പല സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാർക്ക് വർക്ക് അറ്റ് ഹോം സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും നമ്മുടെ വീടുകളിൽ ഇതിനു അനുകൂലമായ അന്തരീക്ഷമുണ്ടോ എന്നതാണ് ചിലരുടെ ആശങ്ക, പ്രത്യേകിച്ച് സ്ത്രീകൾക്ക്. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്കു വേണ്ട എല്ലാ പിന്തുണയും മറ്റു കുടുംബാംഗങ്ങൾ നൽകേണ്ടതാണ്.
∙ വീട്ടിൽ ഓഫിസ് മുറിയില്ലാത്തവർ ഏതെങ്കിലും മുറിയിൽ സ്വന്തമായി ഒരു ഓഫിസ് സ്പേസ് തയാറാക്കുക. കംപ്യൂട്ടറും ഓഫിസ് ഫയലുകളും മറ്റും ഇവിടെ സജ്ജീകരിക്കാം.
∙ ജോലിക്കിടയിൽ കുട്ടികൾ അനാവശ്യ ഇടപെടലുകൾ നടത്താതിരിക്കാൻ അവർക്ക് എന്തെങ്കിലും ടാസ്കുകൾ ആദ്യമേ നൽകാം. പ്രായത്തിനനുസരിച്ച് ഇൻഡോർ കളികൾ മുതൽ ചെറിയ വീട്ടുജോലികൾ വരെയാകാം. അവരത് ചെയ്യുന്നുണ്ടോ എന്ന് ഇടയ്ക്കിടെ മേൽനോട്ടം നടത്തുകയും വേണം. അമ്മയും അച്ഛനും ജോലിത്തിരക്കിലാണെന്ന് അവരെ പറഞ്ഞു മനസ്സിലാക്കണം.
∙ ഓഫിസിൽ പോകുന്ന ദിവസങ്ങളിൽ ചെയ്യാറുള്ളതുപോലെതന്നെ രാവിലെ ഉണർന്ന് പ്രധാനപ്പെട്ട വീട്ടുജോലികളെല്ലാം ചെയ്തു തീർത്ത ശേഷം വേണം ജോലി തുടങ്ങാൻ.
∙ ഒറ്റയിരിപ്പിൽ ജോലി ചെയ്തു തീർക്കാൻ ശ്രമിക്കുന്നത് കൂടുതൽ ആയാസകരമായി തോന്നും. അതിനാൽ കൃത്യമായ ഇടവേളകളിൽ ബ്രേക്ക് എടുക്കാൻ മറക്കരുത്. നിങ്ങളുടെ പങ്കാളിയും വീട്ടിലിരുന്നു തന്നെയാണ് ജോലി ചെയ്യുന്നതെങ്കിൽ രണ്ടുപേർക്കും മാറി മാറി ബ്രേക്ക് എടുക്കാം.
∙ ഡെഡ് ലൈൻ മറക്കരുത്. ഓരോ ദിവസവും ചെയ്തുതീർക്കേണ്ട ജോലി ഷെഡ്യൂൾ പ്രകാരം കൃത്യമായി ചെയ്തു തീർക്കുക. വരുംദിവസങ്ങളിലേക്ക് നീക്കിവച്ചാൽ പിന്നീടത് ചെയ്തുതീർക്കാൻ കഴിയാത്തത്ര ഭാരമായി മാറിയേക്കാം.
English Summary: Work at home easy tips