കുട്ടിയുടെ ചികിത്സയാണോ പ്രശ്നം? ഡിഇഐസി സഹായിക്കും

HIGHLIGHTS
  • 8 വയസ്സു വരെയുള്ളവർക്ക് സമ്പൂർണ സൗജന്യ ചികിത്സ
  • ഒരു കുട്ടിയും ചികിത്സ കിട്ടാതെയും ചികിത്സ വൈകിയും ദുരിതം അനുഭവിക്കരുത്
deic
പാലക്കാട് ജില്ലാ വനിതാ– ശിശു ആശുപത്രിയോടനുബന്ധിച്ചു പ്രവർത്തിക്കുന്ന ജില്ലാ പ്രാരംഭ ഇടപെടൽ കേന്ദ്രത്തിൽ (ഡിഇഐസി) ഫിസിയോ തെറപ്പിക്ക് എത്തിയ കുട്ടി രക്ഷിതാക്കൾക്കൊപ്പം നടത്തം പരിശീലിക്കുന്നു (ഫയൽ ചിത്രം)
SHARE

പതിനെട്ടു വയസ്സു വരെയുള്ള എല്ലാവർക്കും സമ്പൂർണ ആരോഗ്യ പരിരക്ഷ ഉറപ്പാക്കി ജില്ലാതല പ്രാരംഭ ഇടപെടൽ കേന്ദ്രങ്ങൾ (DEIC- District Early Intervention Centre). 2014ൽ ആരംഭിച്ച ഡിഇഐസി പാലക്കാട് ജില്ലയിൽ മാത്രം 38,665 കുട്ടികൾക്കാണ് ഇതുവരെ ആശ്വാസമേകിയത്. 

ജനന വൈകല്യം, ബാല്യകാല അസുഖങ്ങൾ, ന്യൂനതകൾ, വളർച്ചയിലെ കാലതാമസവും വൈകല്യങ്ങളും അടക്കം മുപ്പതോളം വിഭാഗങ്ങളിലായി കുട്ടികളുമായി ബന്ധപ്പെട്ട എല്ലാ അസുഖങ്ങളും ഏറ്റവും നേരത്തെ കണ്ടെത്തുകയും ചികിത്സ ലഭ്യമാക്കുകയും ചികിത്സയുടെ പുരോഗതി വിലയിരുത്തുകയും ചെയ്യുന്നതാണ് പദ്ധതി. കുട്ടികളുടെ ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ സൗകര്യങ്ങളും ഒരു കുടക്കീഴിയിൽ എന്ന ലക്ഷ്യത്തോടെ ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായി സംസ്ഥാന സാമൂഹിക ക്ഷേമ വകുപ്പിനു കീഴിയിൽ ജില്ലാ തലത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഡിഇഐസി. രാജ്യത്തു തന്നെ ഏറ്റവും മികച്ച രീതിയിൽ പദ്ധതി നടപ്പാക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. 

ജില്ലാ ആശുപത്രിയോട് അല്ലെങ്കിൽ ജില്ലാ ജനറൽ ആശുപത്രിയോടു ചേർന്നാണ് എല്ലാ ജില്ലകളിലും ഡിഇഐസിയുടെ പ്രവർത്തനം. ഇതുകൂടാതെ ബ്ലോക്ക്തല മൊബൈൽ ഇന്റർവെൻഷൻ സെന്ററുകളും പ്രവർത്തിക്കുന്നു. കൂടാതെ സ്കൂൾ ഹെൽത്ത് നഴ്സുമാരും ഡോക്ടറും അടങ്ങുന്ന മൊബൈൽ ഹെൽത്ത് ടീമുകളും സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് എല്ലാ മേഖലകളിലും പ്രവർത്തിക്കുന്നുണ്ട്. അങ്കണവാടികൾ, ആശാ വർക്കർമാർ തുടങ്ങിയവരും പദ്ധതിയുടെ ഭാഗമാണ്.

പ്രവർത്തനം ഇങ്ങനെ

പാലക്കാട് ജില്ലാ ആശുപത്രിയിൽ മാസം അഞ്ഞൂറോളം പ്രസവങ്ങൾ നടക്കുന്നുവെന്നാണ് കണക്ക്. എല്ലാ കുട്ടികളെയും ഡിഇഐസിയിൽ പ്രവർത്തിക്കുന്ന സ്ക്രീനിങ് സെന്ററിൽ പരിശോധനകൾക്കു വിധേയമാക്കുന്നു. ഈ കുട്ടികളുടെ എല്ലാ വിവരങ്ങളും ഉൾപ്പെടത്തി പ്രത്യേക തിരിച്ചറിയിൽ നമ്പറും നൽകുന്നു. ശലഭം ജാതക് സേവ പോർട്ടലിൽ ജില്ലയിലെ കുട്ടികളുടെ വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്നുണ്ട്. പ്രത്യേക പരിചരണവും ചികിത്സയും ആവശ്യമുള്ള കുട്ടികളെ ഇങ്ങനെ കണ്ടെത്തുന്നുണ്ട്. ഇവരുടെ ചികിത്സ ഡിഇഐസി ഉറപ്പാക്കും. കേൾവി, കാഴ്ച, ഹൃദയാരോഗ്യം, ഭിന്നശേഷി, വളർച്ച തുടങ്ങി എല്ലാ കാര്യങ്ങളും സ്ക്രീനിങ്ങിൽ ഉൾപ്പെടുത്തുന്നുണ്ട്.

സ്വകാര്യ ആശുപത്രികളിൽ പ്രസവം നടന്ന കുട്ടികളുടെ വിവരങ്ങളും പല ഘട്ടങ്ങളിലായി ശലഭം പോർട്ടലിലേക്ക് അപ്‌ലോഡ് ചെയ്യുന്നുണ്ട്.   

മെഡിക്കൽ ഓഫിസർ, പീഡിയാട്രിഷ്യൻ, ഡന്റൽ സർജൻ, ഡന്റൽ ഹൈജനിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സ്പെഷൽ ഏജ്യൂക്കേറ്റർ, ഓഡിയോളജിസ്റ്റ് ആൻഡ് സ്പീച്ച് തെറപ്പിസ്റ്റ്, ഫിസിയോ തെറപ്പിസ്റ്റ്, ഒപ്ടോമെട്രിസ്റ്റ് തുടങ്ങിയവരുടെ സേവനം ഡിഇഐസിയിൽ ലഭ്യമാണ്. ഭിന്നശേഷക്കാരായ കുട്ടികൾക്കുള്ള പ്രത്യേക ട്രെയിനിങ്ങിനുള്ള ഉപകരണങ്ങൾ അടക്കം എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്. ഇവിടെ ചികിത്സ ലഭ്യമാക്കാൻ സാധിക്കാത്ത കേസുകളിൽ സ്വകാര്യ ആശുപത്രികളിലേക്കുൾപ്പെടെ റഫർ ചെയ്യും. ഇതിന്റെ ചികിത്സാ ചെലവ് ഡിഇഐസി വഹിക്കും. 

കരുതൽ, എല്ലാ തലത്തിലും

ഒരു കുട്ടിയും ചികിത്സ കിട്ടാതെയും ചികിത്സ വൈകിയും ദുരിതം അനുഭവിക്കരുത് എന്ന ലക്ഷ്യത്തോടെയാണ് എല്ലാ ജില്ലകളിലും ഡിഇഐസി പ്രവർത്തിക്കുന്നത്. സാമ്പത്തികമോ മറ്റു കുടുംബ സാഹചര്യമോ ഒന്നും പരിഗണിക്കാതെ എല്ലാ കുട്ടികൾക്കും കരുതലൊരുക്കുന്ന പദ്ധതിയാണിത്. അനാവശ്യ ചികിത്സ ഒഴിവാക്കലും പദ്ധതിയുടെ ലക്ഷ്യമാണ്. ചികിത്സിച്ചു ഭേദമാക്കാൻ കഴിയാത്ത രോഗങ്ങൾക്ക് സ്നേഹപൂർവമുള്ള പാലിയേറ്റീവ് പരിചരണമാണു വേണ്ടതെന്ന സന്ദേശംകൂടി ഡിഇഐസി മുന്നോട്ടുവയ്ക്കുന്നു. 

English Summary : District Early Intervention Centre; treatment for children

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കുതിരയെ ചേർത്തു പിടിച്ച് ടൊവീനോ; ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA