ADVERTISEMENT

പിതാവിന്റെ ക്രൂരതയ്ക്ക് ശിശു ഇരയായ രണ്ട് സംഭവങ്ങളാണ് അടുത്തടുത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. സംരക്ഷണവും  സുരക്ഷിതത്വവും നൽകി കുട്ടികളുടെ ആരോഗ്യകരമായ വളർച്ച ഉറപ്പാക്കേണ്ട ഗൃഹാന്തരീക്ഷത്തിൽ രക്ഷകരാകേണ്ട മാതാപിതാക്കളിൽ നിന്നു കുട്ടികൾ  ശാരീരികവും  മാനസികവുമായ പീഡനങ്ങൾ ഏറ്റു വാങ്ങേണ്ടി വരുന്ന സംഭവങ്ങൾ കൂടി  വരുന്നതായി ചൈൽഡ്  ലൈനിന്റെയും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

സാമൂഹിക ക്ഷേമ  വകുപ്പ് നടത്തിയ  ഒരു സർവേയും ഇത്തരമൊരു നിരീക്ഷണം നടത്തിയിട്ടുണ്ട്. അസ്വാരസ്യവും അശാന്തിയും നിറയുന്ന കുടുംബാന്തരീക്ഷങ്ങളും കുറ്റ വാസനയോ മദ്യാസക്തി രോഗമോ ഉള്ള  രക്ഷകർത്താവിന്റെ സാന്നിധ്യവുമൊക്കെ   കുട്ടികൾ അതിക്രമം നേരിടാനുള്ള സാധ്യത വർധിപ്പിക്കുന്നു .

നല്ല രീതിയിൽ വളരാൻ വേണ്ടിയുള്ള അച്ചടക്കം പഠിപ്പിക്കലിന്റെ  ഭാഗമായി നടത്തുന്ന പീഡനങ്ങൾ സർവ സാധാരണം. അതും കുറ്റകരമായ പീഡനമെന്ന  വസ്തുത സമൂഹം അറിയേണ്ടതുണ്ട്.

കുട്ടികൾ വീട്ടിൽ നേരിടുന്ന ഇത്തരം ഉപദ്രവങ്ങൾ അവരുടെ ഇളം മനസ്സിന് ഉണ്ടാക്കുന്ന മുറിവുകൾ ചെറുതല്ല. അത് അവരുടെ സ്വഭാവ രൂപീകരണത്തെ തകിടം മറിക്കും. പലരും വ്യക്തിത്വ  വൈകല്യങ്ങൾ ഉള്ളവരായി മാറും. 

ശിശുക്കൾ ആക്രമിക്കപ്പെട്ട  ഈ സംഭവങ്ങൾ ബാറ്റേർഡ് ചൈല്‍ഡ് സിൻഡ്രോമിന്റെ ഗണത്തിൽ പെടുന്നു. വീട്ടിൽ രക്ഷകരാകേണ്ട മാതാവിന്റെയോ പിതാവിന്റെയോ ശാരീരിക പീഡനം മൂലം ശിശു ഗുരുതരമായ പരിക്ക് നേരിടുന്നു. ചിലപ്പോഴൊക്കെ  കുട്ടികൾ മൃത പ്രായരാകാറുമുണ്ട്. 

പീഡനം നടത്തുന്ന വ്യക്തിയുടെ പ്രകൃതത്തിൽ  ഗുരുതരമായ വൈകല്യങ്ങൾ ഉണ്ടാകും. കോപ നിയന്ത്രണം ഇല്ലാത്തവരും അക്രമ സ്വഭാവം പ്രകടിപ്പിക്കുന്നവരുമായിരിക്കും. മദ്യമോ മറ്റു ലഹരി വസ്തുക്കളോ ഉപയോഗിക്കുമ്പോൾ ഇതൊക്കെ അണ  പൊട്ടി പുറത്തു  വരും. ശിശു കരയുമ്പോഴോ കിടക്കയിൽ മൂത്രം ഒഴിക്കുമ്പോഴൊ ഒക്കെ അസഹ്യത മൂത്ത് ഇത്തരം ക്രൂരകൃത്യങ്ങൾ ചെയ്യും. കുഞ്ഞിന് വൈകല്യമുള്ളതു കൊണ്ടോ  ഉപദ്രവിക്കുന്നയാൾ ആഗ്രഹിച്ച  ലിംഗത്തിൽ പെടാത്തതു കൊണ്ടോ  ഒക്കെയുള്ള ഇഷ്ടക്കേടിന്റെ പശ്ചാത്തലം ഉണ്ടാകാം. ചില സംശയ രോഗികൾ ഭാര്യയുടെ ചാരിത്ര  ശുദ്ധിയിൽ അവിശ്വസിച്ചു കുഞ്ഞു  തന്റേതല്ലായെന്ന് ചൊല്ലി പാവം പൈതലിന്റെ മേൽ ദേഷ്യം ചൊരിയാറുണ്ട്.

അടുത്തിടെ നടന്ന  സംഭവങ്ങളിൽ അമ്മ പിതാവിന്റെ ക്രൂരകൃത്യം നിയമ  സംവിധാനങ്ങൾക്ക് ചൂണ്ടിക്കാണിച്ചു കൊടുത്തു. അത് നല്ല കാര്യം. എന്നാല്‍ ഇത് എപ്പോഴും സംഭവിക്കണമെന്നില്ല. ദാമ്പത്യം നില നിർത്താൻ വേണ്ടി പലപ്പോഴും സ്ത്രീകൾ ഇത് മറച്ചു വയ്ക്കാറുണ്ട്. കുട്ടിയെ ആശുപത്രിയിൽ എത്തിക്കുമ്പോൾ വീണുവെന്നും  എന്തെങ്കിലും അപകടത്തിൽ പെട്ടെന്നുമൊക്കെയാവും അറിയിക്കുക. മുറിവുകളുടെ പ്രകൃതം ഈ കഥയുമായി ചേർന്ന് പോകാതിരിക്കുമ്പോൾ ശിശു ഇത്തരമൊരു പീഡനത്തിന്റെ ഇരയാകാമെന്ന  സംശയം ഉണ്ടാകണം. മുതിർന്ന  കുട്ടികളെ മിക്കവാറും ഭീഷണിപ്പെടുത്തി മുതിർന്നവർ പറയുന്ന കഥ ഏറ്റു  ചൊല്ലുന്ന മാനസിക  നിലയിൽ എത്തിച്ചിട്ടുണ്ടാകും. പക്ഷേ ആ  കുട്ടിയുടെ ഭീതി നിറയുന്ന  കണ്ണുകളും പെരുമാറ്റ  രീതികളുമൊക്കെ സത്യം പറയാതെ പറയുന്നുണ്ടാകും. ഒറ്റയ്ക്കു വിളിച്ചു പേടി മാറ്റി ചോദിച്ചാൽ നടന്നത് കുട്ടി  തുറന്നു പറഞ്ഞേക്കും. കുട്ടികൾക്ക് നേരെയുള്ള  ഇത്തരം അതിക്രമങ്ങൾ പൊലീസിന്റെ ശ്രദ്ധയിൽ കൊണ്ടുവരേണ്ടതുണ്ട്. വീട്ടിൽ  കുട്ടികൾ സുരക്ഷിതരല്ലെന്ന് കണ്ടാൽ ശിശുക്ഷേമ  സമിതികൾ അവരുടെ സംരക്ഷണത്തിനുള്ള ഏർപ്പാടുകൾ ചെയ്യും.

കുട്ടികൾ സമൂഹത്തിന്റെ സ്വത്താണ്. അതുകൊണ്ട് ഏതെങ്കിലും ഒരു വീട്ടിൽ കുട്ടികൾ പീഡിപ്പിക്കപ്പെടുന്നുണ്ടെങ്കിൽ അത് റിപ്പോർട്ട്  ചെയ്യുവാനുള്ള  ഉത്തരവാദിത്തം എല്ലാവർക്കുമുണ്ട്. സ്കൂളുകളില്‍ നല്ല അധ്യാപകര്‍ക്കും ഇതുപോലെ ദുരിതം അനുഭവിക്കുന്ന കുട്ടികളെ തിരിച്ചറിയാന്‍ കഴിയും. എല്ലാവരും അത്തരം കുഞ്ഞുങ്ങളുടെ സുരക്ഷയ്ക്കായി ഇടപെടണം. അവരുടെ കുഞ്ഞിനെ അവർ  എന്തെങ്കിലും ചെയ്തോട്ടെയെന്ന സമീപനം പാടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com