തൊഴിൽ സമ്മര്‍ദം അനുഭവിക്കുന്നുണ്ടോ? തിരിച്ചറിഞ്ഞ് പ്രതിരോധിക്കാൻ ചെയ്യേണ്ടത്

HIGHLIGHTS
  • വർക്ക് സ്ട്രെസിനെ കൈകാര്യം ചെയ്ത് തൊഴിലിനോട് നീതി പുലർത്തുന്നതാണ് ശരിയായ മിടുക്ക്
  • തൊഴിലിടത്തെയും തൊഴിലിലേയും സമ്മർദങ്ങളുടെ സൂചനകൾ കൃത്യമായി അനുഭവപ്പെടും
job stress
Photo credit : fizkes / Shutterstock.com
SHARE

ടെൻഷനില്ലാത്ത തൊഴിലിടമുണ്ടോ? സമ്മർദങ്ങൾ എല്ലായിടത്തുമുണ്ടാകും. അതുണ്ടാക്കുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കാൻ പലപ്പോഴും പ്രയാസമുണ്ടാകും. വർക്ക് സ്ട്രെസിനെ കൈകാര്യം ചെയ്ത് തൊഴിലിനോട് നീതി പുലർത്തുന്നതാണ് ശരിയായ മിടുക്ക്. ജോലി ചെയ്യുന്നവരോട് സൗഹാർദം കാട്ടാതിരിക്കുകയും അവരെ തുറന്ന് അഭിനന്ദിക്കാതിരിക്കുകയും കൂടുതൽ ഭാരംചുമലിൽ കെട്ടി വയ്ക്കുകയും ചെയ്യുന്ന തൊഴിൽ സംസ്കാരത്തിൽ നിൽക്കുമ്പോൾ എങ്ങനെ സ്വസ്ഥത ഉണ്ടാകുമെന്ന ചോദ്യം പ്രസക്തം. യാഥാർഥ്യ ബോധമില്ലാതെ ടാർഗെറ്റ് നിശ്ചയിക്കുകയും ഉള്ളു പൊള്ളിക്കും വിധത്തിൽ കുറ്റപ്പെടുത്തുകയും ചെയ്യുന്ന ബോസിനെ എങ്ങനെ സഹിക്കുമെന്ന ചോദ്യത്തെയും തള്ളി കളയുന്നില്ല. ആധുനിക മാനേജ്മെന്റ്  ശൈലിയിൽ ഇതൊന്നും ശരിയല്ല. എന്നാലും കാര്യത്തോട് അടുക്കുമ്പോൾ പലരും കവാത്തു മറന്നു പണിയെടുക്കുന്നവരിൽ സംഘർഷമുണ്ടാക്കുന്നു.

മനസ്സിൽ വലിഞ്ഞു മുറുകൽ സൃഷ്ടിക്കുന്ന ഇത്തരം തൊഴിൽ സംസ്കാരങ്ങളെ തിരുത്താൻ എളുപ്പമല്ല. വേറൊരു ജോലി കിട്ടാനുണ്ടെങ്കിൽ രാജി കത്തെഴുതി മുഖത്തേക്ക് എറിഞ്ഞു കൊടുത്തു നാലു വർത്തമാനവും ചൊല്ലി ഇറങ്ങി പോകാമായിരുന്നുവെന്ന് നെടുവീർപ്പിടുന്നവരുണ്ട്. അത് പലപ്പോഴും പറ്റില്ല. എന്നാൽ സ്വന്തം മനസ്സിനെ പാകപ്പെടുത്തിയെടുക്കാൻ പറ്റും. അസഹനീയ തൊഴിൽ സാഹചര്യത്തിൽ  സ്വാസ്ഥ്യം പോകാതെ പിടിച്ചു നിൽക്കാനുമാകും.

സ്ട്രെസ് വരുന്നത് തിരിച്ചറിയുക

തൊഴിലിടത്തെയും തൊഴിലിലേയും സമ്മർദങ്ങളുടെ സൂചനകൾ കൃത്യമായി അനുഭവപ്പെടും. അവ തിരിച്ചറിയണം. ആത്മ വിശ്വാസം കുത്തനെ കുറയും. പണിയെടുക്കാനുള്ള ഉത്സാഹം കുറയും. ജോലിക്കു പോകുന്നതിനെ കുറിച്ച് ഓർക്കുമ്പോൾതന്നെ ആധിയും വിഷമവും ദേഷ്യവുമൊക്കെ തോന്നി തുടങ്ങും. ആകെ ഒരു തളർച്ച തോന്നും. ശ്രദ്ധക്കുറവുണ്ടാകും. ജോലിയിൽ തെറ്റുകൾ കൂടും. തൊഴിലിന്റെ ഭാഗമായി ആളുകളോട് ഇടപെടുമ്പോൾ കോപിക്കും. കസ്റ്റമർ സംതൃപ്തി ഇടിയും. ഉൽപ്പാദന ക്ഷമതയിൽ വിള്ളലുകൾ വരും. തീരുമാനങ്ങൾ എടുക്കാൻ ക്ലേശിക്കും. മനസ്സിന്റെയും ശരീരത്തിന്റെയും  ആരോഗ്യത്തെ ബാധിക്കും. ഉറക്കം നഷ്ടപ്പെടും. അസ്വസ്ഥതകൾ കുടുംബത്തിലേക്കുമെത്തും. തൊഴിലിടത്തിൽ സ്ട്രെസിന് അടിമപ്പടുന്നവർ അത് സഹപ്രവർത്തകരിലേക്കും പടർത്തും. ഈ സംഘർഷങ്ങളുടെ ഉറവിടം എവിടെ നിന്നാണെന്ന് സ്വയം മനസ്സിലാക്കാം. ഇത്തിരി വക തിരിവുള്ള ഒരു മേലധികാരിയുണ്ടെങ്കിൽ അതിൽ  ചില പരിഹാരങ്ങൾ ഉണ്ടാക്കാം. അത് സാധിച്ചില്ലെങ്കിൽ പോലും  തൊഴിലിൽ തുഴഞ്ഞു നീങ്ങണ്ടേ? എന്തു ചെയ്യും ?

അവനവൻ തുണ

തൊഴിൽ സമ്മർദം ഒട്ടേറെ നിഷേധ ചിന്തകളെ ഉണർത്തി വിടും. എന്നെ ഒന്നിനും കൊള്ളില്ലെന്നും എന്റെ ഈ ജോലി തെറിക്കുമെന്നുമൊക്കെ കാട് കയറി ചിന്തിക്കും. ചെയ്ത നല്ലതൊന്നും കാണുകയുമില്ല. മനസ്സ് ഉണ്ടാക്കുന്ന ഈ പൊട്ട ചിന്തകളൊക്കെ കേൾക്കണം. ഇതൊക്കെ സ്ട്രെസിൽ പെടുന്ന മനസ്സിന്റെ വികൃതികളെന്ന് തിരിച്ചറിയണം. സ്വന്തം കഴിവുകളിൽ വിശ്വസിച്ച് ഈ ചിന്തകളെ വെല്ലുവിളിക്കണം. മാറ്റുകയും വേണം. നുരയിട്ടു പൊങ്ങുന്ന ആധിയേയും കോപത്തെയും വിഷാദത്തെയുമൊക്കെ മെരുക്കാൻ ധ്യാന മുറകളെയും ശ്വസന വ്യായാമത്തെയും മനസ്സിന് സ്വാസ്ഥ്യം നൽകുന്ന ആരോഗ്യകരമായ മറ്റ് ഇടപടലുകളെയും ആശ്രയിക്കണം. തൊഴിലിൽ വന്ന പാളിച്ചകൾ മൂലമോ മേലധികാരിയുടെ താഴ്ത്തി പറയൽ മൂലമോ ഇടിഞ്ഞു പോയ സ്വയം മതിപ്പിനെ വീണ്ടെടുക്കണം. പഴയ നേട്ടങ്ങളെയും നല്ല ഓർമകളെയും ഉണർത്തി ഞാനത്ര മോശക്കാരനല്ലെന്ന് മനസ്സിനോട് പറയണം. മറ്റുള്ളവരുടെ പ്രോത്സാഹനത്തിനൊന്നും കാത്തു  നിൽക്കാതെ സ്വയം ഉത്തേജിതനാകാനുള്ള ഒരു സംവിധാനത്തെ ഉള്ളിൽ വളർത്തിയെടുക്കണം. കഴിയുന്നത്ര പോസിറ്റിവ് ചിന്തകൾ കൊണ്ട് നിറയ്ക്കണം .

ആഹ്ളാദകരങ്ങളായ അവനവൻ നേരങ്ങൾ വേണം

തൊഴിലിടത്തും വീട്ടിലും മറ്റു സാമൂഹിക സാഹചര്യങ്ങളിലും കൊച്ചു കൊച്ചു വൈകാരിക പിന്തുണ സംവിധാനങ്ങൾ സൃഷ്ടിച്ചെടുത്താൽ  നല്ലത്. ഉള്ളു തുറക്കാൻ പോന്ന ഇത്തരം തുരുത്തുകളുണ്ടെങ്കിൽ ആശ്വാസം ഉറപ്പാണ്. തൊഴിലിലെ ചുമതലകൾക്കു മുൻഗണനകൾ നിശ്ചയിച്ചു ചിട്ടയോടെ ചെയ്യാൻ സമയത്തെ നന്നായി കൈകാര്യം ചെയ്യണം. കുന്നു പോലെ ജോലി വന്നാലും കുലുങ്ങാതെ  ക്രമത്തിൽ ചെയ്യണം. ഈ വൈഭവം ഇല്ലാത്തവർ പുലിവാല് പിടിക്കും. ഭക്ഷണമൊക്കെ ഉപേക്ഷിച്ചു മരിച്ചു  പണി ചെയ്യണ്ട. അതുള്ളിൽ കൃത്യ സമയം ചെന്നാലേ തലച്ചോറ് നന്നായി  പ്രവർത്തിക്കൂ. രാത്രി ആവശ്യത്തിന് ഉറങ്ങണം. വേണ്ട വ്യായാമങ്ങളും ചെയ്യണം. തൊഴിൽ സമ്മർദങ്ങളുടെ പെരുമഴയിലും ഉല്ലാസ വേളകൾക്ക് നേരം കാണണം. ഇഷ്ടമുള്ള പ്രവൃത്തികളിൽ ഏർപ്പെടണം. അതൊക്കെ മനസ്സിനെ ചാർജ് ചെയ്യും .തൊഴിലിടത്തെ വെല്ലുവിളികൾ നേരിടാൻ സഹായിക്കുകയും ചെയ്യും. കുടുംബ നേരങ്ങളിൽ പിശുക്ക് വേണ്ട. തൊഴിലും ജീവിതവും തമ്മിൽ ഒരു ബാലൻസ് ഉണ്ടാക്കണം. മി ടൈം അഥവാ ഗുണപരവും ആഹ്ലാദകരവുമായ അവനവൻ  നേരങ്ങൾ ഇങ്ങനെയൊക്കെ സൃഷ്ടിച്ചു വർക്ക് സ്ട്രെസിനെതിരെ പ്രതിരോധം തീർക്കാം.

നിസ്സഹായ ഇരയുടെ വേഷം വേണ്ട 

തൊഴിലിനെക്കുറിച്ചുള്ള സൃഷ്ടിപരമായ വിമർശനങ്ങൾക്ക് ചെവി കൊടുക്കാം, തിരുത്താം. എന്നാൽ തൊഴിൽ സാഹചര്യത്തിലെ വൈകല്യങ്ങൾ മൂലമുള്ള പ്രശ്നങ്ങൾ നേരിടുമ്പോൾ നിസ്സഹായ ഇരയുടെ കുപ്പായമണിയരുത്. അത് ഉൾക്കരുത്തിനെ തളർത്തും. അത് ഒരു ദൂഷിത വലയമായി മാറി തൊഴിൽ മിടുക്കിനെ ബാധിക്കും. തളരാതെ നിന്നാൽ ചിലപ്പോൾ തൊഴിൽ സംസ്കാരത്തെ തിരുത്തുവാനുള്ള അവസരങ്ങൾ തെളിഞ്ഞു വരാം. അത് ഉപയോഗിക്കാം. മാറ്റങ്ങൾ ഉണ്ടാകുന്നില്ലെങ്കിൽ എനിക്ക് ചെയ്യാനാകുന്നത് നന്നായി ചെയ്യുകയെന്ന നയത്തിൽ ഉറച്ചു നിന്ന് സ്വന്തം ചുമതലകൾ നിറവേറ്റി ഒതുങ്ങി കൂടാം. വെറുതെ കുറ്റപ്പെടുത്താൻ വരുന്നവർക്ക് ഒരു മൃദു മന്ദഹാസം നൽകി ജോലിയിൽ മുഴുകാം. അമിത ഭാരമെങ്കിൽ അത് ശാന്തമായി ചൂണ്ടി കാണിച്ചു പരിഹാരം തേടണം. ചുമതലകളിൽ പുനർ വിന്യാസം ഉണ്ടാക്കണം. എങ്ങനെ പറയുന്നുവെന്നത് പ്രധാനമാണ്. സ്ട്രെസിന്റെ തള്ളിക്കയറ്റത്തിൽ മൊഴിയുന്നതിന് ശക്തിയും വ്യക്തതയും  കുറയും. പ്രതിഫലത്തിന്റെ കാര്യത്തിലും ഇത് ബാധകമാണ്.

ഈ വഴി പോകരുത് 

വർക്ക് സ്ട്രെസ് കൂടുമ്പോൾ ആശ്വാസം തേടി മദ്യമോ ലഹരി പദാർഥമോ ഉപയോഗിക്കരുത്. അത് അപകടമാകും. തൊഴിലിടത്തിൽ ഏഷണികൾ ഉണ്ടാക്കി പകരം വീട്ടാൻ ഇറങ്ങരുത്. അതെല്ലാം തിരിച്ചടിച്ചേക്കാം. ശ്വാസം മുട്ടുന്ന തൊഴിൽ സമ്മർദമുണ്ടാകുമ്പോൾ ജീവിതം അവസാനിപ്പിക്കാനും പോകരുത്. താൽക്കാലിക പ്രശ്നങ്ങൾക്ക് ജീവിതത്തിനുതന്നെ തിരശീല ഇടുന്നത് പരിഹാരമല്ല .

പരിധികൾ വിടുന്ന മാനസികാരോഗ്യ തകർച്ചകൾക്ക്  പ്രൊഫഷണൽ സഹായം തേടണം. സമ്മർദ സാധ്യതകൾ കൂടുതലുള്ള തൊഴിൽ മേഖലകളിൽ സ്ട്രെസ് മാനേജമെന്റ് പരിപാടികൾ പതിവായി നടത്തണം. ആവശ്യമുള്ളവർക്ക് സഹായം നൽകാനുള്ള സംവിധാനവും ഒരുക്കണം. സ്വസ്ഥമായ മനസ്സുള്ള  ഒരു കൂട്ടം ആളുകളാണ് ഒപ്പമുള്ളതെങ്കിൽ സ്ഥാപനം വളരുമെന്ന തത്വം ഉടമസ്ഥരും ഓർക്കേണ്ടതാണ് .

(കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ മാനസികാരോഗ്യ വിദഗ്ധനാണ് ലേഖകൻ )

English Summary : Stress at work

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA