റിക്കുന്ന മനസ്സിന്‍റെ ഒരു അവസ്ഥയാണ് വിഷാദരോഗം. പ്രകൃതിദുരന്തങ്ങള്‍, സാമ്പത്തിക പ്രശ്നങ്ങള്‍, പ്രിയപ്പെട്ടവരുടെ വേർപാട്, ഒറ്റപ്പെടൽ, തുടങ്ങി പല സാഹചര്യങ്ങളും ആളുകളെ വിഷാദരോഗികളാക്കിത്തിര്‍ക്കാം.  ലോകാരോഗ്യസംഘടനയുടെ 2020 ജനുവരിയിലെ കണക്കുപ്രകാരം 264 ദശലക്ഷത്തോളം ആള്‍ക്കാര്‍ ലോകത്തെമ്പാടും വിഷാദരോഗത്തിന്‍റെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നു.  ആത്മഹത്യയിലേക്ക് മനുഷ്യനെ തള്ളി വിടാന്‍ വളരെയധികം സാധ്യത ഉള്ള ഒന്നാണ് വിഷാദരോഗം. വിഷാദരോഗലക്ഷണമുള്ളവരില്‍ തന്നെ അറുപതുശതമാനത്തോളം പേര്‍ തെറ്റായ ധാരണകള്‍ നിമിത്തം വൈദ്യസഹായം തേടുന്നില്ലെന്നും പകണക്കുകള്‍ സൂചിപ്പിക്കുന്നു. വിഷാദരോഗികളില്‍ പതിനഞ്ച് ശതമാനം ആത്മഹത്യ ചെയ്യുന്നു എന്നുള്ളത് സങ്കടകരമായ ഒരു വസ്തുതയാണ്. 

വിഷാദരോഗവും ലക്ഷണങ്ങളും

രണ്ടാഴ്ചയോളം നീണ്ടു നില്‍ക്കുന്ന വിഷമം, ഉത്സാഹക്കുറവ്, ശരീരം ദുർബലമാണെന്ന തോന്നൽ, വിശപ്പില്ലായ്മ, ചിലപ്പോള്‍ വിശപ്പ് കൂടുതല്‍ ഉള്ള അവസ്ഥ, ഏകാന്തത, അകാരണമായ ദുഃഖം, സുഹൃത്തുക്കളും ബന്ധുക്കളുമായി സംസാരിക്കാനോ ഇടപഴകാനോ താല്‍പര്യം ഇല്ലാതാവുക, കരച്ചില്‍, കുറ്റബോധം, ഭാവിയെപ്പറ്റി പ്രതീക്ഷ ഇല്ലാതാകുക, താന്‍ മറ്റുള്ളവര്‍ക്ക് ഭാരമാണെന്നോ വിലയില്ലാത്ത ഒരാളാണെന്നോ ഉള്ള തോന്നലുകള്‍, ആത്മഹത്യയെക്കുറിച്ച് ഉള്ള ചിന്തകള്‍, ലൈംഗികകാര്യങ്ങളില്‍ താത്പര്യക്കുറവ്, ശാരീരിക അസ്വസ്ഥതകള്‍, പേശീവലിവ്, വെറുപ്പ്, പെട്ടെന്നുള്ള ദേഷ്യം എന്നിവയെല്ലാം വിഷാദരോഗത്തിന്‍റെ ലക്ഷണങ്ങളാവാം. തീവ്രമായ വിഷാദരോഗമുള്ളവരില്‍ യാഥാർഥ്യവുമായി പൊരുത്തപ്പെടാത്ത ധാരണകളും ചിന്തകളും  ഉണ്ടാവാം. ഇല്ലാത്ത ശബ്ദങ്ങള്‍ കേള്‍ക്കുക, കാഴ്ചകള്‍ കാണുക എന്നിവയും കാണാം. 

കാരണങ്ങള്‍ 

തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന നാഡീകോശങ്ങളിലുള്ള ഡോപ്പാമിന്‍, സെററ്റോനിന്‍ ഗാബാ തുടങ്ങിയവ രാസപദാർഥങ്ങളുടെ അളവിലുള്ള വ്യതിയാനമാണ് വിഷാദരോഗത്തിന് അടിസ്ഥാനം. പാരമ്പര്യഘടകങ്ങള്‍, തിക്താനുഭവങ്ങള്‍ നിറഞ്ഞ ബാല്യം, വ്യക്തിത്വത്തിലെ    പ്രത്യേകതകള്‍, ലഹരി ഉപയോഗം, ബന്ധങ്ങളിലെ തകര്‍ച്ചകള്‍, തുടങ്ങിയവും വിഷാദത്തിലേക്ക് എത്തിക്കാം. പാര്‍ക്കിന്‍സോണിസം, പ്രമേഹം, അര്‍ബുദം, തൈറോയ്ഡ് തുടങ്ങിയവ ഉള്ളവര്‍ക്കും വിഷാദരോഗം പിടിപെടാന്‍ സാധ്യത കൂടുതലാണ്.

വിഷാദരോഗം പലവിധം 

ഏകധ്രുവവിഷാദം, ദ്വിധ്രുവ വിഷാദം (ഉന്മാദവും വിഷാദവും), ഗര്‍ഭാവസ്ഥയിലുള്ള വിഷാദം തുടങ്ങി പലതരത്തില്‍ വിഷാദരോഗം കാണപ്പെടുന്നു.

ചികിത്സാരീതികള്‍

വിഷാദരോഗചികിത്സക്ക് ആധുനികവൈദ്യശാസ്ത്രത്തില്‍ ക്യത്യമായ മരുന്നുകള്‍ ലഭ്യമാണ്. ഒരു മനോരോഗവിദഗ്ധന്‍റെ നിര്‍ദ്ദേശാനുസരണം കഴിക്കേണ്ട മരുന്നുകള്‍, മനഃശാസ്ത്ര സമീപനങ്ങള്‍, ജീവിതശൈലീ ക്രമീകരണം എന്നിവയിലൂടെ രോഗം ഭേദമാവുകയും സാധാരണ ജീവിതം നയിക്കാന്‍ സാധിക്കുകയും ചെയ്യും. മസ്തിഷ്കത്തിലെ രാസപദാർഥങ്ങളുടെ ഏറ്റക്കുറച്ചിലിനെ ത്വരിതപ്പെടുത്തുവാന്‍ സഹായിക്കുന്ന ആന്‍റി-ഡിപ്രെസ്സെന്‍റ് വിഭാഗത്തില്‍പ്പെട്ട മരുന്നുകളാണ് സാധാരണയായി ഉപയോഗിക്കുന്നത്. മനസ്സിന്‍റെ വൈകാരികാവസ്ഥയെ ക്രമപ്പെടുത്തുന്ന മൂഡ് സ്റ്റെബിലൈസര്‍ മരുന്നുകളും മാനസിക വിഭ്രാന്തി മാറ്റാന്‍ ഉപയോഗിക്കുന്ന ആന്‍റി-സൈക്കോട്ടിക് മരുന്നുകളും രോഗത്തിന്‍റെ വിധമനുസരിച്ച് സഹായകമാകും. 

ആത്മഹത്യാ പ്രവണത, മരുന്നുകളോട് പ്രതികരിക്കാത്ത അവസ്ഥ എന്നിവയ്ക്ക് പ്രയോജനകരമായ ചികിത്സാരീതിയാണ് ഇലക്ട്രോകണ്‍വല്‍സീവ് ചികിത്സ അഥവാ ഷോക്ക് ചികിത്സ. നിര്‍ഭാഗ്യവശാല്‍ സാധാരണ ജനങ്ങള്‍ക്കിടയില്‍ വളരെ തെറ്റിദ്ധരിക്കപ്പെട്ട ഒരു ചികിത്സാരീതിയാണിത്. മനഃശാസ്ത്ര തത്വങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുളള ചികിത്സാരീതികളായ കൊഗ്നിറ്റീവ് ബിഹേവിയര്‍ ചികിത്സ, ഇന്‍റര്‍പഴ്സനല്‍ ചികിത്സ തുടങ്ങിയവയും ജീവിതശൈലീ ക്രമീകരണങ്ങളും വിഷാദരോഗചികിത്സയില്‍ പ്രാധാന്യം അര്‍ഹിക്കുന്നവയാണ്. 

പ്രതിബന്ധങ്ങള്‍

വിഷാദരോഗത്തെപ്പറ്റി സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്ന അജ്ഞത, ഒരു മനോരോഗവിദഗ്ധന്‍റെ അടുത്ത് ചികിത്സ തേടാനുള്ള വിമുഖത, മനോരോഗവിഭാഗത്തോടും ഡോക്ടറോടും രോഗിയോടുമുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട്, മനോരോഗവിദഗ്ധരുടെ കുറവ് തുടങ്ങിയവയാണ് വിഷാദരോഗ ചികിത്സ നേരിടുന്ന മുഖ്യ വെല്ലുവിളികൾ.

കൃത്യമായ രോഗ നിര്‍ണ്ണയത്തിലൂടെയും ചികിത്സയിലൂടെയും രോഗിയെ പൂര്‍വസ്ഥിതിയിലേക്ക് കൊണ്ടുവരാം. പലപ്പോഴും ഒരു ജീവന്‍ പൊലിയുന്നത് ക്യത്യസമയത്ത് രോഗിയോ ഉറ്റവരോ സമൂഹമോ വിഷാദരോഗത്തെ അറിയാതെ പോകുന്നതുകൊണ്ടും ചികിത്സയ്ക്കു താല്‍പര്യം കാട്ടാത്തതുകൊണ്ടുമാണ്. ഒരു പരിഷ്കൃത സമൂഹത്തിന് അഭികാമ്യമല്ല ആ പ്രവണത.

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA