കുട്ടികളിൽ കാണപ്പെടുന്ന വാശിയും പെരുമാറ്റ വൈകല്യവും; രക്ഷിതാക്കൾ ചെയ്യേണ്ടത്

personality disorder
SHARE

വാശിയുള്ള കുട്ടികൾ ഭാവിയിൽ കാര്യക്ഷമത കൂടുതലുള്ളവരായി മാറാൻ സാധ്യതയുണ്ടെന്ന് ചിലർ അഭിപ്രായപ്പെടാറുണ്ട്. പക്ഷേ പിടിവാശി കൂടുതലുള്ള കുട്ടികൾ മുതിരുമ്പോൾ അവരിൽ ചിലർക്ക് ഒരു പ്രത്യേക തരം വ്യക്തിത്വവൈകല്യം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.  അതിനെയാണ് അനൻകാസ്റ്റിക് പഴ്‌സനാലിറ്റി ഡിസോർഡർ (anankastic personality disorder) എന്നു പറയുന്നത്. 

ഈ പ്രശ്‍നമുള്ളവർ മുതിർന്നതിനു ശേഷവും എല്ലാ കാര്യത്തിലും നിർബന്ധബുദ്ധിയും ശാഠ്യങ്ങളും പ്രകടിപ്പിക്കും. നിയമങ്ങൾ, ചട്ടങ്ങൾ എന്നിവ നിർബന്ധമായി പാലിക്കപ്പെടേണ്ടതാണെന്ന് അവർ ശാഠ്യം പിടിക്കും. അക്കാര്യത്തിൽ ഒരു വിട്ടുവീഴ്‌ചയ്‌ക്കും തയാറാകില്ല. വസ്തുക്കൾ അടുക്കി വയ്ക്കുന്നതും മറ്റും അൽപം  പോലും മാറാൻ അനുവദിക്കില്ല. പൂർണതയ്ക്കുവേണ്ടി ഏതറ്റം വരെ പോകാനും സാധ്യതയുണ്ട്. 

പക്ഷേപൂർണതയ്ക്കു വേണ്ടിയുള്ള ഈ ശ്രമം പലപ്പോഴും വ്യകതിബന്ധങ്ങളിൽ വിള്ളലുകൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. ജോലിയും മറ്റും അവർ ജോലി സമയത്തു പൂർത്തീകരിക്കപ്പെടാതിരിക്കാനും കാരണമായേക്കും. പലപ്പോഴും മനുഷ്യത്വരഹിതമായിത്തന്നെ ഈ ശാഠ്യങ്ങൾ അവർ പ്രദർശിപ്പിച്ചേക്കും. ഉദാഹരണത്തിന്, ഒരു ഓഫിസിൽ രാവിലെ പത്തു മണിക്കു തന്നെ വന്ന് വൈകിട്ട് വളരെ വൈകി എല്ലാ ജോലിയും പൂർത്തീകരിച്ചതിനു ശേഷം മാത്രം വീട്ടിൽ പോകുന്ന വളരെ ആത്മാർഥതയുള്ള ഒരു ഉദ്യോഗസ്ഥനുണ്ട് എന്നു വിചാരിക്കുക. അഞ്ചു മണിക്ക് ഓഫിസ് സമയം കഴിയുമെങ്കിലും ജോലി തീരുന്നതു വരെ–  സമയമെത്രയായാലും –  അയാളിരുന്ന് ജോലി ചെയ്യാറുണ്ട്. അയാളുടെ ആത്മാർഥതയെക്കുറിച്ച് ആർക്കും ഒരു സംശയവുമില്ല. ഒരു ദിവസം രാവിലെ അയാളുടെ കുട്ടിക്ക് ശ്വാസംമുട്ടലുണ്ടായി. കുട്ടിയെ ആശുപത്രിയിൽ എത്തിക്കേണ്ടി വന്നതുകൊണ്ട് ഒരു അര മണിക്കൂർ താമസിച്ചാണ് അദ്ദേഹം ഓഫിസിൽ എത്തിയത്. ദിവസവും കൃത്യം പത്തു മണിക്കുതന്നെ എത്തുന്ന ആളായതുകൊണ്ട്, സാധാരണഗതിയിൽ മേലുദ്യോഗസ്ഥന്റെ പ്രതികരണം എങ്ങനെയായിരിക്കും. സ്വാഭാവികമായും കാര്യം അന്വേഷിക്കും. കുട്ടിയുടെ അസുഖത്തെപ്പറ്റി അറിയുന്നതോടെ, സാരമില്ല എന്നു പറഞ്ഞ് അയാളെ ആശ്വസിപ്പിക്കും.

പക്ഷേ അനൻകാസ്റ്റിക് വ്യക്തിത്വ വൈകല്യമുള്ള ഒരാളാണ് മേധാവിയെങ്കിൽ പ്രതികരണം ഇങ്ങനെയായിരിക്കില്ല. കുട്ടിയുടെ അസുഖം മൂലമാണ് വൈകിയതെന്നു പറഞ്ഞാലും ചിലപ്പോൾ തട്ടിക്കയറി എന്നിരിക്കും. തന്റെ കൊച്ചിന്  അസുഖം വന്നു എന്നു വിചാരിച്ച് ഓഫിസ്  അടച്ചിടാൻ പറ്റുമോ, ഇങ്ങനെ ഒന്നും വൈകിയാൽ പറ്റില്ല എന്നു പറഞ്ഞ് മറ്റുള്ളവരുടെ മുൻപിൽ വച്ച് അയാളെ അവഹേളിക്കുന്ന രീതിയിൽ സംസാരിക്കും. എന്തായിരിക്കും ഇത്തരത്തിലുള്ള ഒരു സമീപനത്തിന്റെ പരിണതഫലം? സ്വാഭാവികമായും വളരെയധികം ആത്മാർഥതയോടെ, സത്യസന്ധതയോടെ, കാര്യക്ഷമതയോടെ തന്റെ ജോലിസമയം കഴിഞ്ഞും കഠിനാധ്വാനം ചെയ്‌തുകൊണ്ടിരുന്ന ആ  ഉദ്യോഗസ്ഥൻ ഈ അവഹേളനത്തെ തുടർന്ന് ചിലപ്പോൾ അദ്ദേഹത്തിന്റെ സമീപനം മാറ്റിയെന്നു വരും. മറ്റെല്ലാ ജീവനക്കാരെയും പോലെ അഞ്ചു മണിക്ക് ജോലി കഴിഞ്ഞ ഉടൻ അയാളും പോകാൻ തുടങ്ങും. അയാളുടെ ആത്മാർഥതയിൽ നിന്നുണ്ടാകുന്ന അധികമായ കാര്യക്ഷമത അതോടു കൂടി ഇല്ലാതാവുകയും ചെയ്യും. അപ്പോൾ, പൂർണതയ്ക്കു വേണ്ടി ശ്രമിച്ച ഓഫിസ് മേധാവി അയാളുടെ ശാഠ്യവും നിർബന്ധബുദ്ധിയും കാരണം, കാര്യക്ഷമതയും സത്യസന്ധതയും ഉള്ള ഒരു ഉദ്യോഗസ്ഥന്റെ മനോവീര്യം ഇല്ലാതാക്കുകയും അതുവഴി അയാളുടെ പ്രവർത്തനം മോശമാകുന്ന സ്ഥിതി സൃഷ്ടിക്കുകയുമാണ് ചെയ്യുന്നത്.

വാശി കാണിക്കുന്ന  കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യാം?

പലതരത്തിൽ വാശി കുറയ്ക്കാനുള്ള ശ്രമങ്ങൾ നടത്താം. ഒരു നല്ല ശീലം വർധിപ്പിക്കാൻ വേണ്ടി രക്ഷകർത്താക്കൾക്ക് ചെയ്യാവുന്ന പരിശ്രമത്തെയാണ് പ്രോത്സാഹനം (reinforcement) എന്നു പറയുന്നത്. എന്നാൽ അനഭിലഷണീയമായ ഒരു പെരുമാറ്റം കുറയ്ക്കാൻ വേണ്ടി നടത്തുന്ന ഇടപെടലുകളാണ് ശിക്ഷ (punishment). ഈ  രണ്ടു രീതികളും ഉപയോഗിച്ചു തന്നെയാണ് വാശിയെ ഇല്ലാതാക്കുന്നത്. 

കുട്ടി വാശി കാണിക്കാതെ നന്നായിരിക്കുന്ന സമയങ്ങളിൽ അവനോട് കാര്യമായി സ്നേഹം പ്രകടിപ്പിക്കുക. അവന്റെ നല്ല കാര്യങ്ങൾ പറഞ്ഞ് അവനെ പുകഴ്ത്തുക. നല്ല ശീലങ്ങൾ പറഞ്ഞ് പ്രോത്സാഹിപ്പിക്കുക എന്നിവയൊക്കെ ചെയ്‌താൽ ആ അംഗീകാരവും സ്നേഹവും  കിട്ടാൻ വേണ്ടി കൂടുതൽ സമയം കുട്ടി നല്ല സ്വഭാവം പ്രദർശിപ്പിക്കാൻ സാധ്യതയുണ്ട്. 

എന്നാൽ പിടിവാശി കാണിക്കുന്ന സമയത്ത് എന്താണ് ചെയ്യേണ്ടത്? പിടിവാശി ഇല്ലാതാക്കാനുള്ള ആദ്യ നടപടി ആ പ്രകടനത്തെ പൂർണമായി അവഗണിക്കുക എന്നതാണ്. പിടിവാശി കാണിക്കുന്ന കുട്ടിക്ക് ഒരു തരത്തിലുള്ള ശ്രദ്ധയും നൽകാതെ മാറി നിൽക്കുക. കുട്ടിയെ വഴക്കു പറയാനോ കളിയാക്കാനോ പാടില്ല. കുട്ടി ആഗ്രഹിക്കുന്ന കാര്യങ്ങൾ സാധിച്ചു കൊടുക്കാനും പാടില്ല. കുട്ടിയുടെ മുൻപിൽ വച്ച് കരയാനോ മറ്റു ബഹളങ്ങൾ കാണിക്കാനോ പാടില്ല. ആ പിടിവാശിപ്രകടനത്തെ പരിപൂർണമായി അവഗണിച്ചു കൊണ്ട് മാതാപിതാക്കളും വീട്ടിലുള്ള എല്ലാവരും ഒരു പോലെ നിലപാടെടുത്താൽ ഈ വാശി കൊണ്ട് പ്രയോജനമില്ല എന്ന പാഠം കുട്ടി പഠിക്കും. സ്വാഭാവികമായും വാശിയുടെ തോത് കുറഞ്ഞുവരാനുള്ള സാധ്യത ഉണ്ട്.  

മറ്റൊരു പ്രധാനപ്പെട്ട മാർഗം പ്രതിഫല നിഷേധം ആണ്. ഉദാഹരണത്തിന് ദിവസവും ഒരു മണിക്കൂർ നേരം ടിവി കാണാനോ മൊബൈൽ കാണാനോ കുട്ടിയെ നമ്മൾ അനുവദിക്കാറുണ്ട് എന്ന്  വിചാരിക്കുക. വലിയ തോതിലുള്ള വാശി കാണിക്കുന്ന ദിവസങ്ങളിൽ ആ അവസരം അങ്ങ് ഒഴിവാക്കുക. അതായത്, നീയിന്നു ഭയങ്കരമായി വാശി കാണിച്ചതുകൊണ്ട് ഇന്ന് നിന്നെ ടിവി കാണിക്കാൻ അനുവദിക്കില്ല. ഒട്ടും ശബ്ദമുയർത്താതെ, ചീത്ത വാക്കുകൾ ഉപയോഗിക്കാതെ, ശാരീരികമായി ഉപദ്രവിക്കാതെ ഒരു ഉറച്ച നിലപട് എടുക്കുകയും ആ നിലപാട് നടപ്പിലാക്കുകയുമാണ് ഇവിടെ ചെയ്യേണ്ടത്. അങ്ങനെ വരുമ്പോൾ കുട്ടി അനുഭവത്തിൽനിന്ന് ഒരു പാഠം പഠിക്കുന്നു. ഞാൻ വല്ലാതെ വാശി കാണിക്കുന്ന ദിവസങ്ങളിൽ ഞാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ എനിക്ക് നിഷേധിക്കപ്പെടുന്നു. സ്വാഭാവികമായിട്ടും ഈ വാശി പ്രകടനങ്ങളുടെ തോത് കുറഞ്ഞു വരിക തന്നെ ചെയ്യും. ഇത്തരത്തിൽ പ്രോത്സാഹനവും ശിക്ഷണവും ഒരുമിച്ച് ചേർത്ത് മുന്നോട്ടു പോയാൽ കുട്ടികളിലെ അനാരോഗ്യകരമായ വാശി  ഇല്ലാതാക്കാൻ സാധിക്കും.

കുട്ടികളുടെ വാശി: രക്ഷാകർത്താക്കൾ ചെയ്യേണ്ടത് 

തൊട്ടതിനും പിടിച്ചതിനുമൊക്കെ പിടിവാശി കാണിക്കുന്ന ചില കുട്ടികളുണ്ട്. ഈ പിടിവാശി നല്ല ലക്ഷണമാണോ? അത് മാറ്റേണ്ടതുണ്ടോ? മാറ്റിയില്ലെങ്കിൽ എന്തെങ്കിലും തകരാറുകളുണ്ടാകുമോ? ഈ പിടിവാശിക്കാരായ കുട്ടികൾക്ക് ഭാവിയിൽ മറ്റുള്ളവരെ അപേക്ഷിച്ച്  എന്തെങ്കിലും ഗുണങ്ങൾ ഉണ്ടാകുമോ? ഈ പിടിവാശി മാറ്റിയെടുക്കാൻ എന്താണ് രക്ഷിതാക്കൾ ചെയ്യേണ്ടത്? 

ഇതൊക്കെ സർവസാധാരണമായി രക്ഷകർത്താക്കൾ ചോദിക്കുന്ന സംശയങ്ങളാണ്. ഒരു പരിധിയിൽ കൂടിയ പിടിവാശി തീർച്ചയായിട്ടും നല്ല കാര്യമല്ല. അത് ഒഴിവാക്കപ്പെടേണ്ടത് ആവശ്യമാണു താനും. പലപ്പോഴും ഒരു കടയിൽ കയറുമ്പോൾ പല സാധനങ്ങളും വേണം എന്ന്  കുട്ടികൾ ആവശ്യപ്പെട്ടേക്കാം. സാധിച്ചു കൊടുക്കാതെ വരുമ്പോൾ ഉറക്കെ കരയുകയും തറയിൽ കിടന്ന് ഉരുളുകയും ബഹളം വയ്ക്കുകയും ചെയ്ത് അവർ വാശി കാണിക്കും. ഈ  വാശിക്കു മുൻപിൽ രക്ഷകർത്താക്കൾ വാങ്ങിക്കൊടുത്താൽ ഇത്തരം വാശികൾ ആവർത്തിക്കാനുള്ള സാധ്യത കൂടുന്നു. ഇതുവഴി കുട്ടികൾക്ക് ഒരു വ്യക്തമായ സന്ദേശം കിട്ടുകയാണ്– ആഗ്രഹിക്കുന്ന കാര്യം നടക്കാതെ വരുമ്പോൾ ബഹളം വയ്ക്കുകയോ വാശി കാണിക്കുകയോ ചെയ്‌താൽ  അത് അനായാസം സാധ്യമായിക്കിട്ടും. ഇതൊട്ടും നല്ല സന്ദേശം അല്ല. കാരണം ഈ  രീതിയിൽ വളരുന്ന കുട്ടികൾ കുറേ നാൾ കഴിയുമ്പോൾ വീടിനു പുറത്തും ഇത്തരത്തിലുള്ള വാശികൾ കാണിക്കാൻ സാധ്യത ഉണ്ട്. 

മാതാപിതാക്കളുടെ മുൻപിൽ വാശി കാട്ടി ജയിക്കാൻ കഴിയുന്നതുകൊണ്ട് സ്‌കൂളിൽ സഹപാഠികളുടെ അടുത്തും അധ്യാപകരുടെ അടുത്തും ഒക്കെ ഇത്തരം വാശി പ്രകടനങ്ങൾ തുടരാൻ സാധ്യതയുണ്ട്. എന്തിനേറെപ്പറയുന്നു, പ്രണയാഭ്യർഥന നിരസിക്കുന്ന വ്യക്തിയെ ഇല്ലായ്‌മ ചെയ്യാനുള്ള പ്രവണത പോലും, ഈ വാശി ഒരു പരിധിയിൽ കൂടുതൽ ആകുമ്പോൾ സംഭവിക്കാവുന്ന ഒരു ദുരന്തമാണ്.

English Summary : Anakastic personality disorder and behavioral disorders in children

     

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA