ADVERTISEMENT

പ്രായമായ സ്ത്രീകളിൽ ഹൃദയാഘാതം, പക്ഷാഘാതം മുതലായ, രക്തക്കുഴലുകളെ ബാധിക്കുന്ന രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കാൻ ക്രൂസിഫെറസ് പച്ചക്കറികളും കാബേജ്, ബ്രൊക്കോളി എന്നിവയും ധാരാളമായി ഉപയോഗിക്കുന്നതു മൂലം കഴിയുമെന്ന് ഗവേഷകർ. 

ധമനികളെയും ഞരമ്പുകളെയും ബാധിക്കുന്നതാണ് രക്തക്കുഴൽ രോഗം അഥവാ ബ്ലഡ് വെസ്സൽ ഡിസീസ്. ഇത് ശരീരമാകെ  രക്തചംക്രമണം കുറയ്ക്കും. അയോർട്ട പോലുള്ള രക്തക്കുഴലുകളുടെ ആന്തരിക ഭിത്തികളിൽ കൊഴുപ്പും കാൽസ്യവും അടിഞ്ഞു കൂടുന്നതു മൂലമാണ് രക്തപ്രവാഹം കുറയുന്നത്. ഈ കാൽസ്യം, കൊഴുപ്പ് നിക്ഷേപങ്ങളാണ് ഹൃദയാഘാതമോ പക്ഷാഘാതമോ  ഉണ്ടാകാൻ കാരണമാകുന്നത്. 

മുൻ പഠനങ്ങളിൽ, ക്രൂസിഫെറസ് പച്ചക്കറികളുടെ ഉപയോഗം ഹൃദയാഘാതമോ പക്ഷാഘാതമോ വരാനുള്ള സാധ്യത കുറയ്ക്കും എന്ന് തെളിഞ്ഞിട്ടുണ്ടെങ്കിലും എന്തുകൊണ്ടാണെന്ന് വ്യക്തമായിരുന്നില്ലെന്ന് ഗവേഷകയായ ലോറൻ ബ്ലക്കൻഹോഴ്‌സ്റ്റ് പറയുന്നു. പുതിയ പഠനം ഈ കാരണം വെളിവാക്കുന്നു.

ഓസ്ട്രേലിയയിലെ പ്രായം കൂടിയ 684 സ്ത്രീകളുടെ വിവരങ്ങൾ യൂണിവേഴ്സിറ്റി  ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയയിലെ  പഠന സംഘം ഉപയോഗിച്ചു .

അയോർട്ടയിൽ കാൽസ്യം അടിഞ്ഞു കൂടാനുള്ള സാധ്യത കുറയ്ക്കാൻ ക്രൂസിഫെറസ് പച്ചക്കറികൾ അടങ്ങിയ ഭക്ഷണരീതി സഹായിക്കുന്നതായി ഗവേഷകർ കണ്ടെത്തി. ദിവസവും ഇത്തരം പച്ചക്കറികൾ ധാരാളമായി കഴിക്കുന്ന പ്രായമായ സ്ത്രീകളുടെ അയോർട്ടയിൽ കാൽസ്യം അടിഞ്ഞു കൂടാനുള്ള സാധ്യത കുറവാണ്. ക്രൂസിഫെറസ് പച്ചക്കറികളിൽ ധാരാളമായി വൈറ്റമിൻ കെ അടങ്ങിയിട്ടുണ്ട്. ഇതാകാം രക്തക്കുഴലുകളിൽ കാൽസ്യം അടിഞ്ഞു കൂടുന്നതിനെ തടയുന്നത്. 

ഈ  പഠനത്തിൽ പങ്കെടുത്ത സ്ത്രീകളിൽ ദിവസവും 45 ഗ്രാമിലധികം ക്രൂസിഫെറസ് പച്ചക്കറികൾ കഴിക്കുന്നവരിൽ അയോർട്ടയിൽ കാൽസ്യം അടിഞ്ഞു കൂടാനുള്ള സാധ്യത 46 ശതമാനം കുറവാണ്.

ബ്രൊക്കോളി , കാബേജ് മുതലായ പച്ചക്കറികൾ മാത്രം കഴിച്ചാൽ പോരാ. ദിവസവും ആരോഗ്യത്തിനും സൗഖ്യത്തിനുമായി വ്യത്യസ്തതരം പച്ചക്കറികൾ കഴിക്കണമെന്നും ബ്രിട്ടിഷ് ജേണൽ ഓഫ് ന്യൂട്രീഷ്യനിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

English Summary: Reduce heart attack risk with a diet rich in broccoli and cabbage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com