കുഞ്ഞിനെ താലോലിക്കുംനേരം ഫോൺ ഉപയോഗിക്കുന്ന മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്...

breast-feeding
Photo Credit : Oksana Shufrych / Shutterstock.com
SHARE

പൈതലിന്  മുലയൂട്ടും നേരത്തും ശിശുവിനെ താലോലിക്കും സമയത്തും അമ്മമാർ സ്മാർട്ട്  ഫോൺ ഒഴിവാക്കുമ്പോഴാണ് സ്‍മാർട്ട് മാതാവാകുന്നതെന്ന്  പഠനങ്ങൾ  പറയുന്നു. വേറെ എങ്ങോട്ടും വഴി തിരിഞ്ഞു പോകാത്ത വിധത്തിൽ അമ്മയുടെ ശ്രദ്ധയും കൊഞ്ചിക്കലും സ്പർശവും ചൂടുമൊക്കെ ശിശുവിന് ലഭിക്കണം. വളർന്നു  വരുമ്പോഴുണ്ടാകേണ്ട സ്നേഹ ഭാവങ്ങൾക്കും സാമൂഹിക ബന്ധങ്ങൾക്കും അടിത്തറ പാകുന്ന ഈ അനുഭവങ്ങൾ മൊബൈൽ ഫോണുകൾ കവർന്നെടുക്കുന്നുണ്ട്. കുട്ടി മുലപ്പാൽ കുടിക്കും നേരം 'അമ്മ ഒരു കയ്യിൽ മൊബൈൽ ഫോണിനെ താലോലിച്ചു വർത്തമാനം പറയുകയോ വാട്സാപ്പ് വിഡിയോ കാണുകയോ ചെയ്താൽ മുലയൂട്ടലിലൂടെ ശിശുവിന്  ഊഷ്മള സ്നേഹത്തിന്റെ അനുഭവം എങ്ങനെ  ഉണ്ടാകും? ഇതൊരു പതിവ് കാഴ്ചയല്ലേ?

മുലയൂട്ടൽ കുട്ടിക്കുള്ള ഭക്ഷണം നൽകൽ  മാത്രമല്ല, നെഞ്ചോട്  ചേർത്ത്, സ്നേഹ  ചൂടും നൽകി, പുന്നാരവും ചൊല്ലി പാലൂട്ടുമ്പോഴാണ് ശിശുവിന് അമ്മയോട് അടുപ്പം ഉണ്ടാകുന്നത്. മത്സരിക്കാൻ മറ്റൊരു ശിശുവായി മാറി മൊബൈൽ അമ്മയോട് കൂടി ചേരുമ്പോൾ,  അറിഞ്ഞോ അറിയാതെയോ ആ അടുപ്പത്തിന് കുറവു വരുന്നു. കുട്ടിക്ക് പാല് കൊടുക്കും നേരം ബോറടി  മാറ്റാൻ ഞാൻ വാട്സാപ്പ് നോക്കിയെന്നോ ഫോൺ വിളികൾ നടത്തിയെന്നോ  നിർദോഷമായി  മൊഴിയുമ്പോൾ, ആ പ്രവൃത്തി മൂലം ചില ദോഷങ്ങൾ വന്നു ചേരാൻ ഇടയുണ്ടെന്ന്  ഓർക്കുക.

അമ്മയും കുഞ്ഞും കിടക്കുന്നിടത്ത് ഒപ്പം മറ്റൊരു പൈതലായി സ്മാർട്ട് ഫോൺ വേണ്ടെന്നു വയ്ക്കണം . ശിശു കൈകാലിട്ടടിടിച്ചു  കളിക്കുന്നതും  അമ്മയുടെ അംഗീകാരം  തേടിയാണ്. കരച്ചിൽ മാത്രമല്ല ശ്രദ്ധക്കായി ചെയ്യുന്നത്. കുഞ്ഞ് സ്വയം കളിച്ച് ഉല്ലസിക്കുന്നുവെന്ന  ന്യായത്തിൽ അമ്മ മൊബൈലിൽ കളിക്കാൻ  പോകേണ്ട . ആ നേരം പൈതലിന്റെ കളി കാണുക, പ്രോത്സാഹിപ്പിക്കുക, ഒപ്പം ചേരുക. ശിശുവിനെ സന്തോഷിപ്പിക്കാനുള്ള കിലുക്കാം പെട്ടിയായി മൊബൈൽ ഫോണിനെ മാറ്റരുത്. ഈ പ്രായത്തിൽ മനുഷ്യരുമായുള്ള മുഖാമുഖമുള്ള കളിയും ചിരിയും വർത്തമാനവുമാണ് വേണ്ടത്.

ശ്രദ്ധ വേണ്ട നേരങ്ങളിൽ അത് നൽകാതെ മൊബൈൽ ലാളനയിൽ ഏർപ്പെടുന്ന അമ്മമാർ അവർക്ക്  തോന്നുമ്പോൾ ലാളിക്കാനെത്തുമ്പോൾ പല ശിശുക്കളും  നിസ്സംഗത കാട്ടുന്നുവെന്നും പഠനം പറയുന്നു. ഇത്തരം അനുഭവങ്ങൾ ഇളം മനസ്സിൽ ആലേഖനം ചെയ്യപ്പെട്ടാൽ അത് വൈകാരിക വളർച്ചയിലും സാമൂഹിക ബന്ധം ഉണ്ടാക്കാനുള്ള വൈഭവങ്ങളിലും വിള്ളലുകൾ ഉണ്ടാക്കിയേക്കും. അതുകൊണ്ട് ശിശുക്കളോടൊപ്പം ചെലവഴിക്കുന്ന സമയം സ്മാർട്ട്  ഫോൺ പ്രയോഗത്തിൽ  നിയന്ത്രണം വേണമെന്നത് സ്‍മാർട്ട്  വളർത്തൽ തത്വം. ഇതൊക്കെ കുഞ്ഞിനോട് കരുതല്‍ വേണമെന്ന് വിചാരിക്കുന്ന പിതാക്കൾക്കും ബാധകം.  കൊച്ചിനെ ഒക്കത്തും വച്ച്, മറു കയ്യിലെ ഫോണില്‍ ശ്രദ്ധയൂന്നി നടക്കുമ്പോൾ ഓർക്കുക. പൈതൽ എല്ലാം കാണുന്നുണ്ട്, കേൾക്കുന്നുണ്ട്, അനുഭവിക്കുന്നുമുണ്ട്.

English Summary : Smartphone use and parenting tips

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA