ADVERTISEMENT

ബാംഗ്ലൂർ ഡേയ്സ് സിനിമയിൽ, ഐടി കമ്പനിയിലെ ജോലി ചെയ്തു കണ്ണു കഴയ്ക്കുമ്പോൾ നാട്ടിൻപുറത്തെ തന്റെ വാഴത്തോട്ടത്തിന്റെ  ഫോട്ടോ നോക്കി കൺകുളിർക്കുന്ന നിവിൻ പോളിയെ ഓർമയില്ലേ. ഓൺലൈൻ ക്ലാസിലിരുന്നു കണ്ണടിച്ചു പോകുന്ന കുട്ടികൾക്കും ഇതേ ടെക്നിക് പ്രയോഗിക്കാമെന്നു വിദഗ്ധർ. അതിനായി അവർ പറയുന്നു ട്വന്റി– 20 ചാലഞ്ച്. 20 മിനിറ്റ് തുടർച്ചയായി സ്ക്രീനിൽ നോക്കിയിരിക്കുന്ന കുട്ടി അടുത്ത 20 സെക്കൻഡ് നേരം പുറത്തെ പച്ചപ്പിലേക്കു നോക്കുക. ഇതു കണ്ണിനും മനസ്സിനും കുളിർമ പകരും. തലച്ചോറിന്റെ ആയാസം കുറയ്ക്കും. 

ഈ ചുമരുകൾ ഇവർക്ക് അതിരുകളാണ് 

സ്കൂളിൽ കൂട്ടുകൂടിയും ഓടിക്കളിച്ചും  നടന്നിരുന്ന കുട്ടികളുടെ പഠനമാണ് ഇപ്പോൾ വീടുകൾക്കുള്ളിൽ ഒതുങ്ങിയിരിക്കുന്നത്. പുറംലോകം കാണാതെ അകത്തുതന്നെയായി ജീവിതം. പകൽസമയം 6 മണിക്കൂർ വരെ ഓൺലൈൻ ക്ലാസ്. ക്ലാസ് കഴിഞ്ഞാൽ ടീച്ചർമാർ വാട്സാപ്പിലിട്ട നോട്ടുകൾ എഴുതണം. ഇതുകൂടാതെ അസൈൻമെന്റുകൾക്കായി ഗൂഗിൾ സെർച്ച് ചെയ്യണം. വിഡിയോ മേക്കിങ് പോലെയുളള അസൈൻമെന്റ് കിട്ടിയാൽ മണിക്കൂറുകൾ വീണ്ടും ഫോൺ ഉപയോഗിക്കണം. ഇതിനിടെ കൂട്ടുകാരുമായി ചാറ്റിങ്. ഇങ്ങനെ മുതിർന്ന ക്ലാസുകളിലെ കുട്ടികൾ ദിവസം 7–10 മണിക്കൂർ വരെയാണു സ്ക്രീനിൽ നോക്കുന്നത്. ഇതു കുട്ടികൾക്കു ശാരീരികമായും മാനസികമായും ഒട്ടേറെ പ്രശ്നങ്ങൾ ഉണ്ടാക്കും. 

തുടർച്ചയായി സ്ക്രീനിലേക്കു നോക്കിയിരിക്കുന്ന കുട്ടികൾക്ക് താഴെപ്പറയുന്ന പ്രശ്നങ്ങൾ വരാൻ സാധ്യതയുണ്ട്. ചിലപ്പോൾ ഇപ്പോൾത്തന്നെ കുട്ടികൾ ഈ പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ടാകും. 

ഡ്രൈ ഐസ് (Dry eyes)

കണ്ണുകൾക്കു നനവും കുളിർമയും നൽകുന്നത് കണ്ണീർ ഗ്രന്ഥികൾ ഉൽപാദിപ്പിക്കുന്ന കണ്ണീരാണ്. കണ്ണുകൾ ഇടയ്ക്കിടെ അടച്ചു തുറക്കുമ്പോഴാണ് ഈ നനവ് ഉണ്ടാവുക. ആരോഗ്യമുള്ള ഒരാൾ മിനിറ്റിൽ 16 തവണ കൺചിമ്മണം. എന്നാൽ സ്ക്രീനിൽ അധികം സമയം തുറിച്ചു  നോക്കിയിരിക്കുന്നവരുടെ കൺചിമ്മൽ കുറയും. പലരും 8 തവണ മാത്രമായിരിക്കും കൺചിമ്മുക. അതായത് സാധാരണ വേണ്ടതിലും നേർ പകുതി മാത്രം. ഇതു കണ്ണുകളുടെ നനവു കുറച്ച് ഡ്രൈനസ് എന്ന അവസ്ഥയിലേക്കു നയിക്കും. ദിവസം 5 മണിക്കൂറിൽ കൂടുതൽ സ്ക്രീനിൽ നോക്കുന്നവർക്ക് ഡ്രൈ ഐസ് ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. 

ലക്ഷണം: തലവേദന, കണ്ണിനു ചുവപ്പു നിറം, കരട് പോയതുപോലെയുള്ള തോന്നൽ, വെളിച്ചത്തിനു നേരെ നോക്കുമ്പോൾ വേദന. 

പരിഹാരം:  കൺചിമ്മുന്നതിന്റെ അളവ് ബോധപൂർവം കൂട്ടുക. ഇടയ്ക്കിടെ കണ്ണു കഴുകുക, പുറത്തെ കാഴ്ചകളിലേക്കു നോക്കുക. 

ഹ്രസ്വദൃഷ്ടി (Myopia)  

അകലേയ്ക്കുള്ള നോട്ടം കുറയുകയും അതേസമയം കംപ്യൂട്ടറിലോ മൊബൈൽ ഫോണിലോ തുടർച്ചയായി നോക്കിയിരിക്കുകയും ചെയ്യുന്നതു മൂലം ഹ്രസ്വദൃഷ്ടി ഉണ്ടാകാനുള്ള സാധ്യത കൂടും. അകലെയുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ വയ്യാത്ത അവസ്ഥയാണിത്. കണ്ണിന്റെ മൈനസ് പവർ ഇങ്ങനെ കൂടിക്കൊണ്ടിരിക്കും. കണ്ണട വയ്ക്കേണ്ട അവസ്ഥയിലേക്കു നയിക്കും.  

ലക്ഷണം: തലവേദന, കണ്ണിനു വേദന, വ്യക്തമല്ലാത്ത കാഴ്ച.

പരിഹാരം: തുടർച്ചയായി സ്ക്രീൻ നോക്കിയിരിക്കരുത്. ഓരോ 20 മിനിറ്റിനു ശേഷവും 20 സെക്കൻഡ് നേരം പുറത്തെ പച്ചപ്പിലേക്കുനോക്കുക. കണ്ണു പരിശോധിച്ച് കൃത്യമായ പവറിലുള്ള കണ്ണട വയ്ക്കുക.  

സ്ക്രീൻ ടൈം 

കുട്ടികൾക്ക് ഒരു ദിവസം മൊബൈൽ ഫോണും മറ്റും ഉപയോഗിക്കുന്നതിനു ഡോക്ടർമാർ റെക്കമൻഡ് ചെയ്യുന്ന സമയക്രമം ഇങ്ങനെ: 

2 വയസ്സ് വരെ–  ഫോൺ കൊടുക്കരുത് 

3–5 വയസ്സ് വരെ– ഒരു മണിക്കൂർ 

6–10 വയസ്സ് വരെ–  ഒന്നര മണിക്കൂർ

11–13 വയസ്സ് വരെ– 2 മണിക്കൂർ 

13 വയസ്സിനു മുകളിൽ– 3 മണിക്കൂർ

ഓൺലൈൻ പഠനകാലത്ത് ഈ കണക്ക് പാലിക്കാനാവില്ല. പക്ഷേ ക്ലാസ് ഇല്ലാത്തപ്പോഴുള്ള ഫോൺ ഉപയോഗം കർശനമായി നിയന്ത്രിക്കണം. 

സ്ക്രീനും കണ്ണും തമ്മിൽ സൂക്ഷിക്കേണ്ട അകലം

മൊബൈൽ ഫോൺ– ഒരടി

ഡെസ്ക് ടോപ്, ലാപ് ടോപ് – 2 അടി (ഒരു കൈ അകലം) 

ടെലിവിഷൻ– 10 അടി 

10  സ്ക്രീൻ പാഠങ്ങൾ

1. മൊബൈൽ ഫോൺ ഒഴിവാക്കി കഴിയുന്നതും ലാപ്ടോപ് പോലെ വലിയ സ്ക്രീനുള്ള ഗാഡ്ജറ്റ് ഓൺലൈൻ ക്ലാസിനു നൽകുക. 

2. കണ്ണിന് ആയാസം ഉണ്ടാകും വിധം ബ്രൈറ്റ്നസ് കൂട്ടി വയ്ക്കരുത്. ഒരുപാടു കുറയ്ക്കുകയും ചെയ്യരുത്. 

3. സ്ക്രീനിലെ ഫോണ്ട് സൈസ് കുട്ടിക്കു കൂളായി വായിക്കാൻ പറ്റുന്ന വിധം സെറ്റ് ചെയ്യുക. 

4. ചാഞ്ഞും ചെരിഞ്ഞും കിടന്നും ക്ലാസ് കൂടാതിരിക്കുക. സ്ക്രീൻ നന്നായി കാണാവുന്ന വിധം മേശയിൽ വച്ച് കസേരയിൽ നിവർന്നിരുന്നു ക്ലാസിൽ പങ്കെടുക്കുക. അല്ലാത്തപക്ഷം നടുവേദന, തോൾ വേദന, പിടലി വേദന തുടങ്ങിയ പ്രശ്നങ്ങൾ ഭാവിയിൽ ഉണ്ടാകും. 

5. പകൽ മുഴുവൻ സ്ക്രീനിൽ നോക്കിയിരിക്കുന്ന കുട്ടികൾക്ക് മറ്റു സമയങ്ങളിൽ ഗെയിം കളിക്കാനും ചാറ്റിങ്ങിനും മറ്റും ഫോൺ കൊടുക്കാതിരിക്കുക. 

6. ഒറ്റ ഇരിപ്പ് ഒഴിവാക്കുക. റെക്കോർഡഡ് ക്ലാസ് ആണെങ്കിൽ ബ്രേക്ക് എടുക്കുക. 

7. സൂം ക്ലാസുകൾ കുറച്ച് റെക്കോർഡഡ് ക്ലാസുകൾ കൂടുതലാക്കി സ്കൂൾ അധികൃതരും ക്ലാസുകൾ പ്ലാൻ ചെയ്യുക. 

8. കണ്ണിന് അസ്വസ്ഥത തോന്നുന്നെങ്കിൽ തുടക്കത്തിലേ ഡോക്ടറെ കാണിക്കുക. ഐ ഡ്രോപ്സ് കൊണ്ടുതന്നെ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞേക്കും. 

9. കണ്ണട ഉപയോഗിക്കുന്നവർ ആണെങ്കിൽ പവർ ചെക്ക് ചെയ്യുക.

10. മുറിയിൽ ആവശ്യത്തിനു വെളിച്ചം ഉണ്ടായിരിക്കണം. കർട്ടനുകൾ തുറന്നിടുക. രാത്രിയിൽ ലൈറ്റിടുക.  

കണ്ണിന്റെ കാര്യമല്ലെങ്കിലും ഒരു നോട്ടം വേണം 

ഇനി കണ്ണിന്റേതല്ലാത്ത ഒരു വിഷയം പറയാം. വർഷം മുഴുവൻ വീടുകളിൽ അടച്ചിട്ടിരുന്ന കുട്ടികളുടെ വൈറ്റമിൻ ഡിയുടെ അളവ് നന്നായി കുറഞ്ഞിട്ടുണ്ടാകും. വൈറ്റമിൻ ഡിയുടെ സാന്നിധ്യത്തിലാണ് കാൽസ്യം ആഗിരണം നടക്കുക. അതുകൊണ്ട് വൈറ്റമിൻ ഡി കുറഞ്ഞാൽ ശരീരത്തിൽ കാൽസ്യത്തിന്റെ അളവും കുറയും. എല്ലുകളുടെ വളർച്ച മുരടിക്കും. തലമുടി കൊഴിയും. വിളർച്ച ബാധിക്കും. അങ്ങനെ പല പല പ്രശ്നങ്ങൾ.

മീനെണ്ണ, മുട്ട, ഇറച്ചി, കരൾ തുടങ്ങിയവയിലൊക്കെ വൈറ്റമിൻ ഡി അടങ്ങിയിരിക്കുന്നു. എന്നാൽ അതിലും എളുപ്പത്തിൽ വൈറ്റമിൻ ഡി കിട്ടാൻ വഴിയുണ്ട്. രാവിലെ 9 മണിക്കു മുൻപും വൈകിട്ട് നാലരയ്ക്കു ശേഷവും 15 മിനിറ്റ് നേരം ചുമ്മാ ഇളം വെയിൽ കൊള്ളുക. നടക്കാനിറങ്ങുകയോ കളിക്കുകയോ ഒക്കെ ചെയ്താൽ മതി. സൂര്യപ്രകാശത്തിലെ വൈറ്റമിൻ ഡി ശരീരം ആഗിരണം ചെയ്തുകൊള്ളും. 

വിവരങ്ങൾക്ക് കടപ്പാട്:  

ഡോ. എസ്. രശ്മി 

കൺസൽറ്റന്റ് ഫേകോ ആൻഡ് റിഫ്രാക്ടിവ് സർജൻ

ശ്രീകാന്ത് ഐ കെയർ കോഴിക്കോട്,

വി ട്രസ്റ്റ് ഐ ഹോസ്പിറ്റൽ ബാലുശേരി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com