ADVERTISEMENT

പോളണ്ടിൽ എന്താണ് സംഭവിക്കുന്നത്? കേരളത്തിന്റെ അത്രയും ജനസംഖ്യയുള്ളൂ എങ്കിലും അവരുടെ കോവിഡ് മരണനിരക്ക് നമ്മുടേതിന്റെ പത്തിരട്ടിയോളമുണ്ട്. എങ്കിലും  സെപ്റ്റംബർ ഒന്നാം തീയതി മുതൽ സ്കൂളുകൾ തുറക്കാനായിരുന്നു അവരുടെ തീരുമാനം. കുട്ടികൾക്ക് കോവിഡ് വരില്ല, അല്ലെങ്കിൽ കുട്ടികൾ വഴി കോവിഡ് പടരില്ല എന്നത് കൊണ്ടാണോ? കുട്ടികളിൽ കോവിഡ് രോഗരക്ഷണങ്ങൾക്ക് താരതമ്യേന തീവ്രത കുറവാണെന്നാണ് കാണുന്നത്. മാത്രമല്ല, കുട്ടികൾ, പ്രത്യേകിച്ച് കൊച്ചുകുട്ടികൾ, മുതിർന്നവരുടെ അത്രയും വേഗത്തിൽ കോവിഡ് പടർത്തുന്നില്ലെന്നുമാണ് തെളിയുന്നത്. മാസ്‌കും സാമൂഹിക അകലവും ശീലിപ്പിച്ചെടുക്കുന്നത് വളരെ ബുദ്ധിമുട്ടായ കുട്ടികളിൽനിന്നു മുതിർന്നവർക്ക് പകരുന്നതിനേക്കാൾ സാധ്യത തിരിച്ചാണെന്നാണ് വിലയിരുത്തൽ. ഇതൊക്കെയാവാം പോളണ്ട് ഇങ്ങനെ തീരുമാനിക്കാൻ കാരണം.

എന്തായാലും അമേരിക്ക സ്കൂളുകൾ തുറന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ ഒരു ലക്ഷം കോവിഡ് കേസുകളാണ് കുട്ടികൾക്കിടയിൽ സ്ഥിതീകരിച്ചത്. കോവിഡ് പോസിറ്റീവ് ആയ കുട്ടികൾ രോഗലക്ഷണങ്ങൾ കാണിക്കുന്നത് കുറവാണെങ്കിലും, രോഗലക്ഷണങ്ങൾ കാണിക്കുന്നവരിൽ മൂന്നിലൊന്ന് കുട്ടികൾക്കും ഐസിയുവിലാണ് ചികിത്സ വേണ്ടി വന്നത്. കോവിഡ് രോഗം വന്ന കുട്ടികൾക്ക് ഉണ്ടായേക്കാവുന്ന ദൂരവ്യാപകമായ ഭവിഷ്യത്തുകളെ കുറിച്ച് ധാരണ കൂടി ഇല്ലാത്ത സ്ഥിതിക്ക് നമ്മുടെ സ്കൂളുകൾ തുറന്നൊരു സാഹസം ഇപ്പോൾ വേണ്ടെന്നാണ് പലരുടെയും അഭിപ്രായം.

പക്ഷെ വെറുതെ ഒന്നും അമേരിക്കയും ജർമനിയും പോലുള്ള രാജ്യങ്ങൾ സ്കൂളുകൾ തുറക്കാൻ തിടുക്കം കൂട്ടില്ലല്ലോ. അമേരിക്കയിൽ സ്കൂളുകൾ തുറക്കണോ വേണ്ടയോ എന്ന് ഒരു വിദഗ്‌ധസമിതി പഠിച്ചു ഒരു റിപ്പോർട്ട്‌ തയാറാക്കിയിരുന്നു. വിവിധ വശങ്ങൾ കണക്കിലെടുത്തു അവസാനം സ്കൂളുകൾ തുറക്കാം എന്ന് തന്നെയായിരുന്നു റിപ്പോർട്ടിലെ നിർദേശം. ആ റിപ്പോർട്ടിലെ ചില കാര്യങ്ങൾ ശ്രദ്ധ അർഹിക്കുന്നതാണ്. 

എട്ട്-ഒമ്പത് വയസ് വരെ പരപ്രേരണ ഇല്ലാതെ ഒരു കാര്യത്തിൽ ശ്രദ്ധിച്ചിരിക്കാനും, ശ്രദ്ധ തെറ്റുമ്പോൾ മനസ്സിനെ തിരിച്ചു കൊണ്ടുവരാനും, പുതിയ പുതിയ അറിവുകൾ അപഗ്രഥിക്കാനും ഉള്ള ഒരു മാനസികവളർച്ചയും പക്വതയും ഒരു ശരാശരി കുട്ടിക്കില്ലെന്നതാണ് സത്യം. സ്‌ക്രീനിലിരുന്നു ടീച്ചർ എത്ര ഗംഭീര ക്ലാസ്സെടുത്താലും കൂടെയിരുന്നു വഴിതെളിക്കാൻ ആളില്ലെങ്കിൽ ഓൺലൈൻ ക്ലാസ്സുകൾ ഒരു പ്രഹസനം മാത്രമായിപ്പോകും. നാലാം ക്ലാസ് വരെയുള്ള കുട്ടികളുടെ കാര്യമാണ് പറയുന്നത്. അത് മാത്രമല്ല ഈ പ്രായത്തിൽ നേടിയെടുക്കേണ്ട അറിവ് ഈ പ്രായത്തിൽ തന്നെ നേടിയെടുക്കണം. ഇല്ലെങ്കിൽ മുന്നോട്ട് ചെല്ലുംതോറും  വളരെ ബുദ്ധിമുട്ടായിരിക്കും. പ്രത്യേകിച്ച് വായന പാടവത്തിലും, കണക്കിലും അടിത്തറ ബലമുള്ളതല്ലെങ്കിൽ പ്രായം കൂടും തോറും ശരാശരി ബുദ്ധി ഉണ്ടെങ്കിൽ കൂടി ബുദ്ധിമുട്ട് അനുഭവപ്പെടും.

കൂടെ ഇരുന്ന് ഗൈഡ് ചെയ്യാൻ വീട്ടിലുള്ളവർ ഒന്നുകിൽ ജോലിക്ക് പോകുന്നവരായിരിക്കും, അല്ലെങ്കിൽ സ്വന്തമായി പഠിക്കാൻ ആവശ്യത്തിന് വിഷയങ്ങളുള്ള സഹോദരങ്ങളായിരിക്കും. ഇതൊക്കെകൊണ്ട് അഞ്ചാം ഗ്രേഡ് വരെയുള്ള (പത്തു വയസ്സ് വരെ) കുട്ടികൾക്ക് വേണ്ടിയെങ്കിലും തീർച്ചയായും സ്കൂളുകൾ തുറക്കേണ്ടതുണ്ട് എന്നായിരുന്നു ആ റിപ്പോർട്ടിലെ നിർദേശം. പറഞ്ഞു വരുമ്പോൾ, വിദ്യാലയങ്ങൾ തുറക്കാനും തുറക്കാതിരിക്കാനും ആവശ്യത്തിന് വാദഗതികളുണ്ട്. വിദഗ്ധരോട് ചർച്ച ചെയ്ത് സമയമാകുമ്പോൾ സർക്കാർ സ്കൂളുകൾ തുറക്കാൻ അനുമതി നൽകട്ടെ. അതുവരെ ഈ സവിശേഷസാഹചര്യത്തെ എത്രത്തോളം നമുക്കനുകൂലമാക്കാം എന്ന് ചിന്തിക്കാം.

കുട്ടികൾ സ്കൂളിൽ പോകേണ്ടതില്ലാത്തതുകൊണ്ടു എന്തൊക്കെ പ്രയോജനങ്ങൾ ഉണ്ട്?

 

1. ആവശ്യത്തിന് ഉറക്കം

കുട്ടികൾക്ക് (മാതാപിതാക്കൾക്കും) ദിവസവും ആവശ്യത്തിന് ഉറക്കം കിട്ടും. അസമയത്ത് എഴുന്നേറ്റ്, കൊടുത്തുവിടാനുള്ള ഭക്ഷണവും ഉണ്ടാക്കി, കുട്ടികളെ ഒരുക്കി ഉന്തിത്തള്ളി സ്‌കൂൾ ബസിലേക്ക് കേറ്റിവിടുന്ന ചടങ്ങിന് ഇടക്കാലാശ്വാസം. കുട്ടികൾക്ക് അവരുടെ ബോഡി ക്ലോക്ക് നിശ്ചയിക്കുന്ന സമയത്ത് ഉറക്കമുണരാം.

 

2. രസിച്ചു പഠിക്കാനുള്ള അവസരം

പരീക്ഷകളിൽ നിന്നും ഒരു താൽകാലികമോചനം. നമ്മളുടെ വിദ്യാഭ്യാസം പരീക്ഷാടിസ്ഥിതമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പരീക്ഷാസമ്പ്രദായം കൊണ്ട് ഗുണങ്ങളുണ്ട്, അതുപോലെ ദോഷങ്ങളും ഉണ്ട്. കാര്യങ്ങൾ വിലയിരുത്തി, ചിന്തിച്ചു പഠിക്കാൻ മെനക്കെടാതെ പരീക്ഷയെ മുന്നിൽ കണ്ടുകൊണ്ട് എങ്ങനെയെങ്കിലുമൊക്കെ പഠിച്ചു പരീക്ഷ ഹാളിൽ പോയി ഉത്തരങ്ങൾ ഛർദിച്ചുവയ്ക്കുന്നതാണ് പൊതുവെ നടക്കുന്നത്. കാര്യങ്ങൾ മനസ്സിലാക്കി പഠിക്കാൻ കുട്ടികൾ തുനിയാത്തത് പരീക്ഷാസമ്പ്രദായം അതിനെ പ്രോത്സാഹിപ്പിക്കുന്നില്ല, അതിനുള്ള സമയവും ഇല്ല എന്നുള്ളത് കൊണ്ടാണ്. പരീക്ഷകളുടെ സമ്മർദ്ദമില്ലാതെ ഈ കൊറോണകാലം പഠിച്ചു രസിക്കാനും രസിച്ചു പഠിക്കാനുമുള്ള ഒരു അവസരമായി എടുക്കാം.

 

3. സ്വയംഭരണാവകാശം

ഏത് വിഷയം, എത്ര നേരം പഠിക്കണം, എത്ര ആഴത്തിൽ പഠിക്കണം എന്നിങ്ങനെ ഉള്ള തീരുമാനങ്ങൾ കുട്ടികൾ തന്നെ എടുക്കുമ്പോഴാണ് പഠനം ഏറ്റവും ഫലപ്രദമാവുന്നത്. ഒരു കുട്ടിയുടെ ജിജ്ഞാസയ്ക്കും അഭിരുചിക്കും അനുസരിച്ചു പഠനം മുന്നേറുന്നതാണ് ആ കുട്ടിയുടെ ഭാവിജീവിതത്തിനും മനസ്സമാധാനത്തിനും നല്ലത്. കുട്ടികളുടെ താൽപര്യം ഏതൊക്കെ വിഷയങ്ങളിലാണെന്നു അടുത്തറിയാനും ഈ കാലം സഹായിക്കും.

 

4. മോശം കൂട്ടുകെട്ടുകൾ ഒഴിവാക്കാം

എല്ലാ കുട്ടികൾക്കും വിദ്യാലയം ഒരു സ്വർഗ്ഗരാജ്യമൊന്നും അല്ല. ചിലർക്കെങ്കിലും മോശം കൂട്ടുകെട്ടുകൾ സ്കൂളിൽവച്ച് ഉണ്ടാവുന്നു. ചിലർ ലഹരിവസ്തുക്കൾ പരീക്ഷിക്കുന്നു. മറ്റു ചിലർ ബുള്ളിയിങ്ങിനു ഇരയാവുന്നു, സാർത്ഥകമായ സൗഹൃദങ്ങൾ ഇല്ലാതെ ഒറ്റപ്പെടുന്നു. ചില അധ്യാപകരുടെ അനർഹമായ ശിക്ഷാനടപടികളെ പേടിച്ച് സ്കൂളിൽ പോകാൻ മടിക്കുന്ന കുട്ടികളുമുണ്ട്. ഇതൊന്നും കുട്ടികൾ മാതാപിതാക്കളോടു പറയണമെന്നില്ല.

 

5. കഴിവുകൾ തിരിച്ചറിയാനുള്ള കാലം

അച്ചടക്കമുള്ള, അനുസരണയുള്ള ഒരു വ്യക്തിയെ വാർത്തെടുക്കുന്നതിലാണ് നമ്മുടെ വിദ്യാഭ്യാസസമ്പ്രദായത്തിന്റെ മിടുക്കും ശേഷിയും. പലപ്പോഴും കുറവുകൾ കണ്ടുപിടിച്ചു നികത്തുന്നതിനാണ് ഊന്നൽ. ഒരു വ്യക്തിയുടെ സമ്പൂർണ വികസനത്തിന്‌ അച്ചടക്കവും അനുസരണയും മാത്രം പോരാ. പക്ഷെ അതിനപ്പുറത്തോട്ട് ശ്രദ്ധിക്കാൻ ഒരു പരിധി വരെയേ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് സാധിക്കുകയുള്ളു. കുട്ടികളുടെ ജന്മസിദ്ധമായ കഴിവുകളും അഭിരുചികളും തിരിച്ചറഞ്ഞ് അവ വളർത്തേണ്ട പ്രധാന ഉത്തരവാദിത്വം  മാതാപിതാക്കൾക്ക് തന്നെയാണ്. അത് നമ്മുടെ മുൻവിധികൾക്കനുസരിച്ചായിരിക്കണം എന്നുമില്ല. ഉദാഹരണത്തിന്, വിവിധതരം ഭക്ഷണം പാചകം ചെയ്യുന്നതിലാണ് തന്റെ മകൻ പ്രത്യേക താല്പര്യം കാണിക്കുന്നതെന്ന് കണ്ടെത്താം. അല്ലെങ്കിൽ രാഷ്ട്രീയവിഷയങ്ങൾ വിശകലനം ചെയ്യാനും ചർച്ച ചെയ്യാനും തങ്ങളുടെ മകൾക്ക് ഒരു സവിശേഷകഴിവുള്ളതായി തോന്നാം. ഇതൊക്കെ തിരിച്ചറിയാനുള്ള അവസരമായി ഇക്കാലത്തെ കാണാം.

കൊറോണക്കാലം തീർന്നാലും വിദ്യാലയങ്ങൾ ബഹിഷ്കരിക്കണം എന്നല്ല ഞാൻ ഉദ്ദേശിക്കുന്നത്. എന്തായാലും നനയുന്ന സ്ഥിതിക്ക് കുളിച്ചുകേറാൻ നോക്കാം, അത്രേയുള്ളൂ. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾ പ്രത്യേകിച്ച്, സ്‌കൂളുകളിൽ പോകാതെ മാസങ്ങൾ തള്ളിനീക്കുന്നത് തീരാനഷ്ടം തന്നെയാണെന്ന് മനസിലാക്കുന്നു. നമ്മുടെ സ്കൂളുകൾ എന്ന് തുറക്കുമെന്ന് അറിയില്ല. പക്ഷെ തുറക്കുന്നത് വരെ, കുട്ടികളുടെ മാനസികാരോഗ്യം മുൻനിർത്തി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ രേഖപ്പെടുത്തുന്നു:

 

1. കുട്ടികളുടെ മനസറിയാം

വീട്ടിലുള്ളവർ ക്വാറന്റൈനിൽ പോകുമ്പോൾ അല്ലെങ്കിൽ ചികിത്സ തേടുമ്പോൾ ഉണ്ടാവുന്ന അനിശ്ചിതത്വം കുട്ടികൾക്ക് വളരെ ആശങ്കാജനകമാണ്. മുതിർന്നവരെ പോലെ കുട്ടികൾക്കും ഉൽകണ്ഠയും വിഷാദവും വരാം. അതിന് കൊറോണ വൈറസ് വരുത്തുന്ന മാറ്റങ്ങളുമായി നേരിട്ട് ബന്ധമുണ്ടാവാം, ഉണ്ടാവാതിരിക്കാം. പക്ഷെ അത് തിരിച്ചറിയേണ്ടതുണ്ട്. ഉറക്കക്കുറവ്, വിശപ്പില്ലായ്‌മ, നിസാരകാര്യങ്ങൾക്കു ദേഷ്യപ്പെടുക/ദുർവാശി കാണിക്കുക, ഉന്മേഷക്കുറവ്, ശ്രദ്ധക്കുറവ്, ദുസ്വപ്നങ്ങൾ കാണുക  - ഇവയൊക്കെയാവാം ലക്ഷണങ്ങൾ. ഇവയൊക്കെ തുടക്കത്തിലേ തിരിച്ചറിഞ്ഞ് പരിഹരിക്കാൻ ശ്രമിക്കുക. രണ്ടാഴ്ചയിൽ കൂടുതലൊക്കെ നീണ്ടുനിൽക്കുകയാണെങ്കിൽ ഒരു സൈക്യാട്രിസ്റ്റിനെ കാണിക്കാൻ മടി കാണിക്കാതിരിക്കുക. മരുന്ന് തുടങ്ങും എന്ന് പേടിച്ച് കാണിക്കാതിരിക്കരുത്. മരുന്ന് മാത്രമല്ല ചികിത്സ. നിവൃത്തി ഇല്ലെങ്കിൽ മാത്രമേ മരുന്നും തുടങ്ങുകയുള്ളൂ, അതും കുറച്ചുനാൾ നിരീക്ഷിച്ചതിനു ശേഷം മാത്രം.

 

2. വ്യക്തമായ അറിവ് നൽകുക

കോവിഡ് വൈറസിനെ കുറിച്ച് വ്യക്തമായ അറിവുകൾ കുട്ടികൾക്ക് പറഞ്ഞുകൊടുക്കുക. ഭയം വേണ്ട, ജാഗ്രത മതി എന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കുക. എന്തുകൊണ്ട് സാമൂഹിക അകലം പാലിക്കണം, എന്തുകൊണ്ട് കൈകൾ സോപ്പിട്ട് കഴുകണം എന്നിങ്ങനെയുള്ള കാര്യങ്ങൾ അവർക്ക് മനസ്സിലാക്കിക്കൊടുക്കണം. കാര്യങ്ങളെ ഗൗരവത്തോടെ കാണാനുള്ള അവരുടെ കഴിവിനെ കുറച്ചുകാണരുത്. വസ്തുതകൾ വിവരിക്കുന്നത് ആശങ്ക കുറക്കാനും സഹായിക്കും.

 

3. വായനശീലം വളർത്തുക

കുട്ടികളിൽ വായനാശീലം വളർത്താൻ പറ്റിയ ഒരവസരമാണിത്. പുസ്തകം വായിക്കുന്നത് ടി.വി. കാണുന്നത് പോലെ ഒരു നിഷ്ക്രിയമായ പ്രക്രിയ അല്ല. ശ്രദ്ധ കൂട്ടാനും തലച്ചോർ വികസിക്കാനും പുസ്തകവായന സഹായിക്കും. സമാനുഭാവം വളർത്താനും വായന ഉത്തമമാണ്. വായനാശീലമുള്ള കുട്ടികൾക്ക് പരീക്ഷകളിൽ മാർക്കും കൂടുതൽ കിട്ടുന്നതായാണ് കണ്ടുവരുന്നത്‌. 

 

4. ഒാൺലൈൻ ക്ലാസ് ഉഴപ്പരുത്

ഓൺലൈൻ വിദ്യാഭ്യാസം പ്രാരംഭഘട്ടത്തിലാണ്. ധാരാളം കുറവുകൾ തുടക്കത്തിൽ കാണപ്പെടും. കുട്ടികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ, നിങ്ങൾക്കുള്ള നിർദ്ദേശങ്ങൾ, ചുമതലപ്പെട്ടവരെ ഉറപ്പായും അറിയിക്കുക. വീട്ടിലിരുന്നാണ് ക്ലാസുകളിൽ പങ്കെടുക്കുന്നതെങ്കിലും അർഹിക്കുന്ന ഗൗരവവും ബഹുമാനവും കുട്ടികൾ കാണിക്കുന്നുണ്ടെന്നു ഉറപ്പുവരുത്തുക. അധികമൊന്നും പഠിച്ചുതകർത്തില്ലെങ്കിലും കുറഞ്ഞപക്ഷം മര്യാദയെങ്കിലും പഠിക്കണം.

 

5. ഒാൺലൈൻ സമയം കുറയ്ക്കുക

കുട്ടികളുടെ ഓൺലൈൻ ജീവിതത്തിലും മാതാപിതാക്കൾ ശ്രദ്ധിക്കണം. വീടിനുള്ളിലുള്ള ഭദ്രത, വീട്ടിലിരുന്നു ചെയ്യുന്ന എന്ത് കാര്യത്തിനും ഉണ്ടെന്ന് തെറ്റിദ്ധരിക്കരുത്. കുട്ടികളുടെ ഇന്റർനെറ്റ്‌ ഉപയോഗം കൂടുന്ന സാഹചര്യത്തിൽ ചൂഷണങ്ങൾക്കും സാധ്യത ഏറുകയാണ്. പഠനവും ഉറക്കവും അടുത്തകാലത്ത് ബാധിക്കപ്പെട്ടിട്ടുണ്ടോന്ന് ശ്രദ്ധിക്കുക. കുട്ടികൾക്കിടയിൽ പബ്ജി പോലുള്ള ഓൺലൈൻ കളികൾ, പോൺ ഉപഭോഗം തുടങ്ങിയവ കൂടിവരുന്നതായാണ് അറിവ്. ത്രസിപ്പിക്കുന്ന ഈ അനുഭവങ്ങൾ ചെറുത്തുനിൽക്കാനുള്ള മനഃസ്ഥൈര്യം നേടിയെടുക്കുന്നതിനേക്കാൾ എളുപ്പം ഇതിനൊക്കെയുള്ള അവസരമേ ഇല്ലാതാക്കുന്നതാണ്. ഓൺലൈൻ പഠനം കൂടാതെ ഒന്നോ രണ്ടോ മണിക്കൂറിനപ്പുറം കുട്ടികൾക്ക് സ്മാർട്ട്‌ ഫോൺ കൊടുക്കരുതെന്നാണ് പല വിദഗ്ധരുടെയും അഭിപ്രായം.

(മാനസികാരോഗ്യ വിദഗ്ധനാണു ലേഖകൻ)

English Summary : What are the psychological effects of COVID-19 on children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com