ADVERTISEMENT

 കോവിഡ് കാലത്തു വീട്ടിൽ ഇരിക്കുമ്പോഴും ചിട്ടയായ ജീവിത ശൈലികൾ പുലർത്താൻ ശ്രദ്ധിക്കണമെന്ന് അമൃത ആശുപത്രിയിലെ ക്ലിനിക്കൽ സൈക്കോളജി വിഭാഗം മേധാവിയും പ്രഫസറുമായ ഡോ. ഗീതാഞ്ജലി നടരാജൻ. കോവിഡിന്റെ രണ്ടാം തരംഗത്തിൽ 20–35 പ്രായ വിഭാഗത്തിലുള്ള ചെറുപ്പക്കാരിൽ മാനസിക ബുദ്ധിമുട്ടുകൾ കാണുന്നുണ്ടെന്നു മലയാള മനോരമ ‘സാന്ത്വനം’ പരിപാടിയിൽ ഡോ. ഗീതാഞ്ജലി പറഞ്ഞു. വീട്ടിൽ അടച്ചിരിക്കുമ്പോഴും പുറംലോകവുമായുള്ള ആശയവിനിമയം ഒഴിവാക്കരുത്. ആധുനിക ആശയ വിനിമയ സൗകര്യങ്ങൾ ഇതിനു പ്രയോജനപ്പെടുത്താം. ഒറ്റയ്ക്കു കഴിയുന്ന പ്രായമായവരെ ഇടയ്ക്കിടെ വിളിക്കാനും വിവരങ്ങൾ അന്വേഷിക്കാനും ബന്ധുക്കൾ ശ്രദ്ധിക്കണം. പുറത്തു പോയി വ്യായാമം ചെയ്യാൻ കഴിയില്ലെങ്കിലും വീടിനുള്ളിൽ ചെയ്യാവുന്ന യോഗ പോലുള്ളവ മുടക്കം കൂടാതെ ചെയ്യണം. ജീവിതത്തിലെ മടുപ്പിനെ മറികടക്കാനായി കണ്ടെത്തുന്ന കാര്യങ്ങളോടു ചിലർക്ക് ‘അഡിക്‌ഷൻ’ ഉണ്ടാകുന്ന പ്രശ്നമുണ്ടെന്നും ഡോക്ടർ പറഞ്ഞു.

അനാവശ്യചിന്തകൾ

അനാവശ്യമായി ചിന്തകളുമായി മല്ലിടുകയാണു പലരും. എന്തു ചിന്തകൾ വന്നാലും അതു നമ്മുടെ ദൈനംദിന ജീവിതത്തെ ബാധിക്കാതെ നോക്കണം. ലോക്ഡൗൺ കാലത്ത് നെഗറ്റീവ് ചിന്തകൾ എല്ലാവരെയും വളരെയധികം ബാധിക്കുന്നുണ്ട്. ഇത് ഉത്കണ്ഠ കൂട്ടുകയും മാനസിക പ്രശ്നങ്ങളിലേക്കു നയിക്കുകയും ചെയ്യുന്നു. ഏതു തരത്തിലുള്ള ചിന്തകളെയും പോസിറ്റീവായി നേരിടാൻ മനസ്സിനെ ശീലിപ്പിക്കണം. അതിനു പറ്റിയ ഒരു ടിപ്: നമ്മുടെ മനസ്സിലേക്ക് അനാവശ്യ ചിന്തകൾ വരുമ്പോൾ ഒരു പേപ്പറെടുത്ത് ഇടതു വശത്ത് അതു കുറിച്ചു വയ്ക്കുക. വലതു വശത്ത് അതിനു യുക്തിസഹമായ ഒരു പരിഹാര മാർഗവും കണ്ടെത്തി എഴുതുക. അനാവശ്യ ചിന്തകൾ സൃഷ്ടിക്കുന്ന ഒരു വിധം പ്രശ്നങ്ങളെല്ലാം ഇതോടെ തീരും.

health-dr-geethanjali-natarajan
ഡോ. ഗീതാഞ്ജലി നടരാജൻ

സന്തോഷം മാത്രമല്ല

ജീവിതത്തിൽ ചെറിയൊരു പ്രശ്നം നേരിടുമ്പോഴേക്കും തളർന്നു പോകുന്നവരാണു പലരും. സന്തോഷം മാത്രമാണു ജീവിതം എന്നു കരുതരുത്. സദ്യയിൽ പായസം മാത്രമേ കഴിക്കൂ എന്നു പറയുന്നതു പോലെയാണിത്. ജീവിതത്തിൽ സങ്കടവും ദേഷ്യവും ആശങ്കയും ഉന്മേഷക്കുറവുമെല്ലാം തോന്നാം. പെട്ടെന്നു തന്നെ അതെല്ലാം പരിഹരിക്കാമെന്നു കരുതരുത്. ഇത്തരം പ്രശ്നങ്ങളുണ്ടായാൽ പലരും ഉത്കണ്ഠാകുലരാകുകയും അത് മറ്റു മാനസിക ബുദ്ധിമുട്ടുകളിലേക്കു നീങ്ങുകയും ചെയ്യും. സന്തോഷകരമല്ലാത്ത ജീവിത സാഹചര്യങ്ങളെയും വികാരങ്ങളെയും ഉൾക്കൊള്ളാൻ നമുക്കു കഴിയണം. കാര്യങ്ങളോടുള്ള നമ്മുടെ സമീപനത്തിലാണു മാറ്റമുണ്ടാകേണ്ടത്.

ചിട്ടയാകാം

ലോക്ഡൗണിൽ‌ വീട്ടിലിരിക്കുകയാണെങ്കിലും ജീവിതത്തിന് ചിട്ട വേണം. ആരോഗ്യമുള്ള ജീവിത രീതി, കൃത്യമായ ഭക്ഷണ ക്രമം എന്നിവ പുലർത്തണം. ഭാവിയിലേക്കു കൂടി ഉപകാരപ്രദമായ എന്തെങ്കിലും പുതിയ കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കുക.

സുഹൃത്തുക്കൾ, ബന്ധുക്കൾ എന്നിവരുമായി ആശയവിനിമയം നടത്തുക, പാട്ടു കേൾക്കുക, സിനിമ കാണുക, പുസ്തകങ്ങൾ വായിക്കുക തുടങ്ങിയ വിനോദ കാര്യങ്ങൾക്കും സമയം നൽകാം. കൃത്യസമയത്ത് ഉറങ്ങിയെഴുന്നേൽക്കുന്നതും ശീലമാക്കാം.

English Summary : COVID related stress and releving tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com