പഞ്ചസാര നിയന്ത്രിച്ചാല്‍ ഭാരം മാത്രമല്ല കുറയുക; അറിയാം മറ്റു ഗുണങ്ങള്‍

HIGHLIGHTS
  • കൂടുതല്‍ പ്രോട്ടീന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം
  • മധുരപാനീയങ്ങള്‍ക്ക് പകരം ശുദ്ധമായ പഴച്ചാറുകളാകാം
sugar detox
Phot credit : Eviart / Shutterstock.com
SHARE

ശരീരത്തിന് ആവശ്യമുള്ളതിലും അധികം പഞ്ചസാര കഴിക്കുന്നവരാണ് നമ്മളില്‍ പലരും. മധുരത്തോടുള്ള അമിതമായ ആസക്തിയാണ് പലരെയും  അമിതവണ്ണം, പ്രമേഹം പോലുള്ള പല പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നത്. ഈ ആസക്തി കുറയ്ക്കാനുള്ള വഴിയാണ് ഘട്ടം ഘട്ടമായി പഞ്ചസാര തീറ്റ കുറയ്ക്കുന്ന ഷുഗര്‍ ഡീറ്റോക്‌സ് രീതി. 

പഞ്ചസാരയെ ജീവിതത്തില്‍ നിന്ന് പാടെ ഒഴിവാക്കുന്നതല്ല ഷുഗര്‍ ഡീറ്റോക്‌സ്. മറിച്ച് അതിനോടുള്ള അമിതമായ അഭിനിവേശം കുറയ്ക്കുന്നതിന് ആഴ്ചകളോ ഒന്നോ രണ്ടോ മാസമോ ഒക്കെ നീണ്ടു നില്‍ക്കുന്ന മധുര നിയന്ത്രണ പരിപാടിയാണ് ഇത്. ശരീരത്തിനുള്ളില്‍ നിന്ന് അമിതമയ അളവിലുള്ള പഞ്ചസാരയെ നീക്കുകയാണ് ലക്ഷ്യം. ബിസ്‌കറ്റുകള്‍, ബ്രഡ്, കേക്ക്, തേങ്ങാപ്പാല്‍, ബദാം പാല്‍, സോയ് മില്‍ക്ക് പോലുള്ള സസ്യ അധിഷ്ഠിത പാലുകള്‍, ബേക്കറി പലഹാരങ്ങള്‍ തുടങ്ങിയവയിലൂടെയാണ് പലപ്പോഴും ആവശ്യമുള്ളതിലും അധികമായ തോതില്‍ പഞ്ചസാര നമ്മുടെ ശരീരത്തിലെത്തുന്നത്. അതേ സമയം പഴങ്ങളിലും പച്ചക്കറികളിലും ധാന്യങ്ങളിലും പാലുത്പന്നങ്ങളിലുമുള്ള പഞ്ചസാര പ്രശ്‌നമുള്ളതല്ല. 

എങ്ങനെ വേണം പഞ്ചസാര നിയന്ത്രണം

ഇതിന് വ്യക്തമായ നിയമങ്ങളോ രീതികളോ ഇല്ല. മധുര പാനീയങ്ങള്‍, ഡസേര്‍ട്ടുകള്‍, സംസ്‌കരിച്ച ഭക്ഷണവിഭവങ്ങള്‍, കെച്ചപ്പ് തുടങ്ങിയവ ഒഴിവാക്കണം.  കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും ഈ മധുര നിയന്ത്രണം തുടരണം. ദീര്‍ഘകാലത്തേക്ക് നമുക്ക് പഞ്ചസാരയുമായുള്ള ബന്ധം ഒന്ന് പുനര്‍നിര്‍ണയിക്കുകയാണ് ഷുഗര്‍ ഡീറ്റോക്‌സിലൂടെ ചെയ്യാന്‍ ശ്രമിക്കുന്നത്. നിയന്ത്രണം കഴിഞ്ഞാല്‍ ചെറിയ അളവില്‍ പഞ്ചസാര ഭക്ഷണക്രമത്തിലേക്ക് തിരികെ കൊണ്ടു വരാം. 

നിയന്ത്രണത്തിന്റെ ഗുണഫലങ്ങള്‍

പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിലൂടെ ശരീരത്തിലേക്ക് എത്തുന്ന കാലറി കുറയുകയും തന്മൂലം ഭാരം കുറയാന്‍ തുടങ്ങുകയും ചെയ്യും. പഞ്ചസാരയോടുള്ള അമിതമായ ആസക്തി മാറും. ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ വരാനുള്ള സാധ്യതയും പഞ്ചസാര നിയന്ത്രണം കുറയ്ക്കും. പല്ലിലെ പോട്,  നിറംമാറ്റം, വായ്‌നാറ്റം എന്നിവ കുറച്ച് കൊണ്ട് വായുടെ ആരോഗ്യവും പഞ്ചസാര നിയന്ത്രണം മെച്ചപ്പെടുത്തും. 

സംഗതി അത്ര എളുപ്പമല്ല

മദ്യപാനമോ, പുകവലിയോ ഒക്കെ നിര്‍ത്തുമ്പോള്‍ സംഭവിക്കുന്നതുപോലെ ചില വിത്ത്‌ഡ്രോവല്‍ ലക്ഷണങ്ങളും ഷുഗര്‍ ഡീറ്റോക്‌സിനുണ്ടാകാം. ഡോപ്പമിനും ഒപ്പിയോയിഡും ഉള്ള പഞ്ചസാര അത് കഴിക്കുന്നവര്‍ക്ക് ലഹരി പോലെ ഒരു ആസക്തി സൃഷ്ടിക്കും. ഇത് ഇല്ലാതാക്കുന്നതോടെ അധികമായ ഒപ്പിയോയ്ഡുകള്‍ക്കും ഡോപ്പമിനുകള്‍ക്കുമായി തലച്ചോര്‍ ആര്‍ത്തി കാണിക്കും. തലവേദന, തലകറക്കം, അസ്വസ്ഥത, ദേഷ്യം തുടങ്ങിയവയെല്ലാം ഈ വിത്ത്‌ഡ്രോവല്‍ ലക്ഷണങ്ങളുടെ ഭാഗമായി വരാം. ദിവസങ്ങളോ ആഴ്ചകളോ ഈ ലക്ഷണങ്ങള്‍ നീണ്ടു നില്‍ക്കാം. അവയെ നേരിടാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ ചെയ്യാം

1. പ്രോട്ടീനും കോംപ്ലക്‌സ് കാര്‍ബോഹൈഡ്രേറ്റും ഫൈബറും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ പ്രഭാതഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാര നില സന്തുലിതമാക്കുകയും പഞ്ചസാരയോടുള്ള ആസക്തി കുറയ്ക്കുകയും ചെയ്യും. 

2. പഞ്ചസാര നിയന്ത്രണം ഉടനടി നടപ്പാക്കാതെ സാവധാനത്തില്‍ നമ്മുടെ ശരീരം അതിനായി തയ്യാറാകുമ്പോള്‍ നടപ്പാക്കണം. 

3. ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ നട്സുകള്‍, മീന്‍ തുടങ്ങിയവ പഞ്ചസാരയോടുള്ള ആസക്തി കുറയ്ക്കാന്‍ സഹായിക്കും. നട് ബട്ടറും അവോക്കാഡയുമൊക്കെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. 

4. കൂടുതല്‍ പ്രോട്ടീന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കും. 

5. ബെറി പഴങ്ങള്‍, തണ്ണിമത്തന്‍, വാഴപ്പഴം എന്നിവ മധുരം കഴിക്കാനുള്ള ആവേശത്തെ തൃപ്തിപ്പെടുത്തുന്നതും അതേ സമയം ആരോഗ്യപ്രദവുമാണ്. 

6. കോള, സോഡ തുടങ്ങിയ മധുരപാനീയങ്ങള്‍ക്ക് പകരം ശുദ്ധമായ പഴച്ചാറുകളാകാം. 

7. നിര്‍ജലീകരണം പഞ്ചസാരയോടുള്ള ആസക്തി വര്‍ധിപ്പിക്കുമെന്നതിനാല്‍ ഇടയ്ക്കിടെ ശരീരത്തിലെ ജലാംശം നിലനിര്‍ത്തണം. ദിവസം മൂന്ന് നാല് ലീറ്റര്‍ വെള്ളം കുടിക്കണം.

English Summary : Weight loss and other health benefits of sugar detox

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്കൂട്ടറിൽ കറങ്ങുന്ന റിയോ; കൗതുകമായി പ്രസാദിന്റെ തത്ത

MORE VIDEOS
FROM ONMANORAMA