ADVERTISEMENT

ഹൊ! വല്ലാത്ത ചൂടാണ്. എത്രവെള്ളം കുടിച്ചാലും മതിയാവാത്ത അവസ്ഥ. അക്ഷരാർഥത്തിൽ വെന്തുരുകുകയാണ്. നല്ല തണുത്ത ജ്യൂസൊക്കെ ശരീരത്തിലേക്ക് ചെല്ലുമ്പോഴാണ് ഒരു ആശ്വാസമാകുന്നത്. അപ്പോഴും നവജാശിശുക്കളുടെ അല്ലെങ്കിൽ  മുലപ്പാൽ മാത്രം കുടിക്കുന്ന (ആറുമാസത്തിൽ താഴെയുള്ള)കുഞ്ഞുങ്ങളുടെ അമ്മമാർക്ക് ആധിയാണ്.  ചൂട് കുഞ്ഞിനെ ബാധിക്കുമോ? പഴച്ചാറു പോലും കുടിക്കാനാകാതെ ഈ പ്രായത്തിൽ കുഞ്ഞെങ്ങനെ ഉഷ്ണം താങ്ങും? അവരുടെ ശരീരത്തിന്റെ താപനില ഏതുവിധമുള്ളതാകും? ഈ കനത്ത ചൂടിൽ ശിശുക്കൾക്കായി അമ്മമാർ എന്ത് മുൻകരുതലാണ് എടുക്കേണ്ടത്? 

∙ ശിശുക്കൾക്ക് വല്ലാതെ ചൂട് അനുഭവപ്പെടില്ല എന്നു പറയുന്നത് ശരിയാണോ? 

ഗർഭാശയത്തിനകത്ത് കുഞ്ഞുങ്ങൾ അമ്നിയോട്ടിക് ഫ്ലൂയിഡിന്റ ചൂടിനകത്താണ് കിടക്കുന്നത്. ഗർഭാശയത്തിൽ നിന്നു പുറത്തു വന്നു കഴിഞ്ഞാൽ അന്തരീക്ഷത്തിലെ താപനിലയോട്  ത്വരിതപ്പെടാനുള്ള ശ്രമം  അവരുടെ ശരീരംതന്നെ സ്വീകരിക്കും. അതു കൊണ്ടാണ് കുഞ്ഞുങ്ങളുടെ ശരീരത്തിന് ചൂട് ലഭിക്കാൻ ശ്രദ്ധിക്കണമെന്നു പറയുന്നത്. കൈകാലുകൾ തണുത്തിരിക്കുന്ന കുഞ്ഞുങ്ങളുടെ കാര്യത്തിൽ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. അവർക്ക് പ്രതിരോധ ശേഷി കുറവായിരിക്കും. അസുഖങ്ങളും പെട്ടെന്ന് വന്നേക്കാം എന്നാൽ പ്രസവിച്ച് ആഴ്ചകൾ കഴിഞ്ഞ കുഞ്ഞുങ്ങളുടെ കാര്യം വ്യത്യസ്തമാണ്. അവരുടെ ചർമം അന്തരീക്ഷത്തിന് അനുസരിച്ചായിട്ടുണ്ടാകും ഈ സമയം. ചർമത്തിന്റെ ഘടനയും ശരിയായ വിധത്തിലായിരിക്കും. ഈ സമയം അവർക്ക് സാധാരണ പോലെ ( മുതിർന്നവരെ പോലെതന്നെ) അന്തരീക്ഷത്തിലെ ചൂട് അനുഭവപ്പെടും. ഈ കുഞ്ഞുങ്ങളെ  ഇത്തരത്തിൽ ചൂടുള്ള കാലാവസ്ഥയിൽ പുതച്ചുമൂടേണ്ട ആവശ്യമില്ല. സമയമാകാതെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് പലപ്പോഴും കുറച്ചു കൂടുതൽ നാൾ കുഞ്ഞിനെ പൂർണമായും തുണികൊണ്ട് പൊതിയേണ്ടി വരുന്നത്. അതുതന്നെ അവരുടെ കൈകാലുകളിൽ ചൂടോ നനവോ അനുഭവപ്പെടുന്നുണ്ടെങ്കിൽ ആവശ്യമില്ല. രണ്ടു മൂന്നു മാസം കഴിഞ്ഞാൽ തണുപ്പ് കാലമല്ലെങ്കിൽ ഇത്തരത്തിൽ പൊതിയേണ്ട ആവശ്യമില്ല. അന്തരീക്ഷ മാലിന്യമോ, സൂര്യരശ്മികളോ മൂലം കുഞ്ഞുങ്ങളെ തുണികൊണ്ടു പൊതിയേണ്ടി വരുമ്പോൾ മിനുസമുള്ള കനം കുറഞ്ഞ കോട്ടൻ തുണി പോലുള്ളവ ഇതിനായി ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

∙ അന്തരീക്ഷത്തിലെ ഈ കനത്ത ചൂട് കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമോ? 

കുഞ്ഞുങ്ങൾക്കുണ്ടാകുന്ന അസ്വസ്ഥതകൾ അമ്മമാർക്ക് അറിയാൻ സാധിക്കും. കുഞ്ഞുങ്ങൾ ആവശ്യത്തിന് പാൽ കുടിക്കുന്നുണ്ടോ? നന്നായി മൂത്രമൊഴിക്കുന്നുണ്ടോ? ഇവർ ഊർജസ്വലതയോടെയാണോ ഉള്ളത്  തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണം. ഇക്കാര്യങ്ങളിൽ വ്യത്യാസമുണ്ടാകുന്നത് കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ ബാധിച്ചേക്കാം. ഇത്തരം ബുദ്ധിമുട്ടുകൾ കണ്ടാൽ ഒരു ആരോഗ്യവിദഗ്ധന്റെ സഹായം തേടുന്നതാണ് നല്ലത്. ചൂട് കനക്കുന്ന സാഹചര്യത്തിൽ അവരുടെ ചർമ സംരക്ഷണത്തിലും  ശ്രദ്ധവേണം.

∙ എണ്ണതേച്ചു കുളിപ്പിക്കുന്നത് കുഞ്ഞിന് നല്ലതാണോ? 

എണ്ണ എപ്പോഴും കുഞ്ഞിന്റെ ശരീരത്തിന് നല്ലതാണ്. പക്ഷേ അമിതമാകാതെ ശ്രദ്ധിക്കണം. അമിതമാകുന്നത് കുഞ്ഞിന്റെ ചർമത്തെ ബാധിച്ചേക്കാം. കുളിപ്പിക്കുന്ന സമയത്ത് കൂടുതലുള്ള എണ്ണ ശരീരത്തിൽ നിന്നു കളയാനും ശ്രദ്ധിക്കണം.  

∙  അമ്മമാർ ശ്രദ്ധിക്കേണ്ടത്? 

മുലയൂട്ടുന്ന അമ്മമാർ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ധാരാളം വെള്ളം കുടിക്കാനാണ്. ദിവസവും രണ്ട് ലീറ്റർ വെള്ളമെങ്കിലും കുടിച്ചെന്ന് ഉറപ്പാക്കുക. അമ്മയുടെ ശരീരത്തിൽ നിർജലീകരണം സംഭവിച്ചാൽ മുലപ്പാലിനെ അതു ബാധിക്കും. പഴച്ചാറുകളോ മറ്റു ഭക്ഷണമോ കഴിക്കാത്ത കുഞ്ഞുങ്ങൾക്ക് മുലപ്പാലിലൂടെതന്നെ ജലവും പോഷകവും ലഭിക്കും. കുഞ്ഞിന് ആവശ്യത്തിന് വെള്ളം പാലിലൂടെ ലഭിക്കാൻ അമ്മ ധാരാളം വെള്ളം കുടിക്കണം. ഇല്ലെങ്കിൽ അതു കുഞ്ഞിന്റെ ആരോഗ്യത്തേയും ബാധിക്കാം. 

കടപ്പാട്: ഡോ.വി. സി. മനോജ്

നിയോനറ്റോളജി വിഭാഗംമേധാവി

ജൂബിലി മിഷൻ മെഡിക്കൽ കോളജ്, തൃ‍ശൂർ

English Summary : How to take care of newborn baby in summer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com