ADVERTISEMENT

അടുത്തിടെ ഒരു ഉന്നത ബാങ്ക് ഉദ്യോഗസ്ഥയെ സ്ഥാപനത്തിനുള്ളിൽ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയ വാർത്ത വന്നിരുന്നു. തൊഴിലിടങ്ങളിൽ, പ്രത്യേകിച്ച് സാമ്പത്തിക ഉത്തരവാദിത്തങ്ങൾ കൈകാര്യം ചെയ്യുന്ന തൊഴിൽ മേഖലകളിൽ ജോലിസമ്മർദം കൂടി വരുന്നതിനെ തുടർന്ന് ഒട്ടേറെ ആളുകൾക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതായി ലോക്ഡൗൺ ആരംഭിച്ച കാലം മുതൽ വാർത്തകൾ വന്നിരുന്നു. കോവിഡ് മഹാമാരിയും അനുബന്ധമായ നിയന്ത്രണങ്ങളും രാജ്യത്തിന്റെ ആകെ സാമ്പത്തിക മേഖലയെ ദോഷകരമായി ബാധിച്ചതിനെ തുടർന്ന് ബാങ്കിങ് രംഗത്തും മറ്റ് സാമ്പത്തിക അധിഷ്‌ഠിത തൊഴിൽ മേഖലകളിലും പലവിധ പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. ടാർഗറ്റ് വച്ചുള്ള ജോലികൾ ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം കടുത്ത സമ്മർദത്തിന്റെ കാലമാണ്. ബാങ്കിങ് മേഖലയിലടക്കം ലോണുകളുടെ തിരിച്ചടവ് വൈകുന്നതും നിക്ഷേപങ്ങൾ കുറയുന്നതും പലരുടെയും ജോലി സ്ഥിരതയെത്തന്നെ ബാധിക്കുന്നു. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്കും സമാന സാഹചര്യങ്ങൾ കൂടി വരികയാണ്. തൊഴിലിടങ്ങളിലെ ഇത്തരം സമ്മർദങ്ങൾ എന്തൊക്കെ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്, ഇവ മറികടക്കാൻ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?

ഏതു വ്യക്തിയും വ്യക്തിജീവിതവും തൊഴിൽ ജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തേണ്ടത് അത്യാവശ്യമാണ്. അതിനു കോട്ടം തട്ടുന്നത് മാനസികാരോഗ്യത്തെ ബാധിക്കും. ജോലി സമ്മർദങ്ങൾ വ്യക്തിജീവിതത്തെ ബാധിച്ചാൽ ജീവിതം താളം തെറ്റിത്തുടങ്ങും. അത് മാനസിക പ്രശ്നങ്ങൾക്കും വഴി തെളിക്കാം. ഇത്തരം വ്യക്തികളിൽ പലരും ഉറക്കക്കുറവ് അനുഭവിക്കുന്നതായി നിരവധി പഠനങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഇത്തരം സമ്മർദങ്ങൾ ഏറെക്കാലം നീണ്ടു നിന്നാൽ വിഷാദ രോഗം, ഉത്ക്കണ്ഠ രോഗങ്ങൾ, മദ്യാസക്തി, ലഹരിമരുന്ന് ഉപയോഗം, ആത്മഹത്യാപ്രവണത തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

ദീർഘകാലം ഒരേ മേഖലയിൽ ജോലിഭാരത്തോടെ മുന്നോട്ടു പോകുന്ന വ്യക്തികളിൽ ഒരു എരിഞ്ഞടങ്ങൽ അഥവാ Burn Out syndrome പ്രകടമാകാറുണ്ട്. കോവിഡ് മഹാമാരി നേരിടുന്ന പല ഡോക്ടർമാരിലും ആരോഗ്യപ്രവർത്തകരിലും ഈ എരിഞ്ഞടങ്ങൽ പ്രക്രിയ വളരെ പ്രകടമാണ്. സമാനമായ ഒരവസ്ഥ ബാങ്കിങ് മേഖലയിലും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സ്വകാര്യ മേഖലയിലും അടുത്ത കാലത്തായി കണ്ടു വരുന്നു. കോവിഡ് നീങ്ങുമ്പോൾ ജോലിസ്ഥിരതയെയും അത് ബാധിച്ചു തുടങ്ങും. എപ്പോൾ ജീവിതം പഴയ അവസ്ഥയിലേക്ക് എത്തും എന്ന് പറയാറായിട്ടില്ല. നിക്ഷേപങ്ങളും മറ്റും സ്വാഭാവിക ഗതിയിലേക്ക് എന്നെത്തുമെന്ന് പ്രവചിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഇതൊക്കെ തീവ്രമായ മാനസിക സമ്മർദം ഇവരിൽ പലരിലും ഉണ്ടാക്കുന്നുണ്ട്. വർഷങ്ങളോളം ജോലി ചെയ്‌ത വ്യക്തികളിൽ പോലും ഈ സമ്മർദ സാഹചര്യങ്ങൾ പ്രതിസന്ധി സൃഷ്‌ടിക്കുകയും അവരിൽ പലരും ഈ എരിഞ്ഞടങ്ങൽ പ്രക്രിയയിലേക്ക് പോവുകയും ചെയ്യുന്നതായി കണ്ടു വരുന്നു.  

ഈ എരിഞ്ഞടങ്ങലിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ, മുൻപു ചെയ്‌തിരുന്ന കാര്യങ്ങൾ ചെയ്യാനുള്ള താൽപര്യമില്ലായ്മ, അകാരണമായ ക്ഷീണം, അവശത, ശാരീരികമായ അസ്വസ്ഥതകൾ,  പ്രവൃത്തിയുടെ വേഗം കുറയുന്ന അവസ്ഥ, ഓർമക്കുറവ് തുടങ്ങിയവയാണ്. ഇതൊക്കെ മൂർധന്യാവസ്ഥയിലേക്ക് എത്തുന്നതോടെ, ജോലി ഉപേക്ഷിക്കാം എന്ന അവസ്ഥയിലേക്ക് ചിലർ എത്തിച്ചേരാറുണ്ട്. ഒട്ടേറെ വ്യക്തികൾ ഈ എരിഞ്ഞടങ്ങലിന്റെ ബുദ്ധിമുട്ടുകൾ താങ്ങാനാവാതെ ജോലി ഉപേക്ഷിച്ചു. എന്നാൽ ചെറിയൊരു ശതമാനം ആളുകളിൽ ഇത് തീവ്രമായ വിഷാദ രോഗത്തിലേക്ക്എത്തിച്ചേരാറുണ്ട്. 

ഒരു വ്യക്തിക്ക് വിഷാദരോഗമുണ്ടോ എന്നറിയാൻ താഴെ പറയുന്ന ഒൻപതു ലക്ഷണങ്ങളിൽ അഞ്ചെണ്ണമെങ്കിലും തുടർച്ചയായി രണ്ടാഴ്ച  നീണ്ടു നിൽക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. 

1. രാവിലെ തൊട്ട് വൈകിട്ടു വരെ സ്ഥായിയായി നീണ്ടു നിൽക്കുന്ന വിഷാദഭാവം. അത് ഏതെങ്കിലുമൊരു സംഭവവുമായോ ഒരു വ്യക്തിയുമായോ ബന്ധപ്പെട്ടല്ലാതെതന്നെ നീണ്ടു നിൽക്കുന്നു. 

2. ആസ്വദിച്ചു ചെയ്‌തിരുന്ന കാര്യങ്ങളോടുള്ള താൽപര്യമില്ലായ്മ.  ടിവി കാണാനോ പാട്ടു കേൾക്കാനോ സുഹൃത്തുക്കളുമായി സംസാരിക്കാനോ വ്യായാമം ചെയ്യാനോ ലൈംഗികബന്ധത്തിൽ ഏർപ്പെടാനോ ഒന്നും താൽപര്യമില്ലാത്ത സ്ഥിതി.

3. അകാരണമായ ക്ഷീണം. സദാ സമയം കിടക്കണമെന്ന തോന്നൽ, എഴുന്നേൽക്കാൻ കഴിയാത്ത അവസ്ഥ, ശാരീരിക അവശത. 

4. ഉറക്കക്കുറവ്. വിഷാദത്തിന്റെ ആരംഭത്തിൽ തുടക്കത്തിൽ ഉറങ്ങുമെങ്കിലും സാധാരണ ഉണരുന്ന സമയത്തേക്കാൾ രണ്ടു മണിക്കൂറെങ്കിലും മുൻപ് ഉണരും. പിന്നീട് ഉറങ്ങാൻ കഴിയില്ല. ഇത് വിഷാദത്തിന്റെ സൂചനയാകാം. വിഷാദം തീവ്രമാകുന്ന മുറയ്ക്ക് ഉറക്കം പൂർണമായും നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് ചെന്നെത്താം. 

5. വിശപ്പില്ലായ്‌മ. വളരെ താൽപര്യത്തോടെ കഴിച്ചിരുന്നവ പോലും കഴിക്കാൻ തോന്നാത്ത അവസ്ഥ. 

6. ഏകാഗ്രതക്കുറവ്. ചെയ്യുന്ന ജോലിയിൽ മനസ്സ് കേന്ദ്രീകരിക്കാൻ കഴിയാതെ വരുന്നു. ഒട്ടേറെ ചിന്തകൾ കടലു പോലെ വന്ന് ശ്രദ്ധ പതറും.

7. ചിന്തകളുടെയും പ്രവൃത്തികളുടെയും വേഗതയിൽ ഉണ്ടാകുന്ന കുറവ്. ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ മറുപടി പറയാൻ ഒരുപാട് നേരമെടുക്കുന്നു. ഒരു പ്രവൃത്തി ചെയ്യാൻ ആരെങ്കിലും ആവശ്യപ്പെട്ടാൽ അത് ചെയ്‌തു കൊടുക്കാനും സമയമെടുക്കുന്നു.

8. വിഷാദഭരിതമായ ചിന്തകൾ. ജീവിതത്തിൽ ഒരു പ്രതീക്ഷയുമില്ല എന്ന ചിന്ത. തന്നെയാരും മനസ്സിലാക്കുന്നില്ല,സഹായിക്കാൻ ആരുമില്ല, ഒറ്റപ്പെട്ടു പോയി എന്നിവർക്കു തോന്നും. അകാരണമായ കുറ്റബോധം ഇവരെ വേട്ടയാടാൻ സാധ്യതയുണ്ട്. താൻ ബന്ധുക്കൾക്കും സഹപ്രവർത്തകർക്കുമൊക്കെ ബാധ്യതയാണ് എന്ന ചിന്തയും ഇവരുടെ മനസ്സിൽ ഉണ്ടാകും. കടുത്ത നിരാശയിലേക്ക് ഇവർ പോകും. 

9. മരിക്കണം എന്ന ചിന്തയും ആത്മഹത്യാ പ്രവണതയും. 

ഈ ഒൻപതു ലക്ഷണങ്ങളിൽ അഞ്ചെണ്ണമെങ്കിലും രണ്ടാഴ്ച നീണ്ടു നിന്നാൽ ആ വ്യക്തിക്ക് വിഷാദരോഗമുണ്ടെന്ന് കരുതാം. ഉടൻ ഒരു മാനസികാരോഗ്യ വിദഗ്ധനെ സമീപിച്ച്  ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. കാരണം ലോകാരോഗ്യ സംഘടന പറഞ്ഞിട്ടുള്ളതു പോലെ ആത്മഹത്യയുടെ ഏറ്റവും സർവ സാധാരണമായ, എന്നാൽ ഏറ്റവും ഫലപ്രദമായി തടയാൻ കഴിയുന്ന, ലോക വ്യാപകമായ കാരണമാണ് വിഷാദ രോഗം. ഈ വാചകത്തിൽനിന്ന് രണ്ടു കാര്യങ്ങൾ വ്യക്തമാണ്. ഒന്ന്, വിഷാദരോഗം തിരിച്ചറിയപ്പെടാതെയും ചികിത്സിക്കപ്പെടാതെയും പോയാൽ ആത്മഹത്യയിൽ കലാശിക്കാം. രണ്ട്, വിഷാദരോഗം സമയത്ത് തിരിച്ചറിഞ്ഞു ചികിത്സിച്ചാൽ ഭേദപ്പെടുത്തുന്നതിനോടൊപ്പം ആത്മഹത്യ തടയാനും സാധിക്കും. 

ചിലർക്കെങ്കിലും കഠിനമായ ഉത്കണ്ഠാ പ്രശ്നങ്ങൾ പ്രത്യക്ഷപ്പെടാൻ സാധ്യത ഉണ്ട്. അമിതമായ നെഞ്ചിടിപ്പ്, വയറ്റിൽ എരിച്ചിൽ, ശരീരം വിറയ്ക്കുക, വിയർത്തൊലിക്കുക, തല ചുറ്റലനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങൾ ഇടയ്ക്കിടെ ഒരു കാരണവുമില്ലാതെ കടന്നു വരും. ഇത്തരം അനുഭവങ്ങൾ പലപ്പോഴും ഓഫിസിൽ ഇരിക്കുമ്പോൾ ഇവർക്ക് ഉണ്ടാവാം. ഇത് ഭയന്ന് ഓഫിസിൽ പോകാതിരിക്കുന്ന സാഹചര്യത്തിലേക്ക് എത്തിച്ചേരാൻ സാധ്യത ഉണ്ട്. ഈ അവസ്ഥ ദീർഘകാലം നീണ്ടു നിന്നാൽ അതും പലപ്പോഴും ആത്മഹത്യയിലേക്ക് നയിക്കാം. മേലുദ്യോഗസ്ഥരുടെ അനുകൂലമല്ലാത്ത നിലപാടുകളും സഹപ്രവർത്തകരുമായി സഹകരിക്കാൻ കഴിയാത്ത സാഹചര്യങ്ങളും ഒക്കെ ഉദ്യോഗസ്ഥരുടെ മാനസിക സമ്മർദം വർധിപ്പിക്കാറുണ്ട്. അത് പലപ്പോഴും പ്രശ്നങ്ങളിലേക്ക് നയിക്കാറുമുണ്ട്. 

തൊഴിലിടങ്ങളിലെ മാനസിക ആരോഗ്യം നിലനിർത്താനുള്ള ചില നിർദേശങ്ങൾ 

1. തൊഴിലിടങ്ങളിലെ പ്രശ്നങ്ങൾ ഒരിക്കലും വീട്ടിലേക്ക് കൊണ്ടുപോകാതിരിക്കുക. കഴിയുന്നതും ജോലിസ്ഥലത്തുള്ള പ്രശ്നങ്ങൾ അവിടെ വച്ചുതന്നെ പരിഹരിക്കുവാൻ ശ്രമിക്കുക.

2. പലപ്പോഴും ജോലിസ്ഥലത്ത് കൃത്യമായ നിലപാട് എടുക്കാൻ കഴിയാത്തത് മാനസിക സമ്മർദത്തിന് കാരണമാകാറുണ്ട്. ചെയ്യാൻ കഴിയാത്ത വിധം ഭാരമേറിയ ഒരു ജോലി മേലുദ്യോഗസ്ഥൻ ഏൽപിക്കുമ്പോൾ അത്ചെയ്യാൻ ബുദ്ധിമുട്ടാണ് എന്നു ദൃഢമായി പറഞ്ഞ് ഒഴിവാകാനുള്ള അവകാശം നിങ്ങൾക്കുണ്ട്. അത് പറയാൻ വിമുഖത കാട്ടുന്ന ചിലർ പലപ്പോഴും ഈ  ജോലിഭാരം ഏറ്റെടുത്ത്, ചെയ്യാൻ കഴിയാതെ പ്രശ്നങ്ങളിലേക്ക് പോകാറുണ്ട്. അതുകൊണ്ട്, തങ്ങളെക്കൊണ്ട് സാധിക്കാത്ത കാര്യങ്ങൾ എന്തുകൊണ്ട് സാധ്യമല്ല എന്നു വളരെ മാന്യവും വ്യക്തവുമായി വിശദീകരിച്ച് അതിൽനിന്ന് ഒഴിഞ്ഞു മാറണം.

3. സഹപ്രവർത്തകരുമായി ആരോഗ്യകരമായ സൗഹൃദം നിലനിർത്തേണ്ടത് ആവശ്യമാണ്. കടുത്ത മത്സരബുദ്ധിയിൽ അധിഷ്‌ഠിതമായ വിദ്വേഷ ഭാവം സഹപ്രവർത്തകരോട് വികസിച്ചു വരുന്നത് പ്രശ്നങ്ങൾക്കു കാരണമാകാം. 

4. കൃത്യമായ ഉറക്കം ഉറപ്പു വരുത്തേണ്ടതുണ്ട്. ഇതിനായി പരിശീലിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. നിദ്രാ ശുചിത്വ വ്യായാമങ്ങൾ എന്നു പറയും. നിശ്ചിത സമയത്ത് ഉറങ്ങാൻ കിടക്കുക. നിശ്ചിത സമയത്തു തന്നെ ഉണർന്നെണീക്കുക. ഉച്ചയ്ക്കു ശേഷം ചായ, കാപ്പി, കോള തുടങ്ങിയ പദാർഥങ്ങൾ ഒഴിവാക്കുക. വൈകുന്നേരം ഉറങ്ങുന്നതിന് 5 മുതൽ 6 വരെ മണിക്കൂർ മുൻപുള്ള സമയത്ത് അര മണിക്കൂറെങ്കിലും സൂര്യപ്രകാശം കൊണ്ട് ലഘു വ്യായാമം ചെയ്യുക. അതിനു ശേഷം തണുത്ത വെള്ളത്തിൽ കുളിക്കുക. രാത്രിയിൽ കിടക്കുന്നതിന് തൊട്ടു മുൻപ് ശ്വസന വ്യായാമങ്ങളോ പ്രോഗ്രസീവ് മസിൽ റിലാക്സേഷനോ പോലെ മനസ്സിനെ ശാന്തമാക്കാനുള്ള വ്യായാമങ്ങൾ ശീലിക്കുക.  

ഉറങ്ങാൻ കിടക്കുന്നതിന് ഒരു മണിക്കൂർ മുൻപെങ്കിലും മൊബൈൽ ഫോൺ അടക്കമുള്ള സകല ദൃശ്യ മാധ്യമങ്ങളും പൂർണമായും ഒഴിവാക്കുക. ഇതൊക്കെയാണ് നല്ല ഉറക്കം കിട്ടാൻ സഹായിക്കുന്ന നിദ്രാ ശുചിത്വ വ്യായാമങ്ങൾ. 

ദിവസേന അരമണിക്കൂറെങ്കിലും സൂര്യപ്രകാശം കൊണ്ട് വ്യായാമം ചെയ്യുക വഴി തലച്ചോറിലേക്കുള്ള രക്തയോട്ടം കൂടുന്നതിനോടൊപ്പം നമ്മുടെ ഏകാഗ്രത മെച്ചപ്പെടാൻ സഹായിക്കുന്ന ഡോപമിന്റെയും ആഹ്‌ളാദം വർധിപ്പിക്കുന്ന എൻഡോർഫിൻസിന്റെയും (Endorphins) അളവ് കൂടും. സൂര്യപ്രകാശം കൊണ്ട് വ്യായാമം ചെയ്യുന്നതു വഴി വൈറ്റമിൻ ഡി യുടെ അളവ് രക്തത്തിൽ കൂടുകയും അതു വഴി ശാരീരിക ക്ഷമതയും ഓർമശക്തിയും രോഗപ്രതിരോധശേഷിയും മെച്ചപ്പെടുകയും ചെയ്യുന്നു. 

വിനോദത്തിനു വേണ്ടി അൽപസമയം കണ്ടെത്തണം. പാട്ടു കേൾക്കുകയോ പാടുകയോ എഴുതുകയോ ചിത്രം വരയ്ക്കുകയോ പോലെയുള്ള വിനോദങ്ങൾക്ക് ദിവസേന ഒരു മണിക്കൂറെങ്കിലും കണ്ടെത്തണം. അരമണിക്കൂറെങ്കിലും കുടുംബാംഗങ്ങളോടൊപ്പം മനസ്സു തുറന്നു സംസാരിക്കാനുള്ള ക്വാളിറ്റി ടൈം  കണ്ടെത്തേണ്ടതാണ്. നമ്മളെ പിന്തുണയ്ക്കുന്ന ജീവിത പങ്കാളിയോട് ഓഫിസിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതും മികച്ച പരിഹാര മാർഗങ്ങളിൽ എത്തിക്കാൻ സഹായകമായേക്കും. ഇതെല്ലാം കഴിഞ്ഞ് ഒരു അര മണിക്കൂറെങ്കിലും നമുക്ക് സ്വന്തമായി ചെലവിടാനും നമ്മുടെ കാര്യങ്ങളെക്കുറിച്ച് വിലയിരുത്താനും വേണ്ടി 'me time' എന്ന ഒരു സമയം മാറ്റി വയ്ക്കണം. 

ഇത്രയൊക്കെ ചെയ്‌താലും ചില വ്യക്തികൾ വിഷാദം പോലെയുള്ള അവസ്ഥകളിലേക്ക് പോകാം. വിഷാദ രോഗത്തിന്റെ ലക്ഷണങ്ങൾ പ്രകടമായാൽ തീർച്ചയായും ഒരു മാനസികാരോഗ്യ വിദഗ്ധന്റെ സേവനം തേടുക. കാരണം ചികിത്സയിലൂടെ വിഷാദ രോഗത്തെ പൂർണമായും ഭേദപ്പെടുത്താം. തലച്ചോറിലെ സിറടോണിൻ, നോറെപ്പിനെഫ്രിൻ തുടങ്ങിയ രാസവസ്‌തുക്കൾ കുറയുന്നതാണ് വിഷാദം പോലെയുള്ള അവസ്ഥകൾക്ക് കാരണമാകുന്നത്. ഈ  രാസ വസ്തുക്കളുടെ അളവ് ക്രമീകരിക്കാൻ സഹായിക്കുന്ന വളരെ സുരക്ഷിതമായ മരുന്നുകൾ നിലവിലുണ്ട്. അവ ഉപയോഗിച്ചാൽ വിഷാദത്തെ പൂർണമായും ഭേദപ്പെടുത്തുന്നതിനോടൊപ്പം ആത്മഹത്യകൾ പ്രതിരോധിക്കുവാനും സാധിക്കും.

English Summary : Stress at work and your health

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com