ADVERTISEMENT

കുടുംബബന്ധങ്ങളിലെ ദൃഢത മുന്നോട്ടു പോകുന്നത് ഭർത്താവും ഭാര്യയും തമ്മിലുള്ള പരസ്പര സ്നേഹത്തിന്റെയും സഹകരണത്തിന്റെയും കരുതലിന്റെയും പുറത്താണ്. എന്നാൽ പല സാഹചര്യങ്ങളിലും സ്ത്രീകൾക്ക് പുരുഷൻമാർ പറയുന്നത് നിശബ്ദം കേട്ട്, കളിയാക്കലുകളും കുടുംബക്കാരെ പറയുന്നതുമെല്ലാം സഹിച്ച് ജീവിക്കേണ്ട സാഹചര്യവുമുണ്ട്. വേദന ഉള്ളിലൊതുക്കിയാണെങ്കിലും കുടുംബബന്ധത്തിനു വേണ്ടി മുഖത്തു ചിരി പടർത്താറുമുണ്ട്. അത്തരമൊരനുഭവം പങ്കുവയ്ക്കുകയാണ് സുരേഷ്  സി പിള്ള. ഇത് ഒരുപക്ഷേ നമുക്കും ഒരു തിരിഞ്ഞുനോട്ട്തതിനു വക നൽകുന്നുണ്ടാകും. അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം 

 

‘എനിക്കന്ന് പത്തു വയസ്സു കാണും. 

അകന്ന ബന്ധത്തിലുള്ള ഒരു ചേട്ടനും ചേച്ചിയും വിവാഹമൊക്കെ കഴിഞ്ഞു വിരുന്നിനു വരുന്നു. 

രണ്ടു പേരും നല്ല സന്തോഷത്തിലാണ്. എല്ലാവരുമായി വർത്തമാനം ഒക്കെ പറഞ്ഞിരിക്കുകയാണ്. 

അന്നത്തെ കാലത്ത് തമിഴ് നാട്ടിൽ നിന്നും ചില ആൾക്കാർ കുരങ്ങനെ ഒരു കയറിൽ കെട്ടി വീടുകളിൽ കൊണ്ടു വന്ന് ഓരോ അഭ്യാസങ്ങൾ കാണിക്കും. അവർക്ക് അഞ്ചോ ആറോ രൂപ കൊടുത്താൽ സന്തോഷമാകും.

പുതുമോടിയിലുള്ള ചേട്ടനും ചേച്ചിയും സംസാരിച്ചിരിക്കുമ്പോൾ ആണ് ഒരാൾ കുരങ്ങനെയും കൊണ്ട് അഭ്യാസങ്ങൾ കാണിക്കാൻ വരുന്നത്. 

അയാൾ "ചാടിക്കളിയെടാ കുരങ്ങാ, വളയത്തിലൂടെ ചാട്" എന്നൊക്കെ പറയും. കുരങ്ങൻ എല്ലാം ചെയ്യും. എല്ലാത്തിന്റെയും അവസാനം കുരങ്ങൻ പല്ലുകൾ കാണിച്ചു ചിരിക്കും. 

അങ്ങിനെ കുരങ്ങന്റെ ഷോ കഴിഞ്ഞു പല്ലുകൾ കാണിച്ചു ചിരിച്ചപ്പോൾ ആ ചേച്ചി പറഞ്ഞു 

"എന്ത് രസമുണ്ട് ഏട്ടാ ആ ചിരി കാണുവാൻ"

അപ്പോൾ നായകൻ എല്ലാവരും കേൾക്കെ എടുത്തടിച്ചു പറയുകയാണ് 

"നിന്റെ അച്ഛനെ പോലെയുണ്ട് കാണാൻ ."

ആ ചേച്ചി കേട്ടു നിന്ന് ചിരിച്ചു. 

പക്ഷെ ആ മങ്ങിയ ചിരി ചുണ്ടിലെ ഉണ്ടായിരുന്നുള്ളൂ. കണ്ണുകളിൽ ദയനീയത ആയിരുന്നു. 

തിരിച്ചു പോകാൻ ഒരു വീടുണ്ടാവില്ല. ഉള്ളത് മുഴുവൻ വിറ്റു പെറുക്കി കല്യാണം കഴിച്ചയച്ചതാകണം. 

എന്ത് പറഞ്ഞാലും നിന്റെ തന്തയെപ്പോലെ, അല്ലെങ്കിൽ പാർട്ണറുടെ കുടുംബത്തെ മുഴുവൻ അടച്ചാക്ഷേപിക്കുന്ന പലരെയും കണ്ടിട്ടുണ്ട്. 

മാനസിക/ വൈകാരിക പീഡനം അഥവാ Psychological or Emotional Abuse ശാരീരിക പീഡനം പോലെ ഡൊമസ്റ്റിക് വയലൻസിൽ പെടുന്നതാണെന്ന് 

26 ഒക്ടോബർ 2006 ൽ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ "The Protection of Women from Domestic Violence Act 2005, പറയുന്നുണ്ട്. 

"Emotional or psychological abuse which has been categorized as verbal, is explained as to include – insults, ridicule, humiliation, name calling and insults."

ശാരീരിക പീഡനങ്ങളെക്കാൾ ചില സമയങ്ങളിൽ മാരകമാണ്, മാനസിക/ വൈകാരിക പീഡനം. അപമാനിക്കുന്ന രീതിയിൽ സംസാരിക്കുക, മറ്റുള്ളവരുടെ മുൻപിൽ ഇകഴ്ത്തി കാണിക്കുക, അവഹേളിക്കുക, പരിഹസിക്കുക, വിഡ്ഢി ആയി കാണിക്കുക, മാനഹാനി ഉണ്ടാക്കുന്ന രീതിയിൽ സംസാരിക്കുക ഇവയെല്ലാം വൈകാരിക പീഡനത്തിൽ വരുന്നതാണ്.

വളരെ പ്രാകൃതവും, നീചവും ആയ ഒരു പ്രവർത്തിയാണ് ജീവിത പങ്കാളിയെ ദേഹോപദ്രവം ഏൽപ്പിക്കുക എന്നത്. ഒരിക്കലെങ്കിലും പങ്കാളിയെ തല്ലിയിട്ടുണ്ടെങ്കിൽ, അല്ലങ്കിൽ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെങ്കിൽ ആ വ്യക്തിക്ക് സ്നേഹിക്കുവാനോ, സ്നേഹിക്കപെടുവാനോ ഉള്ള അവകാശം തീർന്നു എന്ന് പറയാം. 

അതേ പോലെതന്നെ കുറ്റകരമായി കാണേണ്ട വസ്തുതകൾ ആണ് മാനഹാനി ഉണ്ടാക്കുന്ന രീതിയിൽ സംസാരിക്കുന്നതും.’

English Summary : Family life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com