തല നരയ്ക്കുന്നു; 15 വർഷം കഴിഞ്ഞാൽ ജനസംഖ്യയുടെ പകുതിയും 40നു മുകളിൽ പ്രായക്കാർ

HIGHLIGHTS
  • 15 വർഷത്തിനിടെ ജനസംഖ്യ 21 ലക്ഷം വർധിക്കും
  • ജനസംഖ്യാ വർധന തോത് 5.2 ൽ നിന്ന് 1.4 ആയി കുറയും
above 40
Photo credit : realpeople / Shutterstock.com
SHARE

2036 ആകുമ്പോൾ കേരളത്തിൽ പ്രായം ചെന്നവർ ആകെ ജനസംഖ്യയുടെ 23 ശതമാനമായി വർധിക്കും. 14 വയസ്സിൽ താഴെയുള്ളവരുടെ ജനസംഖ്യ ഇപ്പോഴത്തെ 20 ശതമാനത്തിൽ നിന്നു 17.7 ശതമാനമായി കുറയുകയും ചെയ്യും. ഈ പറയുന്നത് മറ്റാരുമല്ല, കേന്ദ്ര ജനസംഖ്യാ കമ്മിഷൻ രൂപീകരിച്ച ജനസംഖ്യാ വർധന സംബന്ധിച്ച സാങ്കേതിക സമിതിയാണ്. ഒന്നര പതിറ്റാണ്ടു കൊണ്ട് കേരളത്തിലെ ജനസംഖ്യയുടെ പകുതിയും നാൽപതിനു മേൽ പ്രായമുള്ളവരായിരിക്കും. 

കുട്ടികളെയും വയോധികരെയും പോലെ മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കുന്നവർ ഇപ്പോൾ 1000ൽ 569 ആണെങ്കിൽ അത് 681 ആയി വർധിക്കുമെന്നും ഇവരുടെ റിപ്പോർട്ട് പറയുന്നുണ്ട്. ജനങ്ങളുടെ വാർധക്യകാലം പോലും പുനർനിർവചിക്കേണ്ടി വരും. 

ഒരു നിശ്ചിത പ്രായത്തിനു ശേഷമുള്ള കാലത്തെയാണല്ലോ വാർ‍ധക്യ കാലമായി കരുതുക. ഉദാഹരണത്തിന്, ബിഹാറിലാണെങ്കിൽ 60 വയസ്സു കഴിഞ്ഞാൽ വാർധക്യമാണ്. ശേഷം 17 വർഷം എന്നതാണ് അവിടുത്തെ ശരാശരി ആയുസ്സ്. കേരളത്തിൽ 65 വയസ്സാകുമ്പോൾ വാർധക്യത്തിലേക്കു നീങ്ങുന്നുവെന്നാണു വയ്പ്. 2036 ആകുമ്പോഴേക്കും പുരുഷന്റെയും സ്ത്രീയുടെയും ശരാശരി ആയുർദൈർഘ്യം 71 മുതൽ 74 വയസ്സു വരെയായി ഉയരുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 15 വർഷത്തിനിടെ ജനസംഖ്യ 21 ലക്ഷം വർധിക്കും. 2036 ആകുമ്പോൾ ആകെ ജനസംഖ്യ 3.69 കോടി മുതൽ 3.78 കോടി വരെയാകാം. ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് 951 പേർ ആകും. ഇപ്പോൾ‌ ജനസംഖ്യയുടെ പകുതിയോളമാണു നഗരമേഖലയിൽ കഴിയുന്നതെങ്കിൽ ഒന്നര പതിറ്റാണ്ടു കൊണ്ട് 92% പേർ നഗരമേഖലയിലേക്കു മാറും. 

സ്കൂൾ, കോളജ് പഠനത്തിൽ ഏർപ്പെട്ടിരിക്കുന്നവരുടെ എണ്ണം (5 മുതൽ 23 വയസ്സു വരെ) ഒരു കോടിയിൽ നിന്ന് 80 ലക്ഷമായി കുറയും. 2011-15 കാലയളവിലെ ജനസംഖ്യാ വർധന നിരക്ക് 6.9% ആയിരുന്നത് 2031-36ൽ 1.4% ആയി കുറയുമെങ്കിലും കേരളത്തിലേക്കുള്ള കുടിയേറ്റം വർധിക്കും. 

കേരളം @ 2036

 ജനസംഖ്യ 3.69 കോടിയിലെത്തും

 പുരുഷന്മാരുടെ ശരാശരി ആയുർ ദൈർഘ്യം 72.99 വയസ്സിൽ നിന്ന് 74.49 ആകും 

 സ്ത്രീകളുടെ ആയുർ ദൈർഘ്യം 80.15 വയസ്സ് ആകും. നിലവിൽ 78.65 

ജനസംഖ്യാ വർധന തോത് 5.2 ൽ നിന്ന് 1.4 ആയി കുറയും 

 ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് 860 എന്നതിൽ നിന്ന് 951 ആയി ഉയരും 

 ശരാശരി പ്രായം 33.51ൽ നിന്ന് 39.5 ആകും 

 14 വയസ്സിനു താഴെയുള്ളവർ നിലവിലെ 75 ലക്ഷത്തിൽ നിന്ന് 65 ലക്ഷമായി കുറയും 

 ജനസംഖ്യയുടെ 21.8% ആണ് ഇപ്പോൾ കുട്ടികളുടെ എണ്ണം. ഇത്17.7% ആകും 

 15–59 പ്രായപരിധിയിൽ ഉള്ളവരുടെ എണ്ണം 22.39 ലക്ഷത്തിൽ നിന്ന് 21.97 ലക്ഷമായി കുറയും 

 60നു മുകളിൽ പ്രായം വരുന്നവർ 50 ലക്ഷത്തിൽ നിന്ന് 84 ലക്ഷമാകും 

 വയോധികരുടെ എണ്ണം ജനസംഖ്യയുടെ 14.5% എന്നതിൽ നിന്ന് 22.8% ആകും 

 അഞ്ചിലൊരാൾ 60 വയസ്സിനു മുകളിൽ വരുന്നയാളായിരിക്കും 

 കുട്ടികളും വയോധികരും ഉൾപ്പെടുന്ന ആശ്രിത വിഭാഗത്തിന്റെ തോത് 569 എന്നത്  681 ആകും .

English Summary : After 15 years, half of the population is over 40 years old

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒടുവിൽ കാട്ടുപന്നി തോറ്റു, തോമസ് ജയിച്ചു

MORE VIDEOS
FROM ONMANORAMA