ADVERTISEMENT

കോവിഡിന്റെ  രണ്ടാം തരംഗവും  ലോക്ഡൗണും ആകുലതകൾ സൃഷ്ടിക്കുന്നത് സ്വാഭാവികം. എല്ലാം ഒതുങ്ങി വരികയാണെന്ന ആശ്വാസത്തിൽ നിൽക്കുമ്പോഴാണ്‌ രോഗത്തിന്റെ കൊടുങ്കാറ്റ് പോലെയുള്ള രണ്ടാം വരവ്.

ഉപജീവനത്തിന്റെ നാമ്പുകൾ പൊട്ടി മുളച്ചു വരുമ്പോഴുണ്ടായ തടസ്സങ്ങൾ പലരെയും അമ്പരപ്പിച്ചു. സാമൂഹിക ജീവിതവും കുട്ടികളുടെ വിദ്യാഭ്യാസവുമൊക്കെ പഴയ മട്ടിലേക്ക് വരുമെന്ന് നിനച്ചിരുന്നപ്പോഴുണ്ടായ ഗതി മാറ്റം അസ്വസ്ഥതയുണ്ടാക്കി. രോഗീ പരിചരണം വീട്ടിലും ചെയ്യേണ്ട അവസ്ഥകള്‍ ഉണ്ടായി. പലരും  നിസ്സഹായാവസ്ഥയിലേക്ക് പോയെന്നത് വാസ്തവം . ആകുലതകൾക്കുള്ള കാരണങ്ങൾ അനവധിയാണ്. ചിലരുടെ മനസ്സുകൾ അപ്പോൾ അറിയാതെ ലോക്ഡൗണാകും. പ്രത്യാശ ഉണർത്തുകയും പോസിറ്റിവ് ചിന്തകൾ ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്ന ഉള്ളിലെ കടകൾ അപ്പോൾ ഷട്ടറിടും .വിഷാദവും ആധിയും കോപവും നൈരാശ്യവുമൊക്കെ പൊട്ടി മുളയ്ക്കും. രോഗ പ്രതിരോധ ശക്തി കുറയ്ക്കുകയും ചെയ്യും. ഇത്തരം ഒരവസ്ഥയിലേക്ക് പോകാതിരിക്കാനും മനസ്സിന് ലോക്ഡൗൺ സംഭവിക്കാതിരിക്കാനും വേണ്ടി ചില കാര്യങ്ങൾ ശ്രദ്ധിക്കുക.

∙ ഇത് മനസ്സിന്റെ സ്വാഭാവിക പ്രതികരണമാണെന്ന് അംഗീകരിക്കുക. നിരാകരിച്ച് എല്ലാം ഒക്കെയെന്ന നാട്യത്തിൽ നടക്കരുത്. അത് കൂടുതൽ ബുദ്ധിമുട്ടുകൾക്കിടയാക്കും. മനസ്സിന്റെ ആരോഗ്യത്തിന്റെ തകർച്ചകളെ തിരിച്ചറിഞ്ഞ് ആശ്വാസം തേടണം.

∙ തള്ളിക്കയറി വരുന്ന നെഗറ്റിവ് വിചാരങ്ങളുടെ ഇരുട്ടിനെ ശുഭ ചിന്തകളുടെയും നല്ല ഓർമകളുടെയും വെളിച്ചം കയറ്റി അകറ്റണം. അങ്ങനെ ചെയ്യാൻ പറ്റാതെ പോകുമ്പോഴാണ് ആത്മഹത്യാ ചിന്തകളിലേക്കൊക്കെ വഴുതി വീഴുന്നത്.

∙ ആധിയും വിഷാദവും കോപവുമൊക്കെ നിയന്ത്രിക്കാനായി  ധ്യാനവും ശ്വസന വ്യായാമവും പ്രാർഥനയുമൊക്കെ ശീലിക്കാം. മനസ്സിനെ സന്തോഷിപ്പിക്കുന്ന എന്തെങ്കിലുമൊക്കെ വൈഭവങ്ങൾ എല്ലാവർക്കും ഉണ്ടാകാം. പാട്ടാകാം, വരയാകാം, എഴുത്താകാം. അതൊക്കെ പൊടി തട്ടിയെടുത്തു ഇടയ്ക്കൊക്കെ പ്രയോഗിച്ചാൽ മനസ്സിന് ഉല്ലാസം തോന്നും. വീട്ടിലെ കുട്ടികളെ കൂടി ഇതിൽ പങ്കാളികളാക്കാം .

∙ നവ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കൂട്ടായ്‍മകളെ സജീവമായി നില നിർത്തണം. വിഷമങ്ങളും സന്തോഷങ്ങളും പങ്കു വയ്ക്കുന്നതും  പരസ്‌പരമുള്ള പിന്തുണയേകുന്നതും  ഈ പ്രതിസന്ധി ഘട്ടത്തിൽ വലിയ തുണയാകും. കുട്ടികളും സ്ത്രീകളും പ്രായമായവരുമുൾപ്പെടെ വീട്ടിലെ എല്ലാവർക്കും കരുതൽ വേണ്ട കാലമാണിത്. അവരിൽ വിഷമങ്ങളുടെ ലക്ഷണങ്ങൾ കണ്ടാൽ ഞങ്ങളുണ്ട് കൂടെയെന്ന തോന്നലുമുണ്ടാക്കണം. അകലം വേണം എന്നാൽ മാനസ്സിക അടുപ്പത്തിന് അതൊരു തടസ്സമാകരുത് .

∙ നിയന്ത്രണങ്ങളില്ലാത്ത കാര്യങ്ങളിലുള്ള വേവലാതി ഒരു പ്രയോജനവും നല്‍കില്ല. അത് ഒഴിവാക്കി  സ്വന്തം മനസ്സിന്റെ സ്വാസ്ഥ്യത്തിൽ കേന്ദ്രികരിക്കുക. ഓക്സിജൻ ലഭ്യതയും രോഗത്തിന്റെ സ്ഥിതി വിവര കണക്കുകളുമൊന്നും നമ്മുടെ നിയന്ത്രണത്തിലുള്ള കാര്യങ്ങളല്ല. എന്നാൽ മനസ്സും കൃത്യമായി പാലിക്കേണ്ട കോവിഡ് പ്രതോരോധ പെരുമാറ്റങ്ങളും അവനവന്റെ കൈപ്പിടിയിൽ ഒതുങ്ങുന്നതാണ്. അത് നന്നായി കൈകാര്യം ചെയ്യുക.

∙ വാട്ട്സാപ്പ് ഫോർവേഡുകളിലെ അബദ്ധങ്ങളിലും പേടിപ്പെടുത്തുന്ന  വാർത്തകളിലും മുഴുകി  ആധിക്ക് അടിമപ്പെടരുത്. അങ്ങനെയുള്ളവർ അത് ഒഴിവാക്കുക. കഥയിൽ ചോദ്യമില്ലായെന്ന ആനുകൂല്യം  പാൻഡെമിക്ക് കാലത്തെ വാട്ട്സാപ്പ് ഫോർവേഡിന് നൽകരുത്. ചോദ്യം ചെയ്യണം, ആധികാരികത അന്വേഷിക്കുകയും വേണം. എന്നിട്ടേ മറ്റൊരാൾക്ക് അയക്കുവെന്ന നിഷ്ഠ വേണം .

∙ ക്രിയാത്മകവും മനസ്സിന് ഉന്മേഷം നൽകുന്നതുമായ വൈവിധ്യമാർന്ന പ്രവൃത്തികൾ ചേർത്ത്‌ നല്ല ദിനചര്യ സൃഷ്ടിക്കണം. വീട്ടിൽ എല്ലാവരും ഒത്തുചേർന്ന് ചെയ്യാവുന്ന കാര്യങ്ങൾ ആസൂത്രണം ചെയ്യാം.

∙ ആവശ്യത്തിനുള്ള ഉറക്കം വേണം. അത് മനസ്സിന് ഊർജ്ജമാകും. ഭക്ഷണവും കൃത്യ സമയത്ത് കഴിക്കണം. ധാരാളം വെള്ളം കുടിക്കണം.

∙ വീട്ടിൽതന്നെ ചെയ്യാവുന്ന വ്യായാമങ്ങൾ ചെയ്യണം. അത് ശരീരത്തിന്റെയും മനസ്സിന്റെയും ഭാരം കുറയ്ക്കും.

∙ വഴക്കുകളും സംഘർഷവും ഒഴിവാക്കി, സ്നേഹ നിര്‍ഭരമായ ഗാര്‍ഹിക അന്തരീക്ഷം സൃഷ്ടിക്കാന്‍ ബോധപൂർവം ശ്രദ്ധിക്കണം. കൂട്ടായി ഈ പ്രതിസന്ധിയെ നേരിടുമ്പോഴാണ് ബലം. ആ ബലം അസ്വാരസ്യം സൃഷ്ടിച്ച് ഇല്ലാതാക്കരുത്.

∙ വീട്ടില്‍ ഹോം ഐസലേഷനിൽ രോഗമുള്ള കുടുംബാംഗം  ഉണ്ടെങ്കിൽ, വ്യാപന സാധ്യത ഇല്ലാതാക്കി നല്ല പരിചരണവും പിന്തുണയും നല്‍കാനുള്ള  മനോനില ഉണ്ടാക്കണം. ആശങ്ക വേണ്ട. വീട്ടിൽ പറ്റിയ മുറിയോ സൗകര്യമോ ഇല്ലെങ്കിൽ മടിക്കാതെ കെയർ സെന്റർ സൗകര്യം ആവശ്യപ്പെടാം. അതിൽ ദുരഭിമാനവും വേണ്ട.

∙ ബോറടി മാറ്റാനെന്ന പേരിലോ അസ്വസ്ഥതകൾ മയപ്പെടുത്താനെന്ന ന്യായത്തിലോ മദ്യപാനത്തെയോ ലഹരി വസ്തുക്കളെയോ ആശ്രയിക്കരുത്. അടിമപ്പെട്ട് പോകാം .

∙ ഈ ദുരിത കാലവും കടന്ന് പോകുമെന്ന പ്രത്യാശയും പോസിറ്റീവ് ചിന്തയും ഉള്ളിൽ കെടാതെ സൂക്ഷിക്കാം. പല മഹാമാരികളെയും പിന്നിട്ടാണ് ഇന്നത്തെ ലോകമുണ്ടായതെന്ന ചരിത്രം ഓർമിക്കാം.

∙ കോവിഡ്  മരണത്തിലൂടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടിട്ടുള്ളവർക്ക്  ആ വിരഹ വേദന അതിജീവിക്കാൻ ശക്തി നൽകാം. മരണ വേളകളിലെ  കൂട്ടുചേരലുകളോ സമാശ്വസിപ്പിക്കലുകളോ ഇല്ലാതെ തികച്ചും വ്യക്തിപരമായിട്ടാണ് ആകസ്മികമായ ആ വിരഹത്തെ അവർ നേരിടുന്നത്. ഫോൺ വിളികളിലൂടെ അവരിലേക്ക്‌ എത്താം. ആശ്വാസം നൽകാം.

∙ സമചിത്തതയുടെ പിടി വിടുന്നതായി തോന്നിയാൽ  ആരോടെങ്കിലും മനസ്സ് തുറക്കാം. ആശ്വാസം തേടാം. അതുമൊരു വാക്‌സീനാണ്.  ഹെൽപ്‌ലൈനുകളുമായി ബന്ധപ്പെടാം. വിദഗ്ധരെ ഫോണിൽ വിളിക്കാം.

∙ വീട്ടിനകത്തുള്ള ചെയ്തികളിലൂടെ കോവിഡ് പ്രതിരോധത്തിനുള്ള മാതൃകാ പെരുമാറ്റങ്ങൾ ശക്തമാക്കുന്ന മനോഭാവം വളർത്തണം. വീട്ടിൽ ഇപ്പോൾ ചെയ്യണമെന്ന് നിർദ്ദേശിക്കപ്പെട്ടിട്ടുള്ള മാസ്ക് ധരിക്കലും അകലം പാലിക്കലുമൊക്കെ സമൂഹത്തിൽ ചെയ്യേണ്ട കോവിഡ് പ്രതിരോധ  ചിട്ടകൾ ശക്തിപ്പെടാനുള്ള ഹോം വർക്ക് ആകട്ടെ. കോവിഡ് വ്യാപനത്തിന് വഴി തെളിക്കുന്നത് ചിലരുടെ തല തിരിഞ്ഞ പെരുമാറ്റമാണ്. അത്തരക്കാർ ഈ വീട്ടിൽ നിന്നും വേണ്ടെന്ന നിഷ്കർഷ വേണം .

∙ രോഗ വ്യാപനം തടയാൻ വേണ്ടി സൃഷ്ടിപരമായ ഒരു സംശയ പ്രകൃതം അഥവാ കൺസ്ട്രക്ക്റ്റിവ് ഹെൽത്ത് പാരനോയിയ ഈ കാലത്തിന് ചേർന്നതാണ്. ഇടപെടുന്ന എല്ലാവരും വൈറസ് വഹിക്കുന്നവരാണെന്ന വിചാരമുണ്ടാകാനും അകലം പാലിക്കാനും അത് പ്രേരകമാകും. അങ്ങനെ ചെയ്യുന്നത് അനിഷ്ടം കൊണ്ടല്ല, അടുപ്പം കൊണ്ടാണെന്ന കാര്യം മറക്കണ്ട .

∙ എന്റെ വീട്ടിലേക്ക് കോവിഡിനെ കയറ്റില്ലെന്നും  ഈ വീടിന്  പുറത്തേക്ക്‌ കോവിഡ് പകര്‍ത്തില്ലെന്നുമുള്ള നയം എല്ലാ വീടുകളും നടപ്പിലാക്കണം. സീറോ വൈറസ് ട്രാൻസ്മിഷൻ ഹോംസ് അഥവാ കോവിഡ് വ്യാപന രഹിത വീടുകളാകണം ഇനി ലക്ഷ്യം .

മനസ്സിന് താഴിടാതെ നമുക്ക് ഈ രണ്ടാം തരംഗത്തെ ഉത്തരവാദിത്ത ബോധത്തോടെയും സ്വസ്ഥതയോടെയും നേരിടാം. മാനസിക തകർച്ചകൾക്കും മൂന്നാം തരംഗത്തിനും മതില് കെട്ടുകയും ചെയ്യാം. അതുകൊണ്ട് മനസ്സിന് ലോക്ഡൗൺ വേണ്ടേ വേണ്ട .

(എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ മാനസികാരോഗ്യ വിദഗ്ധനാണ് ലേഖകൻ)

English Summary : COVID pandemic and mental health

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT